ലോകപ്രശസ്ത നോവലിസ്റ്റും ‘കുറ്റവും ശിക്ഷയും ‘ , ‘ നിന്ദിതരും പീഡിതരും ‘ എന്നീ നോവലുകളുടെ കര്‍ത്താവുമായ ഫ്യോര്‍ദോര്‍ ഡോസ്റ്റെയേവ്സ്കി ( Fydor Dostovsky 1821 – 1881) ജീവിതാന്ത്യത്തോടെ യഥാര്‍ത്ഥ മത വിശ്വാസിയാകാന്‍ ശ്രമിച്ചിരുന്നു. മരണക്കിടക്കയില്‍ വെച്ച് മകന്‍ ഫയറോദിന് ബൈബിള്‍ നല്‍കിക്കൊണ്ട് , ജീവിതാന്ത്യം വരെ ദൈവത്തെ തിരസ്ക്കരിക്കരുതേ എന്നുപദേശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ‘ The brothers Karamazov ‘ -ല്‍ , ഭൂമിയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാന്‍ വേണ്ടി യേശു വരുന്ന ഒരു രംഗമുണ്ട് :
യേശു ഓര്‍ക്കുകയാണ് …
ഭൂമിയിലിപ്പോള്‍ പകുതിയിലേറെയും ക്രിസ്ത്യാനികളായതുകൊണ്ട് താന്‍ വളരെയേറെ സ്വീകരിക്കപ്പെടും, പണ്ട് കൃസ്ത്യാനികള്‍ കുറവായിരുന്നത് കൊണ്ട് ആളുകള്‍ തനിക്കെതിരായിരുന്നു , അന്നത്തെ ജൂതന്മാരാകട്ടെ , തന്നെ കൊല്ലുകയും ചെയ്തു…
അങ്ങിനെ , പ്രതീക്ഷകള്‍ നിറഞ്ഞ ഒരു ഞായറാഴ്ച രാവിലെ ബത് ലഹേമില്‍ ഇറങ്ങുന്നു. വിശ്വാസികളെല്ലാം പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെയിരിക്കുമ്പോള്‍ ആളുകള്‍ യേശുവിന് ചുറ്റും കൂടുന്നു. ചിരിക്കുന്നു. പരിഹസിക്കുന്നു….” നിങ്ങള്‍ വളരെ നന്നായി അഭിനയിക്കുന്നുണ്ട് . നിങ്ങള്‍ യേശുവിനെ പോലെയിരിക്കുന്നു” എന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ പറയുമ്പോള്‍ , യേശു : “ഞാന്‍ യേശു തന്നെയാണ് ” അപ്പോഴവര്‍ ചിരിച്ചുകൊണ്ട് പറയുന്നു : ” യേശു ഒരാള്‍ മാത്രമേയുള്ളൂ . നിങ്ങളെ ജീസസ് എന്ന് വിളിക്കുന്നത് ദൈവ നിന്ദയാണ്. പുരോഹിതന്‍മാര്‍ വരുന്നതിന് മുന്‍പ് നിങ്ങളിവിടെ നിന്ന് രക്ഷപ്പെടുകയായിരിക്കും നല്ലത് ” യേശു ഗദ്ഗദത്തോടെ പറഞ്ഞു : ” സാധാരണക്കാരായത് കൊണ്ട് നിങ്ങള്‍ക്കെന്നെ മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ പുരോഹിതന്‍ വരട്ടെ. അയാളെങ്കിലും എന്നെ തിരിച്ചറിയും. നിങ്ങള്‍ കാണാം “
ജനക്കൂട്ടം ചിരി തുടങ്ങി ; പരിഹാസവും. ” ഇവിടെ നിന്ന് ഉടന്‍ പുറപ്പെടുകയാണ് നിങ്ങള്‍ക്ക് നല്ലത്. അല്ലെങ്കില്‍ കുഴപ്പത്തില്‍ ചെന്ന് ചാടും ” എന്ന് ഒരാള്‍ പറയുമ്പോള്‍ പുരോഹിതന്‍ അവിടേക്ക് വന്നു. യേശുവിനെ പരിഹസിച്ചുകൊണ്ടിരുന്നവര്‍ പുരോഹിതന്‍റെ കാലുപിടിച്ച് വന്ദിക്കുകയും ഭയഭക്തിയോടെ വഴിയൊരുക്കി കൊടുക്കുകയും ചെയ്തു. പുരോഹിതന്‍ യേശുവിനോട് താഴേക്കിറങ്ങി വന്ന് പള്ളിയിലേക്ക് തന്നെ അനുഗമിക്കാന്‍ പറഞ്ഞു.. ” നിങ്ങള്‍ക്ക് ഭ്രാന്ത് പിടിച്ചോ ? നിങ്ങള്‍ക്ക് എന്താണ് വേണ്ടത് ? ” എന്നൊക്കെ പുരോഹിതന്‍ പിറുപിറുക്കുന്നുമുണ്ടായിരുന്നു . യേശു ചോദിച്ചു : ” നിങ്ങള്‍ക്കുമെന്നെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലേ ? “
