വിവർത്തനസാഹിത്യവും നവോത്ഥാനഭാവുകത്വവും

1888-ൽ ശ്രീനാരായണഗുരു അരുവിപ്പുറത്ത്‌ പ്രതിഷ്‌ഠ നടത്തിയതും അതിന്‌ മുൻപുളള സാമൂഹ്യസമരങ്ങളുടെ വ്യത്യസ്തധാരകളും ഇഴചേർന്നാണ്‌ കേരളീയ നവോത്ഥാനത്തിന്റെ തുടക്കം. വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും പുന്നപ്രവയലാർ സമരങ്ങളും എല്ലാം ഇതിന്റെ ഓരോ ഘട്ടങ്ങളിലെ കണ്ണികളാണ്‌. നവോത്ഥാനത്തിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കുന്ന കാല്പനിക പ്രസ്ഥാനം മലയാളസാഹിത്യത്തിൽ ഉദയം കൊളളുന്നത്‌ 20-​‍ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആണ്‌. 1907 ഡിസംബറിൽ ആണ്‌ ആശാന്റെ ‘വീണപൂവ്‌’ പ്രസിദ്ധീകരിക്കുന്നത്‌. നവോത്ഥാനസാഹിത്യത്തിന്റെ തുടക്കത്തിൽ പ്രധാനിയാണ്‌ കുമാരനാശാൻ. തന്റെ കവിതയിലൂടെ ദേശീയ ബോധമുണർത്തി വളളത്തോളും ഇതിലെ പ്രധാന കണ്ണിയാകുന്നു. വി.ടിയുടെയും പ്രേംജിയുടെയും നാടകങ്ങളും ഇതിൽ സ്ഥാനപ്പെടുത്തപ്പെടുന്നു. ഇങ്ങനെ സാമൂഹികമായി വ്യത്യസ്തധാരകൾ എന്നത്‌ പോലെതന്നെ സാഹിത്യത്തിലും കവിത, നാടകം, നോവൽ തുടങ്ങി എല്ലാ മേഖലകളിലും നവോത്ഥാനത്തിന്റെ സാന്നിദ്ധ്യം ഭിന്നരീതികളിൽ ദൃശ്യമാണ്‌.

ഈ ഒരു സാമൂഹ്യ-സാഹിത്യ പരിതാവസ്ഥയിൽ വിവർത്തനങ്ങൾക്ക്‌ വൈവിധ്യമാർന്ന പങ്കാണ്‌ നിർവ്വഹിക്കാൻ ഉണ്ടായിരുന്നത്‌. മഹാഭാരതം, രാമായണം, കാളിദാസകൃതികൾ തുടങ്ങി സംസ്‌കൃതത്തിൽനിന്ന്‌ ഭാഷയിലേയ്‌ക്ക്‌ ഉണ്ടായ വിവർത്തനങ്ങൾ ആണ്‌ ഒരു വിഭാഗം. നവോത്ഥാനത്തിന്റെ ഭാഗമായി വരുന്ന ക്ലാസിക്കുകളെ അനുകരിക്കുക എന്ന ആശയമാണ്‌ ഇതിനുപിന്നിൽ. യൂറോപ്പിൽ പഴയ ഗ്രീക്ക്‌-ലത്തീൻ സാഹിത്യകൃതികളുടെ പഠനത്തിൽ പുതിയ ഒരു ഉണർവ്വ്‌ ഉണ്ടായിത്തീരുന്നു. ഇന്ത്യൻ സാഹിത്യത്തിൽ ഇതുപോലൊരു മാറ്റം വരുന്നത്‌ വില്യം ജോൺസിന്റെ ശാകുന്തളം പരിഭാഷയോടെയാണ്‌ എന്ന്‌ എം.എൻ.വിജയൻ നിരീക്ഷിക്കുന്നു. (നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം 2000ഃ17)

