വൈറ്റ്കോളര്‍ ജോലി വേണോ കൈനിറയെ ശമ്പളം വേണോ?

ജാതിഭൂതങ്ങളും ഭൂരിപക്ഷ – ന്യൂനപക്ഷ വേര്‍തിരിവുകളും മറയെല്ലാം നീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനിയുള്ള വിദ്യാഭ്യാസ നയത്തിലും ജോലി – ശമ്പള കാര്യത്തിലും സമൂല പരിവര്‍ത്തനം നടത്തിയെങ്കില്‍ മാത്രമേ അടുത്ത തലമുറയെങ്കിലും സോദരത്വേന വാഴുന്ന മാതൃകാ സംസ്ഥാനമായി കേരളം മാറുകയുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും അധികാര ഉദ്യോഗ നിയമനങ്ങളിലും ഭൂരിപക്ഷ – ന്യൂനപക്ഷ സംവരണങ്ങള്‍ക്ക് പകരം സേവന തല്‍പ്പരതര്‍ക്കും ഹൃദയപര‍തയ്ക്കും മുന്‍ഗണന നല്‍കുകയാണെങ്കില്‍ സ്വാശ്രയ യുദ്ധങ്ങളോ ഡോക്ടറുമാരുടെയും നഴ്സുമാരുടേയും സമരങ്ങളോ ഇനിമേല്‍ ഉണ്ടാവുകയില്ല. തന്നെ പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കള്‍ ഉള്‍പ്പെടുന്നവര്‍ ജീവിക്കുന്ന ഗ്രാമങ്ങളില്‍ ജോലി ചെയ്യില്ലെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വാദിക്കുകയില്ല.

ആദ്യമായി സര്‍ക്കാര്‍ ജോലികളെ രണ്ടായി തിരിക്കണം . ഒന്ന്, ഉയര്‍ന്ന ശമ്പളം നേടാനുള്ളവര്‍ക്കുള്ള ജോലി . രണ്ട്, മനുഷ്യ സ്നേഹ – ക്ഷേമത്തിലധിഷ്ഠിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ജോലി. ഉദാഹരണത്തിന് , ഏറ്റവും കൂടുതല്‍ ശാരീരിക അദ്ധ്വാനവും നിലവാരം കുറഞ്ഞതും ജനസമ്പര്‍ക്കം കൂടിയതുമായ ജോലികള്‍ക്ക് ഉയര്‍ന്ന ശമ്പളവും , ഉയര്‍ന്ന നിലവാരമുള്ളതും, മെയ്യനങ്ങാത്തതും, വിയര്‍പ്പ് പൊടിയാത്തതുമായ ജോലികള്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം കൊടുക്കുക. ഒരു ഹോസ്പ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്ന ശമ്പളം , ഏറ്റവും കൂടുതല്‍ രോഗികളെ പരിചരിക്കുന്ന നഴ്സുമാര്‍ക്കും , തൂപ്പുകാര്‍ക്കും, കാന്റീന്‍ ജോലിക്കാര്‍ക്കും മറ്റും കൊടുക്കുക. കൃഷിഭവനിലെ ഓഫീസര്‍ക്ക് കൊടുക്കുന്ന ശമ്പളം, കൃഷിയിടങ്ങള്‍ കണ്ടും, കര്‍ഷകരെ നേരിട്ട് സഹായിച്ചും മണ്ണീനോട് ബന്ധം സ്ഥാപിക്കുന്ന ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് കൊടുക്കുക. പോസ്റ്റ് മാസ്റ്ററുടെ ശമ്പളം പോസ്റ്റ്മാനും , വില്ലേജ് ഓഫീസറുടെ ശമ്പളം , കാട്ടിലും തോട്ടിലും കേറിയിറങ്ങി സ്ഥലവും വീടും അളക്കുന്ന ജോലിക്കാര്‍ക്കും കൊടുക്കുക. പ്യൂണ്മാര്‍ക്കും അടിച്ചുവാ‍രുന്നവര്‍ക്കും അതത് സ്ഥാപനങ്ങളിലെ ഉയര്‍ന്ന ശമ്പളവും , ശീതീകരണ മുറിയിലിരുന്നു ഉറങ്ങുമ്പോള്‍ മുമ്പിലേക്ക് എത്തുന്ന വൃദ്ധ ജനങ്ങളോട് പോലും , കോട്ടുവാ ഇട്ട് , ‘ നാളെ വാ’ എന്നു പറയുന്നവര്‍ക്കും , തൊട്ടടുത്തിരിക്കുന്ന ആളിലേക്ക് ആംഗ്യഭാഷയില്‍ തട്ടി വിട്ട് , ഇടക്കിടെ വാച്ചിലേക്ക് നോക്കി മേശപ്പുറത്തെ ഫയല്‍ കെട്ടുകള്‍ ചുവപ്പ് നാടകൊണ്ട് ഒന്നുകൂടി മുറുക്കി കെട്ടുന്നവര്‍ക്കും ഏറ്റവും കുറഞ്ഞ ശമ്പളവും കൊടുക്കുക. ജോലി നിലവാരം കുറഞ്ഞാലും ശമ്പള വര്‍ദ്ധനവുണ്ടാകുമ്പോള്‍ പണം മോഹികളെല്ലാം ആ വഴിക്കു പോകും – ഇല്ലെങ്കില്‍ വിടണം . ജോലിയോടൊപ്പം മനുഷ്യ സേവന രാജ്യ താ‍ത്പര്യമുള്ളവര്‍ മാത്രമേ ഈ വഴിക്ക് വരൂ.