യേശുവിനെ പള്ളിക്കകത്തെ ഒരു ഇരുട്ടറയില്‍ കൊണ്ട് വിട്ട് കതക് പൂട്ടി സ്ഥലം വിട്ട പുരോഹിതന്‍ തിരിച്ചു വരുന്നത് വരെ യേശു പലതും ചിന്തിച്ചുകൊണ്ടിരുന്നു… എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത് ..തന്റെ ആളുകളായ ക്രിസ്ത്യാനികളാല്‍ തന്നെ വീണ്ടും ക്രൂശിക്കപ്പെടുമോ ? അര്‍ദ്ധരാത്രി, പുരോഹിതന്‍ ഒരു ചെറിയ വിളക്കുമായി വന്ന് യേശുവിന്റെ മുമ്പില്‍ മുട്ടുകുത്തികൊണ്ട് പറഞ്ഞു : ” ഞാന്‍ നിങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ , നിങ്ങളുടെ ആവശ്യം ഒട്ടുംതന്നെ ഇവിടെ ഇല്ല. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്തു കഴിഞ്ഞു. നിങ്ങള്‍ വീണ്ടും വരികയാണെങ്കില്‍ സകല കാര്യങ്ങളും കുഴപ്പത്തിലാകും ” യേശു പറഞ്ഞു : ” എന്നാലും നിങ്ങളെന്നെ തിരിച്ചറിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട് ” ” ശരിയാണ്. ഞാന്‍ തനിച്ചായിരിക്കുമ്പോള്‍ എനിക്ക് നിങ്ങളെ തിരിച്ചറിയാനാകും. പക്ഷേ , ആള്‍ക്കൂട്ടത്തിലായിരിക്കുമ്പോള്‍ എനിക്ക് നിങ്ങളെ തിരിച്ചറിയാനേ കഴിയില്ല. പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തന്നെയാണ് പുറപ്പാടെങ്കില്‍ പണ്ട് ജൂതന്മാര്‍ ചെയ്തത് പോലെ…. സ്വര്‍ഗത്തില്‍ താമസിക്കുന്ന നിങ്ങള്‍ അവിടെയിരുന്ന് ആസ്വദിക്കുക. ഞങ്ങള്‍ ഇവിടെയും ആസ്വദിച്ചുകൊള്ളട്ടെ …”
തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യമെന്ന വിയര്‍പ്പുഗന്ധമുള്ള തന്റെ സിദ്ധാന്തത്തെ ഉപയോഗപ്പെടുത്തി അധികാരത്തിലേറിയ ശേഷം തൊഴിലാളികളെ നിഗ്രഹിക്കുകയും യഥാര്‍ത്ഥ കമ്യുണിസ്റ്റ്കളെ കൊന്നൊടുക്കുകയും മുതലാളിത്ത രാജ്യമായ അമേരിക്കയെ പുണരുകയും ചെയ്യുന്ന ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് ആസ്ഥാനത്തേക്ക് കാറല്‍ മാര്‍ക്സ് വന്നാലും , മദ്യം വിഷമാണെന്ന് പഠിപ്പിക്കുകയും മദ്യവിപത്തിനെതിരെ നിരന്തരം പോരാടുകയും ചെയ്തിരുന്ന മഹാത്മാഗാന്ധി , കഞ്ഞിയുടെ ബലത്തില്‍ ഖദര്‍ നില്‍ക്കുന്നതുപോലെ , തന്റെ രക്താസാക്ഷിത്വം വിറ്റ് കിട്ടിയ ആദര്‍ശത്തിന്റെ ബലത്തില്‍ മദ്യ ഗന്ധമുള്ള ഭരണം നടത്തുകയും കിംഗ് ഫിഷര്‍ എന്ന ബിയര്‍ കമ്പനിക്ക് ഉണ്ടായ നഷ്ടം എഴുതി തള്ളുകയും ചെയ്ത മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി ഇരിക്കുന്ന കോണ്ഗ്രസ് ആസ്ഥാനത്തേക്ക് മഹാത്മാഗാന്ധി വന്നാലും യേശുവിന്റെ അനുഭവം തന്നെ ആയിരിക്കില്ലേ ഉണ്ടാവുക ?
Generated from archived content: essay3_apr9_14.html Author: at_ashraf_karuvarakundu
Click this button or press Ctrl+G to toggle between Malayalam and English