ലോകശ്രദ്ധ പിടിച്ചുപറ്റിയ കേരളീയ കലാരൂപമാണ് കഥകളി. രാമനാട്ടം, കൃഷ്‌ണനാട്ടം തുടങ്ങിയ കലകളിൽനിന്ന് ഉരുത്തിരിഞ്ഞ് ഭാരതത്തിനുതന്നെ അഭിമാനമായി മാറിയ കലയാണ് ഇത്. കഥകളി വേഷങ്ങളുടെ ദൃശ്യഭംഗിയും വേഷപ്പൊലിമയും ഏതൊരു സഹൃദയനും ആകർഷണീയമാണ്. ഈ കലയെക്കുറിച്ചും ഇതിന്റെ അഭിനയരീതികളെക്കുറിച്ചും അറിയുന്നവർക്ക് ഇതൊരു ‘ഭ്രാന്താ’ണ്. ഇങ്ങനെയുളള കഥകളി ഭ്രാന്തൻമാർക്ക് ഇന്ന് ഏറെ സ്വീകാര്യനാണ് ശ്രീ കലാമണ്ഡലം ഗോപി എന്ന അതുല്യ പ്രതിഭ. ആരാധകരുടെ കണ്ണിൽ അത്ഭുതാദരങ്ങളുമായി അവതരിക്കുന്ന ഈ പച്ചവേഷത്തിന്റെ ജീവിതത്തിലേയ്‌ക്ക് ഒരെത്തിനോട്ടമാണ് ഈ ലേഖനം.
അര നൂറ്റാണ്ടു കാലത്തോളമായി അരങ്ങിലെ കളിവിളക്കിന് ഉറ്റതോഴനാണ് ഗോപിയാശാൻ. പ്രായത്തിൽ ഷഷ്‌ടിപൂർത്തി കടന്നെങ്കിലും അദ്ദേഹം ഇന്നും കളിയരങ്ങിലെ ഉജ്ജ്വലശോഭയാണ്. എന്നാൽ പച്ചവേഷങ്ങളുടെ ഈ രാജകുമാരൻ ബാല്യം മുതൽ തന്നെ ഒട്ടേറെ വിഷമഘട്ടങ്ങൾ താണ്ടിയാണ് ഇന്നത്തെ നിലയിലേക്ക് ഉയർന്നു വന്നത്.
1937 മെയ് 25ന് കോതച്ചിറയിലെ വടക്കെ മണാളത്ത് എന്ന നായർ ഗൃഹത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 1946-ൽ കൂടല്ലൂർ കുഞ്ചു നമ്പൂതിരിപ്പാട് തേക്കിങ്കാട്ടിൽ രാമുണ്ണി നായരാശാനെ വരുത്തി മനയ്‌ക്കൽ വച്ച് കളിയഭ്യാസം നടത്തുകയുണ്ടായി. അന്ന് കളിക്ക് കച്ചകെട്ടിയവരിൽ ഒരാൾ ഗോപി ആയിരുന്നു. അങ്ങനെ ആശാൻ ആദ്യമായി അഭ്യസിച്ച കല തുളളലാണ്. ഈ കലയോട് അദ്ദേഹത്തിന് അതിരറ്റ ബഹുമാനവും ആദരവും ഉണ്ട്. തുളളൽക്കാരനായി നടന്നതാണ് കഥകളിയിലേയ്‌ക്കുളള വരവിന് അദ്ദേഹത്തെ സഹായിച്ചത്.
ഒരിക്കൽ കഥകളി സംഗീതജ്ഞനായ കലാ നമ്പീശന്റെ ജ്യേഷ്‌ഠൻ പരമേശ്വരൻ ഗോപിയുടെ തുളളൽ കാണാനിടയായി. ബാലന്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങളും കണ്ണുകളുടെ ദ്രുതചലനങ്ങളും മറ്റും നമ്പീശന്റെ ഉളളിൽ തട്ടി. “ഇവൻ പഠിക്കേണ്ടത് കഥകളിയാണ്.” – അദ്ദേഹം ഉറപ്പിച്ചു. നമ്പീശൻ മുൻകയ്യെടുത്ത് ഗോപിയെ കൂടല്ലൂർ മനയ്‌ക്കൽ എത്തിച്ചു. പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ പ്രഥമശിഷ്യൻ തേക്കിൻകാട്ടിൽ രാവുണ്ണിനായരുടെ കീഴിലായിരുന്നു കഥകളി അഭ്യസനം. അങ്ങനെ പ്രശസ്തമായ പട്ടിക്കാംതൊടി കളരിയിൽ തന്നെ ഹരിശ്രീ കുറിക്കുന്നതിനുളള ഭാഗ്യം ഗോപിയാശാന് ലഭിച്ചു. അവിടെ ഒരു വർഷം പരിശീലനം നടത്തിയശേഷം പത്താം വയസ്സിലായിരുന്നു ആശാന്റെ അരങ്ങേറ്റം.
