സ്വാതന്ത്ര്യസമരസ്വാധീനം മലയാള കവിതയിൽ

പാരതന്ത്ര്യത്തിന്റെ ഭിന്നമുഖങ്ങൾ അനുഭവിച്ചു വന്നവരാണ്‌ ഭാരതീയർ. നാട്ടുരാജാക്കൻമാരുടെയും ഭൂപ്രഭുക്കന്മാരുടെയും ജാതിക്കോമരങ്ങളുടെയും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെയും കൈകളിൽ മാറിമാറി ഇന്ന്‌ നവമുതലാളിത്തത്തിന്റെ കീഴിലായിരിക്കുന്നു ഈ ജനത. ഇങ്ങനെ ഭിന്നഘട്ടങ്ങളിൽ സമൂഹത്തിൽ അധികാരസ്ഥാനം കയ്യാളിയവരുടെ സ്വാധീനം ഇവിടുത്തെ സാംസ്‌കാരികചരിത്രത്തിലും കാണാം. സംസ്‌കൃതത്തിന്റെയും തമിഴിന്റെയും പാശ്ചാത്യസാഹിത്യത്തിന്റെയും ചുവടുപിടിച്ചുവന്ന മലയാള സാഹിത്യത്തിന്‌ വളർച്ചയുണ്ടായതും ഇത്തരം വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലൂടെ ആയിരുന്നു.

‘കലയ്‌ക്ക്‌ സമൂഹത്തോട്‌ പ്രതിപത്തി വേണമോ? വേണ്ടയോ?’ എന്നും മറ്റുമുളള ചോദ്യങ്ങളും ‘കല ജീവിതം തന്നെയാണ്‌’ എന്ന മറുപടിയുമെല്ലാം മാറ്റിനിർത്തി ചിന്തിക്കുമ്പോൾ നമുക്ക്‌ കിട്ടുന്ന ഒരു ചുരുക്കമുണ്ട്‌. കലയും സമൂഹവുമായുളള ബന്ധത്തിന്റെ ആഴമത്രേ അത്‌. ഈ ദൃഢബന്ധത്താൽ കല&സാഹിത്യം അത്‌ ഉണ്ടാകുന്ന സമൂഹത്തിന്റെ പ്രതിനിധാനമായി തിരിച്ചറിയപ്പെടുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരവും അതുണർത്തിവിട്ട ചിന്തകളും മലയാള കവിതാസാഹിത്യത്തിൽ ചെലുത്തിയ ഏതാനും സ്വാധീനതകളെ പരിശോധിക്കാൻ ശ്രമിക്കുകയാണിവിടെ.

ബ്രിട്ടീഷ്‌ ആധിപത്യവും മലയാള സാഹിത്യവുംഃ-

ഇന്ത്യൻ സ്വാതന്ത്ര്യസമരം വ്യത്യസ്തമേഖലകളിൽ വ്യത്യസ്തരീതികളിൽ വളർന്നുവന്ന ഒന്നായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ അതിന്‌ ഒരു ഏകരൂപത കൈവന്നു. എന്നിരുന്നാലും സ്വാതന്ത്ര്യസമരങ്ങൾ പലതായിരുന്നു. കേരളത്തിലെ തന്നെ കാര്യമെടുത്താൽ മലബാർലഹളയും കയ്യൂരും കരിവെളളൂരും ഗുരുവായൂർ-വൈക്കം സത്യാഗ്രഹങ്ങളും പുന്നപ്ര-വയലാറും എല്ലാം ഇത്തരത്തിൽ ഭിന്നമെങ്കിലും ആ ഒരൊറ്റ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. ഇതുപോലെതന്നെ ഈ സമരം ഭാരതീയ ഭാഷകളിലെ സാഹിത്യങ്ങളിലും വിവിധ വിധങ്ങളിൽ പ്രതിനിധാനം ചെയ്യപ്പെട്ടിരുന്നു.

