കുറ്റവും ശിക്ഷയും

വിശ്വപ്രശസ്തി നേടിയ റഷ്യന്‍ സാഹിത്യകാരനാണ് ദസ്തയെവ്‌സ്‌കി. 19-ാം നൂറ്റാണ്ടിലെ സര്‍ഗാത്മക സാഹിത്യകാരന്മാരുടെ മുന്‍പന്തിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ദൈനംദിന ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യദുരിതങ്ങളും സംഭവങ്ങളും യഥാതഥമായി ചിത്രീകരിക്കുന്ന നോവലുകള്‍ യൂറോപ്യന്‍ സാഹിത്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ദസ്തയെയവ്‌സ്‌കിയും എഴുത്ത് തുടങ്ങിയത്. റഷ്യന്‍ സാഹിത്യത്തില്‍ ഗോഗോളിന്റെ കൃതികളിലൂടെ യഥാതഥപ്രസ്ഥാനം വേരുപിടിച്ചു കഴിഞ്ഞിരുന്നു. ദസ്തയെവ്‌സ്‌കിയും ആ വഴിക്കുതന്നെയാണ് നീങ്ങിയത്. പക്ഷെ, ഒരു വ്യത്യാസം അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഉണ്ടായിരുന്നു. ‘മിക്കവരും മനോരാജ്യസൃഷ്ടിയെന്നോ വിലക്ഷണമെന്നോ കരുതുന്നതാണ് യഥാര്‍ത്ഥ്യത്തിന്റെ സത്തയായി എനിക്ക് അനുഭവപ്പെടുന്നത്’ എന്നിങ്ങനെ ദസ്തയെവ്‌സ്‌കി തന്നെ ആ വ്യത്യാസം എടുത്തു കാണിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ താഴെക്കിടയിലുള്ള ചെറിയ മനുഷ്യരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലധികവും. തുച്ഛ ശമ്പളക്കാരായ ഗുമസ്തന്മാര്‍, ദാരിദ്ര്യത്തിലും പട്ടിണിയിലും വലയുന്നവര്‍, രോഗികള്‍, മാനസിക വിഭ്രാന്തിക്ക് അടിപ്പെട്ടവര്‍, വേശ്യകള്‍, കള്ളന്മാര്‍, കൊലപാതകികള്‍ എന്നിങ്ങനെയുള്ള കൂട്ടര്‍. എങ്കിലും ധാര്‍മികമായ നന്മ അവരിലും അദ്ദേഹം കണ്ടെത്തുന്നു. ബാഹ്യവര്‍ണനയിലല്ല, കഥാപാത്രങ്ങളുടെ ചിന്തകളും വികാരങ്ങളും ആവിഷ്‌കരിക്കുന്നതിലാണ് ദസ്തയെവ്‌സ്‌കി ശ്രദ്ധ ചെലുത്തുന്നത്. വ്യക്തിയുടെ ദ്വന്ദാത്മകത്വം, നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു.

ദുരന്തനാടകങ്ങളിലെന്ന പോലെ ഹൃദയവിക്ഷോഭങ്ങളാണ് ദസ്തയെവ്‌സ്‌കിയുടെ നോവലുകളിലും നാം അനുഭവിക്കുക. കുറ്റകൃത്യങ്ങളുടെ ഉറവിടം കുറ്റവാളികളുടെ മാനസിക പ്രപഞ്ചമാണെന്നു അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളെല്ലാം തന്നെ കുറ്റവാളികളാണ്. പാപത്തിലും പീഡാനുഭവങ്ങളിലൂടെയും മാത്രമേ യഥാര്‍ഥമായ വിശുദ്ധിയിലേക്ക് എത്തിച്ചേരാന്‍ കഴിയൂ എന്നായിരുന്നു ദസ്തയെവ്‌സ്‌കിയുടെ വിശ്വാസം. അദ്ദേഹം തന്റെ കൃതികളിലൂടെ അത് തെളിയിച്ചു കാട്ടുകയും ചെയ്തു.

കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാര്‍, നിന്ദിതരും പീഡിതരും, പാവപ്പെട്ടവര്‍, ചൂതാട്ടക്കാരന്‍, ഭൂതാവശിഷ്ടര്‍, ഒരപഹാസ്യന്റെ സ്വപ്നം. മരിച്ച വീട്, ഡബിള്‍, അപക്വ യുവാവ്, ഇഡിയറ്റ് തുടങ്ങിയ കൃതികള്‍ റഷ്യന്‍ സാഹിത്യത്തെ മാത്രമല്ല, വിശ്വസാഹിത്യത്തെത്തന്നെ സമ്പന്നമാക്കിയവയാണ്. ദസ്തയെവ്‌സ്‌കിയുടെ കഥാപ്രപഞ്ചംപോലെ തന്നെ വൈവിധ്യവും വൈരുദ്ധ്യവുമുള്ള വിചിത്രാനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. ആ കഥാപാത്രങ്ങള്‍ അനുഭവിച്ച പീഡാനുഭവങ്ങളെല്ലാം ഓരോ ഘട്ടത്തിലും ദസ്തയെവ്‌സ്‌കിയും അനുഭവിച്ചു. ദാരിദ്യവും പട്ടിണിയും ചുഴലി രോഗവുമെല്ലാം.

ഫെയ്‌ദോര്‍ മൈക്കലോവിച്ച് ദസ്തയെവ്‌സ്‌കി 1821 നവംബര്‍ 11ന് മോസ്‌കോയില്‍ ജനിച്ചു. പാവപ്പെട്ടവര്‍ക്കായുള്ള ആശുപത്രിയിലെ ഡോക്റ്റര്‍ ആയിരുന്നു പിതാവ്. ദസ്തയെവ്‌സ്‌കിക്ക് 16 തികയും മുന്‍പേ മാതാവ് മരിച്ചു. ജോലിയുപേക്ഷിച്ചു ഒരു ഗ്രാമത്തില്‍ പാര്‍പ്പുറപ്പിച്ച പിതാവിനെ രണ്ടുകൊല്ലത്തിനുള്ളില്‍ കൃഷിക്കാര്‍ തല്ലിക്കൊന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ സൈനിക എന്‍ജിനീയറിങ് കോളെജില്‍ പഠിക്കുകയായിരുന്നു ദസ്തയെവ്‌സ്‌കി. ദുഃഖിതനും ഏകാകിയുമായിരുന്നു അദ്ദേഹം. പിതാവിന്റെ മരണത്തോടെ ദരിദ്രനുമായി. കിട്ടിയ സമയം മുഴുവന്‍ വായനയ്ക്കു വിനിയോഗിച്ചു. പശ്ചാത്യ സാഹിത്യങ്ങളിലെ മികച്ച കൃതികളുടെ തര്‍ജമകള്‍ റഷ്യന്‍ ഭാഷയില്‍ വന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഷേക്‌സ്പിയര്‍, ഷില്ലര്‍, ഹോഫ്മാന്‍, ബല്‍സാക്ക്, മുതലായവരുടെ കൃതികളുമായി ദസ്തയെവ്‌സ്‌കി പരിചയപ്പെട്ടു. ബല്‍സാക്കിന്റെയും ജോര്‍ജ്‌സാന്‍ഡിന്റെയും ചില കൃതികള്‍ വിവര്‍ത്തനം ചെയ്യാനും അദ്ദേഹം ഒരുമ്പിട്ടു. പഠിത്തം കഴിഞ്ഞ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒരു ചെറിയ ജോലി ലഭിച്ചെങ്കിലും ഏറെക്കാലം അതില്‍ തുടരാന്‍ ദസ്തയെവ്‌സ്‌കി തയാറായില്ല.

ഈ ഘട്ടത്തിലാണ് പാവപ്പെട്ടവര്‍ എന്ന ആദ്യ നോവല്‍ ദസ്തയെവ്‌സ്‌കി രചിച്ചത്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഒരിടുങ്ങിയ വ്യത്തികെട്ട മുറിയില്‍ അര്‍ധപട്ടിണിക്കാരനായി കഴിഞ്ഞുകൂടുകയായിരുന്നു അദ്ദേഹം. പല പ്രമുഖ സാഹിത്യകാരന്മാരുടെയും അഭിനന്ദനം ആര്‍ജിക്കാന്‍ ഈ നോവലിനു കഴിഞ്ഞു. അടുത്തവര്‍ഷം ഡബിള്‍ എന്ന രണ്ടാമത്തെ നോവലും പുറത്തുവന്നു.

