“ചിത്രപടലമിതു കാൺക….”

ആയിരക്കണക്കിന്‌ ഫോട്ടോകളുടെ ശേഖരം…. അതാകട്ടെ ഒരു ജനതയുടെ കലാപാരമ്പര്യത്തിന്റെ പ്രതിബിംബങ്ങൾ. ഇതാണ്‌ രാധാകൃഷ്‌ണവാര്യർ എന്ന ചെറുപ്പക്കാരന്റെ പ്രധാന സമ്പാദ്യം. തന്റെ വിലമതിക്കാനാകാത്ത ഈ നേട്ടത്തെ ‘ചിത്രരഥ’മെന്ന ഫോട്ടോപ്രദർശനത്തിലൂടെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ അദ്ദേഹം എത്തിച്ചു. ഇതുവരെ മുപ്പതിലധികം പ്രദർശനങ്ങൾ….അവയുടെ ഉദ്‌ഘാടകർ അടൂർ ഗോപാലകൃഷ്‌ണൻ, ഷാജി എൻ.കരുൺ, കലാമണ്ഡലം ഗോപി, ഭരത്‌ഗോപി, ഡോ.കെ.ജി.പൗലോസ്‌, ഡോ.എൻ.പി.ഉണ്ണി, ഡോ.രാജശേഖരൻപിളള, കലാമണ്ഡലം ഹൈദരാലി, ആർട്ടിസ്‌റ്റ്‌ നമ്പൂതിരി… തുടങ്ങിയ പ്രമുഖർ. വേദികൾ സാംസ്‌കാരിക വേദികളും അതിലധികം യുവമനസ്സുകളെ മുന്നിൽ കണ്ട്‌ വിവിധ കലാലയങ്ങളും….ഈ കലാകാരന്റെ ഉദ്യമത്തെ ചെറുതായി കണ്ടുകൂടാ.

കോട്ടയം കേരളപുരത്ത്‌ രാധാകൃഷ്‌ണവാര്യർ തന്റെ ഡിഗ്രി പഠനത്തിന്‌ ശേഷമാണ്‌ ക്യാമറയിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ചെറുപ്പം മുതൽ കഥകളി തുടങ്ങിയ കലകൾ കണ്ടുളള ശീലം ഫ്രെയിമുകളിൽ ഈ കലകൾക്ക്‌ ഇടമൊരുക്കി. ചിത്രങ്ങൾ കണ്ട പലരും അഭിനന്ദിച്ചു- ആ ചിത്രങ്ങളിൽ കഥയും പ്രതിഫലിച്ചിരുന്നു! കാരണം വാര്യരുടെ ചിത്രമെടുപ്പ്‌ കഥയറിഞ്ഞ്‌ ഉളളതാണ്‌ എന്നതുതന്നെ. സാധാരണ ഫോട്ടോഗ്രാഫർമാർ ചിത്രത്തിന്റെ ഭംഗിയിൽ മാത്രം ശ്രദ്ധ വയ്‌ക്കുമ്പോൾ വാര്യർ നടന്റെ അഭിനയത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ ആണ്‌ ക്യാമറയിൽ വിരലമർത്താൻ തെരഞ്ഞെടുക്കുക. ഈ ചിത്രങ്ങൾ മനോഹരമാകാതെ തരമില്ലല്ലോ.

1997 ഒക്‌ടോബർ 1,2 തീയതികളിലായി കേരള കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ കോട്ടയത്താണ്‌ വാര്യരുടെ പ്രദർശനങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌. ഇത്തരമൊരു പ്രദർശനം കേരളത്തിൽ ആദ്യമായിരുന്നു. കഥകളി, കൂത്ത്‌, കൂടിയാട്ടം, തെയ്യം, പടയണി, ഒഡീസി, മോഹിനിയാട്ടം, ഭരതനാട്യം, ഉത്സവങ്ങൾ, വാദ്യങ്ങൾ..തുടങ്ങി നിരവധി കലകളുടെ സമ്മേളനവേദിയായി വാര്യരുടെ ഫോട്ടോപ്രദർശനം. പിന്നീട്‌ നിരവധി വേദികൾ…ഇതിനിടെ വാര്യർ പ്രദർശനത്തിൽ ചില പുതുമകളും വരുത്തി. ഇതിൽ വിവിധ കലാകാരന്മാരുടെ നവരസാഭിനയങ്ങൾ ഉൾപ്പെടുത്തിയുളള ‘നവരസശാല’ ആസ്വാദകരുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ഒന്നാണ്‌. കലാമണ്ഡലം ഗോപിയുടെ, ഇന്ന്‌ രംഗത്ത്‌ അദ്ദേഹം അഭിനയിക്കുന്നതും അല്ലാത്തതുമായ, നിരവധി വേഷങ്ങളും അസുലഭ ജീവിത മുഹൂർത്തങ്ങളും മറ്റൊരു ശ്രദ്ധാകേന്ദ്രം. പൂതനും തിറയും തുടങ്ങി പുതിയ ഉത്സവച്ചിത്രങ്ങൾ ഇങ്ങനെ ‘ചിത്രരഥം’ പകരുന്ന ദൃശ്യാനുഭവങ്ങൾ നീളുന്നു.

