മൃത്യുപൂജ

മന്ദഗാമിനി

ഹേമന്തയാമിനി

ഘനശ്യാമരൂപിണി

വരൂ നീ.

നർമ്മ മൃദുമർമ്മര-

വിലാസങ്ങളെത്തഴുകി

സന്ധ്യയുടെ രാഗം പൊലിഞ്ഞൂ

സഹ്യാദ്രി തീരവുമിരുണ്ടു.

വരിക, കുളിരിളകുന്ന

ചെറുതെന്നലേറി, നീ

തരിക, തളിരധരദല

താംബൂലമാധുരി.

ഇരുളിലുരുളുന്നൂ

പ്രപഞ്ചാണ്ഡകീടങ്ങൾ

മറയുന്നു, മായുന്നു

ശ്രുതികളും സ്‌മൃതികളും.

ചിരംജീവികൾ, വിധുര-

സപ്തർഷിതാരകളു-

മലിയുന്നിരുട്ടിലതിവേഗം.

വരിക, ഘനശൈത്യമേ,

വരികന്ധകാരമേ,

വരിക, മരണത്തിന്റെ

മൂഢാനുരാഗമേ!

പുണർന്നിടുക നിൻഭുജ

ഭുജംഗ വലയങ്ങളാൽ,

ചൊരിഞ്ഞിടുക, നിൻ ചടുല-

ചാടൂക്തി ചെവികളിൽ.

ഭാവിയൊരു ഭൂതമായ്‌

നോക്കുന്നുഷസ്സിന്റെ

നീതികഥ; യീണമി-

ട്ടാരുണ്ടു കേൾക്കുവാൻ?

പുണ്യപുരുഷന്മാർ മരിച്ചുപോയ്‌,

ഭൂമിയുടെ പുണ്യ, മിതു

മിഥ്യാപുരാണം.

‘നാളയുടെ പാട്ടു ഞാൻ

പാടിയില്ലേ, തരൂ

നാണയ’ മിതാണെന്റെ

സ്വാതന്ത്ര്യഗായകൻ.

എവിടെയൊരു യുദ്ധമു-

ണ്ടെവിടെയൊരു ക്ഷാമമു-

ണ്ടെന്നു കേട്ടീടിലും

കവിതയെഴുതീട്ടതും

കാശാക്കി മാറ്റുന്നു

ബഹുജനഹിതാർത്ഥം

ജനിച്ചു ജീവിച്ചവൻ.

വിനയമൊരു നയമാക്കി

മേൽമുണ്ടിനറ്റത്തു

കസവുചിരി തുന്നുന്നു

ധർമ പ്രചാരകൻ.

‘ദേഹ, മിത നിത്യ;-

മതിനാലിന്നെ, നിക്കു നീ

ദേഹി നിൻ സുഖ’ മിതേ

സ്‌നേഹപ്രവാചകൻ.

കാലടികൾ ചുറ്റിയൊരു

ചങ്ങലയി, തിന്നെന്റെ

കാതരഹൃദന്തമണിയുന്നു.

ഹേ, മന്ദഗാമിനി

ശരത്‌ സ്വപ്‌നകാമിനി

വരൂ നീ.

നിന്നുഗ്ര ശൈത്യ-

പരിപാകം ഗ്രസിക്കുന്ന

മന്നിൻ വിഷാണു മരവിക്കാം.

കല്‌പാന്തമിങ്ങനെ

കഴിഞ്ഞാൽ പുരാണകഥ

പൊട്ടിത്തളിർത്തു തണലേകാം

വീണ്ടും ജനിക്കുമൊരു

തോട്ടം നിറച്ചു വിഷപുഷ്‌പം.

ദൈവം ചതിക്കുമൊരു

സർപ്പം ചതിക്കുമൊരു

പെണ്ണും ചതിക്കുമൊരു മർത്ത്യൻ.

വേദങ്ങൾമീണ്ടു വരു-

വാനായി വീണ്ടുമൊരു

മത്സ്യാവതാര കഥനീളും.

പൊയ്‌പോയ കാലവു-

മതിൻപോയ ശക്തികളു-

മൊക്കെ തിരിച്ചു വരുമപ്പോൾ.

വീണ്ടും നിശാചര വധങ്ങൾ,

കുടുംബ ദഹനങ്ങൾ, മദോല്ലാസിത

മാർജ്‌ജാരമൂഷികരണങ്ങൾ.

ഒന്നുമിനി വേണ്ട

പുലരിക്കതിരുവേണ്ട

വെയിൽ വേണ്ട, പകൽ വേണ്ട

എന്നേക്കുമായിനി വരൂ നീ

വരൂ, വിശ്വസിരയാകെ

മരവിച്ചു, യിരതിൽത്താൻ

ലയിക്കും വിധത്തിലിനി

ഹേമന്തയാമിനി

വരൂ നീ.

നമ്മുടെ വസുന്ധര തൊടുക്കും

നവീന രതി ബാണങ്ങളേ-

റ്റുടൽ തളർന്നും

പനുമതിമയങ്ങി മറയുന്നൂ.

സ്‌നേഹോഷ്‌ണവൈദ്യുതിയി-

ലുരുകാത്ത മട്ടി-

ലുറയുന്നു മനുഷ്യഹൃദയങ്ങൾ.

