നോവൽ വിവർത്തനവും നവോത്ഥാന സാഹിത്യവും

സമകാലിക സംസ്‌കാരപഠനത്തിന്റെയും വിവർത്തന പഠനത്തിന്റെയും വളർച്ചയിലൂടെ, ഇന്ന്‌ വിവർത്തന പ്രക്രിയ എന്നത്‌ ഒരു സാംസ്‌കാരിക പ്രക്രിയ കൂടിയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഒരു വിവർത്തനകൃതി നിർവ്വഹിക്കുന്ന ഏറെ സാംസ്‌കാരിക സ്വാധീനതകൾ നമുക്ക്‌ കണ്ടെത്തുവാൻ കഴിയും. അതുപോലെതന്നെ സാഹിത്യരംഗത്തും വിവർത്തനങ്ങൾ ഏറെ സ്വാധീനം ചെലുത്താറുണ്ട്‌. വിവർത്തകൻ ഒരു പ്രത്യേക സംസ്‌കാരത്തിൽ പ്രത്യേക സന്ദർഭത്തിൽ ആണ്‌ പ്രവർത്തിക്കുന്നത്‌. അയാൾ അവരെ സ്വയവും അവരുടെ സംസ്‌കാരത്തെയും എപ്രകാരം മനസ്സിലാക്കുന്നു എന്നത്‌ അയാളുടെ വിവർത്തന പ്രക്രിയയെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്‌. ലക്ഷ്യസംസ്‌കാരത്തിലേയ്‌ക്ക്‌ എത്തുന്ന വിവർത്തനത്തെ നിർണ്ണയിക്കുന്നത്‌ ആ സംസ്‌കാരത്തിൽ അധീശത്വമുളള സൗന്ദര്യശാസ്‌ത്രവും പ്രത്യയശാസ്‌ത്രവും ആണ്‌. ഇവയെ അരിപ്പകൾ ആയാണ്‌ വിവർത്തനപഠനരംഗത്ത്‌ ശ്രദ്ധേയനായ ആന്ദ്രേ ലെഥെവർ കാണുന്നത്‌. ഇതിലൂടെ കടന്നുവരുന്നത്‌ മാത്രമാണ്‌ ലക്ഷ്യസംസ്‌കാരത്തിൽ സ്വീകരിക്കപ്പെടുന്നത്‌ എന്ന്‌ അദ്ദേഹം നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ പ്രത്യയശാസ്‌ത്ര താത്‌പര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു പ്രക്രിയയാകുന്നു വിവർത്തകന്റെ ‘പകർത്തിയെഴുത്ത്‌’ എന്ന്‌ പറയാം. ഇന്ന്‌ വിവർത്തന പഠനമേഖലയിലെ പ്രമുഖർ വിവർത്തനത്തെ “അധികാരത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്ന പ്രക്രിയയായി” കാണുന്നു. ഇത്തരത്തിൽ വിവർത്തനത്തിനുപിന്നിൽ പ്രവർത്തിക്കുന്ന അധികാര&പ്രത്യയശാസ്‌ത്ര നിയന്ത്രണങ്ങൾക്ക്‌ വിധേയമാവുക വഴി ഒരു വിവർത്തിതകൃതിയ്‌ക്ക്‌ പലപ്പോഴും സാഹിത്യവ്യൂഹത്തിൽ പ്രാമാണ്യം കൈവരുന്നു. സാഹിത്യത്തെ വിവിധതരം സാഹിത്യവ്യവസ്ഥാഭേദങ്ങൾ ഒരു സഞ്ചയമായി (ബഹുവ്യവസ്ഥ) കണക്കാക്കി അതിൽ വിവർത്തനം നടത്തുന്ന, സാഹിതീയവും രാഷ്‌ട്രീയവും ആയ ഇടപെടലുകൾ വിശദീകരിക്കുകവഴി ഉത്തമ വിവർത്തനപഠനങ്ങൾക്ക്‌ ഈ അധികാര-പ്രത്യയശാസ്‌ത്രബന്ധങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ കഴിയുന്നു.

