തിരക്കില്ലാതെ ഒരു തിരക്കഥാകൃത്ത്‌

മണിച്ചിത്രത്താഴ്‌! ഒരു വ്യാഴവട്ടത്തിനു മുമ്പ്‌ സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച്‌ ഫാസിൽ സംവിധാനം ചെയ്ത പണംവാരി ചിത്രം. പിന്നീട്‌, കന്നഡയിൽ ആപ്‌ത്‌ മിത്രയായും, തമിഴിൽ ചന്ദ്രമുഖിയായും പുനരവതരിച്ച്‌ കോടികൾ കൊയ്യുമ്പോൾ, ആ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക്‌ ജന്മം നൽകിയ മധു മുട്ടം എന്ന പാവപ്പെട്ട തിരക്കഥാകാരൻ ഇതിൽ നിന്നൊഴിഞ്ഞ്‌ മൗനിയായി നിൽക്കുകയായിരുന്നു. സിനിമയുടെ ടൈറ്റിൽ കാർഡിൽ നിന്നുവരെ ഈ തിരക്കഥാകൃത്തിന്റെ പേര്‌ നീക്കം ചെയ്തു. തുടർന്ന്‌ നിയമത്തിന്റെ വഴി തേടിയ മധുവിനെ നീതിപീഠം സഹായിച്ചു. ഏതു ഭാഷയിൽ ‘മണിച്ചിത്രത്താഴ്‌’ സിനിമ നിർമ്മിച്ചാലും അതിൽ രചയിതാവ്‌ മധു മുട്ടത്തിന്റെ പേര്‌ ഉണ്ടാകണമെന്ന കേരള ഹൈക്കോടതി വിധി മധുവിന്‌ ആശ്വാസപ്രദമായി. ഒരു നീണ്ട ഇടവേളയ്‌ക്കുശേഷം ഈ നാല്പത്തിയേഴുകാരൻ രചന നിർവഹിച്ച ഭരതൻ എന്ന സിനിമ ഉടൻ തിയേറ്ററുകളിലെത്തും.

മധു മുട്ടവുമായുള്ള അഭിമുഖത്തിൽ നിന്ന്‌….

ഹൈക്കോടതി വിധിയെ എങ്ങനെ കാണുന്നു.

സ്വാഗതം ചെയ്യുന്നു. ഒരു എഴുത്തുകാരന്റെ മൗലികതയെ മാനിക്കുന്ന കോടതിവിധിയാണിത്‌. ഇത്‌ കേവലം എന്റെയോ, മണിച്ചിത്രത്താഴ്‌ എന്ന സിനിമയുടെ മാത്രം പ്രശ്നമല്ല, വ്യാപകമായി എഴുത്തുകാരനെ കാര്യം കഴിഞ്ഞാൽ മാറ്റി നിർത്തുന്ന പ്രവണത സിനിമാരംഗത്ത്‌ കാണുന്നുണ്ട്‌. രചയിതാവ്‌ നേരിടുന്ന ഈ അവഗണന ഇത്തരം നിയമവഴിയിലൂടെ നിയന്ത്രിക്കാൻ കഴിയും എന്നാണ്‌ എന്റെ വിശ്വാസം.

‘മണിച്ചിത്രത്താഴ്‌’ അന്യഭാഷകളിലേയ്‌ക്ക്‌ പോകുമ്പോൾ രചയിതാവായ താങ്കൾ അനഭിമതനായ കാരണമെന്താണ്‌.