പിന്നീട് 1951-ൽ നമ്പീശനാശാൻ ഭാഗവതർ തന്നെയാണ് ഗോപിയെ കലാമണ്ഡലത്തിൽ ചേർത്തത്. അക്കാലത്ത് പുതുതായി കലാമണ്ഡലത്തിൽ എത്തുന്നവർ വളളത്തോളിനെ നേരിൽ കാണണമെന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. ഗോപിയെ കണ്ട മാത്രയിൽ മഹാകവി ചോദിച്ചു. “കളി പഠിക്കാൻ ശരിക്കും താല്‌പര്യമുണ്ടോ? അതോ പാതിവഴിക്ക് മുടക്കം വരുത്തി കടന്ന് കളയോ?” എന്നാൽ ഏതാനും വർഷങ്ങൾക്കുശേഷം വളളത്തോളിന് ഗോപിയുടെ കഴിവിലും പരിശ്രമത്തിലും അഭിമാനിക്കാൻ കഴിയുകയാണ് ഉണ്ടായത്. അഭ്യസനത്തിന്റെ ആദ്യനാളുകളിൽ മഹാകവിയുടെ സംശയപ്രകടനം യാഥാർത്ഥ്യമാകുമോ എന്നുപോലും ആശാൻ ഭയപ്പെട്ടിരുന്നു. അത്ര കടുത്തതായിരുന്നു ശിക്ഷണം. എന്നാൽ, അതിലും കടുത്ത ജീവിതദുരിതങ്ങളാണ് പുറത്ത് തനിക്കുളളത് എന്ന അറിവ് കലാമണ്ഡലത്തിൽ പിടിച്ചുനിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെ ഏഴുവർഷത്തെ അഭ്യസനത്തിനുശേഷം സുഭദ്രാഹരണത്തിലെ കൃഷ്‌ണനായി അരങ്ങേറ്റം. ഒരുതരത്തിൽ ആശാന്റെ മൂന്നാമത്തെ അരങ്ങേറ്റം!
1951 മുതൽ നാലുപതിറ്റാണ്ടിലധികം കാലം അദ്ദേഹം വിദ്യാർത്ഥിയായും അധ്യാപകനായും കലാമണ്ഡലത്തിൽ ചിലവഴിച്ചിട്ടുണ്ട്. 1958-ൽ പഠനം അവസാനിച്ചതോടെ കലാമണ്ഡലത്തിൽ ജോലി ലഭിച്ച ഗോപിയാശാൻ 1992-ൽ പ്രിൻസിപ്പലായിട്ടാണ് അവിടെനിന്ന് വിരമിച്ചത്. വളരെ നീണ്ട ഈ അധ്യാപനത്തിനിടയിൽ പല വിദേശരാജ്യങ്ങളിലും ആശാൻ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. വലിയൊരു ശിഷ്യസഞ്ചയത്തിന്റെ ഉടമയാകാനും അദ്ദേഹത്തിനു കഴിഞ്ഞു. വിദേശികളുടെ കഥകളിഭ്രമത്തിൽ അദ്ദേഹത്തിന് മതിപ്പാണ്. അവരിൽ പലരും കഥകളി പഠിക്കാനുളള ആഗ്രഹവുമായി അദ്ദേഹത്തിനരികിൽ എത്തിയിട്ടുണ്ടെങ്കിലും ആശാൻ ആ കൃത്യം ഏറ്റെടുത്തിട്ടില്ല.
