ഡയറക്‌ട്‌ മാർക്കറ്റിംഗ്‌

ബിസിനസ്സ്‌ ഹെറാൾഡ്‌ പതിമ്മൂന്നാം ഇഷ്യൂവിലെ എക്‌സ്‌ക്ലൂസീവ്‌ കവർസ്‌റ്റോറിയുടെ ബോക്‌സ്‌ മാറ്ററിലേക്ക്‌ കണ്ണുംനട്ടിരിക്കവേ, സന്ദീപ്‌ മേനോൻ നെറ്റിയിൽ വിരലുകളോടിച്ചു. ഒരു തലവേദനയുടെ ഭ്രൂണം മനസ്സിലെവിടെയോ രൂപാന്തരം പ്രാപിക്കുന്നതായി സന്ദീപിനു തോന്നി. പതിവങ്ങനെയാണ്‌. ഗാഢമായി വായനയിൽ മുഴുകുമ്പോഴോ മറ്റെന്തും തന്നെ ഗാഢമായി ചെയ്യുമ്പോഴോ മൃദുലമായ ഒരു നൊമ്പരത്തിന്റെ ചുടുനിണം ശിരസ്സിലേക്ക്‌ പെയ്‌തിറങ്ങും. ക്രമേണ ഒരു സുഖശയനത്തിനായി നിദ്ര കിടക്ക വിരിക്കും. എന്തിന്‌, മനീഷയുമായുളള രതിയിൽ പോലും തലവേദന ഒരഭിസാരികയെപ്പോലെ സന്ദീപിനെ കീഴടക്കുമായിരുന്നു. പക്ഷേ ആ സമയത്തെ തലവേദനമാത്രം മനീഷയെ അറിയിക്കാറില്ല.

സന്ദീപ്‌ മേനോൻ മാഗസിൻ മടക്കിവെച്ചു. പിന്നെ കിടക്കയുടെ പതുപതുപ്പിലേയ്‌ക്ക്‌ ഇറങ്ങി. ഈ ഒഴിവുദിനപ്പകലിൽ അവളുടെ സ്‌നിഗ്ദഭാവങ്ങളില്ല. അധരങ്ങളിലെ ക്ഷണഭാവങ്ങളില്ല. പോകേണ്ടതായിരുന്നു അവളുടെയൊപ്പം. ഈ മെട്രോനഗരത്തിൽ നിന്നും അവളുടെ മെട്രോഗ്രാമത്തിലേയ്‌ക്ക്‌ ഒരുമിച്ചൊരു യാത്ര എന്തുകൊണ്ടാണ്‌ നിരസിച്ചത്‌. അവസാനം, അവൾതന്നെ പറഞ്ഞു.

“സന്ദീപ്‌ റെസ്‌റ്റെടുത്തോളൂ, മോനുമായി ഞാൻ പൊയ്‌ക്കോളാം…. വണ്ടി ഞാനെടുക്ക്വാ, പുലർച്ചേ എത്താം”

സാൻട്രോയുടെ കീചെയ്‌നിലുളള ബാബയുടെ ചിത്രത്തിൽ മുത്തി അവൾ പറഞ്ഞു. പിന്നെ റോസാപ്പൂവിന്റെ മണമുളള ഡിയോഡെറന്റ്‌ പുരട്ടിയ നൈറ്റി അയാൾക്കെറിഞ്ഞുകൊടുത്ത്‌ അവൾ മെല്ലെ മന്ത്രിക്കുന്നതുപോലെ പറഞ്ഞു.

“അതുവരെ ഇതു ധാരാളം മതി.” നൈറ്റ്‌ ഗൗൺ ചുളിവുകളില്ലാതെ കിടക്കയിൽ പരത്തിയിട്ട്‌ സന്ദീപ്‌ മേനോൻ അതിനു മീതെ കമിഴ്‌ന്നുകിടക്കുകയായിരുന്നു. ഡൊമസ്‌റ്റിക്‌ പ്ലസ്‌ എന്ന ഹോംഅപ്ലയൻസസ്‌ കമ്പനിയുടെ നാളത്തെ മാർക്കറ്റിംഗ്‌ നെറ്റ്‌വർക്ക്‌ ഡിസൈൻ ചെയ്യുന്നത്‌ ഏരിയാമാനേജരായ തന്റെ ജോലിയല്ലെന്ന്‌ സ്വയം വരുത്തിച്ചേർത്ത്‌ സന്ദീപ്‌മേനോൻ ഗൗണിന്റെ മൃദുലതകളിൽ തലവേദന ഉരുക്കിക്കളയാൻ തുടങ്ങി.

