കോളേജ്‌ മാഗസിനുകൾ – ഒരു വിശകലനം

ആമുഖം

സംസ്‌കാര പഠനത്തിന്റെ വിഷയമേഖല ഏറെ വൈവിധ്യം നിറഞ്ഞതാണ്‌. മാധ്യമപഠനം ഈ വിശാലമായ പഠനമേഖലയിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്‌. ദൈനംദിന ജീവിതത്തിൽ മാധ്യമങ്ങളുടെ സ്വാധീനം വർദ്ധിച്ചുവരുന്നതോടെ സംസ്‌കാരപഠനത്തിൽ ഇതിന്റെ പ്രാധാന്യം കൂടുന്നു. അച്ചടിമാധ്യമങ്ങളുടെ അധികപ്രാധാന്യത്തെ വെളിവാക്കുന്നു, ആധുനികതയെ ‘പ്രിന്റ്‌ മോഡേനിസം’ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. പോസ്‌റ്റ്‌ മോഡേനിസം ആകട്ടെ ഇലക്‌ട്രോണിക്‌ മീഡിയയുടെ ആധിപത്യത്താൽ ‘ഇലക്‌ട്രോണിക്‌ പോസ്‌റ്റ്‌ മോഡേനിസം’ ആയി അറിയപ്പെടുന്നു.

ആധുനികതയുടെ യുക്തിബോധം രൂപീകരിക്കുന്നതിൽ പ്രധാന ഉപകരണമായി മാറിയത്‌ അച്ചടിമാധ്യമങ്ങൾ ആയിരുന്നു. അച്ചടിയുടെ വരവോടെ ഇവിടെ ആരംഭിച്ച മാസികകളും പത്രങ്ങളും മറ്റുമാണ്‌ അറിവിന്റെയും ശാസ്‌ത്രബോധത്തിന്റെയും ലക്ഷ്യം ജനങ്ങൾക്ക്‌ നല്‌കിയത്‌. ഇങ്ങനെ ആധുനികതയുടെ ബോധ്യങ്ങളുമായി, അച്ചടിയുടെ വളർച്ചയിൽ അതിനുണ്ടായ വിഭിന്ന മുഖങ്ങളിൽ ഒന്നാണ്‌ കോളേജ്‌ മാഗസിനുകൾ. സമൂഹത്തിൽ വിപ്ലവകരമായ ചലനങ്ങൾ സൃഷ്‌ടിക്കാൻ ശക്തമായ യുവതലമുറയുടെ മാധ്യമം എന്ന നിലയിൽ കോളേജ്‌ മാഗസിനുകളെ പരിഗണിക്കാം. കോളേജ്‌ മാഗസിനുകളെ അവ ഉൾക്കൊളളുന്ന സാമൂഹ്യ പ്രവണതകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിനുളള ശ്രമമാണ്‌ ഈ പ്രബന്ധം.

മാഗസിനുകളും സമൂഹവും, മാഗസിനുകളും വിവാദങ്ങളും, മാഗസിനുകളുടെ രാഷ്‌ട്രീയ ചായ്‌വുകൾ, വായന കാഴ്‌ചയാകുമ്പോൾ, സമൂഹത്തിൽനിന്നും അകലുന്ന കോളേജ്‌ മാഗസിനുകൾ തുടങ്ങിയ തലക്കെട്ടുകളിലൂടെ മാഗസിനുകളുടെ സമകാലിക സാഹചര്യത്തെ ‘80കളിലെയും മറ്റും അവസ്ഥയുമായി താരതമ്യം ചെയ്‌ത്‌ വിലയിരുത്തുന്നു ഈ പ്രബന്ധത്തിൽ.

മാഗസിനുകളും സമൂഹവും

തനിക്കു ചുറ്റുമുളള സമൂഹത്തോട്‌ വിദ്യാർത്ഥി എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ ഒരു രേഖയായി കോളേജ്‌ മാഗസിനുകളെ നമുക്ക്‌ പരിഗണിക്കാം. സാമൂഹിക പ്രശ്‌നങ്ങളെ ശക്തമായി അവതരിപ്പിച്ചിട്ടുളള ഒരു ചരിത്രം കോളേജ്‌ മാഗസിനുകൾക്ക്‌ ഉണ്ട്‌. ’70കളിൽ അടിയന്തിരാവസ്ഥക്കാലത്ത്‌ പുറത്തിറങ്ങിയ മഹാരാജാസിലെയും മറ്റും മാഗസിനുകൾ ഇതിന്‌ ഉദാഹരണമാണ്‌. ഇടത്‌ വിദ്യാർത്ഥി സംഘടനകൾക്ക്‌ കലാലയങ്ങളിൽ വേരുറപ്പിക്കാൻ ഈ മാഗസിനുകൾ ഏറെ സഹായകമായിരുന്നു. സമൂഹത്തിന്റെ പ്രശ്‌നങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാനുളള ശ്രമത്തിൽ ഈ മാഗസിനുകൾ പലതും സെൻസറിംഗിന്‌ വിധേയമായി ആണ്‌ പുറത്തിറങ്ങിയത്‌ എന്നത്‌ ചരിത്രമാണ്‌.

