ചരിത്രകാരന്മാരുടെ ശ്രമകരമായ ഗവേഷണങ്ങള്‍ കൈരളീ ചരിത്രത്തിന്‍റെ പല ഇരുണ്ട മേഖലകളിലേക്കും വെളിച്ചമെത്തിക്കാനുതകുന്ന ജാലകങ്ങളായി വര്‍ത്തിച്ചിട്ടുണ്ട്. എങ്കില്‍ പോലും , ചരിത്രകാരന്മാര്‍ക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ അജ്ഞാതമായികിടക്കുന്ന പല വിജ്ഞാനങ്ങളുമുണ്ട്. ഇത് , കാര്യങ്ങളെ ശരിയാം വണ്ണം മനസ്സിലാക്കാന്‍ ഗവേഷകര്‍ ശ്രമിക്കാതതുകൊണ്ടോ ചരിത്ര രചനാ ശാസ്ത്രം കൈകാര്യം ചെയ്തവര്‍ വരുത്തിയ അനിവാര്യമായ അശ്രദ്ധമൂലമോ ആയിരിക്കാം. ചില വസ്തുതകള്‍ നമ്മുടെ ബാല മനസ്സിലേക്ക് എപ്രകാരമാണോ ഏത്തപ്പെട്ടിട്ടുള്ളത് അപ്രകാരമായിരിക്കും നമ്മുടെ പില്‍കാല ചിന്തകള്‍ രൂപപ്പെട്ടു വരുന്നത്, വിശ്വാസമായാലും അന്ധവിശ്വാസമായാലും. ഭൂരിപക്ഷം ചരിത്രകാരന്മാരും കേരളത്തിന്‍റെ ആഘോഷമായ ഓണത്തെ ഐതിഹ്യങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും കൂടെ കൂട്ടിക്കുഴച്ചുവെച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതേ കുറിച്ച് തീസിസുകളും ആന്റി തീസീസുകളും ഒരുപാട് നടന്നിട്ടുണ്ടെങ്കിലും സിന്തസിസില്‍ എത്താന്‍ – എത്തിക്കാന്‍ – ഇതുവരെ കഴിഞ്ഞിട്ടില്ല.
പൊതുവായി പറയപ്പെടാറുള്ള പത്ത് അവതാരങ്ങളില്‍ ആദ്യത്തെ നാല് അവതാരങ്ങള്‍ – മത്സ്യം , കൂര്‍മം , വരാഹം , നരസിംഹം – മനുഷ്യോല്പത്തിക്ക് മുന്‍പേ ഉണ്ടായി എന്ന് പറയപ്പെടുന്നുണ്ട്. വാമനന്‍ , പരശുരാമന്‍ , ശ്രീരാമന്‍ , ശ്രീകൃഷ്ണന്‍ , ബലരാമന്‍ , കല്‍ക്കി ഇവയാണ് ബാക്കി അവതാരങ്ങള്‍. ശ്രീമഹാദേവി ഭാഗവത പ്രകാരം , മഹാവിഷ്ണുവിന് ഇരുപത്തിയാറ് അവതാരങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു.
വാമനനു ശേഷം വന്ന പരശുരാമന്‍ മഴുവെറിഞ്ഞ് കടലില്‍നിന്ന് വീണ്ടെടുത്തതാണ് ഈ കര എന്നാണല്ലോ ഐതിഹ്യം (എറിഞ്ഞത് മഴുവല്ല , സ്വര്‍ണ്ണം കൊണ്ടുള്ള ഒരു സ്പൂണ്‍ ആണെന്ന് മറ്റൊരു വാദം) അപ്പോള്‍ പരശുരാമന്‍റെ മഴു കാസര്‍ഗോഡിനും കന്യാകുമാരിക്കും ഇടയിലൂടെ കുതിച്ച് കുതിച്ച് പറന്നു എന്നര്‍ത്ഥം! കേരളം ഭരിച്ചിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നതാണല്ലോ നമ്മുടെ പ്രശ്നം . പരശുരാമന്‍ ഉണ്ടാക്കിയ കേരളം മഹാബലി ഭരിക്കുകയോ ? മനുഷ്യോല്‍പത്തിക്ക് ശേഷം വന്ന ആദ്യ അവതാരമാണ് വാമനന്‍. അതിനുശേഷം വന്ന പരശുരാമന്‍ ഉണ്ടാക്കിയ കേരളം മാവേലി ഭരിക്കണമെന്നുണ്ടെങ്കില്‍ , മാവേലിയെന്നത് , മനുഷ്യോല്പതിക്ക് മുന്‍പ് വന്ന നാല് അവതാരങ്ങള്‍ക്കും മുന്‍പ് – മല്‍സ്യം , കൂര്‍മം , വരാഹം , നരസിംഹം – വന്ന ഏതെങ്കിലും അവതാരമായിരിക്കേണ്ടേ ? ശ്രീരാമനും ശ്രീകൃഷ്ണനും , പരശുരാമന് ശേഷമുള്ള അവതാരങ്ങളാണെന്ന് വിശ്വസിക്കുന്ന നമുക്ക് എങ്ങിനെയാണ് ഇവര്‍ക്കിടയില്‍ ഒരു മാവേലിയും മാവേലിയുടെ സമഭാവന ഭരണത്തെയും ബോധ്യമാവുക ? ആര്‍ക്കു ശേഷം അല്ലെങ്കില്‍ ആര്‍ക്കു മുന്‍പില്‍ നാം മാവേലിയെ ഉള്‍പ്പെടുത്തും ? മാവേലിയെ കുറിച്ചുള്ള ഐതിഹ്യങ്ങള്‍ വിശകലനം ചെയത് അതില്‍ എന്തുണ്ട് ശരി അല്ലെങ്കില്‍ എന്തെങ്കിലും ശരിയുണ്ടോ എന്നൊന്നും ചികഞ്ഞ് നോക്കാന്‍ അനുവദിക്കാതെ ചരിത്ര വിദ്യാര്‍ഥികളെ നിരുള്‍സാഹപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി.