നീലസർപ്പം ഇഴഞ്ഞുനടക്കുന്ന ഭൂമിയുടെ നിമ്‌നോന്നതങ്ങളിൽ താൻ നഗ്നനായി ഉലാത്തുന്ന ഒരു മാജിക്കൽ റിയലിസ്‌റ്റിക്‌ സ്വപ്‌നത്തിൽ നിന്ന്‌ സന്ദീപ്‌ ഞെട്ടലോടെയാണ്‌ ഉണർന്നത്‌. മനീഷയുടെ ഗൗൺ ചുരുണ്ടുമാറികിടന്നിരുന്നു. കാളിംഗ്‌ബെല്ലിന്റെ നിർത്താതെയുളള മുഴക്കം. ലുങ്കി വാരിവലിച്ചുടുത്ത്‌ അർദ്ധബോധാവസ്‌ഥയിൽ സന്ദീപ്‌ ചെന്ന്‌ മുൻവാതിൽ തുറന്നു.

ഓ മനീഷാ നീയെത്തിയോ, എന്താ നീ നേരത്തേ…“

സന്ദീപ്‌ അകത്തേയ്‌ക്കു നടന്നു.

”സോറി സർ ഞാൻ, മനീഷയല്ല. ചാന്ദ്‌നി“

സന്ദീപ്‌ ഞെട്ടിത്തിരിഞ്ഞു. സ്വച്ഛമായ ആകാശത്തിന്റെ നീലിമയുളള സാരിയണിഞ്ഞ ഒരു യുവതി.

”യെസ്‌ സർ, ഞാൻ ചാന്ദ്‌നി.“ അവളത്‌ പറഞ്ഞ്‌ മുൻവാതിൽ ചെന്നടച്ച്‌ ബോൾട്ടിട്ടു. സന്ദീപ്‌ ഒന്നമ്പരന്നെങ്കിലും മനീഷയുടെ സുഹൃത്തിനെ അറിയില്ലെന്നുളള ഭാവം മുഖത്തുവരുത്താതെ ക്ഷണിച്ചു.

”ഇരിക്കൂ, ചാന്ദ്‌നീ…“

”ക്ഷമിക്കണം സർ, ഞാൻ മനീഷയുടെ സൂഹൃത്തല്ല.“

പിന്നെ നിങ്ങളാരാണെന്നു ചോദിക്കുന്നതിനുമുമ്പ്‌ അവൾ ബെഡ്‌റൂമിലേയ്‌ക്ക്‌ കടന്നിരുന്നു. അയാളകത്തേയ്‌ക്കു കയറുന്നതിനുമുമ്പേ അവൾ കിടപ്പുമുറിയുടെ വാതിലടച്ചു. അമ്പരപ്പിലേറെ ഒരുതരം ആവേശം എങ്ങനെയാണ്‌ തന്നെ പൊതിയുന്നതെന്നോർത്ത്‌ സന്ദീപ്‌ നിന്നു. അടഞ്ഞ ബെഡ്‌റൂമിന്റെ വാതിൽക്കലേയ്‌ക്ക്‌ നോക്കി സന്ദീപ്‌ ഒരു സിഗരറ്റിന്‌ തീ കൊളുത്തി. ഇവളാരാണെന്നും എന്താണിവളുടെ ലക്ഷ്യമെന്നും അന്വേഷിക്കാതെ തന്റെ മനസ്സ്‌ ഊഷ്‌മളമാകുന്നത്‌ എന്തുകൊണ്ടെന്നന്വേഷിക്കാൻ തന്റെ മനസ്സ്‌ സന്നദ്ധമാവാത്തതിൽ അയാൾ ഗൂഢമായി ആഹ്ലാദിച്ചു. ഹൃദയത്തിന്റെ ചൂടറകളിലേയ്‌ക്ക്‌ നീലസർപ്പത്തിന്റെ വിഷദ്രാവകം ഒരു മഞ്ഞിൻ പ്രവാഹമായി പടരുന്നില്ലേ എന്ന്‌ സന്ദീപോർത്തു.

”സർ ഞാൻ….“

അയാൾ തലയുയർത്തി നോക്കി. കിടപ്പറ വാതിൽ തുറന്ന്‌ അവൾ, മനീഷ. അല്ല ചാന്ദ്‌നി. മനീഷയുടെ ഗൗണണിഞ്ഞ്‌.. സന്ദീപ്‌ അവളുടെയടുത്തെത്തി. അവളയാളുടെ അരക്കെട്ടിൽ കൈവലയം തീർത്തു. കിടപ്പറ വാതിലടഞ്ഞത്‌ ഒരു സംഗീതത്തോടെയാണെന്ന്‌ സന്ദീപിനു തോന്നി. അയാളതിശയിച്ചുപോയി.