1978-79 കാലത്തുണ്ടായ സൈലന്റ്‌വാലി മൂവ്‌മെന്റിന്റെ ചുവടുപിടിച്ച്‌ കലാലയങ്ങളിൽ നേച്ചർ ക്ലബ്ബുകളും ഫോറസ്‌റ്റ്‌ ക്ലബ്ബുകളും രൂപപ്പെട്ടപ്പോൾ പരിസ്ഥിതി സംരക്ഷണത്തിനായി വാദിക്കാൻ ‘80 കളിലെ മാഗസിനുകളും തയ്യാറായി. ’കേരളവർമ്മ 1163‘ എന്ന മാഗസിനിൽ അവസാനം കൂട്ടിച്ചേർത്ത താളിൽ ’വരാനിരിക്കുന്നതാര്‌ മരണമോ ഒരു പൂക്കാലമോ‘ എന്നപേരിൽ കലാലയത്തിലെ മരങ്ങൾ മുറിക്കാനുളള നീക്കത്തിനെതിരെ വിദ്യാർത്ഥികൾ പ്രതികരിക്കുന്നു. (കേരളവർമ്മ 1163, 1985) പരിസ്ഥിതി സംരക്ഷണത്തിന്‌ പ്രാധാന്യം നൽകുന്ന ലേഖനങ്ങൾ ഈ കാലഘട്ടത്തിലെ മാഗസിനുകളിൽ മിക്കവാറും കാണാവുന്നതാണ്‌. ഈ കാലയളവിലെ മാഗസിനുകളിലെ മറ്റൊരു പ്രവണത പ്രാദേശിക തനിമകളെ നിലനിർത്തുന്നതിനുളള ശ്രമമാണ്‌. നാടൻ കലകളെക്കുറിച്ച്‌ വിവരങ്ങൾ ഉൾക്കൊളളിച്ചുളള ലേഖനങ്ങളും ഫീച്ചറുകളും ഇത്തരത്തിൽ മാഗസിനുകളിൽ സ്ഥാനം പിടിച്ചു. ’ബസേലിയസ്‌ കോളേജ്‌ ആനുവൽ ‘86’ൽ ‘വേരുകൾതേടി’ എന്നപേരിൽ ഉളള ഫീച്ചർ (ബസേലിയസ്‌ കോളേജ്‌ ആനുവൽ ‘86ഃ35) ഇതിനുദാഹരണമാണ്‌. ’കേരളവർമ്മ 1163‘ൽ കേരളീയത എന്ന വിഷയത്തിൽ എം.ഗംഗാധരൻ, എം.എൻ.വിജയൻ എന്നിവർ എഴുതിയിട്ടുളള ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌. ആധുനികത സൃഷ്‌ടിച്ച ദേശബോധത്തിൽ തങ്ങളുടെ സ്വത്വം തിരിച്ചറിയുന്നതിനുളള ശ്രമമായി ഇതിനെ കാണാവുന്നതാണ്‌.

മാഗസിൻ പുറത്തിറങ്ങുന്ന കാലയളവിൽ കലാലയത്തിൽ തന്നെ ഉണ്ടായിട്ടുളള പ്രശ്‌നങ്ങളെ സത്യസന്ധമായി വിമർശനത്തിന്റെ എല്ലാ ശക്തിയോടെയും അവതരിപ്പിക്കുന്നതിൽ ’80 കളിലെയും മറ്റും മാഗസിനുകൾ കാണിച്ചിട്ടുളള ചങ്കൂറ്റം ഇന്നത്തെ മാഗസിനുകളിൽ ഇല്ലെന്ന്‌ തന്നെ പറയാം. ഇത്‌ പ്രശ്‌നങ്ങളുടെ അഭാവംകൊണ്ട്‌ അല്ലതാനും. വിമർശനസ്വരത്തിൽ അധ്യാപകർക്കും സഹപാഠികൾക്കും മുൻപിൽ ഒരു ചോദ്യംപോലും ഉയർത്തുന്നില്ല ഇന്ന്‌ മിക്കവാറും കാമ്പസ്‌ മാഗസിൻ പ്രവർത്തകർ. ‘ശ്രീ കേരളവർമ്മ 1163’ൽ (ശ്രീകേരളവർമ്മ 1985) ‘സ്മരണാഞ്ജലി’ എന്നതിൽ ഒരു വിദ്യാർത്ഥിയുടെ അപകടമരണത്തിൽ അനുശോചിക്കാൻ ചേർന്ന യോഗത്തിൽ വിരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്തതിനു പിന്നിലെ മനുഷ്യത്വരാഹിത്യത്തെ ശക്തമായ വാക്കുകളിലൂടെ മാസികാപ്രവർത്തകർ ചോദ്യം ചെയ്യുന്നു. ‘കേരളവർമ്മ-84’ൽ കേരളവർമ്മയിലെ വിദ്യാഭ്യാസ വാർത്തകൾ അഥവാ കമ്പോള മൊത്തവ്യാപാര വില നിലവാര ബുളളറ്റിൻ‘ എന്ന തലക്കെട്ടിൽ കോളേജിലെ കാന്റീനും ലൈബ്രറിയുമെല്ലാം അടക്കം കുറവുകളെയും മറ്റ്‌ പരാധീനതകളെയും കുറിച്ച്‌ ആക്ഷേപക്കുറിപ്പ്‌ കാണാവുന്നതാണ്‌. (കേരളവർമ്മ’84) ഇതും ഒരു സമരരീതി തന്നെയാണ്‌.

ഇന്നും കലാലയങ്ങളിൽ ഇത്തരം പ്രശ്‌നങ്ങൾ ധാരാളമുണ്ട്‌. എന്നാൽ നമ്മുടെ കാലഘട്ടത്തിലെ മാഗസിനുകൾ പലപ്പോഴും ഇവയ്‌ക്കെതിരെ തുറന്ന്‌ പ്രതികരിക്കുന്നില്ല. അവകാശങ്ങൾ നേടുന്നതിനും അധികാരികളെ വിമർശിക്കുന്നതിനും സമരവും മുദ്രവാക്യം വിളിയും നടത്തുന്ന രാഷ്‌ട്രീയ സംഘടനകളുടെ നേതൃത്വം അക്ഷരത്തിന്റെ കരുത്തിലൂടെയും അതിന്‌ ശ്രമിച്ചിരുന്നു മുൻപ്‌. ഇന്ന്‌ ഇത്‌ തങ്ങളുടെ കടമയായി അവർക്ക്‌ തോന്നുന്നില്ലായിരിക്കാം. എന്നാൽ ഒരു കലാലയത്തിന്റെ ഒരു വർഷത്തെ ശ്രദ്ധേയമായ ഉദ്യമമെന്ന നിലയിൽ ഇത്തരം വിമർശനങ്ങൾ മാഗസിനുകളിൽ ഇടം പിടിക്കേണ്ടതുണ്ട്‌.