കേരളവർമ്മയുടെ ശാകുന്തളം വിവർത്തനവും (1882) മറ്റും ഇതിന്റെ തുടക്കത്തിൽ ഉൾപ്പെടുത്താം. ഇതിനുശേഷം സംസ്‌കൃതനാടക വിവർത്തനങ്ങൾ പലതും മലയാളത്തിൽ എത്തി. ഇതിനെത്തുടർന്നാണ്‌ ഷേക്‌സ്പിയർ നാടകങ്ങൾ മലയാളത്തിൽ എത്തുന്നത്‌. ഇത്തരം വിവർത്തന പ്രക്രിയകളിലൂടെ മുന്നേറുന്ന അവസ്ഥയെ ത്വരിതപ്പെടുത്തിയ വ്യക്തിയാണ്‌ കേസരി ബാലകൃഷ്‌ണപിളള. 1920-കളിൽ പാശ്ചാത്യസാഹിത്യത്തിലെ തന്നെ പുത്തൻ പുതുമകളായ സിദ്ധാന്തങ്ങളെ അദ്ദേഹം മലയാളിക്ക്‌ പരിചയപ്പെടുത്തി. അതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്നു വിവർത്തനരംഗത്തിന്‌ അദ്ദേഹത്തിന്റെ സംഭാവന. പുതിയ സാഹിത്യപ്രസ്ഥാനങ്ങളെയും മനോവിജ്ഞാനീയ ശാഖകളെയും മലയാളിക്ക്‌ പരിചയപ്പെടുത്തിയ കേസരി തന്നെയാണ്‌ ബത്സാക്കിനെയും മോപ്പസാങ്ങിനെയും ചെഖോവിനെയും ലൂയിപിരാന്റലോയെയുമെല്ലാം അവരുടെ കൃതികളുടെ വിവർത്തനങ്ങളിൽകൂടി മലയാളിക്ക്‌ പരിചയപ്പെടുത്തിയത്‌. ഇതുവഴി വായനയുടെ ഒരു ലോകജാലകം കേസരി മലയാളിക്ക്‌ തുറന്നു നൽകി. ഈ വിവർത്തനങ്ങളെല്ലാം കേരളീയ നവോത്ഥാനവുമായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്‌. നവോത്ഥാന ഭാവുകത്വപരിണാമം നടക്കുന്നു എന്ന്‌ പറയാവുന്ന ഘട്ടത്തിൽ മലയാളത്തിലെ റിയലിസറ്റ്‌ നോവലുകൾ എഴുതിയ തകഴി, ദേവ്‌, പൊറ്റെക്കാട്‌ തുടങ്ങിയവരെ സ്വാധീനിച്ചതും ‘പാവങ്ങൾ’ പോലുളള നോവൽ വിവർത്തനങ്ങൾ തന്നെ ആയിരുന്നു.

നവോത്ഥാനഘട്ടത്തിൽ മലയാളസാഹിത്യത്തിൽ ഒരു സമാന്തരവ്യവസ്ഥയായി അടയാളപ്പെടുത്തത്തക്കവിധം വിവർത്തനസാഹിത്യത്തിന്‌ വളർച്ചയുണ്ടായി. മലയാളിയുടെ ലോകബോധവും സാഹിത്യവീക്ഷണവും വളർച്ച പ്രാപിച്ച ഘട്ടത്തിൽ ലോകസാഹിത്യത്തെ ഉൾക്കൊളളുന്നതിന്‌ ഈ ജനത ശ്രമിക്കുകയുണ്ടായി. ലോകഭാഷകളിൽ ഒട്ടുമിക്കവയിലെയും പ്രധാനകൃതികൾ മലയാളി വിവർത്തനത്തിലൂടെ സ്വായത്തമാക്കിയിട്ടുണ്ട്‌. ഇതിനായി ഇംഗ്ലീഷ്‌ ഭാഷയെ ഒരു ഇടനിലക്കാരനാക്കേണ്ടി വന്നതിന്റെ പ്രശ്‌നങ്ങൾ ഉണ്ട്‌. എന്നിരുന്നാലും, ഈ വിവർത്തനങ്ങൾ മലയാളിക്ക്‌ ഒരു പുതിയ ലോകബോധം പ്രദാനം ചെയ്യുകയുണ്ടായി. മറ്റ്‌ ഭാഷകളിലെ മഹത്തായ കൃതികൾ വായിക്കുവാൻ മലയാളിക്ക്‌ ഏറെ താത്‌പര്യമുണ്ട്‌. ഇന്ന്‌ ലോകപ്രശസ്തരായ ഒട്ടുമിക്ക നോവലിസ്‌റ്റുകളുടെയും കൃതികൾ മലയാളത്തിൽ ലഭ്യമാകുന്നത്‌ ഇതുകൊണ്ട്‌ തന്നെയാണ്‌.

