പെരിയാര്‍ ജലത്തില്‍ ആല്‍ക്കഹോള്‍?

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ കാര്യത്തില്‍ സുപ്രീം കോടതി വിധി തമിഴ്നാടിന് അനുകൂലമാകുമെന്ന് കേന്ദ്ര മന്ത്രി ചിദംബരം ആദ്യമേ പറഞ്ഞിരുന്നു ; ജയലളിതയും മൊഴിഞ്ഞിരുന്നു. കേരളത്തിലെ പലരും അത് ആഗ്രഹിച്ചിട്ടുമുണ്ടാകും. കാരണം, കേരള സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്ന എ.ജി. സുപ്രിംകോടതിയില്‍ തമിഴ് നാടിന് അനുകൂലമായി വാദിച്ചതിന്റെ പേരില്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഡാം പുതുക്കിപ്പണിയണമെന്നതോ ജലനിരപ്പ്‌ 136 അടിയായി നിജപ്പെടുത്തണമെന്നതോ ആയ കേരളത്തിന്റെ ഒരു ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, 142 ‘അടി’ യാക്കി കേരളത്തെ പ്രഹരിക്കുകയും ചെയ്തു. മൂന്ന് തവണ ബലപ്പെടുത്തിയതും എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ദരും 11 ജഡ്ജിമാരും ശക്തമാണെന്ന് പറയുകയും ചെയ്യുന്ന അണക്കെട്ടിനെ എന്തിന് പേടിക്കണമെന്നാണ് ജസ്റ്റീസ് കെ. ടി തോമസ്‌ ചോദിക്കുന്നത്.

1896 ല്‍ നിര്‍മ്മിക്കപ്പെട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അര നൂറ്റാണ്ടില്‍ കൂടുതല്‍ നിലനില്പ്പുണ്ടാകില്ലെന്ന് ബ്രിട്ടീഷ്‌കാരനും ഡാമിന്‍റെ നിര്‍മ്മാണം വെല്ലുവിളിയോടെ ഏറ്റെടുത്ത റോയല്‍ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിലെ ബിരുദധാരിയുമായ ജോണ്‍ പെനി ക്യുക്ക് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന കാര്യം നമ്മുടെ ന്യായാധിപന്മാര്‍ക്ക് അറിയാത്തതായിരിക്കില്ലല്ലോ. പക്ഷേ, 999 വര്‍ഷത്തേക്കാണ്‌ പാട്ടക്കരാര്‍ ഉണ്ടാക്കിയിരുന്നത് എന്നതാണ് ഇതിലെ ദുര്‍ഗ്രാഹ്യത ! തക്കാളിപ്പെട്ടിക്ക് ഗോദ്രേജിന്‍റെ പൂട്ടിടുന്ന തമാശക്കാര്‍ അന്നും ഉണ്ടായിരുന്നു എന്നല്ല അതിന്റെ വിവക്ഷ. മറിച്ച് , ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ കാശ്മീരിലെ ജനങ്ങള്‍ എപ്രകാരം നീറുന്നുവോ , അതുപോലെ, അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നതിനനുസരിച്ച് കേരളീയരുടെ ഹൃദയമിടിപ്പും ഉയരണമെന്നും അതുവഴി കേരള – തമിഴ് നാട് ബന്ധത്തിന് എക്കാലത്തും ചോര്‍ച്ച ഉണ്ടാകണമെന്നും കണക്ക് കൂട്ടിയിട്ടാകണം സായിപ്പന്മാര്‍ അത് ചെയ്തത്. പ്രതിവര്‍ഷം 40 000 രൂപ കേരളത്തിന് നല്‍കുക എന്നതായിരുന്നു തുടക്കത്തിലെ വ്യവസ്ഥ. ഇന്നത് പത്ത് ലക്ഷം രൂപയായി ഉയര്‍ന്നുവെങ്കിലും , രണ്ടു ലക്ഷം ഏക്കറിനു മുകളിലുള്ള കൃഷിയിടങ്ങലേക്ക് വെള്ളമെത്തിച്ചും ലോവര്‍ ക്യാമ്പിലെ പവര്‍ ഹൌസില്‍ നിന്ന് വൈദുതി ഉദ്പാദിപ്പിച്ചും 900 കോടി രൂപയാണ് തമിഴ് നാട് സ്വന്തമാക്കുന്നത്. മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ കിടക്കുന്ന എയര്‍പോര്‍ട്ടിനെ കാലിക്കറ്റ് എയര്‍പോര്‍ട്ട് എന്നും ചേളാരിയില്‍ കിടക്കുന്ന യൂണിവേര്‍‌സിറ്റിയെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെന്നും പറയുന്നതുപോലെ അപകട രഹിതമല്ല കേരളത്തിലെ ഇടുക്കി ജില്ലയില്‍ നിര്‍മ്മിക്കപ്പെട്ട മുല്ലപ്പെരിയാറിന്‍റെ ഉടമസ്ഥാവകാശം തമിഴ് നാടിന് കൊടുത്തത്. 999 വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും 999 വര്‍ഷത്തേക്ക് പുതുക്കുന്നതിന് തമിഴ് നാടിനു തടസ്സമേതുമില്ലെന്നും കരാറിലുണ്ടെന്നത് അതിനേക്കാള്‍ അപകടകരം!