വൈറ്റ്കോളര്‍ പദവിയും ഉയര്‍ന്ന ശമ്പളവും കൈക്കൂലി വാങ്ങാനുള്ള സാഹചര്യവും ഒരേ ജോലിയില്‍ നിറഞ്ഞാടുന്നതുകൊണ്ടാണ് രക്ഷകര്‍ത്താക്കള്‍ മക്കളുടെ കൈ പിടിച്ച് സ്വാശ്രയ കേന്ദ്രങ്ങളിലേക്കും ഹൈട്ടെക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മാരത്തോണ്‍ ഓട്ടം നടത്തിക്കൊണ്ടിരിക്കുന്നത്.

ഉദ്യോഗസ്ഥ തലങ്ങളിലെ ചൂഷണവും അവഗണനയും കൈക്കൂലിയും അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് , ഒരു വിദ്യാര്‍ത്ഥി അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥി ലക്ഷ്യമിടുന്നത് സേവനമാണോ വേതനമാണോ എന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള വിദ്യാഭ്യാസവും ജോലിയും നല്‍കുക എന്നതാണ്. സേവന തത്പരത കാണിക്കുന്ന വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും , യോഗ്യത നേടിയാല്‍ ജോലി ഉറപ്പ് നല്‍കുകയും ചെയ്യുക. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നവര്‍ക്ക് പിന്നീട് ജോലി നല്‍കാതിരിക്കുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുക. ലോണെടുത്തോ മറ്റോ ലക്ഷങ്ങള്‍ മുടക്കാതേയും അവിഹിത പണ സമ്പാദന മോഹങ്ങളില്ലാതെയും ഉണ്ടായ ഒരു ഡോക്ടറുടേയോ അധികാരിയുടേയോ ഓഫീസ് മേധാവിയുടേയോ അടുത്തേക്ക് ഒരു സാധാരണക്കാരന് നിര്‍ഭയം കടന്നു ചെന്നു തന്റെ വിഷമങ്ങള്‍ അറിയിക്കാനാകും. ബാങ്കധികൃതരുടെ പ്രഹസനം മൂലം ,ലോണേടുക്കേണ്ടയാള്‍ രണ്ടോ മൂന്നോ തവണ കുടിക്കട സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടി വരികയോ രജിസ്റ്റര്‍ ഓഫീസിലെ ജീവനക്കാരും ആധാരമെഴുത്തുകാരും തമ്മിലുള്ള ലിങ്ക് കാരണം , കുടിക്കട സര്‍ട്ടിഫിക്കറ്റിന് മൂന്നു നാലിരട്ടി ഫീസ് കൊടുക്കേണ്ടി വരികയോ ഇല്ല. പോലീസിലെ ക്രിമിനലുകളെ നിവാരണം ചെയ്യുന്ന പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള അന്വേഷണം നടത്തലും. അത്തരക്കാര്‍ക്ക് സാധാരണക്കാരില്‍ എത്തുന്നത് ഓരോ വകുപ്പുകളിലെയും ഉദ്യോഗസ്ഥരിലൂടെയാണ്.