ഇതിലെ ഉള്ളുകള്ളികൾ എനിക്കിന്നും അജ്ഞാതമാണ്‌. ‘മണിച്ചിത്രത്താഴി’ന്റെ ചിത്രീകരണത്തിനുശേഷം ഈ തിരക്കഥ അന്യഭാഷകളിൽ അവതരിപ്പിക്കാൻ ഞാൻ സംവിധായകൻ ഫാസിലിനു മാത്രമാണ്‌ അനുമതി നൽകിയത്‌. എന്നാൽ മറ്റു തെന്നിന്ത്യൻ ഭാഷകളിൽ സംവിധാനം ചെയ്തത്‌ പി. വാസുവാണ്‌. അത്‌ ഞാനറിഞ്ഞിരുന്നില്ല. അതു തിയേറ്ററിലെത്തിയപ്പോഴാണ്‌ മറ്റൊരു സംവിധായകനാണ്‌ അത്‌ ചെയ്തതെന്ന്‌ ഞാനറിഞ്ഞത്‌. മറ്റൊന്ന്‌ തിരക്കഥാകൃത്തിന്റെ പേര്‌ മാറ്റി സംവിധായകന്റെ പേര്‌ രചനയിലും വെച്ചിരിക്കുന്നതായി കണ്ടത്‌. ഇതിനെതിരെയാണ്‌ ഞാൻ കോടതിയിൽ പോയത്‌.

സംവിധായകൻ പ്രിയദർശൻ ഹിന്ദിയിൽ മണിച്ചിത്രത്താഴ്‌ എടുക്കുന്നുണ്ടെന്ന്‌ കേൾക്കുന്നു.

അതിനെതിരെ ഞാൻ നിയമപരമായി മുന്നോട്ടു നീങ്ങിക്കഴിഞ്ഞു.

താങ്കൾ മുന്നോട്ടുവയ്‌ക്കുന്ന ഡിമാന്റ്‌ എന്താണ്‌

രചയിതാവ്‌ എന്ന നിലയിലുള്ള എന്റെ അംഗീകാരം നിലനിൽക്കണം. ന്യായമായ പ്രതിഫലം ലഭിക്കുകയും വേണം.

മണിച്ചിത്രത്താഴ്‌ എന്ന സിനിമയുടെ നിർമ്മാതാക്കൾ താങ്കൾക്ക്‌ അർഹമായ പ്രതിഫലം നൽകിയെന്നു കരുതുന്നുണ്ടോ.

ഇല്ല. കേവലം 18000(പതിനെട്ടായിരം) രൂപ മാത്രമാണ്‌ എനിയ്‌ക്കാകെ ലഭിച്ചത്‌. സിനിമ മികച്ച സാമ്പത്തിക വിജയം നേടികൊണ്ടിരിക്കുമ്പോഴും കൂടുതൽ പണം വേണം എന്ന്‌ ഞാനാരോടും ആവശ്യപ്പെട്ടിട്ടില്ല.

‘മണിച്ചിത്രത്താഴ്‌’ എന്ന രചനയുടെ പിന്നിലെ പ്രചോദനമെന്തായിരുന്നു.

എന്റെ തന്നെ തറവാട്ടിലെ ചില സംഭവങ്ങളുടെയും, ഐതിഹ്യത്തിന്റെയും പശ്ചാത്തലത്തിലാണ്‌ ഇതിന്റെ ആശയം ജനിച്ചത്‌. തുടർന്ന്‌ അത്‌ ഒരു കഥയായി വികസിപ്പിച്ചു. അത്‌ ഞാൻ ഫാസിലിനോട്‌ പറഞ്ഞു. ഫാസിലിന്റെ നിർദ്ദേശ പ്രകാരമാണ്‌ ഞാനതിന്‌ തിരക്കഥാരൂപം നൽകിയത്‌.

താരങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണോ തിരക്കഥയെഴുതിയത്‌.

അങ്ങിനെയില്ല. എന്നാൽ ചില പ്രത്യേക കഥാപാത്രങ്ങളെ ഇന്ന അഭിനേതാക്കൾ അവതരിപ്പിച്ചാൽ നന്നായിരിക്കും എന്ന്‌ ഫാസിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ മോഹൻലാൽ അവതരിപ്പിച്ച ഡോ. സണ്ണിയെ യഥാർത്ഥത്തിൽ ഞാൻ മമ്മൂട്ടിയെ മുന്നിൽ കണ്ടാണ്‌ എഴുതിയത്‌. അടി മുതൽ മുടിവരെ ഭയങ്കര സീരിയസായ കഥാപാത്രം. പിന്നെ ഒരു ഡയറക്ടോറിയൽ ചെയ്‌ഞ്ചിലാണ്‌ മോഹൻലാൽ വന്നത്‌.