പ്രത്യക്ഷത്തില്‍ നേട്ടം കൊയ്യുന്നത് തമിഴ് നാടാണെന്ന് പറയാമെങ്കിലും അതിന്‍റെ ഗുണഭോക്താക്കളില്‍ കേരളത്തിലെ മിടുക്കന്മാരും ഉണ്ട് എന്നതിനാലാണ് , കെ എം മാണിയും പി.ജെ ജോസഫും വി.എസും യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ പിയുമെല്ലാം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തുന്നതിന് തുടക്കത്തില്‍ സമരാവേശം കാണിച്ചിരുന്നുവെങ്കിലും പിന്നീട് ചങ്ങാടം കെട്ടഴിഞ്ഞതുപോലെ പല വഴിക്ക് പോയത്. ലോക് സഭ തിരഞ്ഞെടുപ്പ് കാലത്ത് കസ്തൂരി രംഗന്‍ വിഷയത്തില്‍ സംഹാരാത്മക സമര രീതി സ്വീകരിച്ച ഇടതു പക്ഷം പോലും, അതിന് മുമ്പുണ്ടായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി, സമരം തുടരുമെന്നും എന്നാല്‍ രീതി മാറ്റുമെന്നും തണുപ്പന്‍ മട്ടില്‍ പറഞ്ഞൊഴിയുകയായിരുന്നു ! ഇപ്പോള്‍ , തമിഴ് നാടിന് അനുകൂലവും എന്നാല്‍ ഡാമിന്‍റെ പരിസരവാസികള്‍ക്ക് ഭയാനകവും വനജീവികള്‍ പാലായനത്തിന് നിര്‍ബന്ധിതവുമാകുന്ന സുപ്രീംകോടതി വിധി വന്നപ്പോഴും , വിധിക്കെതിരായ സംഘടിത സമരത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നാണ് സി പി എം വ്യക്തമാക്കിയത്.

കമ്യുണിസ്റ്റ്‌ നേതാക്കളില്‍ പലരും ജന്മംകൊണ്ട് ബ്രാഹ്മണരാണെന്ന് അസൂയാലുക്കള്‍ പറയാറുണ്ടെങ്കിലും കര്‍മ്മംകൊണ്ട് ദ്രാവിഡരാണെന്ന് തെളിയിച്ചുകൊണ്ടും കേരള ജനതയുടെ ജീവനേക്കാള്‍ ജയലളിതയുടെ ‘കൃഷിക്ക് ‘ പ്രാധാന്യം കൊടുത്ത്‌കൊണ്ടും പോളിറ്റ് ബ്യുറോ നിലപാട് വ്യക്തമാക്കിയപ്പോള്‍ അതിനെതിരെ നിലകൊണ്ടിരുന്ന വി.എസിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച കേരള ഘടകം ചിദംബരത്തിന്‍റെ പിറകെ കൂടുകയായിരുന്നു. സുപ്രീംകോടതി വിധി തമിഴ് നാടിന് അനുകൂലമായിരിക്കുമെന്ന ചിദംബരത്തിന്‍റെ പരാമര്‍ശം അനവസത്തിലാണെന്നു പറഞ്ഞ സി.പി.എം സെക്രട്ടറി , പി.ബിക്കെതിരെയുള്ള വി.എസിന്‍റെ വാദവും അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് പറഞ്ഞപ്പോഴും ജനപക്ഷത്ത് (പുതിയ ഡാം) ഉറച്ച് നിന്നിരുന്ന വി.എസും പിന്നീട് പി. ബിയുടെ കാല്‍ക്കല്‍ വീണ് ദ്രാവിഡനായി. സി പി എമ്മിലെ ഒരു വിഭാഗം ദ്രാവിഡ പക്ഷക്കാരും തമിഴ് നാട്ടിലെ ഭൂ ഉടമകളുമായ കേരളീയരെ പ്രതിനിധീകരിക്കുമ്പോള്‍ , വി എസ് , പുതിയ ഡാമിന്‍റെ ആവശ്യം ഉന്നയിക്കുന്ന കേരളീയരെ പ്രതിനിധീകരിച്ചുകൊണ്ടുള്ള നാടകമായിരുന്നു അതെല്ലാം. സി.പി.എം എന്ന നാടകക്കമ്പനിയിലെ ഏറ്റവുംവലിയ നടനാണല്ലോ വി.എസ്.