പുതിയ തലമുറയിലെ മാഗസിനുകൾ പരിശോധിക്കുമ്പോൾ കാണുന്ന വസ്‌തുത അവ പൊതുസമൂഹത്തിലെ പ്രശ്‌നങ്ങളിൽ നിന്ന്‌ അകന്നുപോകുന്നു എന്നതാണ്‌. ഇതിനു വിരുദ്ധമായി പുറത്തിറങ്ങിയ മാഗസിനുകളും അപൂർവ്വമായി ഉണ്ട്‌. അത്തരത്തിൽ ശ്രദ്ധേയമായ ഒന്നാണ്‌ ‘ഗദ്ദിക’. (മാർ അത്തനേഷ്യസ്‌ കോളജ്‌ഃ2000). ആഗോളവത്‌ക്കരണത്തിനും ഫാസിസത്തിനും എതിരായ ലേഖനങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയ ഈ മാഗസിന്റെ കവർസ്‌റ്റോറിയായ ‘ന്യൂ ട്രെന്റ്‌സ്‌ ഇൻ മീഡിയ’ എന്ന ചർച്ച മാധ്യമരംഗം നേരിടുന്ന വെല്ലുവിളികളെ സമർത്ഥമായി വരച്ചു കാണിക്കുന്നു. സമകാലിക പ്രശ്‌നങ്ങളെ ഈ മാഗസിൻ ഏറ്റെടുക്കുന്നതിന്‌ മറ്റൊരു ഉദാഹരണം, പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുളള ലേഖനങ്ങളും പരിസ്ഥിതി പ്രവർത്തകനുമായ ജിയോജോസുമായുളള അഭിമുഖവുമാണ്‌. ഈ മാഗസിനും സെൻസറിംഗിന്‌ വിധേയമായി മാത്രമാണ്‌ പുറത്തിറങ്ങിയത്‌. കെ.ഇ.എന്നുമായുളള അഭിമുഖത്തിലെയും ‘വംശശുദ്ധിവാദവും ഇന്ത്യൻ ഫാസിസ്‌റ്റുകളും’ എന്ന ലേഖനത്തിലെയും ചില ഭാഗങ്ങളാണ്‌ ഇവിടെ കരിപൂശപ്പെട്ടത്‌.

സമകാലിക കോളേജുമാഗസിനുകൾ മിക്കവാറും ഇത്തരം വിഷയങ്ങളെ സ്വീകരിച്ച്‌ അവതരിപ്പിക്കുന്നതിൽ വിമുഖത പുലർത്തുന്നു. മറിച്ച്‌ അവ ഇന്റർനെറ്റ്‌, ടി.വി.ചാനൽ, സാഹിത്യം, സ്പോർട്ട്‌സ്‌, സിനിമ തുടങ്ങി പലവിധ വൈവിധ്യങ്ങളെ നിറച്ച്‌ “സമ്പൂർണ്ണത‘യ്‌ക്കായി ശ്രമിക്കുകയാണ്‌ ചെയ്യുന്നത്‌. സാമൂഹികാവസ്ഥയുടെ പ്രതിനിധാനങ്ങൾ മാഗസിനുകളിൽ പലപ്പോഴും ഇതുമൂലം ഇല്ലാതെ പോകുന്നു. അമേരിക്കയിലെ വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമിക്കപ്പെട്ടത്‌ മാഗസിനിൽ എഴുതേണ്ട വിഷയം തന്നെയാണ്‌. പക്ഷെ, ഇത്‌ നമ്മുടെ പ്രാദേശികത നേരിടുന്ന വിവിധ പ്രശ്‌നങ്ങളുടെ പ്രാധാന്യം നികത്തിക്കൊണ്ടാകരുത്‌. എന്നാൽ പലപ്പോഴും ആഗോളപ്രശ്‌നങ്ങളിൽ കൈവയ്‌ക്കുകവഴി നമ്മെ ആഴത്തിൽ സ്പർശിക്കുന്ന കാര്യങ്ങൾ ഒഴിവാക്കപ്പെടുന്നുണ്ട്‌. 2001-ൽ പുറത്തിറങ്ങിയ ’കിറ്റ്‌സ്‌ ഓഫ്‌ മൈ ഹൊറിസോൺ‘ (ഇലാഹിയ കോളേജ്‌, മുവാറ്റുപുഴ) എന്ന മാഗസിനിലെ ലേഖനങ്ങൾ പരിശോധിക്കാം. അമേരിക്കൻ കേന്ദ്രങ്ങളുടെ തകർച്ചയും ആഗോള രാഷ്‌ട്രീയവും, അധികാര രാഷ്‌ട്രീയം, ആഗോളവത്‌ക്കരണത്തിനെതിരായ സമരവും ഗിലാനിയുടെ രക്തസാക്ഷിത്വവും, സാമ്പത്തികത്തകർച്ചയുടെ സമകാലിക പരിസരം, അമേരിക്കൻ കാട്ടുനീതി, 2001 സെപ്തംബർ 11ഃ വാഷിങ്ങ്‌ടൺ, ന്യൂയോർക്ക്‌, കംപ്യൂട്ടർ ഇന്റർനെറ്റ്‌ ഉപഭോഗ സംസ്‌കാരവും മൂല്യച്യുതിയും, പാലസ്തീൻ പ്രശ്‌നം ഇങ്ങനെ നീളുന്ന ലേഖനങ്ങൾക്കു പുറമെ സ്‌ത്രീ പ്രശ്‌നങ്ങളെക്കുറിച്ചും അസമത്വങ്ങളെക്കുറിച്ചും, സാംസ്‌കാരികാധിനിവേശത്തെക്കുറിച്ചും ഉളള ലേഖനങ്ങളാണ്‌ മറ്റുചിലത്‌. ഇവയെല്ലാം ഇന്ന്‌ ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ തന്നെയാണ്‌. എന്നാൽ നമ്മുടെ സംസ്ഥാനത്തിനും ഭാഷയ്‌ക്കുമകത്ത്‌ വരുന്ന ലേഖനങ്ങൾ ’സാഹിത്യം-ആശയകാര്യസ്ഥരുടെ വിഴുപ്പലക്കലുകൾ‘ എന്നതും ചില സിനിമാ-ചാനൽ റിവ്യൂകളും സിനിമാക്കാരുമായുളള അഭിമുഖങ്ങളും മാത്രമായിപ്പോകുന്നു ഈ മാഗസിനിൽ. പത്രങ്ങളിൽ പ്രാദേശികത തമസ്‌കരിക്കപ്പെടുന്നതിനെപ്പറ്റി ഇ.വി.രാമകൃഷ്‌ണന്റെ അഭിപ്രായം ഇതോട്‌ ചേർത്തുവായിക്കാവുന്നതാണ്‌, ”1991ലെ കണക്കുകൾ പ്രകാരം കേരളത്തിന്റെ 26.4 ശതമാനം നഗരവത്‌ക്കരണത്തിന്‌ വിധേയമായിക്കഴിഞ്ഞിട്ടുണ്ട്‌. മഹാനഗരങ്ങളില്ലെങ്കിലും കേരളത്തിൽ നാഗരികതയുടെ സംസ്‌കാരം എല്ലായിടത്തും അനുഭവപ്പെടുന്നു. പ്രാദേശിക സംസ്‌കാരങ്ങളുടെ ഉത്‌പന്നങ്ങൾ-നാടൻകലകൾ മുതൽ നാടൻമരുന്നുകൾ വരെ- എല്ലായിടത്തും വിപണിയുടെ ഭാഗമായി വ്യാപിക്കുന്നു. അതേ സമയം പ്രാദേശിക ജനസമൂഹങ്ങളുടെ പ്രശ്‌നങ്ങൾ മുഴുവൻ സംസ്ഥാനത്തിന്റെ ശ്രദ്ധയ്‌ക്കു വിഷയീഭവിക്കാതെ വാർത്തകളുടെ പ്രാദേശികവത്‌ക്കരണത്തിലൂടെ തമസ്‌കരിക്കപ്പെടുന്നു.“ (എം.എൻ.വിജയൻ(ജന.എഡി.) 2000ഃ499). പ്രാദേശികമായി ഇറങ്ങുന്ന കോളേജ്‌ മാഗസിനുകളാകട്ടെ പലപ്പോഴും പ്രാദേശികപ്രശ്‌നങ്ങളെ കാണാതെയാണ്‌-ഒഴിവാക്കിയാണ്‌-അന്താരാഷ്‌ട്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്‌.

