മാണിയെ കാത്ത് ‘കോണി’ക്കൂട്ടില്‍ പിണറായി

ജീവന്‍ വെടിഞ്ഞും, കെ.എം മാണിയുടെ മണി ബിസിനെസ്സ് ആയ, ബജറ്റ് അവതരണം തടയുമെന്ന് പറഞ്ഞിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍, പോലീസ് മന്ത്രിക്ക് പണി കൊടുക്കാതെ സഭ തുടങ്ങുന്നതിന് മുന്‍പേ മൂടും തട്ടി സ്ഥലം വിട്ടതിലൂടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നായരില്‍ നിന്ന് ആഭ്യന്തരവകുപ്പ് രമേശന്‍ നായര്‍ തട്ടിപ്പറിച്ചതിന് ഫലമുണ്ടായി എന്ന് കരുതുന്നുണ്ടാകും, സി.പി.എം മുതലാളിമാര്‍ മാണിയും ‘കോണി’യും കളിക്കുന്നത് ഇനിയും മനസ്സിലാകാത്ത യു.ഡി.എഫ് എം.എല്‍.എമാരും പ്രവര്‍ത്തകരും! പ്രതിപക്ഷ എം.എല്‍.എമാരില്‍ ചിലര്‍ക്കെങ്കിലും പ്രതിച്ഛായ നഷ്ടപ്പെടാന്‍ ഇടവന്നതും അതിന്റെ പേരില്‍ തട്ടിക്കൂട്ടിയ കോമാളി ഹര്‍ത്താലിന് ആളുകളെ കിട്ടിയതും മുഖ്യമന്ത്രിക്കുപ്പായം അണിഞ്ഞ് കോണിക്കൂട്ടില്‍ മാണിയെ കാത്തിരിക്കുന്ന പിണറായി വിജയന്‍റെ ഹൃദയമിടിപ്പ്‌ മനസ്സിലാക്കാന്‍ കഴിയാത്തതിനാലാണ്.

യു.ഡി.എഫ് മന്ത്രിസഭയെ കൂട്ടമണി അടിച്ചു പിരിച്ചുവിടാന്‍ പോന്ന തെളിവുകളുള്ള കേരളത്തിന്റെ മണി സൂക്ഷിപ്പുകാരനായ കെ.എം മാണിയുടെ പ്രമാദമായ ബാര്‍ കോഴയുടെ പേരില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അണികളോട് പറഞ്ഞ് പെട്ടുപോവുകയും എന്നാല്‍, ഭാവിയിലേക്കുള്ള തങ്ങളുടെ സമ്പാദ്യമായ മാണിക്ക് ഒരു പോറലും ഏല്‍പ്പിക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ അവസരമൊരുക്കുകയും അണികളില്‍ പൊട്ടന്മാരായവരെ ആവേശം കൊള്ളിക്കാന്‍വേണ്ടി ഹര്‍ത്താല്‍ ആഹ്വാനം ചെയത് കേരളീയരെ മുഴുവന്‍ ദുരിതത്തിലാക്കുകയും ചെയ്ത നേതൃത്വം ഒരു വശത്ത്…

വെളിച്ചെണ്ണയില്‍ വെളിച്ചെണ്ണയില്ലാതാകുന്നത് പോലെ, കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ കമ്യുണിസം ഇല്ലാതാകുന്നത്കണ്ട്, വിശക്കുന്നവന്റെയും ഭയക്കുന്ന വന്റെയും ആശ്രയമായ സോഷ്യലിസ്റ്റ്‌ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്കും, ചരിത്രത്തിലാദ്യമായി, തിരഞ്ഞെടുപ്പ് മയത്ത്, ജങ്ങള്‍ക്ക്കൊടുത്ത വാക്ക് പാലിച്ച നവ “അരാജക” പാര്‍ട്ടിയായ ആം ആദ്മിയിലേക്കും മവോയിസത്തിലേക്കും ഒഴുകുന്ന അണികള്‍ മറുവശത്ത്…