ഓരോരു ജീവിയു-

മൊരിക്കൽ കൊതിച്ച

പരിപൂർണ ശ്രമക്ലമവിരാമം

വന്നെത്തി; മൂകം, അഭിരാമം.

കൈക്കുഞ്ഞിനെ വഴിയി-

ലിട്ടും കളഞ്ഞു നട-

കൊണ്ടോരു ഗോപിയിനി

വിൽക്കും മുലപ്പട-

മതിൽപ്പറ്റി നിൽക്കുമൊരു

ദുഗ്‌ദ്ധാർദ്ര വിസ്‌മൃതി വിലാസം.

വേദങ്ങളൊക്കെയിനി-

നിർവേദസന്ധിയി-

ലൊതുങ്ങും വിരാട്‌ പുരുഷ-

സങ്കൽപമേ തകരു; മപ്പോൾ

ശൂന്യാന്ധകാരകരിനീലം

പ്രപഞ്ചപരിണാഹം

ഗ്രസിച്ചു വിളയാടും.

കരളാകെയിന്നു കരി-

നിറമായി മാറു, മിരു-

ളലവീണു നിർജന നിശാന്തം.

അറബിക്കടൽ കടയു-

മാഫ്രിക്ക വൻകര-

യതിൽനിന്നു ചീറിവരു-

മുഗ്രം വിഷം കലരു-

മീയഴിയഖിലം.

ഒന്നായിരുന്ന മണി രണ്ടായി,

വീണ്ടുമതുമൂന്നായി;

മാനവ ചരിത്രം ക്രമേണ വലുതായി-

ന്നതിന്നറുതി വന്നീടുമോ?

ഏതൊന്നിനെ തൊഴുതു

വാങ്ങുന്നു വൻതിരക-

ളേതൊന്നിനെത്തൊഴുതു

കൂമ്പുന്നു കുന്നുക-

ളിതിൻ പേരുചൊല്ലി

യടിവയ്‌ക്കുന്നു മർത്ത്യമൃഗം.

ഖഡ്‌ഗം ചുഴറ്റിയൊരു

കൽക്കിസ്വരൂപനിവി-

ടെത്തും; പ്രപഞ്ച-

ജനനാരംഭവേളയിലെ

വാഗ്‌ദാനമോർത്തു

മലവാരത്തു കാനന-

മതംഗങ്ങളെന്നപടി

നി, ന്നൂർന്നിറങ്ങി, വരുമല്ലോ

പുരാതന സനാതനമന്ധകാരം.

കണ്ണാശുപത്രിയുടെ-

പർണ്ണാശ്രമത്തിലൊരു

കണ്വൻ കടങ്കഥ പറഞ്ഞുഃ

‘കല്‌പാന്ത നിദ്രവരവായ്‌-

കൺകളെന്തിനി-

യടഞ്ഞേകിടക്കുമവയെന്നും.’

ശംഖുംമുഖത്തു

പടിഞ്ഞാറൻ കടൽക്കരയി-

ലന്തിക്കുശേഷമൊരു ദീപംഃ

ആരോ പറക്കുന്ന തളികയിൽ ബ്‌ഭൂമിയുടെ

വേരു പറിച്ചു പുതു-

മോഹങ്ങൾ കെട്ടിയൊരു

ഭാണ്ഡം കണക്കവിടിരിപ്പൂ.

പുത്തൻ ഗ്രഹങ്ങളി-

ലൊരിക്കൽ വിതയ്‌ക്കുമവ-

നീ വിത്തുകൾഃ വിളവു

കൊയ്യാനവൻ കനിവു

കാണിക്കുമോ? പുതിയ

മർത്ത്യൻ വിരിഞ്ഞുയരുമെന്നോ?

ഞാനെന്റെ തംബുരുവി-

ലുച്ചശ്രുതിക്കു ചെറു-

ഞാണാക്കി മാറ്റിയ

സിരാതന്ത്രി മീട്ടുകിലും-

വിളക്കൊക്കെയൂതി-

ക്കഴിഞ്ഞിട്ടു വീണ്ടും

‘വെളിച്ചം, വെളിച്ചം!’

വിളിക്കുന്ന മർത്ത്യന്റെ

നാദമടങ്ങിക്കഴിഞ്ഞു.

ഇന്നു കേൾക്കുന്നതു

വേറെ നിവേദനംഃ

ജാനകി തേങ്ങിമറഞ്ഞ ധരയുടെ-

യാഴത്തിൽനിന്നുയരുന്നൂ പ്രണവമായ്‌ഃ

‘മൃത്യു മൃത്യു ജയ മൃത്യു മൃത്യു.’

സ്വർഗത്തിലേക്കുയരുവാൻ നിൽക്കെ,

ദശാരഥി, പക്ഷേ,

പറഞ്ഞതിതു മാത്രംഃ

‘നക്തഞ്ചരേന്ദ്രനൊരു ദുർഭൂതമായ്‌

മരണനൃത്തം ചവിട്ടി മമഹൃത്തിൽ;

വൈകാതെ നിന്നുദരവീര്യം പകർന്നു

മമ വൈദേഹിയെത്തരിക ധാത്രീ!’

Generated from archived content: poem3_aug25_06.html Author: ayyappa_panickar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here