മാഗസിനുകളും വിവാദങ്ങളും

പ്രബന്ധത്തിൽ മുൻപ്‌ സൂചിപ്പിച്ചതുപോലെ ’80കളിൽ സമൂഹത്തിലെ മുഖ്യധാരാ പ്രവണതകൾക്കെതിരെ പ്രതികരിച്ച്‌ വിവാദമായ കോളേജ്‌ മാഗസിനുകൾ, അടുത്ത കാലത്ത്‌ വീണ്ടും ചില വിവാദങ്ങൾക്ക്‌ ഇടയാക്കി. സംസ്‌കൃത സർവ്വകലാശാല കാലടിയിലെ പ്രഥമ മാഗസിൻ-കാമ്പസ്‌ ഡോട്ട്‌ കോം-വിവാദമായത്‌ അശ്ലീല ചിത്രങ്ങളുടെ ആധിക്യം എന്നപേരിൽ ആയിരുന്നു. ഇത്‌ മറ്റ്‌ മാധ്യമങ്ങൾ ഏറ്റെടുത്തതുവഴി പുറംലോകം ഏറെ ശ്രദ്ധിക്കുകയും ചെയ്‌തു. അശ്ലീലചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്‌ സദാചാരവിരുദ്ധം എന്ന നിലയിലായിരുന്നു ഈ വിവാദം. എന്നാൽ ഈ രീതിയിലല്ല ഈ പ്രബന്ധം കാമ്പസ്‌ ഡോട്ട്‌ കോമിലെ വിവാദത്തെ കാണുന്നത്‌. ഈ വിവാദത്തെ ഒരു നാടകമായി കാണുകയും ലേഖനത്തിന്‌ അനുബന്ധമായി ചിത്രങ്ങൾ ചേർത്ത രീതിയിൽ തെറ്റില്ല എന്ന്‌ തറപ്പിച്ച്‌ പറയുകയും ചെയ്യുന്നു മാഗസിൻ എഡിറ്റർമാർ. (‘കിറ്റ്‌സ്‌ ഓഫ്‌ മൈ ഹൊറിസോൺ’ എന്ന മാഗസിനിലെ ‘വിവാദമാകുന്ന കാമ്പസ്‌ മാഗസിനുകൾ’ എന്ന ലേഖനത്തിൽ കാമ്പസ്‌ ഡോട്ട്‌ കോമിന്റെ സ്‌റ്റുഡന്റ്‌ എഡിറ്ററും സ്‌റ്റാഫ്‌ എഡിറ്ററും പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളിൽ.) എന്നാൽ ചിത്രങ്ങൾ ഉപയോഗിച്ച ലേഖനങ്ങളെ അവ എത്രമാത്രം സഹായിക്കുന്നു എന്ന പരിശോധനയിലൂടെ മാത്രമെ ഇതിനെക്കുറിച്ച്‌ നമുക്ക്‌ വ്യക്തമായ നിലപാടിലെത്താൻ കഴിയൂ.

