മാലാഖക്കുഞ്ഞുങ്ങൾ കരയുന്നതെന്തിന്‌?

ജീവിതസംഘർഷങ്ങളാണ്‌ ഉത്തമ കവിതകളുടെ പിറവിക്കു പിന്നിലെ പ്രേരണ. ഓരോ കാലഘട്ടത്തിലേയും ജീവിതാവസ്ഥകളോടുളള സമൂഹമനസ്സാക്ഷിയുടെ പ്രതികരണം ആ കാലത്തെ ശ്രദ്ധേയമായ കവിതകളിൽ നിന്നു വായിച്ചെടുക്കാം. വ്യക്തിജീവിതത്തിന്റെയും സമൂഹജീവിതത്തിന്റെയും ഉൽക്കണ്‌ഠാകുലതകളിൽ വീർപ്പുമുട്ടുന്ന കവിമനസ്സുകളുമായി, കാവ്യാസ്വാദനത്തിന്റെ ധന്യമുഹൂർത്തങ്ങളിൽ നാം സന്ധിക്കുകയാണ്‌. നമ്മെ ചൂഴ്‌ന്നു നിലകൊളളുന്നത്‌ അപായതീവ്രമായ ഒരു ചരിത്ര സന്ദർഭമാണ്‌. പുകയുന്ന രാഷ്‌ട്രീയാസ്വസ്ഥതകൾ തുറിച്ചു നോക്കുന്ന അനിശ്ചിതത്വം, അപചയപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യബോധം, അശരണബോധത്താൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത, ജീവിതത്തിന്റെ സമസ്‌ത മേഖലകളിലേയ്‌ക്കും ഇരച്ചുകയറിക്കൊണ്ടിരിക്കുന്ന വാണിജ്യസംസ്‌ക്കാരം, ശിഥിലമായിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങൾ- ഇങ്ങനെ സമകാലിക ജീവിതത്തെ അലോസരപ്പെടുത്തുകയും നമ്മുടെ സ്വസ്ഥതയിൽ പോറലേൽപ്പിക്കുകയും ചെയ്യുന്ന നിരവധി സമസ്യകളുടെ സമ്മർദ്ദങ്ങൾ നാം ഏറ്റുവാങ്ങുന്നുണ്ട്‌. വേദനയുടെയും രോഷത്തിന്റെയും ഹാസ്യത്തിന്റെയും നിസ്സഹായതയുടെയും വിഭിന്നഭാവങ്ങളിലൂടെ ഒരു കവിക്ക്‌ ഈ അവസ്ഥകളോടു പ്രതികരിക്കാനാവും. പ്രതികരണ രീതിയുടെ സൂക്ഷ്‌മ സ്വരഭേദങ്ങൾ കൊണ്ട്‌ ശ്രദ്ധേയമാകുന്ന രചനകളാണ്‌ ‘മാലാഖക്കുഞ്ഞുങ്ങൾ കരയുന്നതെന്തിന്‌?’ എന്ന സമാഹാരത്തിലെ കവിതകൾ.

അസ്വസ്ഥതയുടെ കനലുകളെരിയുന്ന ഒരു മനസ്സിന്റെ ഉടമയാണ്‌ സതീഷ്‌ മലപ്പുറം. ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ നിന്നും ദുരന്തനിർഭരമായ അനുഭവങ്ങളെ അതിസൂക്ഷ്‌മതയോടെ ചികഞ്ഞെടുക്കുവാനുളള നിരീക്ഷണചാതുര്യം ഈ കവിയ്‌ക്കുണ്ട്‌. സിംഹത്തിനുമുമ്പേ കുതിച്ചോടി ആഴമറിയാക്കിണറ്റിൽ വീണ മുയലിനെ കവി കാണുന്നു. കവിയുടെ സ്വപ്‌നങ്ങളിൽ ആവർത്തിച്ചു കടന്നു വരുന്ന അനുഭവദൃശ്യം ചെന്നായ്‌ക്കളുടെ ഘോഷയാത്രയാണ്‌. കീറിപ്പറിഞ്ഞ പാവാടത്തുണ്ടിനുവേണ്ടി കടിപിടികൂട്ടുകയും, ശിരസ്സറ്റശരീരങ്ങൾക്കു ചുറ്റും നിന്ന്‌ ഉന്മാദനൃത്തം ചവിട്ടുകയും ചെയ്യുന്ന ചെന്നായ്‌ക്കൾ ആനുകാലിക ജീവിതത്തിന്റെ ക്രൂരസാന്നിധ്യം വെളിപ്പെടുത്തുന്ന പ്രതീകപാത്രങ്ങളാണ്‌. പിച്ചിച്ചീന്തപ്പെടുന്ന കൗമാര സ്വപ്‌നങ്ങൾക്കും, വേട്ടയാടപ്പെടുന്ന പെൺജൻമങ്ങൾക്കും നടുവിൽ നിൽക്കുമ്പോൾ രക്തത്തിൽകുളിച്ച മേനി തുളളിച്ച്‌ ഉന്മാദനൃത്തം ചവിട്ടുന്ന ചെന്നായ്‌ക്കളെ ഉൾക്കിടിലത്തോടെ കവി തിരിച്ചറിയുന്നുണ്ട്‌.