സ്വാതന്ത്ര്യബോധത്തെ ഒരു പ്രമേയമായി സാഹിത്യത്തിൽ സ്വീകരിക്കുകവഴി ജനങ്ങൾക്കിടയിൽ ഒരു പ്രബോധനം സാധ്യമായി. സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയും അതിന്‌ കൈക്കൊളേളണ്ട ത്യാഗങ്ങളും അവർ ഇതുവഴി മനസ്സിലാക്കി. സമൂഹത്തിൽ ഒരു വിഭാഗം മാത്രം തങ്ങളുടെ ആവശ്യമായി കരുതിയ സ്വാതന്ത്ര്യസ്വപ്‌നം കൂലിപ്പണിക്കാരന്റെയും പട്ടിണിവർഗ്ഗത്തിന്റെയും ആവശ്യമായത്‌ ഗാന്ധിജിയുടെ നേതൃത്വത്തിലൂടെയാണ്‌. ഇതിനെ പ്രാദേശികഭാഷകളിൽ ഉണ്ടായ സാഹിത്യകൃതികൾ ഏറെ പിൻതുണച്ചിട്ടുമുണ്ട്‌. സ്വാതന്ത്ര്യബോധം ഇന്ത്യൻ ജനതയുടെ മുഴുവൻ വികാരമായി ഇങ്ങനെ രൂപപ്പെട്ടു.

ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഫലമായി ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തിന്‌ പഴയതുപോലെ നിലനിൽക്കാൻ കഴിയാതെ വന്നു. സമൂഹത്തിലും സംസ്‌കാരത്തിലും വൻ വ്യതിയാനങ്ങൾ ഉണ്ടായി. ഇത്‌ ഭാഷയിലും സാഹിത്യത്തിലും ഏറെ പ്രതിനിധാനം ചെയ്യപ്പെട്ടു. പ്രധാനമായും ഉയർന്ന ജാതികളിൽ ഒതുങ്ങിനിന്ന സാഹിത്യം ഏവർക്കും പ്രയോജനം ചെയ്യുന്ന ഒന്നായി മാറുവാൻ തുടങ്ങി. ജാതി-മത പരിഗണനകൾക്ക്‌ അതീതമായി ഒരു മലയാളസാഹിത്യം ഈ സന്ദർഭത്തിൽ രൂപപ്പെട്ടു. മലയാളത്തിന്റെ വ്യാകരണം, നിഘണ്ടു, ഗദ്യം തുടങ്ങിയവയുടെയെല്ലാം ചിട്ടപ്പെടലിന്‌ വിദേശീയരുടെ സഹായം ഒരുവശത്ത്‌ ഉണ്ടായിരുന്നു.

കേരളത്തിൽ നേരിട്ട്‌ ബ്രിട്ടീഷ്‌ ഭരണത്തിൻ കീഴിൽ ആയിരുന്ന മലബാർ മേഖലയിലെയും രാജവാഴ്‌ചയിൽ ആയിരുന്ന തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിലെയും സ്വാതന്ത്ര്യപോരാട്ടങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണമാണ്‌ തങ്ങൾക്ക്‌ വഴിനടക്കാനും കല്യാണം കഴിച്ച്‌ താമസിക്കാനും നാണം മറയ്‌ക്കാനുമെല്ലാമുളള സ്വാതന്ത്ര്യം തന്നത്‌ എന്ന്‌ കീഴാളർ കുറെയൊക്കെ മനസ്സിലാക്കിയിരുന്നു. ഡോ.എസ്‌.കെ.വസന്തൻ പറയുന്നു. “മലബാറുകാരന്‌ അതിന്റെ പല്ലും നഖവും കാണാനാകുംപോലെ തിരുവിതാംകൂറുകാരനോ കൊച്ചിക്കാരനോ കാണാനാകുന്നില്ല. അതുകൊണ്ടുതന്നെ വെയിൽസ്‌ രാജകുമാരൻ വച്ചുനീട്ടിയ പട്ടും വളയും മലബാറുകാരനായ വളളത്തോളിന്‌ നിരസിക്കാം; അവർണ്ണനും നാട്ടുരാജ്യപ്രജയും ആയ ആശാന്‌ നിരസിക്കാനാവില്ല.” (നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം വാല്യംഃ 2ഃ 223) “ഉപരിവർഗ്ഗത്തിന്റെ പീഢനവും നിന്ദയും ദുസ്സഹമാകയാൽ പിന്നോക്കവർഗ്ഗം ബ്രിട്ടീഷ്‌ ഭരണത്തെ അനുഗ്രഹമായി കരുതിയതിൽ അത്ഭുതമില്ല. ഈ പശ്ചാത്തലത്തിലാണ്‌ ആശാൻ രാജകുമാരനിൽ നിന്ന്‌ ഉപഹാരം സ്വീകരിച്ചതിനെ കാണേണ്ടത്‌” (സ്വാതന്ത്ര്യസമരവും മലയാളസാഹിത്യവുംഃ 220) എന്നാണ്‌ എം.അച്യുതൻ ഇതിനെ നിരീക്ഷിക്കുന്നത്‌.