പ്രധാനമന്ത്രിമുതലിങ്ങോട്ട് യു.ഡി.എഫ്, ഇടത് ലോക്കല്‍ കമ്മിറ്റി പോളിറ്റ് ബ്യുറോ വരെയും കേസ്സ് വാദിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട എ.ജിയും പുതിയ ഡാം നിര്‍മ്മിക്കുന്നതിനോ പ്രാകൃത കരാര്‍ മാറ്റി എഴുതുന്നതിനോ താല്പര്യമുള്ളവരായിരുന്നില്ല. ഇപ്പോഴുമല്ല. പിന്നെങ്ങിനെയാണ് സുപ്രീംകോടതി വിധി മാത്രം മറിച്ചാവുക? ‌ഡാമിന്‍റെ പരിസര വാസികള്‍ക്കും സമീപ ജില്ലക്കാര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനം സ്വയമേറ്റെടുത്ത ചില വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മാത്രമെ ഡാമിന്‍റെ കാര്യത്തില്‍ ആശങ്കയുള്ളൂ. കര്‍ഷകരും പരിസരവാസികളും , കിട്ടുന്ന വിലക്ക് കിടപ്പാടം വിറ്റ് പാലായനം ചെയ്താലും ഡാം തകര്‍ന്നാലും അതുവഴി ഇടുക്കി ഡാം തരിപ്പണമായാലും ഇടത് – വലത് – അണ്ണാ ഡി എം കെ രാഷ്ട്രീയ കൃഷി അഭംഗുരം തുരണം. അത്രേ ഉള്ളൂ.

മനുഷ്യരെ കടിച്ചു കൊല്ലാന്‍ പാഞ്ഞുനടക്കുന്ന പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതിന് പകരം പ്രദേശത്തുള്ള ഓരോ പൌരന്മാര്‍ക്കും സുരക്ഷാ കവചിതരായ സായുധ പോലീസിനെ അംഗരക്ഷകരാക്കുന്നതുപോലെയല്ലേ , ജലനിരപ്പ്‌ നൂറ്റി ഇരുപത് അടി താഴ്ത്താനെങ്കിലും ശ്രമിക്കാതെ , ഡാമിന് ദുരന്തം സംഭവിച്ചാല്‍ നേരിടാന്‍ നാവിക , വ്യോമസേനകളെയും ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ സ്ഥലങ്ങളും സന്നാഹങ്ങളും സജ്ജമാക്കിയത് 2011 ല്‍. ദുരന്തം നേരിടാന്‍ ദക്ഷിണ മേഖലാ കമാന്‍ഡോകളേയും മെഡിക്കല്‍ വിഭാഗങ്ങളെയും ഒരുക്കിയിരുന്നു ! ആകാശമാര്‍ഗ്ഗമുള്ള നിരീക്ഷണ സംവിധാനത്തിന് പുറമേ , ഭക്ഷണം , മരുന്ന് , കുടിവെള്ളം തുടങ്ങിയവ പേമാരികണക്കെ പെയ്തിറക്കാനുള്ള സജ്ജീകരണങ്ങളും ഉണ്ടായിരുന്നു! ജനങ്ങള്‍ക്ക് രക്ഷപെടാന്‍ കുറുക്കുവഴികളുടെ സര്‍വേയും നടന്നു ! അണക്കെട്ട് തകര്‍ന്നാല്‍ 120 – കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന വെള്ളത്തിന്‌ ഏഷ്യയിലെ രണ്ടാമത്തെ വലിയതായ ഇടുക്കിയിലെ ആര്‍ച്ച് ഡാമിനെപോലും തകര്‍ക്കാന്‍ ശക്തിയുണ്ടെന്നാണ് പറയപ്പെടുന്നത് എന്നിരിക്കേ, ഡാം തകര്‍ന്നാല്‍ , പവനാഴി ശവമായതുപോലെ , സര്‍വ്വ സന്നാഹങ്ങളും ശവമാകില്ലേ കുത്തൊഴുക്കില്‍ ? ആകെക്കൂടെ ഒരു ലോകമഹായുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് പാവപ്പെട്ടവരുടെ ചോര തിളച്ചുണ്ടായ ശ്വേതകണങ്ങള്‍ വീണ മണ്ണില്‍നിന്ന് അവരെ ആട്ടിപ്പായിച്ച്‍ വിദേശികളെ കുടിയിരുത്താനുള്ള മുതലാളിത്വത്തിന്‍റെ മസില്‍ പവാറാണ് 2014 – ലെ ഈ സുപ്രീംകോടതി വിധിയിലൂടെ പ്രകടമാക്കപ്പെടുന്നത്.

