ജലാലുദ്ദീന്‍ റൂമിയുടെ മുപ്പത്തി ഏഴാം വയസ്സില്‍ , ഭക്തിയുടെ സൂര്യന്‍ എന്ന് വിളിക്കപ്പെടുന്ന ഷംസി തബ്രീസി എന്ന ദര്‍വീശുമായി കണ്ടുമുട്ടിയത് മുതല്‍ റൂമിയുടെ ജീവിതത്തിലുടനീളം ദിവ്യത്വ പ്രകാശം പ്രസരിപ്പിക്കപ്പെട്ടതായും അതിനു ശേഷം ശിക്ഷ്യരെയും ബന്ധുക്കളെയും മറന്ന് മാസങ്ങളോളം ദര്‍വീശിനോട് ഒന്നിച്ചു താമസിച്ചിരുന്നതായും അത് റൂമിയുടെ കുടുംബങ്ങളില്‍ പോലും എതിര്‍പ്പിനു കാരണമായിരുന്നുവെന്നും പിന്നീടുണ്ടായ ദുരന്ത വിയോഗം ഉല്‍കൃഷ്ട രചനകള്‍ക്ക് നിമിത്തമായെന്നും പറയപ്പെടുന്നു. റൂമിയുടെതായുള്ള കഥകളും മിസ്റ്റിക് കാവ്യങ്ങളും ഭക്തി ഗീതികളുമെല്ലാം ഹൃദയത്തില്‍ വിനിവേശിപ്പിച്ച ഖുര്‍ആനിക ദര്‍ശനങ്ങളുടെ നിദര്‍ശനങ്ങള്‍ തന്നെയാണ്.
അദ്ദേഹത്തിന്റെ ‘പെരുന്നാള്‍ മാസം’ എന്ന കഥയില്‍, ശവ്വാള്‍ മാസപ്പിറവി കാണാന്‍ കലീഫ ഉമറും കുറച്ച് അനുയായികളും ഒരു കുന്നിന്‍പുറത്ത് ഒത്തുകൂടുന്നു. ആവേശപൂര്‍വ്വം ആകാശത്തേക്ക് നോക്കിനില്‍ക്കുന്നവരില്‍ ഒരാള്‍ കലീഫയോട് പറഞ്ഞു:
” നോക്കൂ ഉമര്‍ , പെരുന്നാള്‍ മാസമതാ കാണുന്നൂ. ” തനിക്ക് ആകാശത്ത് ഒന്നും കാണാന്‍ സാധിക്കാത്തതിനാല്‍ ഖലീഫ ഉമര്‍ പറഞ്ഞു: ” അല്ല… അത് മാസപ്പിറവിയല്ല. നിങ്ങളുടെ ഭ്രമ കല്‍പനയില്‍ നിന്നുദിച്ച ചന്ദ്രക്കലയാണത്. വിരലുകള്‍ നനച്ച് കണ്പുരികം തിരുമ്മി നോക്കിയിയിട്ട് പറയൂ, എന്താണ് കാണുന്നതെന്ന് ? ” കണ്പുരികം നനച്ചപ്പോള്‍ അയാള്‍ ചന്ദ്രക്കല കണ്ടില്ല. ഉടനെ പറഞ്ഞു : ” ഒന്നും കാണാനില്ലല്ലോ. ചന്ദ്രന്‍ അപ്രത്യക്ഷമായിരിക്കുന്നു “
ഉമര്‍ പറഞ്ഞു : അതെ, നിങ്ങളുടെ കണ്പുരികത്ത്തിലെ രോമം ഒരു അമ്പ് പോലെ വളഞ്ഞ് നിങ്ങളിലേക്ക് ഒരു അഭിപ്രായത്തിന്റെ ശരമെയ്തു.
‘ ഭ്രാഷ്ടനായ “ഞാന്‍ ” ‘ ……………………….
ഒരാള്‍ വന്ന് സ്നേഹിതന്‍റെ വാതിലില്‍ മുട്ടി. സ്നേഹിതന്‍ ചോദിച്ചു : ” വിശ്വസ്തനായുള്ളവനേ , താങ്കള്‍ ആരാണ് ? ” അയാള്‍ ഉത്തരം പറഞ്ഞു : ” ഞാന്‍ ” സ്നേഹിതന്‍ പറഞ്ഞു : ” പോകൂ – ഇപ്പോള്‍ അകത്തുവരാന്‍ പറ്റില്ല. താങ്കള്‍ക്ക് കൂടി ഇവിടെ സ്ഥലമില്ല “
അപക്വമതിയായവനെ കാപട്യത്തില്‍ നിന്ന് മോചിപ്പിച്ച് പാകപ്പെടുത്തിയെടുക്കുന്നത് അസാന്നിദ്ധ്യത്തിന്‍റെയും വിയോഗത്തിന്‍റെയും അഗ്നിയാണ്. ഭ്രാഷ്ടനായ അയാള്‍ ആ അഗ്നിയുമായി സ്ഥലം വിട്ടു. വിയോഗ ദുസ്സഹതയില്‍ എരിഞ്ഞു നീറിക്കൊണ്ട് ഒരു വര്‍ഷത്തോളം അയാള്‍ യാത്ര ചെയ്തു. ഈ വേദന അയാളെ പുന:സൃഷ്ടിച്ചു. മടങ്ങി വന്ന് തന്‍റെ ആത്മ സുഹൃത്തിന്‍റെ വീട്ടുമുറ്റത്ത് ഇടറുന്ന കാല്‍ വെപ്പുകളോടെ അയാള്‍ മുമ്പോട്ടും പിറകോട്ടും നടന്നു. അനാദരവിന്‍റെതായ എന്തെങ്കിലും വാക്കുകള്‍ തന്‍റെ നാവിലുരിയാടപ്പെടാതിരിക്കാന്‍ ജാഗരൂകനായി ഭയ ബഹുമാനങ്ങളോടെ അയാള്‍ വാതിലില്‍ മുട്ടി.
സ്നേഹിതന്‍ അകത്തുനിന്ന് വിളിച്ചു ചോദിച്ചു : ” ആരാ വാതില്‍ക്കല്‍ ?” അയാള്‍ മറുപടി പറഞ്ഞു : ” മനോജ്ഞ ഹൃദയമുള്ളവനേ , വാതില്‍ക്കല്‍ നില്‍ക്കുന്നത് താങ്കളാണ് ” സ്നേഹിതന്‍ പറഞ്ഞു : ” ഇപ്പോള്‍ നാമൊന്നാണ്. താങ്കള്‍ക്കകത്തു വരാം. രണ്ടായിരിക്കുന്ന സ്വത്വങ്ങള്‍ക്ക് ഈ വീട്ടില്‍ മുറിയില്ല. സൂചിയുടെ ദ്വാരത്തിലൂടെ നൂലിന്റെ രണ്ടറ്റങ്ങളും കോര്‍ക്കാന്‍ പറ്റില്ലല്ലോ “
Generated from archived content: essay2_agu27_14.html Author: at_ashraf_karuvarakundu