പകൽവെളിച്ചത്തിന്റെ

ഉൽക്കണ്‌ഠകളിൽ

പതിന്നാലുകടക്കാത്ത മകൾ

വിവസ്‌ത്രയാക്കപ്പെടുന്നു.

ഉറക്കച്ചടവോടെ

പരീക്ഷകളിലേയ്‌ക്ക്‌

പടിയിറങ്ങിപ്പോയ പുത്രൻ

ജഡമായിതിരിച്ചെത്തുന്നു.

ദുരന്തങ്ങൾ പെരുകി നിറയുന്ന നമ്മുടെ കാലത്തെയും അതിന്റെ മുറിവുകളെയും കൺതുറന്നുകാണുവാൻ ജാഗ്രതയോടെ നിലകൊളളുന്ന കവി വൈരുദ്ധ്യങ്ങളുടെ പാത താണ്ടുവാൻ നിർബന്ധിക്കപ്പെടുന്നു. കർമങ്ങളുടെ ശ്‌മശാനഭൂമിയിൽ കലാപങ്ങളുടെ സൂര്യോദയവും ദുരന്തങ്ങളുടെ ചതുപ്പിൽ നിറക്കൂട്ടുകളുടെ കുത്തിയൊലിപ്പും, പ്രതീക്ഷകളും യാഥാർത്ഥ്യങ്ങളും തമ്മിലുളള അകലം രേഖപ്പെടുത്തുന്ന ദൃശ്യവിന്യാസങ്ങളായി പരിണമിക്കുന്നു. കണ്ണീരുറഞ്ഞ കവിളുകളിൽ നിന്ന്‌ ഉപ്പു കുറുക്കിയെടുക്കേണ്ടതുണ്ട്‌ എന്ന പരാമർശം സ്വാതന്ത്ര്യലബ്‌ധിയുടെ അർത്ഥശൂന്യത വിളംബരപ്പെടുത്തുകയാണ്‌. സ്വാതന്ത്ര്യത്തിലൂടെ സ്വസ്ഥതയും ശാന്തിയും സംതൃപ്‌തിയും വെളിച്ചവുമൊന്നും ലഭിക്കാതെ പോയ സമൂഹത്തിന്റെ നീണ്ടനിര ആ വരിയിലൂടെ ഉയർന്നു വരികയാണ്‌. ഒരുവരിക്കവിതയിൽ എണ്ണമറ്റ മനുഷ്യരുടെ നിശ്ശബ്‌ദ വിലാപങ്ങൾ പ്രതിധ്വനിക്കുകയാണ്‌.

അനിശ്ചിതത്വത്തിന്റെ വായ്‌ത്തലയിലൂടെയുളള ഒരു സാഹസിക യാത്രയിലാണ്‌ നാം. വർത്തമാനകാല ജീവിതാനുഭവങ്ങൾ, നമ്മെ വലയംചെയ്യുന്ന അപായച്ചുഴികളെക്കുറിച്ച്‌ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയെ തിരിച്ചറിയുന്നതുകൊണ്ട്‌ ഈ കവിയുടെ ഹാസ്യബോധത്തിൽ കണ്ണുനീരിന്റെ ഉപ്പു രുചിക്കുന്നു. അദ്ദേഹത്തിന്റെ വിദൂഷകബോധം ആത്യന്തികമായി എത്തിനിൽക്കുന്നത്‌ ദുരന്തങ്ങളുടെ നടുക്കളത്തിൽ തന്നെയാണ്‌. പ്രണയ സാഫല്യത്തെ അസാധ്യവും അപ്രസക്തവുമാക്കിക്കൊണ്ട്‌ സ്വകാര്യതയിലേക്ക്‌ ഇടവേളകളിൽ കഴുകൻ കണ്ണുകൾ ആഴ്‌ന്നിറങ്ങുന്നത്‌ കവി ശ്രദ്ധിക്കുന്നുണ്ട്‌. ആധുനിക മനുഷ്യൻ അഭയംതേടി വിഫലയാത്രകൾ നടത്തുകയാണ്‌. പ്രണയസാന്ത്വനങ്ങൾ അർത്ഥശൂന്യമാകുന്ന സാഹചര്യങ്ങളിലുളള അസഹിഷ്‌ണുത കവി രേഖപ്പെടുത്തുന്നു.