ജനപ്രിയ സിനിമയെക്കുറിച്ചുളള ലേഖനത്തിന്റെ ഉളളടക്കം, അധികാരത്തിന്റെ സൂക്ഷ്‌മബലതന്ത്രങ്ങൾ നിർണ്ണയിക്കുന്ന സവിശേഷ ചരിത്ര പ്രത്യയശാസ്‌ത്ര പരിസരങ്ങളിലാണ്‌ സിനിമാപാഠം രൂപപ്പെടുക എന്ന്‌ സ്ഥാപിക്കുകയാണ്‌. ഇതിനായി അൾത്തൂസറിന്റെയും ഫുക്കോയുടെയും മറ്റും ഉൾക്കാഴ്‌ചകൾ ഉപയോഗിക്കുകയും ചെയ്യുന്നു. (കാമ്പസ്‌ ഡോട്ട്‌ കോം, 2000ഃ53-56). ഈ ലേഖനത്തിന്റെ പല ഭാഗങ്ങളിൽ ഒന്നായ ‘സ്‌ത്രീ കീഴാള വ്യക്തിത്വങ്ങൾ’ എന്ന തലക്കെട്ടിൽ, സ്‌ത്രീ പ്രതിനിധാനങ്ങളെക്കുറിച്ച്‌ പറയുന്നതിന്‌ സഹായകമാകുന്ന ചിത്രങ്ങളാണ്‌ വിവാദങ്ങളിലെ ഒരംശം. ഈ ചിത്രങ്ങൾ സിനിമകളിൽ സ്‌ത്രീ നഗ്നത ചൂഷണം ചെയ്യപ്പെടുന്നതിനെ കാണിക്കുന്നതാണ്‌. ലേഖനത്തിലെ മുഖ്യവിഷയം അല്ലായിരുന്നിട്ടും ഇതിനായി കൂടുതൽ ചിത്രങ്ങൾ ഉപയോഗിച്ചതിനു പിന്നിലെ ലക്ഷ്യം ലേഖനത്തെ ഗുണപരമായി സഹായിക്കുക എന്നതല്ല എന്ന്‌ വ്യക്തം. വിവാദത്തിന്‌ മറ്റൊരു കാരണം ‘സൈബർ സ്പേസിന്റെ ഇരുണ്ട മുഖം’ എന്ന ലേഖനത്തിനുപയോഗിച്ച ചിത്രങ്ങളാണ്‌. (കാമ്പസ്‌ ഡോട്ട്‌ കോം, 2000ഃ118-119). ലേഖനത്തിന്റെ ഉളളടക്കം സെക്‌സ്‌, കമ്പ്യൂട്ടർ സാങ്കേതികവിദ്യ എങ്ങനെയെല്ലാം ഉപയോഗിക്കുന്നു എന്നത്‌ മാത്രമാണ്‌. ”അനുദിനം വ്യാപകമായിക്കൊണ്ടിരിക്കുന്ന സൈബർ സെക്‌സിൽ നിന്ന്‌ യുവതലമുറയെ കൈപിടിച്ചുയർത്തേണ്ടത്‌ സാംസ്‌കാരിക സമൂഹത്തിന്റെ കർത്തവ്യമാണ്‌“ എന്ന്‌ പറഞ്ഞ്‌ അവസാനിക്കുന്ന ഈ ലേഖനമോ ഇതിന്റെ ലേഔട്ടോ ഈ കർത്തവ്യ നിർവ്വഹണത്തിന്‌ ഉപകരിക്കുന്ന വിധത്തിൽ ആയിരുന്നില്ല. ”മാദകരൂപങ്ങളെ ത്രിമാനതലത്തിൽ ദർശിക്കുകവഴി, സാധാരണ നഗ്ന ചിത്രങ്ങളിൽ നിന്നു ലഭിക്കുന്ന അനുഭൂതിയുടെ പതിന്മടങ്ങ്‌ ലഹരിയാണ്‌ പ്രേക്ഷകന്‌ ലഭിക്കുക“ എന്ന്‌ കോളത്തിൽ എഴുതി ഉദാഹരണമായി ചിത്രങ്ങൾ ചേർത്ത്‌ ഇവ ലഭിക്കുന്ന വിലാസങ്ങൾ കൂടി ചേർത്തിരിക്കുകയാണ്‌ ലേഖനത്തിൽ. ഇത്തരം പ്രവണതകൾ വിമർശിക്കപ്പെടേണ്ടത്‌ തന്നെയാണ്‌. ഇത്‌ കേവലം നഗ്നചിത്രങ്ങൾ ഉപയോഗിച്ചതിനെതിരെയുളള ‘കപട സദാചാര’മെന്നല്ല കാണേണ്ടത്‌. എന്നാൽ മാധ്യമങ്ങളിലൂടെ വന്ന വിവാദം ഇത്തരം വിലയിരുത്തലിന്റെ ഫലം ആയിരുന്നില്ല. ഇത്തരം വിവാദങ്ങൾക്കിടനൽകും വിധം മാഗസിൻ ചിട്ടപ്പെടുത്തുന്നതിലൂടെ മാഗസിനെക്കുറിച്ചുളള പരമ്പരാഗത സങ്കല്പങ്ങളിലോ വിദ്യാർത്ഥികളുടെ ‘സദാചാര’നിർവ്വചനത്തിലോ ഇടപെടുകയായിരുന്നു തങ്ങളുടെ ലക്ഷ്യം എന്ന വിശദീകരണം എഡിറ്റർമാർ ഉന്നയിക്കാത്തതിനാൽ (‘കിറ്റ്‌സ്‌ ഓഫ്‌ മൈ ഹൊറിസോണി’ൽ വന്ന ലേഖനത്തിൽ ഉളള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി പറയുന്നത്‌.)ഇതിനെ കേവലം വിവാദമുണ്ടാക്കി ശ്രദ്ധയാകർഷിക്കാനുളള ഒരു ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ. എന്നാൽ ഈ വിവാദവലയം മാഗസിനിലെ മറ്റ്‌ പ്രാധാന്യമുളള പല വിഷയങ്ങളെയും കുറിച്ചുളള ചർച്ചയ്‌ക്ക്‌ വഴിമുടക്കി എന്നതാണ്‌ വാസ്‌തവം.

ഇതിൽനിന്ന്‌ ഭിന്നമായ ഒരു വിവാദമാണ്‌ ‘ചെമ്പാവ്‌’ എന്ന മാഗസിൻ ഉയർത്തിയത്‌. ‘സംഘപരിവാർഃസ്വദേശിയും വിദേശിയും’ എന്ന ലേഖനമാണ്‌ ഇവിടെ ശ്രദ്ധിക്കപ്പെട്ടത്‌. (ചെമ്പാവ്‌-2000-‘01ഃ41). ഭിഷൻകപൂർ എന്ന പത്രപ്രവർത്തകൻ 1947-ൽ വെളിപ്പെടുത്തിയ വാജ്‌പേയിക്കെതിരായ ആരോപണം ലേഖനത്തിൽ എഴുതിയതാണ്‌ വിവാദത്തിന്‌ ഒരു കാരണം. മുകുന്ദൻ.സി.മേനോൻ എന്ന അറിയപ്പെടുന്ന പത്രപ്രവർത്തകൻ ചൂണ്ടിക്കാണിച്ച ഈ ആരോപണം മാഗസിനിൽ വന്നപ്പോൾ വിവാദമായി. ബ്രിട്ടീഷ്‌ വനനിയമത്തിനെതിരെ ജനങ്ങൾ നടത്തിയ സമരത്തിനെതിരെ മൊഴി കൊടുത്തത്‌ വാജ്‌പേയി ആയിരുന്നു എന്ന ഭിഷൻകപൂറിന്റെ വാദം വിദ്യാർത്ഥിശ്രദ്ധയിൽ എത്തിക്കുകയാണ്‌ ഈ ലേഖനം. ഈ വാദം തെറ്റാണെന്ന്‌ സ്ഥാപിക്കപ്പെടാത്തിടത്തോളം ഇത്‌ വളരെ പ്രസക്തമായ സംഗതിയുമാണ്‌. പ്രത്യേകിച്ച്‌ പ്രതിസ്ഥാനത്ത്‌ വരുന്ന പേര്‌ ഇന്ത്യൻ പ്രധാനമന്ത്രിയുടേത്‌ ആകുമ്പോൾ. അമേരിക്കയെ രക്ഷകനായി കാണുന്ന വിധത്തിലുളള ഗോൾവാൾക്കറുടെ പ്രസ്ഥാവനയും ആർ.എസ്‌.എസിനെ അമേരിക്കൻ പാദസേവകരെന്ന്‌ വിശേഷിപ്പിക്കാനുളള തെളിവുകളും ”ഇന്ന്‌ അമേരിക്കയെ പ്രീണിപ്പിക്കുന്ന കാര്യത്തിൽ ഗോൾവാൾക്കറുടെ അനുയായികളായ വാജ്‌പേയും അദ്വാനിയും വളരെ മുമ്പിലാണ്‌.“ (ചെമ്പാവ്‌ -2001ഃ42) എന്ന പ്രസ്ഥാവനയും മറ്റും വിവാദത്തിന്‌ ഇടനൽകി. ഇവിടെ ശ്രദ്ധിക്കേണ്ട വസ്‌തു ഈ ആരോപണങ്ങൾ ഒന്നുംതന്നെ മാഗസിൻ ഉന്നയിക്കുന്നതല്ല എന്നതാണ്‌. മുൻപ്‌ പല പ്രമുഖരും ഉന്നയിച്ചിട്ടുളളവ എടുത്തു ചേർക്കുക മാത്രമാണ്‌ ഈ ലേഖനത്തിൽ. എന്നാൽ ഇത്‌ ഏറെ വിവാദവും കോലാഹലങ്ങളും ഉണ്ടാക്കുന്നു. വളർന്നുവരുന്ന യുവതലമുറ ഇത്തരത്തിൽ ചിന്തിക്കുന്നതിനെ ഭയപ്പെടുന്ന ശക്തികളാണ്‌ വിവാദത്തിനു പിന്നിലെന്ന്‌ വ്യക്തം.