സർ എഡ്വിൻ അർനോൾഡിന്റെ ‘ലൈറ്റ്‌ ഒഫ്‌ ഏഷ്യാ’ എന്ന കൃതിയ്‌ക്ക്‌ ‘ശ്രീബുദ്ധചരിതം’ (1915) എന്ന വിവർത്തനം തയ്യാറാക്കിയ കുമാരനാശാൻ കൃതിയുടെ മുഖവുരയിൽ പറയുന്നു, “തർജ്ജമയിൽ കിളിപ്പാട്ടിന്റെ സ്വാഭാവികമായ മാധുര്യത്തിന്‌ ഹാനി വരാതിരിക്കാൻ വേണ്ടത്ര സ്വാതന്ത്ര്യം സ്വീകരിച്ചിട്ടുണ്ട്‌. എന്നാൽ അതുകൊണ്ട്‌ അർത്ഥത്തിൽ സാരമായ ഏതെങ്കിലും ഭേദഗതി വരികയോ, മൂലത്തിലെ കവിതാഭംഗിക്കോ രസത്തിനോ വൈകല്യം സംഭവിക്കയോ ചെയ്യാതിരിപ്പാൻ പ്രത്യേകം ദൃഷ്‌ടി വച്ചിട്ടുണ്ട്‌.” 1914-ൽ വിവേകാനന്ദന്റെ ‘രാജയോഗ’ത്തിന്‌ തയ്യാറാക്കിയ വിവർത്തനത്തിൽ ആശാൻ തന്റെ വിവർത്തനലക്ഷ്യം ഇങ്ങനെ പറയുന്നു; “മഹാത്മാവായ വിവേകാനന്ദസ്വാമി തന്റെ ഇംഗ്ലീഷ്‌ ഗ്രന്ഥം കൊണ്ട്‌ ഉദ്ദേശിച്ച ഫലം ഈ തർജ്ജമകൊണ്ട്‌ മലയാളികൾക്കുണ്ടാകുമെങ്കിൽ അതുതന്നെയാണ്‌ ഈ ശ്രമത്തിന്റെ പ്രതിഫലം.” ഈ പരാമർശങ്ങൾ ആശാന്റെ വിവർത്തനശൈലി വെളിവാക്കുന്നു. 20-​‍ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ വരുന്ന ഈ ശൈലിയിൽ വിവർത്തകൻ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത്‌ ഭാഷാക്രമീകരണത്തിൽ മാത്രമാണ്‌. കിളിപ്പാട്ട്‌ വൃത്തം പാലിക്കുന്നതിൽ ആണ്‌ ആശാന്റെ ശ്രദ്ധ. പദാനുപദവിവർത്തനം ആണ്‌ ഇവിടെ. ഭാഷയുടെ രാഷ്‌ട്രീയം അബോധത്തിൽ പ്രവർത്തിക്കുന്നത്‌ മാത്രമാകും ഇവിടെ നേരിയ ഭിന്നത വരുത്തുക. എന്നാൽ ഇതിൽനിന്നും കുറെയേറെ ഭിന്നമാണ്‌ 1930-കൾ തുടങ്ങി വരുന്ന 20-​‍ാം നൂറ്റാണ്ടിന്റെ ഒരു മധ്യഘട്ടം. ഇവിടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും രാഷ്‌ട്രീയം കുറെക്കൂടി വ്യക്തമാകുന്നു. ഒപ്പം സ്വതന്ത്രവിവർത്തനങ്ങളും അധികമായി ഇവിടെ എത്തുന്നുണ്ട്‌. ചങ്ങമ്പുഴ അടക്കമുളള കവികളുടെ വിവർത്തനകൃതികൾ ഇവിടെ ശ്രദ്ധിക്കപ്പെട്ടവയാണ്‌.

ഇത്തരത്തിൽ നവോത്ഥാനഘട്ടത്തിലും തുടർന്നും മലയാളിയുടെ സാഹിത്യ ബഹുവ്യവസ്ഥയിൽ ഇടപെടലുകൾ നടത്തി, ഒരു സമാന്തരവ്യവസ്ഥയായി വിവർത്തിത സാഹിത്യവും ഇടം നേടിയിട്ടുണ്ട്‌.

Generated from archived content: essay2_june30_05.html Author: athman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here