1866ലാണ് കുറ്റവും ശിക്ഷയും രചിക്കപ്പെട്ടത്. പീഡാനുഭവങ്ങളിലൂടെ പാപമോചനമെന്ന ആശയത്തെ മുന്‍നിര്‍ത്തി ദസ്തയെവ്‌സ്‌കി രചിച്ച ആദ്യത്തെ പ്രമുഖ കൃതിയാണിത്. പ്രഥമ വീക്ഷണത്തില്‍ ഇതൊരു കുറ്റന്വേഷണ കഥയാണെന്നു പറയാം. എന്നാല്‍ ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്ന വികാരപ്രപഞ്ചം ഒരതുല്യ പ്രതിഭാശാലിക്കു മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ്. കേവലം ഒമ്പതു ദിവസങ്ങളിലെ സംഭവങ്ങളാണ് ഈ നോവലില്‍ ചിത്രീകരിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ടു ദിവസം കുറ്റകൃത്യത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. മൂന്നാം ദിവസമാണ് കൊല നടക്കുന്നത്. അപ്രതീക്ഷിതമായി അത് ഇരട്ടക്കൊലപാതകമായി തീരുന്നു. തുടര്‍ന്നുള്ള ആറു ദിവസങ്ങളിലെ കുറ്റവാളിയുടെ അന്തഃസംഘര്‍ഷങ്ങളാണ് ബാക്കിഭാഗം. ആ ഭാഗത്തു മനുഷ്യജീവിതത്തിന്റെ നാനാവശങ്ങളും വികാരപ്രപഞ്ചത്തിന്റെ വിഭിന്ന തലങ്ങളും ദസ്തയെവ്‌സ്‌കി അനാവരണം ചെയ്യുന്നു. പാപിയായ കുറ്റവാളിക്കു പാപമോചനത്തിനുള്ള വഴി തെളിയിക്കുന്നത് പതിതയായ ഒരു യുവതിയാണ്. ആ പതിതയുടെ പാദങ്ങളെ ചുംബിച്ചുകൊണ്ട് അയാള്‍ പറയുന്നു ‘ ഞാന്‍ മുട്ടുകുത്തിയതു നിന്റെ മുമ്പിലല്ല. മനുഷ്യസമുദായത്തിന്റെ മുഴുവന്‍ വ്യഥകളുടെയും മുമ്പിലാണ്’

ദാര്‍ശനികമായ ഒരെഴുത്തുകാരന്റെ കൈവിരുത്. കുറ്റവും ശിക്ഷയും അത്യാകര്‍ഷകമായി പ്രദര്‍ശിപ്പിക്കുന്നു. ദസ്തയെവ്‌സ്‌കിയെപ്പോലെ ഈ കൃതിയിലെ റസ്‌കോല്‍നിക്കവും സൈബീരിയയിലെ തടങ്കല്‍ജീവിതത്തോടെയാണ് പുതിയ മനുഷ്യനായിത്തീരുന്നത്.

അവസാന വര്‍ഷങ്ങളില്‍ ദസ്തയെവ്‌സ്‌കിയുടെ ആരോഗ്യം ക്രമേണ തകര്‍ന്നു കൊണ്ടിരുന്നു. 1881 ഫെബ്രുവരി 9ന് അദ്ദേഹം അന്തരിച്ചു.

ദസ്തയെവ്‌സ്‌കിയുടെ ഏറ്റവും വലിയ നോവല്‍ കാരമസോവ് സഹോദരന്മാരാണ്. ഏറ്റവും അവസാനത്തെ കൃതിയും അതു തന്നെ. കുറെക്കൂടി മഹത്തായ, വിപുലമായ ഒരു നോവല്‍ രചിക്കണമെന്ന ആഗ്രഹം ദസ്തയെവ്‌സ്‌കി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. അത് എഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും എഴുതപ്പെട്ട കൃതികള്‍കൊണ്ട് ദസ്തയെവ്‌സ്‌കി അനശ്വരനായിരിക്കുന്നു.

കുറ്റവും ശിക്ഷയും

ദസ്തയെവ്‌സ്‌കി

വിവര്‍ത്തനം: പ്രൊഫ. ഡി. തങ്കപ്പന്‍

ഡിസി ബുക്‌സ്

വില: 60 രൂപ

Generated from archived content: book1_july4_13.html Author: ayyapapanicker

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here