ഡോക്ടര്‍, ജഡ്ജിമാര്‍, കോളേജ് അദ്ധ്യാപകര്‍ , വില്ലേജ് – അഗ്രികള്‍ച്ചര്‍ – ട്രാന്‍സ്പോര്‍ട്ട് – പാ‍സ്പ്പോര്‍ട്ട് ഓഫീസര്‍ തുടങ്ങിയ ജോലി നേടാനുള്ള വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കുക . സര്‍ക്കാര്‍ ചെലവില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാല്‍ സ്വകാര്യ സ്ഥാപനങ്ങളിലോ വിദേശത്തോ ജോലിക്കു പോകുന്നത് കര്‍ശനമായി തടയുക. വൈറ്റ്കോളര്‍ ജോലിയാണോ ഉയര്‍ന്ന ശമ്പളമാണോ ഉന്നം വയ്ക്കുന്നത് എന്നതിനനുസരിച്ചുള്ള ജോലിയും ശമ്പളവും കൊടുക്കുക. പഠനചെലവ് കുറവോ സൗജന്യമോ ആകുമ്പോള്‍ ശമ്പളക്കുറവ് പ്രശ്നമാകില്ല . ഇടക്കു വച്ചു ശമ്പളവര്‍ദ്ധനവിന് ആഗ്രഹിക്കുന്നവരെ നിലവാരം കുറഞ്ഞ ജോലിയിലേക്ക് പ്രമോട്ട് ചെയ്തു വിടാം. ( സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനസേവകരാണോ സ്വയം സേവകരാണോ എന്ന് മനസിലാക്കാനുള്ള അവസരം കൂടിയാണിത്. അടുത്തിടെ , ലണ്ടനിലെ ഒരു ഡോക്ടര്‍ തന്റെ ആതുര സേവനം ഉപേക്ഷിച്ച് പ്ലമ്പറുടെ ജോലി സ്വീകരിച്ചതും അതിനുശേഷം കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്ന് ആത്മഹര്‍ഷം കൊണ്ടതും ഇവിടെ ഓര്‍ക്കുക)

ലക്ഷങ്ങളും കോടികളും ചെലവിട്ടു ഡോക്ടര്‍‍ എന്ന വിളിപ്പേരില്‍ ഭൂമിയിലേക്കിറങ്ങി വരുന്ന പണക്കൊയ്ത്തു യന്ത്രങ്ങള്‍ തങ്ങളുടെ മുടക്കുമുതലും പലിശയും ശമ്പളവും ഒന്നിച്ചു തിരിച്ചു പിടിച്ച് ആര്‍ഭാടമായി ജീവിക്കാനുള്ള മത്സരയോട്ടത്തില്‍ , മുന്നില്‍ വന്നുപെടുന്ന ഇരകളുടെ കിഡ്നി മോഷണവും , ഓപ്പറേഷന്‍, സിസേറിയന്‍ , സ്കാനിംഗ്, എക്സറേ , ഇ. സി. ജി കള്‍ നടത്തി കമ്മീഷനും കൈക്കൂലി പറ്റലും മരുന്ന് കമ്പനികളുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും സ്വീകരിച്ച് പാവപ്പെട്ട രോഗികളുടെ മേല്‍ ഇംഗ്ലീഷ് മരുന്നുകളുടെ പരീക്ഷണം നടത്തലും നിഷ്ക്കരുണം തുടര്‍ന്നു കൊണ്ടേയിരിക്കും. അന്നത്തിന് വേണ്ടിയോ വെള്ളത്തിന് വേണ്ടിയോ അല്ല, തന്റെ ശരീരത്തില്‍ ഡോക്ടര്‍ എന്താണ് ചെയ്യുന്നതെന്നറിയാത്ത രോഗിയുടെ ജീവന്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യമേഖലയെങ്കിലും ‘ പണമിടപാട്’ സ്ഥാപനമാക്കാതിരിക്കാനുള്ള യുദ്ധത്തിനായിരിക്കണം ഇനി നാം സജ്ജമായിരിക്കേണ്ടത്.

Generated from archived content: essay3_may31_12.html Author: at_ashraf_karuvarakundu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here