ഭരണകൂടാരങ്ങള്‍ മാറി മാറി വന്നാലും ഭരിപ്പിക്കുന്നവര്‍ എക്കാലത്തും ഒരു വിഭാഗമായിരിക്കും എന്നതിന് തെളിവുകളാണ് ‌, വിദേശ ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപ വിവരവും മന്ത്രിമാരുടെയും മന്ത്രിമാരായിരുന്നവരുടെയും സ്വത്തു വിവരവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായ കേരളീയര്‍ക്ക് തമിഴ് നാട്ടിലുള്ള ഭൂമിയുടെ അളവും പുറത്തുവരാതിരിക്കുന്നത്. പാപം ചെയ്യാത്തവര്‍ കല്ലെറിഞ്ഞാല്‍ മതിയെന്ന ആജ്ഞ കേട്ടപ്പോള്‍ നിയമജ്ഞരും ഫരിസേയരുമായവര്‍ ഓരോരുത്തരായി പിന്‍വലിഞ്ഞപോലെ , തമിഴ് നാട്ടിലെ ഭൂ ഉടമസ്ഥരെ കുറിച്ച് ജയചേച്ചി പറയാന്‍ ഒരുങ്ങിയപ്പോഴേക്ക് കേരളത്തിന്റെ പയ്യന്മാര്‍ ഓരോരുത്തരായി സമരത്തില്‍ നിന്ന് പിന്മാറുകയോ പിന്മാറാന്‍ അണികളെ നിര്‍ദ്ദേശിക്കുകയോ ചെയ്യുകയായിരുന്നു. ‍ അവസാനം, ചിദംബരമെന്ന മുതലാളിത്ത “ദത്ത്പുത്രന്‍” വികലമായ ഒരു പ്രസ്താവന നടത്തിയതിന്‍റെ പേരില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ചിദംബരത്തെ പൊതു ശത്രുവായി കണ്ട് , ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി മുല്ലപ്പെരിയാറിനെ തമസ്കരിച്ചു ! ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ കൂട്ടതല്ല് തുടങ്ങിയപ്പോഴും വിളകള്‍ നശിപ്പിക്കപ്പെട്ടപ്പോഴും മന്‍മോഹന്‍സിംഗ് എന്ന സാമ്പത്തികശാസ്ത്ര വിശാരദന്‍‍ വീണവായിക്കാന്‍ വിദേശത്ത് പോയിരിക്കുകയായിരുന്നു !

ടി പി ചന്ദ്രശേഖരന്‍ വധ ഘൂഡാലോചനയെ കുറിച്ച് സി ബി ഐ അന്യേഷിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതുപോലെ ഡാമിലെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്തുന്നത്തിനെതിരെ കേരളസര്‍ക്കാരിന്‍റെ റിവ്യു ഹര്‍ജി പരിഗണിക്കുകയില്ല എന്ന് സുപ്രീംകോടതി പറഞ്ഞാലും അത്ഭുതപെടേണ്ടതില്ല. സ്വര്‍ണ്ണക്കടത്തുകാരന്‍ ഫയാസിന് ടി.പി യുടെ ഘാതകരുമായുള്ള ബന്ധം അന്യേഷിക്കണമെന്ന തന്‍റെ ആവശ്യം തള്ളപ്പെട്ടതിനെതിരെ വി എസ് ഇനിയും കോടതി കയറില്ല എന്ന് പറഞ്ഞാലും ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, വി എസും ഇപ്പോള്‍ യു.ഡി.എഫിന് പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു ! ‘വെള്ള’പ്രശ്നം കാരണം , മുല്ലപ്പെരിയാറിലെ വെള്ളനിരപ്പിനെ കുറിച്ച് ആശങ്കപ്പെടാന്‍ കേരള സര്‍ക്കാരിന് സമയമുണ്ടാകില്ല. പക്ഷേ, ഒരു കാര്യം ചെയ്യുകയാണെങ്കില്‍ വലിയ ഉപകാരമായിരിക്കും. ഒരു പക്ഷേ അത് മാത്രമേ ഇനി ചെയ്യാന്‍ കഴിയൂ : ഒരാഴ്ച എല്ലാ ബാറുകളും ബിവറേജ് ഷോപ്പുകളും അടച്ചിടണമെന്ന് കര്‍ശനമായി പ്രഖ്യാപിക്കുക ; പെരിയാറിലെ ഡാമില്‍ ആല്‍ക്കഹോള്‍ കലര്‍ന്നിട്ടുണ്ടെന്നും ഉഗ്ര ലഹരിയുള്ള ആ വെള്ളം ആരും കുടിക്കരുതെന്നും വെറുതെയങ്ങ് തട്ടിവിടുക.

Generated from archived content: essay1_may16_14.html Author: at_ashraf_karuvarakundu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English