മികച്ച വേഷങ്ങൾ തേടുന്ന മീര

ആറുവർഷം, പതിനാലു ചിത്രങ്ങൾ, ആറു സംവിധായകർ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു ക്യാൻവാസല്ല. പക്ഷേ തിരുവല്ലാക്കാരി മീരാ ജാസ്മിൻ എന്ന അഭിനേത്രിയ്‌ക്ക്‌ ഇതു ധാരാളമാണ്‌.

2001ൽ എത്തിയ സൂത്രധാരൻ മുതൽ ഇനിയും പുറത്തുവരാനുള്ള കൽക്കത്താ ന്യൂസ്‌, രാത്രിമഴ എന്നീ സിനിമകളിൽ വരെ രക്തവും മാംസവുമുള്ള ശക്തമായ കഥാപാത്രങ്ങളെയാണ്‌ മീര അവതരിപ്പിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെയാണ്‌ മഞ്ജുവാര്യർക്കുശേഷം റേയ്‌ഞ്ചുള്ള ഒരു നടിയായി പ്രേക്ഷകർ മീരയെ വിലയിരുത്തുന്നത്‌. മലയാളത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച മീര തെന്നിന്ത്യയിലും തന്റെ അഭിനയത്തികവ്‌ പ്രകടിപ്പിക്കുന്നുണ്ട്‌. പ്രമുഖ ബംഗാളി എഴുത്തുകാരനായ സുനിൽ ഗംഗോപാധ്യായായുടെ ‘ഹീരക്‌ ദീപ്തി’ എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഒരേ കടൽ’ എന്ന ചിത്രമാണ്‌ മീരയുടെ ഒടുവിൽ വന്ന സിനിമ. ദീപ്തി എന്ന കഥാപാത്രത്തെ ഉജ്ജ്വലമായി മീര അവതരിപ്പിച്ചിരിക്കുന്നു.

മീരയുമായുള്ള അഭിമുഖത്തിൽ നിന്ന്‌ –

ഒരേ കടലിൽ മീര നല്ല പെർഫോമൻസ്‌ കാഴ്‌ചവെച്ചിട്ടുണ്ട്‌. ഈ കഥാപാത്രത്തെക്കുറിച്ചെന്തു പറയുന്നു –

ഈ സിനിമയിലേയ്‌ക്ക്‌ പ്രസാദ്‌ സർ ക്ഷണിക്കുമ്പോൾ കഥയെക്കുറിച്ചോ, കഥാപാത്രത്തെക്കുറിച്ചോ Explain ചെയ്തിരുന്നില്ല. ശ്യാമപ്രസാദ്‌ എന്ന സംവിധായകന്റെ സിനിമയാണ്‌ എന്നറിഞ്ഞപ്പോൾ തന്നെ ഡേറ്റ്‌ കൊടുക്കുകയായിരുന്നു.

മമ്മൂട്ടിയാണ്‌ ഹീറോ എന്നറിഞ്ഞിരുന്നോ?

ഇല്ല. ഞാനറിഞ്ഞപ്പോൾ ഞാൻ ശരിക്കും ത്രില്ലടിച്ചു. മമ്മൂക്കയുമായി ഞാനാദ്യം ചേരുകയാണല്ലോ. ശരിക്കും പറഞ്ഞാൽ എന്നെ സംബന്ധിച്ച്‌ ഒരു മഹാഭാഗ്യമാണ്‌ ഈ സിനിമ. മികച്ച ഡയറക്ടർ, നല്ല കഥാപാത്രം, പിന്നെ മമ്മൂക്കയുമായുള്ള അഭിനയം. ഒരു ബംഗാളി റൈട്ടരുടെ കഥാപാത്രം. അതിന്റെ ഒരു ഹാങ്ങോവർ ഞാൻ Enjoy ചെയ്യുന്നുണ്ട്‌.

മീരയുടെ ഏറ്റവും നല്ലവേഷമാണിതെന്നു കരുതുന്നുണ്ടോ –

അങ്ങനെയല്ല. എല്ലാ നല്ല ക്യാരക്ടറുകളുടെ ലിസ്‌റ്റിൽ വരുന്നതാണ്‌ ദീപ്തിയെന്ന വേഷവും.