വിവർത്തനം ഒരു സാംസ്‌കാരിക കൈമാറ്റത്തിനുകൂടി ഇടവരുത്തുന്ന പ്രക്രിയയാകുമ്പോൾ അതിന്റെ പ്രയോജനം സമൂഹത്തിന്റെ എല്ലാതലങ്ങളിലും എത്തിക്കുന്നതിന്‌ ഉതകുന്ന സാഹിത്യ പ്രസ്ഥാനം നോവൽ തന്നെയാണ്‌. അതുകൊണ്ടാണ്‌ നോവൽ വിവർത്തനങ്ങൾക്ക്‌ ഏതൊരു ഭാഷയിലും സാഹിത്യത്തിന്റെ ഗതിയെത്തന്നെ സ്വാധീനിക്കാൻ പലപ്പോഴും സാധിക്കുന്നത്‌. വിവർത്തനത്തിലൂടെ വായനക്കാരന്‌ പുതിയൊരു സംസ്‌കാരവും ശൈലിയും പരിചിതമാകുന്നതുപോലെ തന്നെ എഴുത്തുകാരുടെ ഒരു സമൂഹത്തെയും ഇത്‌ ഏറെ സ്വാധീനിക്കുന്നു. മലയാള നോവൽ ചരിത്രത്തിൽ വിവർത്തനങ്ങൾ ചെലുത്തിയിട്ടുളള സ്വാധീനം വലുതാണ്‌. കോളനിവത്‌ക്കരണത്തിന്റെ സ്വാധീനം ഉൾക്കൊളളുന്നവയാണ്‌ ആദ്യഘട്ടത്തിലെ മലയാള നോവലുകൾ. ഇവിടെ പ്രേരണാശക്തിയും സ്വാധീനതയും മറ്റുമായി ആംഗലസാഹിത്യം നിലകൊളളുന്നുണ്ട്‌. ഇതിൽനിന്നും തികച്ചും ഭിന്നമായ ഒരു ധർമ്മം ആണ്‌ ‘പാവങ്ങൾ’ മലയാള സാഹിത്യത്തിലെത്തുന്ന കാലഘട്ടത്തിൽ വിവർത്തനങ്ങൾക്ക്‌ ഉണ്ടായിരുന്നത്‌. ഇവിടെ നോവൽ എന്ന സാഹിത്യരൂപം പരിചിതമായ മലയാളിയ്‌ക്ക്‌ മുൻപിലേയ്‌ക്കാണ്‌ വിവർത്തനങ്ങൾ എത്തുന്നത്‌. ഈ ഘട്ടത്തിൽ വിവർത്തനങ്ങൾ പുതിയ പ്രവണതകളെ പരിചയപ്പെടുത്തുന്നവകൂടി ആയിരുന്നു. ഈ ഘട്ടത്തിൽ മലയാളത്തിലുണ്ടായ പ്രമുഖ നോവൽ വിവർത്തനങ്ങളെയും അവയുടെ സ്വാധീനതയും പരിശോധിക്കാം.

