കാലത്തിൻ ഭ്രമണപഥത്തിലെ ഒരു ബിന്ദുവിൽ
രാത്രിയുടെ നിശ്ശബ്ദത ഖനമേറിയ നിഗൂഢതയുമായി ഇണചേർന്നു.
നവംബറിന്റെ ആ സന്ധ്യ, ഉടലെടുക്കാൻ പോകുന്ന
നനുത്ത വാല്‌മീകത്തെ കരുതിയിരുന്നു കാണില്ല.
നിയതമായ നിമിഷങ്ങൾ ഘടികാരസൂചികളുടെ മാത്രം ഭാവനയാണ്.
ഇതു ശൈത്യം വീണ്ടും പിറന്ന രാത്രി.
മരം കോച്ചുന്ന ഈ തണുപ്പിൽ, മനസ്സിലെ ഫ്രീസറിൽ
മരവിപ്പിച്ച നിന്റെ വാക്കുകൾ പുനർജ്ജനി തേടുന്നു.
അനാദിയായി പടരുന്ന, ആവിയായി ഉള്ളിനെ ഉരുക്കുന്ന, ഈ മഞ്ഞിൽ,
നിന്റെ കല്ലറയ്‌ക്കുള്ളിലെ പരിണാമത്തിന്റെ മൂലകങ്ങൾ
ഒരു തുണ്ടു മഷിയാകാൻ, വാക്കാകാൻ, വെമ്പുന്നുണ്ടായിരിക്കാം
കാതങ്ങൾക്കകലെ ആ സെമിത്തേരിയിൽ,
ഞാൻ വച്ച പനിനീർപൂവിന്റെ അസ്തിവാരവും
ഇന്നു നിന്നോടലിഞ്ഞിരിക്കുന്നു.
ഇനിയും എത്ര മഞ്ഞുകാലങ്ങൾ തുടരണം കൂട്ടുകാരി….?
“നീയെന്നേ മറക്കുമ്പോഴും ഞാൻ നിന്റെ മറവിയിൽ ജീവിക്കും.
ഓരോ മഞ്ഞുകാലത്തെ തണുപ്പിലും
ഞാൻ നിന്റെ മറവിയുടെ മഞ്ഞുരുക്കാനെത്തും.
അന്നെനിക്കൊരു റോസാപ്പൂ തരിക.
നേർത്ത മൂടൽമഞ്ഞായി ഞാൻ നിന്നെ ചുംബിക്കും.
എന്നെ ഇന്നു ഭക്ഷിക്കുന്ന ക്യാൻസർ കോശങ്ങൾ
അന്നു നിന്നെ ഖിന്നനാക്കില്ല.
അന്നായിരിക്കും നീയെന്നെ ഏറെ പ്രണയിക്കുക….”
ഇതു നീ പറഞ്ഞില്ല.
പറഞ്ഞെങ്കിലെന്ന്…
ഈ മഞ്ഞുകാലവും തുടരട്ടെ.
കാരണം നീയറിയുന്നില്ല, നിന്റെ മാർബിൾ പതിച്ച
അന്ത്യഗൃഹത്തിൽ ഞാൻ സമ്മാനിക്കുന്നത്
ജീവിതത്തിന്റെ മധുരിമയാണെന്ന്;
ഓരോ മഞ്ഞുകാലവും കാത്തു തള്ളിനീക്കുന്നത്
കണ്ണിൽ നിറയാതെ ദുശ്ശാഠ്യം പിടിച്ച് വറ്റിയവശേഷിച്ച
ഉപ്പിൻ തരികളാണെന്ന്;
നീ പരിണാമത്തിലൂടെ പുനർജ്ജനിക്കുമ്പോഴും,
നിന്റെ ചൈതന്യം, സ്വതന്ത്രമാക്കപ്പെട്ട ആദി മൂലകങ്ങളിൽ ലയിക്കുന്നത്
എന്റെ പനിനീർപൂക്കളുടെ സുഗന്ധത്താലാണെന്ന്.
Generated from archived content: poem2_july28_07.html Author: ayyappadas_am