സ്വാതന്ത്ര്യസമരം ഉണർത്തിയ ചിന്ത കവിതയിൽഃ-

ഈ സന്ദർഭത്തിൽ ഇവിടെ നടന്ന ജാതിവിരുദ്ധസമരങ്ങളും സാമൂഹ്യപരിഷ്‌കരണ ശ്രമങ്ങളും ഇവയ്‌ക്ക്‌ ഒരുപാധിയായ കവിതകളും ദേശീയ നവോത്ഥാനത്തെയും സ്വാതന്ത്ര്യോന്മുഖമായ നാടിന്റെ ഉണർവ്വിനെയും ഏറെ സഹായിച്ചു. രാഷ്‌ട്രീയ സ്വാതന്ത്ര്യത്തെക്കാൾ ഉപരി സാമൂഹിക സ്വാതന്ത്ര്യത്തിന്‌ പ്രാധാന്യം നൽകിയ ആശാന്റെ ‘ഒരു തീയക്കുട്ടിയുടെ വിചാരം’, ‘ഒരു പാട്ട്‌’, ‘സിംഹനാദം’, ‘ദുരവസ്ഥ’ എന്നീ കവിതകളെല്ലാം ഇത്തരത്തിൽപ്പെടുന്നു.

പൈതൃകം തിരിച്ചറിയുന്ന കവിതഃ-

കവിതയിൽ പ്രതിബിംബിച്ച സ്വാതന്ത്ര്യബോധത്തിന്റെ ഒരു മുഖം സ്വന്തം പൈതൃകത്തിൽ ഉണ്ടായ അഭിമാനം ആയിരുന്നു. നാടോടിപദങ്ങൾ സ്വീകരിക്കുന്നതിലും നാടൻ കല്പനകൾ പുനരാവിഷ്‌കരിക്കുന്നതിലും കവികൾ കൂടുതൽ ശ്രദ്ധിച്ചു. വീരനായകന്മാരുടെ അപദാനങ്ങൾ പ്രകീർത്തിക്കുന്നതിലും ഭാരതീയ സംസ്‌കൃതിയിൽ ചേർന്നിട്ടുളള ധർമ്മബോധത്തെ വാഴ്‌ത്തുന്നതിലും കവികൾ ആഹ്ലാദം കണ്ടെത്തി. “പോരാ പോരാ നാളിൽ നാളിൽ….” എന്ന്‌ വളളത്തോളും “ചോര തുടിക്കും ചെറുകയ്യുകളെ പേറുകവന്നീ പന്തങ്ങൾ….” എന്ന്‌ വൈലോപ്പിളളിയും എഴുതിയത്‌ ഈ വീരഗാഥയ്‌ക്ക്‌ വന്ന രൂപഭേദങ്ങളാണ്‌.

മാതൃഭാഷയുടെ മഹനീയതയെ വളളത്തോൾ ഉദ്‌ഘോഷിക്കുന്നതും ഈ സന്ദർഭത്തിലാണ്‌. മാതാവിന്റെയും മാതൃഭാഷയുടെയും മാഹാത്മ്യത്തെ ബോധ്യപ്പെടുത്തുന്നവയായിരുന്നു വളളത്തോളിന്റെ കവിതകൾ പലതും. മറ്റൊന്ന്‌ ഗാന്ധിയുടെയും മറ്റും അപദാനങ്ങൾ പ്രകീർത്തിച്ചു കൊണ്ടെഴുതിയതാണ്‌. വളളത്തോളിന്റെയും കുട്ടമത്തിന്റെയും രചനകളിൽതന്നെ ഗാന്ധി, നെഹ്രു, സരോജിനി നായിഡു, അരവിന്ദൻ, തിലകൻ തുടങ്ങി ഒട്ടേറെ മഹത്‌വ്യക്തികളുടെ അപദാനങ്ങൾ കാണാം. ഈ രചനകൾ ദേശാഭിമാനത്തിന്റെയും പ്രബുദ്ധതയുടെയും ഒരു തുടിപ്പ്‌ അനുസ്യൂതം നിലനിർത്തി. “സമാരാധിക്കപ്പെടേണ്ട ഒരു പാരമ്പര്യവും അതിന്റെ പ്രതീകങ്ങളായി ഉയർത്തിക്കാട്ടാവുന്ന വ്യക്തികളും നമുക്കുണ്ട്‌ എന്ന്‌ ഓർമ്മിപ്പിക്കുകയാണ്‌ ആ ഓർമ്മയിൽ അഭിമാനിക്കുവാൻ പ്രേരിപ്പിക്കുകയാണ്‌ ഇത്തരം രചനകൾ ചെയ്യുന്നത്‌. ദേശീയ പ്രബുദ്ധതയെക്കുറിച്ചുളള ബോധം ‘ആർഷജ്ഞാന’ത്തെക്കുറിച്ചുളള അഭിമാനമായി മാറുന്നു എന്നർത്ഥം‘ (എം.അച്യുതൻ).