വർത്തമാന ജീവിതത്തിന്റെ പൊളളുന്ന അനുഭവലോകം കവിയുടെ ഉളളിലാകെ നീറിനിൽക്കുന്നു. സ്വപ്‌നങ്ങൾക്കുപോലും പ്രസക്തി നഷ്‌ടപ്പെടുന്ന കനൽക്കാഴ്‌ചകളാണ്‌ കൺമുമ്പിൽ വീണു നിറയുന്നത്‌. യാഥാർത്ഥ്യങ്ങളുടെ കനൽച്ചീളുകളെ ഒളിപ്പിച്ചുവെച്ചുകൊണ്ട്‌ സ്വപ്‌നങ്ങൾ വിരുന്നിനെത്തുന്നു.

“എന്റെയും നിന്റെയും

സ്വന്തബന്ധങ്ങളെ

കീഴ്‌മേൽ മറിച്ചുകൊണ്ടാവാം;

കണ്ടതും കാണാത്തതുമായ

ഭൂസ്ഥലികളുടെ

അതിർത്തികൾ ലംഘിച്ചുകൊണ്ടാവാം,

ചിലപ്പോൾ

സ്വപ്‌നങ്ങളുടെ വരവ്‌”

നിലനിൽപ്പില്ലായ്‌മയുടെ പ്രായശ്ചിത്തമെന്നോണം തീരാത്ത ക്ഷീണത്തിലൂടെ അവ വളർന്നുവരികയാണ്‌. സ്വപ്‌നങ്ങളെ നിഷ്‌പ്രഭവും അർത്ഥശൂന്യവുമാക്കുന്ന സത്യങ്ങൾ ചില നിർണ്ണായക സൂചനകളിലൂടെ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

ഇരകൾ എന്ന കവിത മറ്റുരചനകളിൽ നിന്നും വ്യത്യസ്‌തത പുലർത്തുന്നു. വേട്ടയാടുന്നവനും ഇരയും ജീവിതത്തിന്റെ വിഭിന്നാവസ്ഥകളെ പ്രതിനിധീഭവിച്ചുകൊണ്ട്‌ അവതരിക്കുകയാണ്‌. നമ്മെ ചൂഴ്‌ന്നു നിൽക്കുന്ന ഇരുണ്ട വ്യവസ്ഥിതിയുടെ ക്രൂരസാന്നിദ്ധ്യത്തെ വിചാരണയ്‌ക്കു വിധേയമാക്കുവാൻ ഈ കവിതയ്‌ക്കു കഴിയുന്നു. കനലോ, തളർച്ചയോ, കണ്ണുനീരോ, വിശപ്പോ, ദാഹമോ, ഉളളിൽ ഇരമ്പുന്ന കടലോ ഒന്നും വേട്ടയാടുന്നവൻ പരിഗണിക്കാറില്ല.

പക്ഷേ

“ഇരയറിയും

വേട്ടയാടുന്നവന്റെ

ജാതിയും മതവും

വിശപ്പും ദാഹവും

കുതിപ്പും കിതപ്പും!

ഇരയറിയണം

പല്ലുകളുടെ മൂർച്ച,

ശൽക്കങ്ങളുടെ കാഠിന്യം,

കാലുകളുടെ വേഗം.