സംസ്‌കൃത സർവ്വകലാശാല കാലടിയിലെ രണ്ട്‌ വിവാദ മാഗസിനുകളെക്കുറിച്ചാണ്‌ ഇവിടെ ചർച്ചചെയ്‌തത്‌. പ്രബന്ധത്തിൽ മുൻപ്‌ സൂചിപ്പിച്ച ’ഗദ്ദിക‘ എന്ന മാഗസിനും അതിലെ ലേഖന സ്വഭാവത്താൽ വിവാദമായിരുന്നു. ’ആൾദൈവങ്ങളെ‘പ്പറ്റി മാഗസിനിൽ ലേഖനം വന്നത്‌ വിവാദമായിരുന്നു. പൊതുസമൂഹത്തിന്‌ എതിരായ പ്രവണതകളെ തുറന്നു കാണിക്കുകവഴി മാഗസിനുകൾ വിവാദമാകുന്നുവെങ്കിൽ ഇനിയും മാഗസിനുകൾ വിവാദമാകുകതന്നെ വേണം.

മാഗസിനുകളുടെ രാഷ്‌ട്രീയചായ്‌വുകൾ

മാഗസിനുകൾ പലപ്പോഴും ഒരു പ്രത്യേക ചട്ടക്കൂടിനകത്ത്‌ നിന്നാണ്‌ പുറത്തിറങ്ങുന്നത്‌. മാധ്യമരംഗത്തെ ’അജണ്ടാ സെറ്റിങ്ങ്‌‘ പോലെ ഇത്തരം മാഗസിനുകളുടെ ഉളളടക്കത്തിലും ലേഔട്ടിലുമെല്ലാം ഇതിന്റെ പ്രതിഫലനം കാണാവുന്നതാണ്‌. സ്ഥാപകരുടെയും പ്രിൻസിപ്പാളിന്റെയും മറ്റും ബഹുവർണ്ണ ചിത്രങ്ങൾ ആദ്യതാളുകളിൽ ഇടം പിടിക്കുന്ന പല മാഗസിനുകളും കാലങ്ങളായി ഈ പിടിയിലാണ്‌. ഉളളടക്കത്തിൽ പല നിയന്ത്രണങ്ങളും വയ്‌ക്കുകവഴി ക്രിസ്‌ത്യൻ മാനേജുമെന്റിൻ കീഴിൽ വരുന്ന വനിതാ കോളേജുകളിലെയും മറ്റും മാഗസിനുകൾ പലപ്പോഴും ആവർത്തിച്ച്‌ അച്ചടിക്കുന്ന പതിപ്പുകളായിത്തീരുന്നു.

ഇത്തരം ചട്ടക്കൂടുകൾക്ക്‌ വെളിയിലുളള മാഗസിനുകളാണ്‌ വ്യക്തമായ രാഷ്‌ട്രീയ നിലപാടുകൾ മുന്നോട്ടുവയ്‌ക്കുന്നത്‌. കക്ഷി രാഷ്‌ട്രീയത്തിന്റെ കളരിയിൽ നിന്ന്‌ വിജയിച്ചെത്തുന്നവരെ നിയന്ത്രിക്കാൻ പിന്നണിയിൽ പലരുമുണ്ടെന്നത്‌ വ്യക്തമാണ്‌. ഇത്‌ പലപ്പോഴും മാഗസിന്റെ സ്വതന്ത്രപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. എന്നാൽ ഇതിന്റെ ചില ഗുണവശങ്ങൾ അറിയിച്ചവയാണ്‌ ആദ്യകാല മാഗസിനുകൾ പലതും. സാമൂഹിക പ്രശ്‌നങ്ങൾക്കെതിരെ ശക്തമായ നിലപാടുകളെടുക്കാൻ ഈ മാഗസിനുകളെ പ്രേരിപ്പിച്ചത്‌ അതിനുപിന്നിലെ രാഷ്‌ട്രീയം തന്നെയാണ്‌.

’കേരളവർമ്മ ‘84ൽ ’പകയും ചുണയുമുളള പഴമണ്ണ്‌‘ (ഇത്‌ കയ്യൂർ-കരിവളളൂർ സമരങ്ങളുടെ ചരിത്രം പറയുന്നു) എന്ന ഫീച്ചർ, ഒരു നല്ല സിനിമയുടെ ഹൃദയരേഖകൾ (കയ്യൂരിനെക്കുറിച്ച്‌ സിനിമയുടെ സ്‌ക്രിപ്‌റ്റിന്റെ ഭാഗങ്ങൾ), എൻ.സി.ശേഖറുമായി അഭിമുഖം, തെലുങ്കാന നക്സൽബാരി-ഫീച്ചർ ഇതെല്ലാം മാഗസിന്റെ രാഷ്‌ട്രീയം വിളിച്ചറിയിക്കുന്നു. ’ചെമ്പാവ്‌‘ മാഗസിനിൽ വിവാദത്തിനിടയാക്കിയ ലേഖനം പ്രസിദ്ധീകരിക്കാൻ അതിന്‌ പിന്നിലെ രാഷ്‌ട്രീയം പ്രധാന ഘടകമാണെന്നത്‌ വ്യക്തമാണല്ലോ.

”അഭിപ്രായസ്വതന്ത്ര്യം’ എന്ന ആശയം ഒരു പ്രഹസനമായി നിലനിൽക്കുമ്പോൾ വ്യക്തമായ രാഷ്‌ട്രീയ നിലപാടുകൾ പുലർത്തുന്ന മാഗസിനുകളാണ്‌ പലപ്പോഴും സാമൂഹികപ്രശ്‌നങ്ങൾക്കെതിരെ പ്രതികരിക്കുന്നതിന്‌ തയ്യാറായിട്ടുളളത്‌.