”കുഴിവെട്ടി മൂടുക വേദനകൾ

കുതികൊൾക ശക്തിയിലേക്കു നമ്മൾ’

എന്ന്‌ ഇടശ്ശേരി എഴുതിയതുപോലെ സ്വാതന്ത്ര്യസമരത്തിലേക്കിറങ്ങി ആവേശം ഉൾകൊളളാൻ ആഹ്വാനം ചെയ്യുന്ന പല കവിതകളും ഉണ്ടായി. വി.സി.ബാലകൃഷ്ണപ്പണിക്കർ, ജി.ശങ്കരക്കുറുപ്പ്‌, ബോധേശ്വരൻ, പി.കുഞ്ഞിരാമൻനായർ, എൻ.വി.കൃഷ്ണവാര്യർ, ബാലാമണിയമ്മ എന്നിവരുടെയും ചങ്ങമ്പുഴ, ഇടപ്പളളി, വയലാർ, പി.ഭാസ്‌കരൻ തുടങ്ങിയവരുടെയും പല കവിതകളിലും സ്വാതന്ത്ര്യസമരാവേശം ജ്വലിച്ചുനിന്നിരുന്നു.

നമ്മുടെ സാഹിത്യത്തിന്‌ മണ്ണിൽ വേരോട്ടം സാധ്യമാക്കിയ ഒരു പ്രധാനഘട്ടം സ്വാതന്ത്ര്യസമരത്തിന്റേതാണ്‌. ഇവിടെ മനുഷ്യന്റെ പലവിധ വികാരങ്ങളാണ്‌ പല ഉജ്ജ്വലകൃതികളുടെയും പിന്നിലെ പ്രേരകശക്തിയായി വർത്തിച്ചത്‌. സ്വാതന്ത്ര്യബോധമാണ്‌ നമ്മുടെ സാഹിത്യകാരന്മാർക്ക്‌ എന്തിനെക്കുറിച്ചും എഴുതുന്നതിനുളള ധൈര്യവും പ്രചോദനവും പകർന്നുനൽകിയത്‌. സാഹിത്യകൃതികളിലെ പ്രമേയ സ്വീകരണത്തിൽ സാഹിത്യകാരൻമാരെ ഈ സ്വാതന്ത്ര്യബോധം സ്വാധീനിച്ചിരുന്നതുപോലെ തന്നെ അവയുടെ ആവിഷ്‌കരണത്തിലും പ്രതിപാദനത്തിലും ഇത്‌ സ്വാധീനം ചെലുത്തിയിരുന്നു. പ്രാദേശിക- നാടൻ പദപ്രയോഗങ്ങൾ സാഹിത്യത്തിലേക്ക്‌ കടന്നുവരുന്നത്‌ ഈ ഘട്ടത്തിലാണ്‌. ഇത്തരം രാജ്യങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്‌. കാരണം, ഇതെല്ലാം ചേർന്നൊരുക്കിയ സ്വാതന്ത്ര്യത്തിന്മേലാണ്‌ ഇന്ന്‌ നമ്മുടെ സാഹിത്യകാരന്മാർ സർഗ്ഗസൃഷ്‌ടികൾ നടത്തുന്നത്‌.

Generated from archived content: essay_aug12.html Author: athman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English