പണ്ടൊക്കെ ഭരണ- പ്രതിപക്ഷ നേതാക്കള്‍ തമ്മിലായിരുന്നു ശത്രുതയും അഴിമതിയാരോപണ ങ്ങളുമെങ്കില്‍ ഇന്നത് ഒരേപാര്‍ട്ടിയില്‍ പെട്ടവരും ഘടക കക്ഷികളും തമ്മിലാവുകയും ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ സഹകരണ സംഘങ്ങളാവുകയുമാണ്‌. അതുവഴി, ജനങ്ങള്‍ വിഡ്ഢികള്‍ മാത്രമല്ല, മന്ദബുദ്ധികളും നിഷ്ക്രിയരും ആക്കപ്പെടുന്നു! പ്രജകളെ ഭയ ചികിതരും ദരിദ്രരുമാക്കി നിലനിര്‍ത്തുക എന്നതാണ് മുതലാളിത്ത ഭരണകൂടങ്ങളുടെ നിലനില്‍പ്പ്‌ രാഷ്ട്രീയം! ദേശീയ തലത്തില്‍ ബി.ജെ. പിയോട് സമരസപ്പെടുന്ന കോണ്‍ഗ്രസ്സും സംസ്ഥാന തലത്തില്‍ യു.ഡി.എഫിനോട്‌ സഹകരണ സമരം നടത്തുന്ന എല്‍.ഡി.എഫും ഉള്ള കാലത്തോളം ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ ഭയരഹിത ജീവിതം മാത്രമല്ല, ജീവന്‍പോലും നിലനിര്‍ത്താനാകില്ല.

യുദ്ധസമാനം, നിര്‍ണ്ണായകം എന്നൊക്കെ പത്ര- മാധ്യമങ്ങള്‍ പ്രവചിച്ച 2015-ലെ കെ.എം മാണിയുടെ ബജറ്റ് അവതരണത്തിലൂടെ ജനാധിപത്യത്തിന്റെ ഉടുതുണി നഷ്ടപ്പെടുകയും’കടി’ കൈവശമുള്ളവരില്‍നിന്ന് കിട്ടേണ്ടവര്‍ക്ക് അത് കിട്ടുകയും ചെയ്തുവെന്നല്ലാതെ ആശുപത്രിയില്‍ കിടക്കേണ്ടതായ ഒരു അടിപോലും സഭാംഗങ്ങള്‍ക്കോ സമരക്കാര്‍ക്കോ കിട്ടിയിട്ടില്ലെന്നതും പിണറായി വിജയന്‍ മാണിക്കെതിരെ കടുത്ത വിമര്‍ശനമൊന്നും ഇതുവരെയും നടത്തിയിട്ടില്ലെന്നതും ബജറ്റ് അവതരിപ്പിക്കേണ്ട ധനകാര്യമന്ത്രിയല്ല, സ്പീക്കറായിരുന്നു പ്രതിപക്ഷ എം.എല്‍.എമാരുടെ ഉന്നം എന്നതും സഹകരണ സമരത്തിന്റെ മ്ലേച്ചമായ ഉദാഹരണങ്ങളാണ്.

ഇടതും വലതുമല്ലാത്ത ഒരു ബദല്‍ ഇനിയും സമാഗതമാകുന്നില്ലായെങ്കില്‍, കേരളം ഭരിച്ച ഒരു വിഭാഗത്തിന്റെയും അഴിമതി തെളിയിക്കപ്പെടില്ല; ഒരു രാഷ്ട്രീയ കൊലയാളിക്കും അര്‍ഹമായ ശിക്ഷ ലഭിക്കില്ല എന്ന് മാത്രമല്ല, ദുരന്ത ജീവിതമായിരിക്കും ജനങ്ങള്‍ക്കത് പ്രദാനം ചെയ്യുക.