വായന കാഴ്‌ചയാകുമ്പോൾ

ദൃശ്യമാധ്യമ സംസ്‌കാരം അച്ചടി മാധ്യമരംഗത്ത്‌ വരുത്തിയ മാറ്റത്തിന്റെ പ്രതിഫലനം ഇന്ന്‌ കോളേജ്‌ മാഗസിനുകളിലും കാണാവുന്നതാണ്‌. മാഗസിനുകൾ പലപ്പോഴും കാഴ്‌ചയ്‌ക്കുളള ഉപാധിയായിത്തീരുന്നു. സാങ്കേതികതയുടെ വളർച്ചയിലൂടെ ലേ ഔട്ടിൽ വന്ന മാറ്റമാണ്‌ ഇതിന്‌ പ്രധാന കാരണം. കഴിയുന്നത്ര ചിത്രങ്ങൾ ഉപയോഗിച്ച്‌ വായനക്കാരിൽ താത്‌പര്യം ഉണ്ടാക്കാൻ ശ്രമിക്കുന്നു പലപ്പോഴും ലേ ഔട്ടിലൂടെ. ഇത്‌ ഒരു പൊയ്‌ക്കാഴ്‌ചയുടെ അനുഭവമായി മാഗസിൻ മാറുന്നതിന്‌ ഇടയാക്കുന്നു. കാമ്പസ്‌ ഡോട്ട്‌ കോം, കിറ്റ്‌സ്‌ ഓഫ്‌ മൈ ഹൊറിസോൺ, ദി മെസഞ്ചർ തുടങ്ങിയ മാഗസിനുകളുടെ ലേഔട്ടിൽ പലയിടത്തും ചിത്രങ്ങളുടെ അതിപ്രസരം കാണാവുന്നതാണ്‌. ഉളളടക്കം ചിത്രത്തിൽ ലയിച്ച്‌ പോകുന്നു പലപ്പോഴും. ഉളളടക്കത്തിന്റെ സാധൂകരണത്തിനും വിശദീകരണത്തിനുമായി ചിത്രങ്ങൾ ഉപയോഗിച്ചിരുന്ന രീതിയിൽ നിന്ന്‌ വ്യത്യസ്തമായി ഇന്ന്‌, കേവലം ആകർഷണവും സൗന്ദര്യവും മാത്രം ലക്ഷ്യം വച്ചാണ്‌ പലപ്പോഴും ചിത്രങ്ങൾ ഉപയോഗിക്കുന്നത്‌. ഇതിൽനിന്ന്‌ മാറി ഒരു ആശയദൗത്യം ഉൾക്കൊളളുന്ന വിധത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത്‌ ഇന്ന്‌ അപൂർവ്വമാണ്‌.

സമൂഹത്തിൽനിന്ന്‌ അകലുന്ന കോളേജ്‌ മാഗസിനുകൾ

അച്ചടിയുടെയും പത്രങ്ങളുടെയും ചരിത്രത്തെക്കുറിച്ച്‌ പറയുന്ന സന്ദർഭത്തിൽ ഇ.വി.രാമകൃഷ്‌ണൻ പറയുന്നു, “പത്രങ്ങൾ സ്ഥാപനവത്‌ക്കരിക്കപ്പെട്ടതോടെ അവ പൊതുജനങ്ങളിൽ നിന്നകന്നു. പൊതുജന മാധ്യമമെന്ന നിലവിട്ട്‌ അവ വെറും മാധ്യമങ്ങൾ മാത്രമായി സമൂഹത്തിലിടപ്പെടാൻ അവയ്‌ക്കുളള കഴിവ്‌ ഇതോടെ കുറഞ്ഞു.” (എം.എൻ.വിജയൻ (ജന.എഡി.)2000ഃ498). ഇതേ പ്രശ്‌നങ്ങൾ മാഗസിനുകളിലും മറ്റൊരുവിധത്തിൽ ആവർത്തിക്കുന്നു. ഇവിടെ കോളേജ്‌ അധികൃതരുടെയും മറ്റും ഇടപെടലുകളാണ്‌ മാഗസിനുകളെ സ്ഥാപനവത്‌ക്കരിക്കുന്നത്‌. തങ്ങളുടെ സ്ഥാപനത്തിൽനിന്ന്‌ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണത്തെക്കുറിച്ച്‌ ഇവർക്കുളള മുൻവിധികൾ പലപ്പോഴും പുരോഗമനപരം ആയിരിക്കുകയില്ല. ഇതുവഴി സമൂഹത്തിലെ മുഖ്യധാരാ പ്രവണതകൾക്കെതിരായി ശബ്‌ദമുയർത്താൻ മാഗസിനുകൾക്ക്‌ കഴിയാതെ വരുന്നു. ഇതിലൂടെ മാഗസിൻ അതിന്റെ ദൗത്യങ്ങളിൽനിന്ന്‌ മാത്രമല്ല സമൂഹത്തിൽ നിന്നുതന്നെ അകന്നുപോകുന്നു. ഇത്തരം ചട്ടകൂടുകളെ ലംഘിച്ച്‌ മുഖ്യധാരാപ്രവണതകൾക്കെതിരെ പ്രതികരിച്ചവയാണ്‌ ശ്രദ്ധേയമായ മാഗസിനുകൾ പലതും.

മാഗസിന്റെ സമൂഹത്തിൽ നിന്നുളള അകൽച്ചയ്‌ക്ക്‌ മറ്റൊരു കാരണമാകുന്നത്‌ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്റെ വളർച്ചയാണ്‌. കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറുകളെക്കുറിച്ച്‌ പഠിക്കുന്നവൻ പുറത്തിറക്കുന്ന മാഗസിൻ അതിനെക്കുറിച്ച്‌ മാത്രമാകുന്നു. അങ്ങനെ ആ മാഗസിൻ ഒരു തുരുത്തിൽ അകപ്പെടുന്നു. ഇങ്ങനെ വിദ്യാഭ്യാസം വ്യത്യസ്ത തുരുത്തുകളാവുകയും ഇവ തമ്മിൽ പരസ്പരം സഹകരിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഇവിടെ നഷ്‌ടങ്ങൾ പലതും ഉണ്ടാകാതെ വയ്യല്ലോ.