ഇതു മനീഷ തന്നെയല്ലേ, അവളുടെ ഗന്ധം, ചുടുനിശ്വാസങ്ങൾ, അവളുടെ ഗൗൺ രതിവേളയിൽ പുലമ്പുന്ന സംഗീതം, അവ്യക്തവാക്കുകളും അവളുടേതു തന്നെയല്ലേ, സന്ദീപ്‌ ഒരു സുഖസുഷുപ്‌തിയിലെന്നവണ്ണം മറിഞ്ഞു കിടന്നു. മുഖം കിടക്കയിൽ പൂഴ്‌ത്തി ഇടതുകൈകൊണ്ട്‌ മെത്തയിൽ പരതി. ശൂന്യം. അയാൾ ചാടിയെഴുന്നേറ്റു. അവൾ, ചാന്ദ്‌നി. നീലാകാശത്തിന്റെ നിറമുളള സാരിയണിഞ്ഞ്‌ പോകാനായി തയ്യാറെടുത്ത്‌…

”ഞാൻ പോകട്ടെ സർ. താങ്കൾ സംതൃപ്‌തനായെന്ന്‌ ഞാൻ വിശ്വസിക്കട്ടെ.“

പിന്നെ, സന്ദീപ്‌മേനോന്റെ മുഖത്ത്‌ ശ്രദ്ധയോ, അശ്രദ്ധയോ എന്ന്‌ ഗൗനിക്കാതെ അവൾ തുടർന്നു.

”ഈ സായാഹ്‌നത്തിൽ എന്നെ സർ ആഗ്രഹിച്ചിരുന്നില്ലേ, മനസ്സുകൊണ്ടെങ്കിലും… എന്നെയല്ലെങ്കിലും എന്നെപ്പോലെ മനീഷയ്‌ക്കു പകരമായി….?“

സന്ദീപ്‌ മേനോന്റെ ഹൃദയതാളം വർദ്ധിച്ചു. പിന്നെ അവൾ ഒരു ഡിജിറ്റൽ ഡയറിയെടുത്ത്‌ അയാളുടെ ഡാറ്റാ വിളിച്ചു പറഞ്ഞു.

സന്ദീപ്‌ മേനോൻ.

മുപ്പത്‌ വയസ്സ്‌.

ഡൊമസ്‌റ്റിക്‌ പ്ലസ്‌ കമ്പനി മാർക്കറ്റിംഗ്‌ ഏരിയാ മാനേജർ.

ഭാര്യ മനീഷ.

രണ്ടു വയസ്സുളള ഒരാൺകുട്ടി. ശരിയല്ലേ സർ… ഈ ഞായറാഴ്‌ചയുടെ വിരസതയിൽ ബോറടിച്ച്‌… ശരിയല്ലേ സർ, ഇതെന്റെ നെറ്റ്‌വർക്ക്‌ സിസ്‌റ്റത്തിന്റെ കണ്ടെത്തലുകളാണ്‌. ഞാൻ സാറിനെ ബോറടിപ്പിച്ചില്ലല്ലോ. അഥവാ ഉണ്ടെങ്കിൽ മനീഷയുടെയത്രയും…

”യൂ ഷടപ്പ്‌..“ സന്ദീപ്‌ മേനോൻ അലറി. പിന്നെ സേഫ്‌ തുറന്ന്‌ അഞ്ഞൂറിന്റെ ഏതാനും നോട്ടുകൾ അവളുടെ നേർക്കു നീട്ടി.

”താങ്ക്‌ യൂ സർ, താങ്ക്‌ യൂ“ അവൾ തിരിഞ്ഞു നടന്നു. സന്ദീപ്‌ മേനോൻ മുൻവാതിലടച്ച്‌ കിടപ്പുമുറിയിലെത്തി. മനീഷയുടെ ഗൗൺ ചുരുണ്ടുകൂടി കിടന്നിരുന്നു. അയാൾ ബെഡ്‌റൂം ആകെ പരതി. ചാന്ദ്‌നിയുടെ ഒരു മുടിനാരിഴ പോലും….

തലവേദനയുടെ ഇളംസ്‌ഫുലിംഗങ്ങൾ അപ്രത്യക്ഷമായികഴിഞ്ഞിരുന്നു. സന്ദീപ്‌ വീണ്ടും ഗൗണിൽ തല പൂഴ്‌ത്തി. കുറ്റബോധത്തോടെ, ഒരു സാന്ത്വനം പോലെ ഗൗൺ അയാളെ പൊതിഞ്ഞു. എല്ലാം ഒരു സ്വപ്‌നമായി തളളി കളഞ്ഞ്‌ വീണ്ടും ബിസിനസ്സ്‌ ഹെറാൾഡിലെ ആംഗലേയാക്ഷരങ്ങളേ വേട്ടയാടവേ ഒരവസാനമുന്നറിയിപ്പുപോലെ കാളിംഗ്‌ബെൽ മുഴങ്ങി. ലുങ്കി വാരിവലിച്ചുടുത്ത്‌ മുൻവാതിൽ തുറക്കവേ കനത്തബാഗും തോളിൽ തൂക്കി മരവിച്ച്‌ ചുവന്ന മുഖവുമായി രണ്ടുപേർ. സന്ദീപ്‌ മേനോന്റെ കണ്ണുകളിൽ നോക്കി അവരിങ്ങനെ പറഞ്ഞു.

”സർ, വീയാർ ഫ്രം പ്ലൂട്ടോ മാർക്കറ്റിംഗ്‌ കമ്പനി….“

Generated from archived content: direct_market.html Author: b_josekutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article‘ഡാനി’ പറയുന്നത്‌
Next articleദുഃസ്വപ്‌നം
ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. Address: Phone: 09961077837,09497221722

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English