മലയാള നോവൽ വിവർത്തനത്തിന്റെ എന്നല്ല, മലയാള സാഹിത്യത്തിന്റെ തന്നെ ചരിത്രത്തിൽ ‘ഒരു സംഭവം’ ആയിത്തീർന്ന വിവർത്തനമാണ്‌ വിക്‌ടർയൂഗോയുടെ ‘ലെ മിറാബലെ’യ്‌ക്ക്‌ നാലാപ്പാട്ട്‌ നാരായണമേനോൻ തയ്യാറാക്കിയ ‘പാവങ്ങൾ’. ‘പാവങ്ങളും’ മോപ്പസാങ്ങിന്റെ കഥകളും മലയാള സാഹിത്യരംഗത്ത്‌ ചലനമുണ്ടാക്കിയ പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽപ്പെട്ട സാഹിത്യകാരന്മാരെ ഏറെ സ്വാധീനിച്ചവയാണ്‌. ‘പാവങ്ങൾ’ സാമൂഹിക പരിഷ്‌കരണത്തിനുളള ശക്തമായ പ്രചോദനം ഈ സാഹിത്യകാരന്മാർക്ക്‌ നല്‌കി. ജീവിതപ്രശ്‌നങ്ങൾ സാഹിത്യവിഷയമായി സ്വീകരിക്കുവാൻ നവോത്ഥാന കഥാകാരന്മാർക്ക്‌ മാതൃകയായത്‌ ഈ വിവർത്തനം ആയിരുന്നു. റിക്ഷാക്കാരനും തോട്ടിയും മറ്റുമായ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ദുസ്സഹമായ വേദനകളിലേയ്‌ക്കും മനുഷ്യനിലെ ആന്തരിക നന്മയിലേയ്‌ക്കും എഴുത്തുകാരന്റെ ശ്രദ്ധ തിരിച്ച്‌, മനുഷ്യജീവിതസ്പർശിയാകണം. സാഹിത്യം എന്ന വീക്ഷണം ഈ കൃതി നമ്മുടെ എഴുത്തുകാരിൽ ഉണ്ടാക്കി. ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, റഷ്യൻ സാഹിത്യങ്ങളോടുളള ആഭിമുഖ്യം കേരളത്തിന്റെ നവോത്ഥാനവുമായി ബന്ധപ്പെടുത്തി വായിക്കാം. സാമൂഹ്യസമത്വവും സ്വാതന്ത്ര്യം, ആധുനിക മൂല്യങ്ങൾ തുടങ്ങിയവയും വിഷയമാക്കിയവ ആയിരുന്നു ഈ കൃതികൾ. ഫ്രഞ്ച്‌-റഷ്യൻ വിപ്ലവങ്ങളുടെയും നവോത്ഥാനത്തിന്റെയും കാല്പനിക സ്വപ്നങ്ങളുമായിവന്ന ഈ കൃതികൾ കേരളത്തെ ആകർഷിച്ചത്‌ സ്വാഭാവികമായിരുന്നു എന്ന്‌ ഡോ.ചാത്തനാത്ത്‌ അച്യുതനുണ്ണി നിരീക്ഷിക്കുന്നു. (താരതമ്യസാഹിത്യപരിചയം 2000ഃ180)

മലയാള സാഹിത്യചരിത്രത്തിൽ ഏറെ പ്രാധാന്യം ഉളള സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ കേസരി ബാലകൃഷ്‌ണപിളള. 1922-ൽ കേസരി പാശ്ചാത്യ സാഹിത്യത്തിൽതന്നെ അത്യഭിനവങ്ങളായിരുന്ന സിദ്ധാന്തങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചതായി ഡോ.കെ.എ.തരകൻ രേഖപ്പെടുത്തുന്നു. (നോവൽ സാഹിത്യചരിത്രം 1978ഃ80) പുതിയ സാഹിത്യ പ്രസ്ഥാനങ്ങളെയും മനോവിജ്ഞാനീയശാഖകളെയും മലയാളിക്ക്‌ പരിചയപ്പെടുത്തിയ കേസരിതന്നെയാണ്‌ ബത്സാക്കിനെയും മോപ്പസാങ്ങിനെയും ചെഖോവിനെയും ലൂയി പിരാന്റലോയെയുമെല്ലാം വിവർത്തനങ്ങളിലൂടെ മലയാളിക്ക്‌ പരിചയപ്പെടുത്തിയത്‌.