കാട്ടിലേക്ക് മഴുവോ സ്പൂണോ എറിഞ്ഞ് കേരളമുണ്ടാക്കി എന്നതിനെക്കാളൊക്കെ വലിയ തമാശയാണ് , വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയെന്നത്. മഹാബലിയും പാതാളവുമൊക്കെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുകയാണെങ്കില്‍ തന്നെ , നല്ലവനായൊരു രാജാവിനെ ചവിട്ടിതാഴ്ത്തിയ വാമനനോട് നമുക്ക് ശത്രുതയല്ലേ വേണ്ടത് ? ദു:ഖ വെള്ളി ആചരിക്കുന്നതുപോലെ , ദു:ഖ ഓണമല്ലേ നാം ആചരിക്കേണ്ടത് ?
മഹാബലി എന്ന രാജാവ് കേരളം എന്ന നാട് ഭരിരിച്ചിരുന്നു എന്ന് തെളിയിക്കാന്‍ സുവ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നിരിക്കേ , ഭരിച്ചിട്ടില്ല എന്ന് വിശ്വസിക്കാന്‍ ചരിത്രത്തിന്‍റെ തന്നെ പിന്‍ബലമുണ്ട്. തമിഴകത്തിന്‍റെ ഭാഗമായിരുന്ന കേരളത്തില്‍ ഒന്നാം നൂറ്റാണ്ടുമുതല്‍ക്കേ രാജഭാരണമുണ്ടായിരുന്നു. ആര്യന്മാര്‍ ഉത്തരേന്ത്യയില്‍ നിന്ന് വരികയും വിദേശ വ്യാപാരം നടത്തിയിരുന്ന തുറമുഖം മുഖേന ക്രിസ്തുമതവും യഹൂത മതവും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഭ്രാഹ്മണരുടെ വരവോടെ , അവരുടെ ഉന്നത ജീവിത രീതികളും മതകീയ ചിട്ടകളും കണ്ടു ജനങ്ങള്‍ ആകര്‍ഷിക്കാന്‍ തുടങ്ങുകയും ആകര്‍ഷിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ ബുദ്ധ – ജൈന മതങ്ങള്‍ അപ്രസക്തങ്ങളായിതുടങ്ങി. പിന്നീട്, മദ്ധ്യ പൌരസ്ത്യ ദേശത്തുനിന്ന് ആര്യമതവും സിലോണില്‍ നിന്നും അറേബ്യയില്‍ നിന്നും ഇസ്ലാമതവും പ്രചരിപ്പിക്കപ്പെട്ടു.