ഏതു പാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും നേതാക്കള്‍ക്ക് നേരെ കൈ ഉയരരുത് എന്ന താക്കീതായ, സി.പി.എം കോടതി വിധിയിലൂടെ വധശിക്ഷ ലഭിച്ച ശുകൂറിന്റെ വീട്ടുകാര്‍ക്കും കേരളം കണ്ടതില്‍ വെച്ചേറ്റവും ദാരുണ കൊലയ്ക്കിരയായ ടി.പിയുടെ കുടുംബത്തിനും ആദിവാസി ദരിദ്ര രോഗികളുടെ രക്ഷകനും ബിസ്സിനസ്സ് ഡോക്ടര്‍മാര്‍മാരുടെ ശത്രുവുമായിരുന്ന യുവ ഡോക്ടര്‍ ഷാനവാസിന്റെ കുടുംബത്തിനും കിട്ടാത്ത സര്‍ക്കാര്‍ ധനസഹായം മുസ്ലിം ലീഗുകാരാല്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനും ക്രിമിനല്‍ വ്യവസായി നിസാമിന്റെ ക്രൂരതയാല്‍ കൊല്ലപ്പെട്ട ചന്ദ്രബോസിനും കിട്ടിയതിലെ വിവേചനവും രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരല്ല, കൊലയാളികളുടെ സ്വത്തില്‍നിന്ന് പിടിച്ചുവാങ്ങിയാണ് ധനസഹായം നല്‍കേണ്ടതെന്ന വസ്തുതകളും മാത്രമല്ല, അവതരിപ്പിക്കപ്പെട്ട ബജറ്റിലെ അപാകതകള്‍ പോലും വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാതെപോയി ബജറ്റ് നാടകത്തിലൂടെയും ശിവദാസന്‍ നായരുടെ കണ്ണില്‍ പ്രകാശം പരത്തിയ ജമീലയുടെ കടിയിലൂടെയും ! പിടിക്കപ്പെട്ടവര്‍മാത്രമല്ല, പ്രതിപക്ഷത്തുള്ളവരും പ്രതിക്കൂട്ടിലാകും നവാസിന് ബന്ധമുള്ള സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട മയക്കു രുന്ന്കേസ് ചര്‍ച്ചതുടര്‍ന്നാല്‍ എന്നത്കൊണ്ടും, അവശേഷിക്കുന്ന മുസ്ലിം ന്യുനപക്ഷങ്ങള്‍പോലും പാര്‍ട്ടിവിടും, ഗുജറാത്തിനെ അനുസ്മരിപ്പിക്കുന്ന വംശീയ ഉന്മൂലത്തിലൂടെ നാദാപുരത്ത് കോടികള്‍ നഷ്ടംവരുത്തിയ സി.പി.എം വിശകലന വിധേയമാക്കപ്പെട്ടാല്‍ എന്നത്കൊണ്ടും സി.പി.എമ്മിന്റെ ചരിത്രപരമായ രക്ഷപ്പെടല്‍ എന്നേ ആലപ്പുഴ സമ്മേളനത്തോടെ വി.എസിന് നല്‍കപ്പെട്ട 2015-ലെ ആദ്യത്തെ അന്ത്യശാസന നാടകത്തെയും അതിന് ശേഷം മാര്‍ച്ച്‌ 13- വരെ കലുഷിതമാക്കി നിര്‍ത്തിയ അഡ്ജസ്റ്റ്മെന്റ് സമരത്തെയും വിശേഷിപ്പിക്കാവൂ.