മണിച്ചിത്രത്താഴിന്റെ വൻവിജയം പുതിയ തിരക്കഥയെഴുതാൻ പ്രചോദനമായില്ലേ.

അതിനുശേഷം ഒരു പാട്‌ നിർമ്മാതാക്കൾ കഥയാവശ്യപ്പെട്ട്‌ വന്നിരുന്നു. എല്ലാവരേയും എനിക്ക്‌ കയ്യൊഴിയേണ്ടതായിവന്നു. ഇതിൽ ഒന്നാമത്തെ കാര്യം, ഒരു മുഴുവൻസമയ സിനിമാ തിരക്കഥാകാരനായി എനിക്കു പറ്റില്ലെന്നുള്ളതാണ്‌. സിനിമ കൊണ്ട്‌ ജീവിക്കാം എന്നൊരു തീരുമാനമൊന്നും ഞാനെടുത്തിട്ടില്ല. എല്ലാം ഇങ്ങനെ സംഭവിക്കുമെന്നു കരുതിയതല്ല. ഇപ്പോൾ ഇത്‌ വൻവിജയമെന്നു കരുതി ഞാനൊരു വലിയ സംഭവമാണ്‌ ചെയ്തത്‌ എന്നൊന്നും എനിക്കു തോന്നിയിട്ടില്ല. അതു വിജയിക്കാൻ പ്രധാനപ്പെട്ട ഘടകങ്ങൾ വേറെയുണ്ട്‌. വിദഗ്‌ധരായ ആളുകളുണ്ട്‌. അവരുടെ പ്രവർത്തനമുണ്ട്‌.

പുതിയ സിനിമയായ ഭരതന്റെ പ്രമേയമെന്താണ്‌.

ഇത്‌ കേരളീയാന്തരീക്ഷത്തിലുള്ള ശാസ്‌ത്രകൽപിത കഥയാണ്‌. ഭൂഗുരുത്വത്തിന്റെ അതിജീവനം. കാലങ്ങളായി നടക്കുന്ന ഒരന്വേഷണത്തിന്റെ ഭാഗമായുള്ള ഒരു സമാന്തര അന്വേഷണയാത്രയാണ്‌ ഈ ചിത്രത്തിന്റെ കഥയായി വരുന്നത്‌. ഭരതൻ (ബിജു മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം) എന്നയാൾ ആർക്കും മനസ്സിലാക്കാനാകാത്ത ശാസ്‌ത്രഭാവനകളുടെ ലോകത്താണ്‌. ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ചു ജീവിക്കുന്ന ഭരതന്റെ മറ്റൊരു വശമാണ്‌ ഇത്‌. അയാൾ ആരും കാണാത്ത കാഴ്‌ചകൾ കാണുന്നു. കേൾക്കാത്ത സ്വരങ്ങൾ കേൾക്കുന്നു. ഒരു പ്രത്യേകഘട്ടത്തിൽ ഇയാൾ അപൂർവ്വതാളമുള്ള ഒരു സ്‌മൃതിഭ്രംശത്തിന്റെ കിടങ്ങിലേയ്‌ക്ക്‌ വീഴുന്നു. അസാമാന്യ പ്രതിഭാശാലിയായ ഭരതന്റെ തലച്ചോറിലെ ആശയങ്ങളെപ്പോലും മറക്കുന്ന കാലം. സാധാരണ അവസ്ഥയിലേക്കു വന്നാൽ അയാൾക്ക്‌ ആ നവീനലോകം എന്നെന്നേയ്‌ക്കുമായി നഷ്ടമാകും.