ഇരുപത്തിയൊന്ന് വട്ടം ഉലകം ചുറ്റി ക്ഷത്രിയരെ നശിപ്പിച്ച പരശുരാമാനില്‍ , ദുഷ്ട ക്ഷത്രിയ രാജാക്കന്മാരെ കൊന്ന് ഭൂമിയുടെ ഭാരം തീര്‍ക്കുകയെന്ന കര്‍ത്തവ്യം കൂടി അധിഷ്ടിതമായിരുന്നതിനാല്‍ ആ കര്‍മ്മം നിര്‍വഹിച്ചതിന് ശേഷം കേരളത്തിലെത്തി കാട് നാടാക്കുകയും താമസിക്കാന്‍ ജനങ്ങളെ കൊണ്ടുവരികയും ചെയ്തു. കേരളത്തിലേക്ക് ആദ്യം ബ്രാഹ്മണരെ കൊണ്ടുവന്നത് പരശുരാമാനാനെന്നു മിക്ക ചരിത്ര – ഗവേഷക – നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ , അതിനു മുന്‍പോ ശേഷമോ കേരളം മഹാനായ ഒരു രാജാവിന്‍റെ മാതൃകാ ഭരണത്തിന് സാക്ഷ്യം വഹിച്ചതായി അറിവില്ല. ചുരുക്കി പറഞ്ഞാല്‍ , മാവേലി എന്ന മഹാബലി കേരളം എന്ന നാട് ഭരിച്ചിട്ടില്ല. ചിലപ്പോള്‍ കേരളത്തിനോട് ചേര്‍ന്ന വല്ലസംസ്ഥാനവുമായിരിക്കാം. അവിടുത്തെ സല്‍സ്വഭാവിയായ രാജാവിനെ ശത്രുവും അസൂയാലുവുമായ വാമനന്‍ യുദ്ധത്തില്‍ തോല്പ്പിക്കുകയം കേരളത്തിലേക്ക് നാട് കടത്തുകയും ചെയ്തിട്ടുണ്ടാകാം . കേരളത്തിലെ ജനങ്ങള്‍ വിശാലമനസ്കരായതുകൊണ്ടും മാവേലിയില്ലെങ്കില്‍ നമുക്കെന്തു ആഘോഷം എന്ന് ചിന്തിക്കുന്നവരായത് കൊണ്ടും മഹാബലിയെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാകാം. ആ ദിവസം ഒരു ആഘോഷമായി മാറിയതുമാകാം . അല്ലെങ്കില്‍ ‘
എന്‍.വി കൃഷ്ണവാരിയര്‍ പറയുന്നതുപോലെ , മഹാബലി എന്നത് , അസ്സീരിയായിലെ ഒന്നോ അതില്‍ കൂടുതലോ രാജാവായിരിക്കാം. അവിടെ താമസിച്ചിരുന്ന നമ്മുടെ പൂര്‍വികര്‍ അനുഷ്ടിച്ചുവന്നിരുന്ന ഒരാഘോഷമാണ് നമ്മള്‍ ഓണത്തിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നത്. ഈ ആഘോഷങ്ങളുടെ അനുസ്മരണമാണ് കേരളീയരുടെ ഓണവും ഗുജ്രാത്തികളുടെ ദീപാവലിയും.
എന്തൊക്കെയായാലും, നല്ലവനായ ഒരു രാജാവിന്‍റെ ഓര്‍മയില്‍ നമ്മള്‍ തിരുവോണമാഘോഷിക്കുമ്പോള്‍ , അത് നമുക്കൊരു ഉത്സവത്തിനുള്ള വക നല്‍കുന്നു എന്നതുകൊണ്ട് , ഓണച്ചന്തകള്‍ ലഭിക്കുന്നു എന്നതുകൊണ്ട് , നമ്മുടെ വിദ്യാലയങ്ങള്‍ക്കും ഉദ്ദ്യോഗസ്ഥര്‍ക്കും കുറെ നാള്‍ അവധി കിട്ടുന്നു എന്നതുകൊണ്ട് , ടി.വ. ചാനലുകള്‍ക്ക് ആഘോഷപ്പരിപാടികളിലൂടെ പരസ്യക്കൊയത്ത് നടത്താനും പത്രങ്ങള്‍ക്കും വാരികകള്‍ക്കും സ്പെഷ്യല്‍ പതിപ്പുകള്‍ ഇറക്കി കൂടുതല്‍ വിലക്ക് വില്‍ക്കാനും അവസരം കിട്ടുന്നു എന്നതുകൊണ്ട് , മുത്തച്ചനും മുത്തശശിക്കും വര്‍ഷത്തിലൊരിക്കലെങ്കിലും മക്കളേയും പേരക്കിടങ്ങളെയും കണ്ടുമുട്ടാമെന്നതുകൊണ്ട്, ജാതിമത ഭേതമന്യേ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുന്നു എന്നതുകൊണ്ട് , ഓണത്തുമ്പിക്ക് പാറിപ്പറക്കാനും കുഞ്ഞുങ്ങള്‍ക്ക് പുത്തനുടുപ്പിട്ട് തുള്ളിച്ചാടി നടക്കാനും ഊഞ്ഞാല്‍ കെട്ടിആടിത്തിമര്‍ക്കാനും അവസരം കിട്ടുന്നു എന്നതുകൊണ്ട് ശ്രമകരമെങ്കിലും ഇത്തരമൊരു ഓര്‍മ്മ ഗുണകരം തന്നെ. പക്ഷേ, കാണം വിറ്റും ഓണം ഉണ്ണേണ്ട നമ്മള്‍ നാണം തന്നെ വിറ്റ് ഓണം ഉണ്ണുന്നത് നമ്മുടെ സങ്കല്പത്തിലെ മാവേലിക്ക് സങ്കല്പ്പിക്കാ നകുമോ ആവോ ?
Generated from archived content: essay2_sep13_13.html Author: at_ashraf_karuvarakundu