കഥകളി വേഷങ്ങൾ കെട്ടുന്നതിൽ പച്ച വേഷമാണ് ആശാന് ഏറ്റവും യോജിക്കുന്നതെന്നാണ് ആരാധകമതം. ഈ വേഷത്തിന് പറ്റിയ ഒരു രൂപമാണത്രെ ആശാന്റേത്. പച്ചയ്‌ക്കാവശ്യമുളള പൊക്കം, മനയോലപ്പറ്റുളള മുഖം, വളരെ ദീപ്‌തമായ കണ്ണുകൾ, മനോഹരമായ നാസിക, നല്ല കവിൾത്തടം, നല്ല ചുണ്ടുകൾ ഇതൊക്കെ ചേർന്നു നിൽക്കുന്ന ശോഭ, ഒരു തേജസ്സ്. സഹൃദയരെ ഹരം പിടിപ്പിക്കുന്ന ഒരു രൂപം രംഗത്ത് പച്ചയിലൂടെ സൃഷ്‌ടിക്കാൻ ഗോപിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് കഥകളി വിദഗ്‌ദ്ധനായ ഡോ.വി.വേണുഗോപാലൻ വിലയിരുത്തുന്നു.
കെ.പി.എസ്.മേനോൻ തയ്യാറാക്കിയ ‘കഥകളിരംഗം’ എന്ന ഗ്രന്ഥത്തിൽ ആശാനെപ്പറ്റി ഇങ്ങനെ പ്രതിപാദിക്കുന്നു, “പ്രാദേശികഭേദം കൂടാതെ കഥകളിലോകത്തിൽ പുതിയ തലമുറയുടെ നേതാവാണ് ഗോപി. ചെറുപ്പക്കാരെല്ലാം അയാളെ അനുകരിക്കാൻ നോക്കുന്നു. വേഷഭംഗി, ചൊല്ലിയാട്ടം, താളസ്ഥിതി, മുഖാഭിനയം, കലയോടുളള ആത്മാർത്ഥത ഇവയെല്ലാം കൊണ്ടും ഗോപി ചെറുപ്പക്കാരിൽ പ്രഥമഗണനീയനാണ്. കൃഷ്‌ണൻനായർക്കുശേഷം ഗോപിയേയുളളൂ.”
കളിയരങ്ങിലെ ഈ തിളങ്ങുന്ന താരം സിനിമയിലെ താരപരിവേഷവും അണിയുകയുണ്ടായി. ഷാജി.എൻ.കരുണിന്റെ ‘വാനപ്രസ്ഥ’ത്തിൽ. പ്രമുഖ സംവിധായകൻ ശ്രീ അടൂർ ഗോപാലകൃഷ്‌ണൻ ആശാനെക്കുറിച്ച് ചെയ്‌ത “കലാമണ്ഡലം ഗോപി” എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ നേടിയിരുന്നു. ഏകദേശം 43 മിനുട്ട് ദൈർഘ്യമുളള ഈ ഡോക്യുമെന്ററി ആശാന്റെ കുട്ടിക്കാലം മുതലുളള ജീവിതവിവരണവും ഉൾക്കൊളളുന്നു.
കലാരംഗത്ത് ഒട്ടനവധി ബഹുമതികൾ ആശാനെ ട് എത്തിയിട്ടുണ്ട്. ‘77-ൽ നാട്യരത്നം സുവർണ്ണമുദ്ര, ’85-ൽ സംഗീതനാടക അക്കാദമി അവാർഡ്, ‘97-ൽ ഷഷ്‌ട്യബ്‌ദപൂർത്തി ആഘോഷവേളയിൽ കളിയാസ്വാദകരുടെ ഉപഹാരം ഇങ്ങനെ ഒട്ടനവധി അംഗീകാരങ്ങൾ നേടിയ ഈ അതുല്യനടന്റെ മനസ്സിലെ ആഗ്രഹം രംഗത്ത് നിറഞ്ഞ് നിൽക്കുമ്പോൾ തന്നെയുളള അസ്തമയമാണ്.
കഥകളി ഭ്രാന്തന്മാർക്ക് ആനന്ദത്തിന്റെ ഒട്ടനവധി മുഹൂർത്തങ്ങൾ നൽകി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത് യാത്ര തുടരുന്ന ഈ നടന്റെ ജീവിതവും അഭിനയവും മറ്റുളളവർക്ക് പാഠമാകുന്നു.
ഈയിടെ ഏറെനാൾ ആരോഗ്യപ്രശ്‌നങ്ങളാൽ അരങ്ങ് വിട്ടുനിന്നിരുന്ന ഗോപിയാശാൻ വീണ്ടും അരങ്ങിലേക്ക് തിരിച്ചുവന്നിരിക്കുന്നത് കഥകളി പ്രേമികൾക്ക് ഏറെ സന്തോഷം നിറഞ്ഞ വാർത്തയാണ്.
Generated from archived content: essay2_dec30.html Author: athman
Click this button or press Ctrl+G to toggle between Malayalam and English