പുതിയ സംവിധായകനാണല്ലോ ഭരതന്റെ സംവിധായകൻ അനിൽദാസ്‌.

കാമ്പസ്‌ പശ്ചാത്തലത്തിൽ ഒരു സിനിമയ്‌ക്ക്‌ തിരക്കഥയെഴുതണമെന്നാവശ്യപ്പെട്ടാണ്‌ അനിൽദാസ്‌ എന്നെ സമീപിച്ചത്‌. എഴുതിത്തുടങ്ങിയതുമാണ്‌. പക്ഷേ നേരത്തേ എഴുതിവെച്ചു തുടങ്ങിയ ഭരതനാണ്‌ അനിൽദാസിന്റെ നിർമ്മാതാക്കൾക്ക്‌ താൽപര്യമായത്‌.

ഭരതൻ, മണിച്ചിത്രത്താഴിന്റെ വിജയം നേടുമോ

ഇതിനുത്തരം ഞാനല്ല പറയേണ്ടത്‌.

മധു മുട്ടം എഴുതിയ “വരുവാനില്ലാരുമീ വിജനമാമീ വഴി….” എന്ന പാട്ട്‌ സൂപ്പർഹിറ്റായിട്ടും എന്തേ തുടർന്നെഴുതിയില്ല.

ഒരു കവിതയായി എഴുതിയതാണ്‌ ആ വരികൾ. സിനിമയ്‌ക്ക്‌ പറ്റുമല്ലോ എന്നു പറഞ്ഞ്‌ ഫാസിൽ തന്നെ കൊണ്ടുപോയി ചിട്ടപ്പെടുത്താൻ കൊടുത്തതാണ്‌.

കവിതയെഴുത്തിനെപ്പറ്റി.

കവിതയെ ഗൗരവമായി കാണുന്നയാളാണ്‌ ഞാൻ. കവിയാകുക, ഒരെഴുത്തുകാരനാകുക എന്നു പറയുമ്പോൾ സ്വയം ബലികഴിക്കപ്പെടുക എന്നാണ്‌ അതിനർത്ഥം. ആ അർത്ഥത്തിൽ എന്റെ വീക്ഷണത്തിലെ കവി പി. കുഞ്ഞിരാമൻ നായരാണ്‌. ജീവിതം ബലികഴിച്ച്‌, കവിജന്മമല്ലാതെ വേറിട്ടൊരു വ്യക്തിജീവിതം ഉണ്ടായിരുന്നില്ലാത്തയാളായിരുന്നു അദ്ദേഹം.

പുതിയ രചനകൾ.

മൂന്നാലു തിരക്കഥകൾ കൈവശമുണ്ട്‌. പുതിയ ഒന്നിനെക്കുറിച്ച്‌ ഉടനെ ആലോചിക്കുന്നില്ല.

കുടുംബം, വിവാഹം

ഞാൻ അവിവാഹിതനാണ്‌. അച്ഛൻ കുഞ്ഞുപണിക്കർ എനിക്കു പതിമൂന്നു വയസുള്ളപ്പോൾ മരിച്ചു. അമ്മ പത്തുകൊല്ലം മുമ്പും മരിച്ചു. മറ്റു സഹോദരങ്ങളില്ല.

ഹരിപ്പാട്‌ മുട്ടത്തുള്ള കൊച്ചുവീട്ടിൽ മധു മുട്ടം ഒറ്റയ്‌ക്കാണ്‌ താമസം. വിജനമായ തന്റെ വീട്ടുമുറ്റത്ത്‌ വരുവാനില്ലാരും എന്നു മന്ത്രിക്കുന്നു ഈ മനുഷ്യൻ.

Generated from archived content: interview_mar1_07.html Author: b_josekutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമികച്ച വേഷങ്ങൾ തേടുന്ന മീര
Next articleമസായി മാര
ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. Address: Phone: 09961077837,09497221722

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here