മണിക്കൂറുകളോളം കമ്പ്യൂട്ടറിൽ നോക്കിയിരുന്ന് കണ്ണ് കടഞ്ഞപ്പോൾ വിപിൻ മുറ്റത്തേക്ക് ഇറങ്ങിവന്നു. പൈപ്പിൽനിന്ന് വെളളമെടുത്ത് വേണ്ടുവോളം മുഖം കഴുകി.
അവന്റെ അമ്മ ഏതോ സീരിയൽ ലോകത്തായിരുന്നു. കുറച്ചുനേരം അവനും നോക്കിനിന്നു.
“വിപിൻ‘ അമ്മയുടെ നീട്ടിയുളള വിളിയുടെ അർത്ഥം മനസ്സിലായിട്ടെന്നോണം വീണ്ടും അകത്തേക്ക് പോയി.
മുറിയിൽ വട്ടമിട്ട് പറക്കുന്ന രണ്ട് തുമ്പികളെ കുറച്ച്നേരം നോക്കിനിന്നു. എന്നിട്ടെന്തോ ഓർത്ത്, കണ്ണ് തിരുമ്മി, കീബോർഡിൽ വിരലമർത്തിത്തുടങ്ങി.
* * * * * * *
”അതാരാണമ്മേ?“
നീലവിരിയിട്ട ജാലകത്തിന് മുകളിൽ വന്നിരുന്ന കൊച്ചുതുമ്പി ചോദിച്ചു.
”അതാണ് വിപിൻ. സെന്റ് ആന്റണീസ് കോൺവെന്റിൽ പഠിക്കുന്ന ഇവിടുത്തെ കുട്ടി. നല്ല പയ്യൻ അല്ലേ?“
കൊച്ചുതുമ്പി മറുപടി പറഞ്ഞില്ല.
”നീ ഭാഗ്യവതിയാണ് മോളേ“
അവൾ ഒന്നും മനസ്സിലാവാത്തതുപോലെ അമ്മയെ നോക്കി.
”വിപിന്റെ അച്ഛൻ ഇവന്റെ പ്രായത്തിൽ ഈ അമ്മയെ കൊണ്ടെത്ര കല്ലാ എടുപ്പിച്ചതെന്നറിയ്വോ?“.
Generated from archived content: mattam.html Author: avola_asaraf