മമ്മൂട്ടിയുമായുള്ള അഭിനയത്തെക്കുറിച്ച്‌ –

മമ്മൂക്കയെ അക്ഷരാർത്ഥത്തിൽ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരാളാണ്‌ ഞാൻ. സിനിമയിൽ വരുന്നതിനുമുമ്പും മമ്മൂക്കയുടെ സിനിമകൾ ഞാൻ വളരെ താല്പര്യത്തോടെ കണ്ടിട്ടുണ്ട്‌. സിനിമയിൽ വന്നതിനുശേഷം അദ്ദേഹവുമായി ഇതുവരെ അഭിനയിക്കാൻ കഴിയാത്തതിൽ വലിയ വിഷമമുണ്ടായിരുന്നു. അതിപ്പോൾ മാറി.

മമ്മൂട്ടിയുമായി ഏറെ ഇന്റിമസിയുള്ള സീനുകൾ ധാരാളമുണ്ടായിരുന്നല്ലോ –

ഞാൻ ദീപ്തി എന്ന കഥാപാത്രവും മമ്മൂക്ക ഡോ. നാഥൻ എന്ന കഥാപാത്രവുമായിരുന്നു അപ്പോൾ.

മലയാളത്തിൽ ചെയ്തത്‌ ആകെ 14 സിനിമകൾ. കഴിഞ്ഞ 6 വർഷത്തെ കണക്കാണിത്‌ ഇതു കുറവല്ലേ –

14 അല്ല വേണമെങ്കിൽ 140 സിനിമകൾ എനിക്കു ചെയ്യാമായിരുന്നു. മികച്ച കഥാപാത്രങ്ങളെ തന്നെ എനിക്കു വേണമായിരുന്നു. നൂറു സിനിമകൾ അഭിനയിച്ചാൽ എന്താ കുറെ പണം കിട്ടും. അതുകൊണ്ടെന്താ അതു മാത്രമാണോ നോക്കേണ്ടത്‌. നല്ല കഥാപാത്രമാണ്‌ ഞാൻ നോക്കുന്നത്‌. 2001 നവംബറിലാണ്‌ എന്റെ ആദ്യത്തെ സിനിമ സൂത്രധാരൻ ഇറങ്ങിയത്‌. ലോഹിതദാസിന്റെ സിനിമ. പിന്നെ 2003ലാണ്‌ രണ്ടാമത്തെ ഫിലിം കസ്തൂരിമാൻ വന്നത്‌. രണ്ടുകൊല്ലം എനിക്കു കാത്തിരിക്കേണ്ടിവന്നു. നല്ല വേഷം കിട്ടാൻ. അതും ലോഹിതദാസിന്റെ തന്നെ. ഇതിനിടയിൽ ആരും വിളിക്കാഞ്ഞിട്ടല്ല.

മീരയുടെ സംവിധായകരെല്ലാം മുൻനിരക്കാരാണ്‌ മീരയാണോ ഇവരെ തിരഞ്ഞെടുക്കുന്നത്‌?

ഞാനല്ല അവരാണ്‌ എന്നെ സെലക്ട്‌ ചെയ്യുന്നത്‌. ലോഹിതദാസിനെ കൂടാതെ കമൽ, സത്യൻ അന്തിക്കാട്‌, ടി.വി ചന്ദ്രൻ എന്നിവരുടെ സിനിമകളിൽ എനിക്കഭിനയിക്കാൻ കഴിഞ്ഞത്‌ മഹാഭാഗ്യമായിട്ടാണ്‌ കരുതുന്നത്‌.

മലയാളത്തിൽ മികച്ച കഥാപാത്രങ്ങളെയും സംവിധായകരെയും തേടുന്ന മീര മറുനാട്ടിൽ നേരെ തിരിച്ചല്ലേ?

അല്ല. അവിടെയും നല്ല കഥാപാത്രങ്ങളെയേ ഞാൻ സ്വീകരിച്ചിട്ടുള്ളൂ. പിന്നെ തമിഴിലും, തെലുങ്കിലും കൂടുതൽ റിയലിസ്‌റ്റിക്കായ സിനിമകൾ ഉണ്ടാകാറില്ല. അല്പമൊക്കെ വിട്ടുവീഴ്‌ച വേണ്ടിവന്നേയ്‌ക്കാം. എന്നുവെച്ച്‌ അവിടെ ഗ്ലാമർ വേഷങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. അതിനു അവരെന്നെ വിളിച്ചിട്ടുമില്ല.