മാഗസിൻ രംഗത്ത്‌ ഇന്ന്‌ വളർന്നു വന്നിട്ടുളള മത്‌സരം ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്‌. ഇത്‌ മാഗസിനുകളുടെ ക്രമങ്ങളെ വളരെ സ്വാധീനിക്കുന്നതായി കാണുന്നു. വാണിജ്യവത്‌ക്കരണം സമസ്ത മേഖലകളിലും പിടിമുറുക്കുന്ന നമ്മുടെ നാട്ടിൽ കോളേജ്‌ മാഗസിനുകളും ആ നിലയിലേയ്‌ക്ക്‌ മാറുന്നു ഇതുവഴി. കേവലം മത്സരത്തിനുളള ഉപാധി എന്ന നിലയിൽ ‘പടച്ചുവയ്‌ക്കുന്ന’ ഒന്നാകുമ്പോൾ ഒരു മാഗസിനിൽ വേണ്ടതു പലതും ഇല്ലാതെ പോകുന്നു. ഇത്തരം മത്സരങ്ങളൊരുക്കുന്ന മാധ്യമകുത്തകകളുടേതുപോലെ “പ്രൊഫഷണൽ ലേ ഔട്ടി‘ന്‌ ശ്രമിക്കുന്നതിലൂടെ മാഗസിനുകൾ ചിലപ്പോഴെങ്കിലും നിലവാരത്തിൽ പുറകോട്ടാണ്‌ പോകുന്നത്‌. പുറത്തുനിന്നുളള എഴുത്തുകാരെ ഒഴിവാക്കണമെന്ന അവാർഡ്‌ നിർണ്ണയകമ്മിറ്റിയുടെ അഭിപ്രായം (2000 ഫെബ്രുവരി 28ലെ മാതൃഭൂമി (കൊച്ചി) ദിനപ്പത്രത്തിൽ വന്ന മാഗസിൻ അവാർഡ്‌ നിർണ്ണയകമ്മിറ്റിയുടെ അഭിപ്രായങ്ങൾ ആണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌.)വിദ്യാർത്ഥികൾക്ക്‌ ലഭിക്കേണ്ട പല അറിവുകളിലും നിന്ന്‌ മുഖം തിരിക്കാൻ ഇടവരുത്തുന്നു. ഇന്ന്‌ ശ്രദ്ധിക്കപ്പെടുന്ന പല മാഗസിനുകളിലും പുറമെ നിന്നുളളവരുടെ സ്വാധീനം പ്രകടമാണ്‌. വിദ്യാർത്ഥികൾക്ക്‌ മാഗസിനുകളിൽ അവസരം കുറയാൻ ഇടയാകരുത്‌ എന്നതിനാൽ ഈ അഭിപ്രായം പ്രസക്തമാണ്‌. എന്നാൽ, ചില വിട്ടുവീഴ്‌ചകൾക്കുളള ഇടം ഇത്തരം കമ്മറ്റികൾ ഇല്ലാതാക്കുന്നു. അതുപോലെ തന്നെ ഇവരുടെ മറ്റൊരു നിർദ്ദേശം വിഷയവൈവിധ്യമാണ്‌. ”സാഹിത്യവിഷയങ്ങളോടൊപ്പം ശാസ്‌ത്രം, സാമൂഹികശാസ്‌ത്രം, തത്വശാസ്‌ത്രം, ചരിത്രം എന്നിങ്ങനെ നാനാതരം വിഷയങ്ങളുമായി ബന്ധപ്പെട്ട സൃഷ്‌ടികൾ ഉൾക്കൊണ്ടാൽ മാത്രമേ മാഗസിൻ ആകർഷകമാകൂ.“ (മാതൃഭൂമി ദിനപ്പത്രം (കൊച്ചി), 2000 ഫെബ്രുവരി 28 പേജ്‌ ഃ10) ഇത്തരം നിർദ്ദേശങ്ങളിലൂടെ വിഷയവൈവിധ്യം തേടിപോകുന്ന മാഗസിനുകൾ പല അപൂർണ്ണതകൾ ഉൾക്കൊളളുന്ന ഒരു ’കൊളാഷ്‌‘ ആയി മാറുന്നു. അതുകൊണ്ടുതന്നെ വ്യക്തമായ ഒരു നിലപാട്‌ മുന്നോട്ടു വയ്‌ക്കാൻ ഇവയ്‌ക്ക്‌ കഴിയുന്നുമില്ല.

ഉപസംഹാരം

സമകാലിക-പ്രാദേശിക പ്രശ്‌നങ്ങളിൽ വേണ്ടത്ര ഇടപെടലുകൾ നടത്താതെയും വിമർശിക്കപ്പെടേണ്ട പലതും കണ്ടില്ലെന്ന്‌ നടിച്ചും പുറത്തിറങ്ങുന്നവയാണ്‌ ഇന്നത്തെ മാഗസിനുകൾ അധികവും. വിദ്യാർത്ഥികൾക്ക്‌ തങ്ങളുടെ സാഹിത്യസൃഷ്‌ടികൾ നിരത്തി രംഗത്തിറങ്ങാൻ സഹായകമാകുന്നു ഇവ എന്നത്‌ മാത്രം ഒരു പ്രധാന ഗുണവശമായിത്തീരുന്നു. എന്നാൽ ഇന്നത്തെ മാഗസിനുകൾ ഇവിടെയും പക്ഷപാതം പുലർത്തുന്നു. സാഹിത്യവിഷയങ്ങളും പലപ്പോഴും ആഗോളപ്രശ്‌നങ്ങൾക്കിടയിൽ മാറ്റി നിർത്തപ്പെടുന്നു. ആദ്യകാലങ്ങളിൽ മാഗസിനുകൾ വിഷയങ്ങളെ അതാതിന്റെ പ്രാധാന്യത്തിൽ പരിഗണിച്ചിരുന്നതിൽനിന്ന്‌ ഭിന്നമാണ്‌ ഇന്നത്തെ അവസ്ഥ. ഇത്തരം പ്രശ്‌നങ്ങൾക്കിടയിലും ചില മാഗസിനുകൾ പ്രതീക്ഷയ്‌ക്ക്‌ വക നൽകുന്നുണ്ട്‌. സമൂഹത്തിലെ മുഖ്യധാരാ പ്രവണതകൾക്ക്‌ എതിരായി പ്രതികരിക്കുകവഴി വിവാദമാകുന്ന ഇത്തരം മാഗസിനുകൾ അതാത്‌ കലാലയങ്ങളുടെ ചുവരുകൾക്ക്‌ പുറത്തും ചർച്ച ചെയ്യപ്പെടുകയും അറിയപ്പെടുകയും ചെയ്യുന്നത്‌ സ്വാഗതാർഹമാണ്‌.

Generated from archived content: aug23_essay.html Author: athman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here