കലാമണ്ഡലം വഴിയും കളിയരങ്ങ്‌ പോലുളള സാംസ്‌കാരിക വേദികൾ വഴിയും പ്രമുഖരായ എല്ലാ കഥകളി നടന്മാരുമായും മേളക്കാരുമായും പരിചയമുളള വാര്യർക്ക്‌ ഈ മേഖലയിൽ വലിയൊരു സുഹൃത്‌ബന്ധം തന്നെയുണ്ട്‌. ഇത്‌ പല അപൂർവ്വ മുഹൂർത്തങ്ങളും ക്യാമറയിൽ പകർത്താൻ തന്നെ സഹായിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുന്നു. പലരുടെയും മുഖത്ത്‌ മിന്നിമറയുന്ന ഭാവങ്ങൾ മുൻകൂട്ടി കാണാൻ ഇത്‌ സഹായമാകുന്നു. ഇവിടെ ചിത്രമെടുപ്പ്‌ ഒരു യാന്ത്രിക പ്രവൃത്തിയല്ല മറിച്ച്‌, തികഞ്ഞ ഒരു ആസ്വാദനം കൂടിയാണ്‌. ഇതാണ്‌ വാര്യരുടെ വിജയരഹസ്യവും. കഥയുടെ സമഗ്രമായ പഠനവും അഭിനയശൈലി ഗ്രഹിച്ച്‌ പ്രത്യേക സന്ദർഭങ്ങൾ ഉൾക്കൊണ്ടുളള ചിത്രീകരണവും ആണ്‌ ചിത്രങ്ങൾക്ക്‌ ഒരു ‘വാര്യർ ടച്ച്‌’ നൽകുന്നത്‌. ഒരൊറ്റ ചിത്രത്തിലൂടെ ആ രംഗത്തിലെ ആശയം പകർത്താൻ വാര്യർക്ക്‌ കഴിഞ്ഞിട്ടുളളതിന്‌ പല ഉദാഹരണങ്ങളുണ്ട്‌. കർണ്ണശപഥം ആട്ടക്കഥയുടെ “സുതരിലഗ്രജൻ ഇവൻ സുപരിചിതേ” എന്ന പദത്തിലെയും “സ്‌ത്രീത്വം ഭവതിയെ രക്ഷിക്കുന്നു” എന്ന പദത്തിലെയും കലാമണ്ഡലം ഗോപിയുടെയും കോട്ടയ്‌ക്കൽ ശിവരാമന്റെയും അഭിനയ മൂഹൂർത്തങ്ങളുടെ ഫോട്ടോകൾ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ഈ രംഗങ്ങളിൽ മുഖത്ത്‌ ഏറ്റവും മൂർത്തമായ ഭാവം വിരിയുന്ന സന്ദർഭങ്ങളിലാണ്‌ ക്യാമറ മിഴി തുറന്നിരിക്കുന്നത്‌.

കളിയരങ്ങുകളും കലാരൂപങ്ങളും തേടിയുളള യാത്ര വാര്യർ തുടരുകയാണ്‌. തന്റെ പ്രദർശനങ്ങൾ ഈ കലകൾ യുവമനസ്സുകളിൽ എത്തിക്കാൻ ഉതകുന്നു എന്ന്‌ അദ്ദേഹം കരുതുന്നു. രണ്ടുവട്ടം പ്രദർശനം നടന്ന കോട്ടയം ബസേലിയസ്‌ കോളേജിൽ കഥകളി സംഘടിപ്പിക്കുമ്പോൾ കാണാനെത്തുന്ന യുവപ്രേക്ഷകർ ഇത്‌ ശരിവയ്‌ക്കുന്നു. അടൂർ ‘കൂടിയാട്ട’ത്തെക്കുറിച്ച്‌ ഡോക്യുമെന്ററി ചെയ്തപ്പോൾ നിശ്ചല ചിത്രങ്ങളെടുക്കാൻ വാര്യരെ ക്ഷണിച്ചത്‌ ആ സംവിധായകൻ വാര്യരുടെ കഴിവിനെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനാലാണ്‌. മാതൃഭൂമി, ഭാഷാപോഷിണി, മലയാളം, കലാകൗമുദി, ഇന്ത്യാ ടുഡേ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക കലാ-സാഹിത്യ പ്രസിദ്ധീകരണങ്ങളും കലകളുടെ അപൂർവ്വവും മനോഹരവുമായ ചിത്രങ്ങൾക്കായി വാര്യരെ തേടിയെത്തുന്നതും ഇതുകൊണ്ടുതന്നെ. ക്യാമറയും തൂക്കി അരങ്ങുകൾ തേടിയുളള യാത്രയിൽ വാര്യർക്ക്‌ ഇനിയും ഏറെ ചിത്രങ്ങൾ എടുക്കാനുണ്ട്‌….കാഴ്‌ചക്കാരന്‌ ആസ്വദിക്കാൻ… അഭിമാനിക്കാൻ….കലയുടെ ബഹുരൂപങ്ങൾ ക്യാമറയിലൂടെ ഇതൾ വിരിയുമ്പോൾ ‘ചിത്രരഥ’ത്തിലൂടെ അവ ആസ്വാദകന്‌ രസാനുഭൂതി പകരുന്നു.

Generated from archived content: essay1_may6.html Author: athman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here