മോപ്പസാങ്ങിന്റെ ‘സ്‌ത്രീ’, ‘കാമുകൻ’, ഇബ്സന്റെ ‘പാവവീട്‌’, പ്രേതങ്ങൾ‘ പ്രോസ്‌പെർ മെറിമെയുടെ ’കാർമെൻ‘ എന്നീ വിവർത്തനങ്ങൾ മലയാളിയുടെ സാഹിത്യഭാവുകത്വത്തെ നിർണ്ണയിച്ചവയാണ്‌ എന്ന്‌ പറയാം. മനുഷ്യനിലെ ലൈംഗിക പ്രേരണകളെ നിസ്സങ്കോചം അംഗീകരിച്ച്‌ അപഗ്രഥിച്ചാവിഷ്‌കരിക്കാനുളള ധൈര്യവും ഉത്സാഹവും നമ്മുടെ സാഹിത്യകാരന്മാർക്ക്‌ പകർന്നത്‌ മോപ്പസാങ്ങിന്റെ നോവലുകളും ചെറുകഥകളും ആയിരുന്നു. കേസരിയുടെ വിവർത്തനഗ്രന്ഥങ്ങളുടെ മുഖവുരകൾ വിദേശസാഹിത്യ സിദ്ധാന്തങ്ങളുടെ ചർച്ചയ്‌ക്കുളള ഒരു വേദി ആയിരുന്നു. നോവലുകളും നോവലെറ്റുകളും തമ്മിലുളള വ്യത്യാസപഠനം റോമെങ്ങ്‌ റൊളാങ്ങ്‌, മാർഷെൽ പ്രൂസ്‌റ്റ്‌ തുടങ്ങിയവരുടെ സൃഷ്‌ടികളെപ്പറ്റിയുളള വിവരണങ്ങൾ, വിഭിന്ന സാഹിത്യങ്ങളുടെ താരതമ്യപഠനം ഇങ്ങനെ പലവിധത്തിലുളള പ്രാധാന്യം കേസരി ബാലകൃഷ്ണപ്പിളളയുടെ വിവർത്തനങ്ങൾക്കും മുഖവുരകൾക്കും ഉണ്ട്‌. ബത്സാക്കിന്റെ ’യൂജിനി ഗ്രാനെറ്റിന്‌‘ കേസരി തയ്യാറാക്കിയ ’സാന്ധില‘ (1921) എന്ന വിവർത്തനം ഏറെ ശ്രദ്ധേയമാണ്‌. കഥാകഥനത്തിനുവേണ്ട ക്ഷിപ്രസംവേദനക്ഷമമായ സുഗമ മലയാള ഗദ്യശൈലി എ.ബാലകൃഷ്ണപ്പിളളയ്‌ക്കും സ്വതേ ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പരിഭാഷകൾക്കാണ്‌ മലയാളത്തിലെ കഥാരംഗത്ത്‌-ചെറുതും വലുതുമായ ആഖ്യാനങ്ങളുടെ രംഗത്ത്‌-ഏറ്റവും വലിയ സ്വാധീനം നേടാൻ കഴിഞ്ഞിട്ടുളളത്‌. തകഴി, ദേവ്‌, വർക്കി മുതലായവരുടെ കഥാസാഹിത്യസംരംഭങ്ങൾക്ക്‌ ബാലകൃഷ്‌ണപിളള ഒരു പ്രധാന പ്രേരകശക്തി ആയിരുന്നു. (അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ 1950-80, 1985-380)