എങ്കിലും

വേട്ടയാടുന്നവനെ

തിരിച്ചറിയൽ;

അതത്രേ

ഇരയുടെ വിജയം”

ഇര തേടലിന്റെയും വേട്ടയാടലി​‍െൻയും വൈരുദ്ധ്യാധിഷ്‌ഠിതമായ അനുഭവവിതാനങ്ങളിലൂടെ കവി നടന്നു പോവുകയാണ്‌. പ്രവചനത്തിന്റെ മുഴക്കമാർന്ന ശബ്‌ദത്തിൽ വിമോചനത്തിന്റെ അനിവാര്യതയും ആദ്യന്തികതയും ഉദ്‌ഘോഷിക്കപ്പെടുന്നു.

നാം ജീവിക്കുന്ന കാലത്തിന്റെയും സമൂഹത്തിന്റെയും നെരിപ്പോടിന്നരികിലൂടെ സഞ്ചരിക്കുന്ന കവിയാണ്‌ സതീഷ്‌. ഇരുണ്ട സന്ധ്യയിൽ എവിടെനിന്നോ പെരുവഴിയുടെ ഏകാന്തതയിലേയ്‌ക്കു തെറിച്ചുവീഴുന്ന പെൺകുട്ടി സമൂഹമനസ്സിന്റെ മുന്നിൽ നിരവധി ചോദ്യങ്ങളായി വളരുന്നു. ചില സമകാലിക ദുരന്തങ്ങളെ ഒരു ശസ്‌ത്രക്രിയാ വിദഗ്‌ദ്ധന്റെ സൂക്ഷ്‌മതയോടെ അപഗ്രഥിക്കുകയാണ്‌ കവി. ‘എട്ടാം ചാനലിൽ വിശ്വസുന്ദരി മത്സരം ഇപ്പോഴാണല്ലോ’ എന്ന അവസാനത്തെ വരിയിലെ കറുത്ത ഹാസ്യം അതീവ ശ്രദ്ധേയമായിത്തീരുന്നു. കൊട്ടിയടച്ച വാതിലിനു പിന്നിൽ മുട്ടിത്തിരിയുന്ന നിലവിളികളും, ഗ്രാമത്തിന്റെ നോവറിഞ്ഞ്‌, രക്തത്തിന്റെ വിശപ്പറിഞ്ഞ്‌, വിയർത്തു തളരുന്ന തെരുവും, കീറിപ്പറിഞ്ഞ പാവാടത്തുണ്ടിനായി കടിപിടികൂട്ടുന്ന ചെന്നായ്‌ക്കളും കഴുമരങ്ങളിൽ നിശ്ചലമാകുന്ന ശരീരം നഷ്‌ടപ്പെട്ട ആത്മാവുകളും സ്വപ്‌നങ്ങളെ ചുട്ടുതിന്നുന്ന നിസ്സഹായതയും- എല്ലാം വർത്തമാനകാല ജീവിതത്തിന്റെ ശാപഗ്രസ്‌തതയിൽ നിന്നും പെറുക്കിയെടുത്ത ചോരപുരണ്ട അടയാളങ്ങളാണ്‌; നമ്മുടെ ജീവിതം അഭിശപ്‌തതയുടെ ആഴങ്ങളിലാണെന്ന്‌ വിളിച്ചറിയിക്കുന്ന അടയാളങ്ങൾ.

നാം ചരിത്രത്തിന്റെ ദുരന്ത സന്ധിയിലാണെന്ന്‌ ആവർത്തിച്ചു നിലവിളിക്കുകയാണ്‌ കവി. സ്വപ്‌നങ്ങളുടെയും സങ്കല്പങ്ങളുടെയും ശവപറമ്പിൽ നിന്നുകൊണ്ടുളള ഈ നിലവിളികളിലൂടെ സതീഷ്‌ ഒരു യഥാർത്ഥകവിയുടെ ദൗത്യം നിറവേറ്റുകയാണ്‌. ഈ നിലവിളികളുടെ പ്രതിധ്വനികൾ അനുവാചകന്റെ മനസ്സിന്റെ ചുമരുകൾക്കുളളിൽ അലമുറയിട്ടുകൊണ്ടേയിരിക്കും. അങ്ങനെ ഈ കവി കാവ്യജീവിതത്തിന്റെ പടവുകൾ കയറിത്തുടങ്ങും.

മാലാഖക്കുഞ്ഞുങ്ങൾ കരയുന്നതെന്തിന്‌?,

സതീഷ്‌ മലപ്പുറം,

വില – 30.00,

പാപ്പിയോൺ റൈറ്റേഴ്‌സ്‌ ലൈബ്രറി.

Generated from archived content: aug13_book.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here