മീരയുടെ പുതിയ ചിത്രങ്ങൾ – ചെമ്പട്ട്‌ എന്ന സിനിമ അനൗൺസ്‌ ചെയ്തിരുന്നല്ലോ?

ചെമ്പട്ടിന്റെ ഷൂട്ടിംഗ്‌ തുടങ്ങിയതാണ്‌. പിന്നീടതിനു എന്തു പറ്റിയെന്നറിയില്ല. അതിന്റെ ഷൂട്ടിംഗിന്‌ എപ്പോൾ വിളിച്ചാലും പോകും.

സിനിമയിലേയ്‌ക്ക്‌ മീരയെ കൊണ്ടുപോയത്‌ ബ്ലെസിയാണല്ലേ?

അദ്ദേഹത്തിന്റെ പുതിയ സിനിമയിൽ ഞാനുണ്ടല്ലോ. അതിൽ കൃഷ്ണപ്രിയ എന്ന വേഷമാണ്‌ ഞാൻ ചെയ്യുന്നത്‌. ബ്ലെസിച്ചാച്ചന്റെ നാലാമത്തെ സിനിമയാണിത്‌. എന്റെ സ്വന്തം സിനിമപോലെയാണ്‌ എനിക്കത്‌ ഫീൽ ചെയ്തത്‌.

ലെനിൻ രാജേന്ദ്രന്റെ രാത്രിമഴയും വരുന്നുണ്ടല്ലോ?

അതെ. അതിലും എനിക്കു വ്യത്യസ്ഥമായ കഥാപാത്രമാണ്‌.

മീരയുടെ നായകന്മാരെക്കുറിച്ച്‌ –

ഞാൻ കൂടുതൽ അഭിനയിച്ചത്‌ ദിലീപേട്ടന്റെ ജോടിയായിട്ടാണ്‌. വളരെ ഫ്രണ്ട്‌ലിയാണ്‌ ദിലീപേട്ടൻ. 5 സിനിമയിലാണ്‌ ഞങ്ങൾ ഒരുമിച്ചത്‌. പിന്നെ മോഹൻലാൽ, പൃഥ്വിരാജ്‌, ചാക്കോച്ചൻ, നരേൻ എന്നിവരുമായും അഭിനയിച്ചു.

മറുഭാഷകളിൽ മലയാള നടിമാർ മുൻനിര നായികമാരായി മാറുകയാണല്ലോ – നയൻതാര, ഗോപിക, നവ്യാ നായർ, അസിൻ ഇവർ മീരയ്‌ക്ക്‌ ഭീഷണിയാകുന്നുണ്ടോ?

(ചിരി) എന്തിന്‌? അവർ അവർക്കു ലഭിക്കുന്ന വേഷങ്ങൾ ചെയ്യുന്നു. ഞാൻ എനിക്കു കിട്ടിയ വേഷവും ചെയ്യുന്നു. അല്ലാതെ ഭീഷണിയും, മത്സരമൊന്നും ഞാൻ നേരിടുന്നില്ല.

വിവാഹം ഉടനുണ്ടാകുമോ?

ഇപ്പോൾ ഞാനഭിനയത്തിലാണ്‌ ശ്രദ്ധവെയ്‌ക്കുന്നത്‌. വിവാഹമൊക്കെ പിന്നീടായാലും നടത്താമല്ലോ, എന്തായാലും അതൊരു രഹസ്യവിവാഹമായിരിക്കില്ല (ചിരിക്കുന്നു).

Generated from archived content: interview1_sept11_07.html Author: b_josekutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎഴുത്തുകാരൻ കാലത്തെ അതിജീവിച്ചു ചിന്തിക്കണം….പി.കെ.ഗോപി
Next articleജവാദ്‌ ഹസൻ – കേരളം ആഗ്രഹിക്കുന്ന ഒരു വ്യവസായി
ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. Address: Phone: 09961077837,09497221722

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English