ഇത്തരത്തിൽ വിവർത്തനസ്വാധീനമുളള ഒരു നവോത്ഥാനഘട്ടത്തിന്റെ തുടർച്ചയും അതിന്റെ ഭാവുകത്വപരിണാമവും ആണ്‌ മലയാളത്തിലെ ’മാസ്‌റ്റർപീസുകൾ‘ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തകഴി, ദേവ്‌, വർക്കി തുടങ്ങിയവരുടെ പല നോവലുകളുടെയും പിന്നിൽ. ആധുനികതയുടെ പ്രവണതകൾ ഉൾകൊളളുന്ന ഈ കൃതികളിൽ ആധുനികത മുന്നോട്ടു വയ്‌ക്കുന്ന വ്യക്തിചിത്രം കാണാം. എന്നാൽ ഇതിനൊപ്പം തന്നെ ഈ എഴുത്തുകാർ സാമൂഹിക വിമർശനത്തിനും പ്രാധാന്യം നൽകി. മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളെ ഇവർ നോവലിലേയ്‌ക്ക്‌ പകർത്തിയത്‌ സമൂഹചിത്രണത്തിന്റെ പശ്ചാത്തലം ഒരുക്കിക്കൊണ്ട്‌ ആയിരുന്നു. വ്യക്തിയുടെ കഥയ്‌ക്ക്‌ ഒപ്പം നീങ്ങുന്ന നാടിന്റെ കഥയും ഇവിടെ കാണാം. നോവൽ സങ്കല്പത്തിന്‌ ഇവിടെ വികാസം കൈവരുന്നു. സമൂഹത്തിന്റെ വിവിധമണ്ഡലങ്ങളിലേയ്‌ക്ക്‌ നോവലിന്റെ പ്രതിപാദ്യമേഖല വികസിക്കുന്നു. ഈ ഘട്ടത്തിലെ വിവർത്തനങ്ങൾ ഈ മാറ്റത്തിൽ ഏറെ സ്വാധീനം ചെലുത്തി എന്നു കാണാം. സാമൂഹിക വിമർശനത്തിനും ആധുനികതയുടെ വ്യക്തി സങ്കല്പത്തിനും ഒപ്പം മനുഷ്യനിലെ സ്വാതന്ത്ര്യപ്രേമം, ലൈംഗികാഭിലാഷം എന്നിവയെല്ലാം ശക്തമായ ഭാഷയിൽ ആവിഷ്‌കരിക്കാൻ ഈ വിവർത്തനങ്ങൾ പലതും മാതൃകകളായി വർത്തിച്ചിട്ടുണ്ട്‌.

വിവർത്തനം എങ്ങനെ ഒരു സാംസ്‌കാരിക പ്രക്രിയയും സമൂഹത്തിന്റെ ആവശ്യപൂർത്തീകരണത്തിനുതകുന്നതും ആകുന്നു എന്നതിന്‌ ഉദാഹരണമാണ്‌ ഈ കാലഘട്ടത്തിൽ മാർക്സിന്റെ ’മൂലധനം‘ മലയാളത്തിലേയ്‌ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടത്‌. മുതലാളിത്ത ഉത്‌പാദനത്തിന്റെ വിമർശനപരമായ വിശകലനം നടത്തുന്ന ഈ കൃതിക്ക്‌ ഇവിടെ ഏറെ സ്വീകാര്യത ലഭിച്ചതിനുപിന്നിൽ ഇവിടുത്തെ രാഷ്‌ട്രീയ കാലാവസ്ഥതന്നെ ആയിരുന്നു.

നോവൽ വിവർത്തനങ്ങൾ വൈവിധ്യമാർന്ന വിവിധ മേഖലകളിലേയ്‌ക്ക്‌ പ്രവേശിക്കുന്നത്‌ ഈ ഘട്ടത്തിലാണ്‌ ഒട്ടുമിക്ക ഭാഷകളിൽനിന്നും വിഖ്യാതങ്ങളായ നോവലുകൾ മലയാളത്തിലേയ്‌ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു. ചെഖോവ്‌, ടോൾസ്‌റ്റോയി, ദസ്തയേവ്‌സ്‌കി, ഗോർക്കി മുതലായ റഷ്യൻ സാഹിത്യകാരന്മാരുടെ കൃതികൾക്ക്‌ പ്രധാനമായും വിവർത്തനങ്ങൾ ഉണ്ടാകുന്നത്‌ ഈ ഘട്ടത്തിലാണ്‌. പ്രാദേശിക ഭാഷകളിലെ കൃതികളെ വിശ്വസാഹിത്യത്തിലെ ഉത്തമഗ്രന്ഥങ്ങളുമായി താരതമ്യം സാധ്യമാകുന്ന ഒരു നിലവരുന്നതോടെ സാഹിത്യമൂല്യങ്ങളുടെ പുനർനിർണ്ണയത്തിന്‌ വിവർത്തനങ്ങൾ ഇടവരുത്തി.

ഈ ഘട്ടത്തിലെ പ്രഗത്ഭ പരിഭാഷകരിൽ ഒരാളാണ്‌ എൻ.കെ.ദാമോദരൻ. ദസ്തയോവ്‌സ്‌കിയുടെ പരിഭാഷകൻ എന്ന നിലയിൽ ഭാഷാ സാഹിത്യത്തിലെ മൂല്യനവീകരണത്തിനും ഉന്നമനത്തിനും മലയാളത്തിന്‌ വിശ്വസാഹിത്യവുമായി ജൈവബന്ധമുണ്ടാക്കുന്നതിനും ശ്രമിച്ച്‌ വിജയിച്ചയാളാണ്‌ അദ്ദേഹം. നിന്ദിതരും പീഡിതരും (1957), കാരമസോവ്‌ സഹോദരന്മാർ (1960) എന്നിവ പ്രമുഖ വിവർത്തനങ്ങൾ. ’കുറ്റവും ശിക്ഷയും‘ വിവർത്തനം ചെയ്‌ത ഇടപ്പളളി കരുണാകരമേനോനാണ്‌ മറ്റൊരു പ്രമുഖ വിവർത്തകൻ. അദ്ദേഹം ടോൾസ്‌റ്റോയിയുടെയും ദസ്തയോവ്‌സ്‌കിയുടെയും മിക്ക ക്സാസിക്‌ കൃതികളും മലയാളിക്കായി വിവർത്തനം ചെയ്‌തു.

വൈദേശിക നോവലുകൾക്കൊപ്പം മികച്ച പല ഭാരതീയ നോവലുകളും ഈ ഘട്ടത്തിൽ മലയാളത്തിലെത്തി. താരാശങ്കർ ബാനർജി, ബിഭൂതി ഭൂഷൺ, ആശാപൂർണാദേവി തുടങ്ങി നിരവധിപ്പേരുടെ നോവലുകൾ ഇതിൽപ്പെടുന്നു. ദേശീയത, പുനരുദ്ധാരണം, നവോത്ഥാനം, കമ്മ്യൂണിസം തുടങ്ങിയ ഘടകങ്ങളിലും ഭൂമിശാസ്‌ത്രപരമായും സമാനതകൾ പുലർത്തുന്ന ദേശങ്ങൾ എന്ന നിലയിൽ ബംഗാളി നോവലുകൾക്ക്‌ മലയാളത്തിൽ ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്‌.

ഇങ്ങനെ മലയാളസാഹിത്യത്തിന്റെ നവോത്ഥാനഘട്ടത്തിൽ അതിലെ ഓരോ പ്രവണതകളെയും സ്വാധീനിച്ച്‌ സമാന്തരമായി നീങ്ങുന്ന ഒരു വിവർത്തനശാഖയും മലയാളത്തിൽ ഉണ്ടായിരുന്നതായി കാണാം. തീർച്ചയായും പ്രത്യയശാസ്‌ത്ര സ്വാധീനമുൾക്കൊളളുന്ന പ്രതിനിധാനങ്ങളാണ്‌ വിവർത്തനങ്ങൾ എന്ന അഭിപ്രായത്തെ ശരിവയ്‌ക്കുന്നതാണ്‌ ഈ വിവർത്തനശാഖ.

Generated from archived content: essay_dec18.html Author: athman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here