ആദര്‍ശമോ മാനുഷിക പ്രശ്നങ്ങളോ ആദിവാസി പട്ടിണിയോ മരണമോ പറയാതെ, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ രേഖകള്‍ പോലും അയല്‍ രാജ്യങ്ങളിലേക്ക് എത്തപ്പെട്ടു എന്നതിലെ അപകടപരതയും റബര്‍ വിലയിടിവിന്റെയും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ നാടണയുന്നത്തിന്റെയും ഫലമായുള്ള സാമ്പത്തിക മാന്ദ്യവും ചര്‍ച്ച ചെയ്യാതെ, മതകീയ തിരിമറികളും (നികൃഷ്ട ജീവികള്‍ എന്ന് വിളിക്കപ്പെട്ട സമുദായത്തില്‍പെട്ട അല്‍ഫോന്‍സാമ്മയുടെ ചിത്രം സമ്മേളന കവാടത്തില്‍ സ്ഥാപിച്ച്‌) അടവും നയവും തന്ത്രവും മന്ത്രവും തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ട്മുന്‍പായും പ്രധിസന്ധി ഘട്ടങ്ങളിലും വി.എസും പിണറായി വിജയനും തമ്മില്‍ ഒന്നിക്കുന്ന ക്ലൈമാക്സും കൊണ്ട് മാത്രം ഉപജീവനം നടത്തുന്ന സി.പി.എമ്മിന്‍റെ ഈ അപചയം, വിവേചന ബുദ്ധിയുള്ള യുവ കമ്യുണിസ്റ്റ്കള്‍ക്ക് പോലും അരോചകം ഉണ്ടാക്കുന്നില്ല എന്നത് ഒരു തലമുറയുടെ ബൌദ്ധിക അധപതനത്തിന്റെ അപ ശകുനങ്ങളാണ്. പോലീസ് സ്റ്റേഷനില്‍വെച്ചും ബോംബുണ്ടാക്കുമെന്ന് വെല്ലുവിളിക്കുകയും മുണ്ട് മടക്കിക്കുത്തി, ലോക്കപ്പിലുള്ള പ്രതിയെ ബലമായി ഇറക്കി ക്കൊണ്ടുപോവുകയും ചെയ്ത ഒരാളാണ് ഇപ്പോള്‍ കേരള കമ്യുണിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്നത് എന്നത് സി.പി. എമ്മിന്റെ ജനാധിപത്യ ബോധം എമ്മട്ടിലായിരിക്കുമെന്നതിന്റെ സൂചനയാണ്. കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ അന്തസ്സ് നിലനിര്‍ത്താന്‍ എം.എം. മണി ആയിരുന്നു സംസ്ഥാന സെക്രട്ടറിയാകാന്‍ ഏറ്റവും യോഗ്യന്‍.

കെ.എം മാണി എന്ന മണിമേക്കര്‍ കൈക്കൂലിയായി കോടികള്‍ കൈപ്പറ്റിയെന്നാല്‍ തന്നെയും, അതിനെതിരെ സിനിമാല നടത്താന്‍ വി.എസ് അച്യുതാനന്ദന്‍ എന്ന ‘പ്രതി’പക്ഷ നേതാവിന് എന്ത് യോഗ്യതയാണുള്ളത്? മകന്‍ ‍ചന്ദന മാഫിയകളില്‍ നിന്ന് കൈക്കൂലിയും സന്തോഷ്‌ മാധവനില്‍ നിന്നും പാടം നികത്താന്‍ അനുവാദം നല്‍കാമെന്ന് പറഞ്ഞ് എഴുപത് ലക്ഷവും വാങ്ങിയതോ മാത്രമല്ല, ശാരി എസ് നായരുടെ രക്തസാക്ഷിത്വം വിറ്റ് കിട്ടിയ വോട്ടുകൊണ്ട് മുഖ്യമന്ത്രി ആവുകയും പിന്നീട് ശാരിയുടെ കേസ്സ് ഫയല്‍ തന്റെ ഓഫീസില്‍നിന്നും നഷ്ടപ്പെടുത്തുകയും നീതിക്കുവേണ്ടി തെരുവിലൂടെ അലഞ്ഞ സുരേന്ദ്രന്‍ നായാരെ അറസ്റ്റു ചെയ്ത് ഒതുക്കുകയും ചെയ്തതിലൂടെയും, എ.ഡി.ബി. സായ്പ്പിന്റെ ചെകിട്ടത്തടിക്കും , വായ്പ്പ വാങ്ങുന്നവന്റെ മുഖത്തടിക്കും എന്നൊക്കെ ഗീര്‍വ്വാണം വിട്ടതിന് ശേഷം മുഖ്യമന്ത്രി ആയപ്പോള്‍ അതേ സായിപ്പിന് തന്നെ കോടിക്കണക്കിന് രൂപ പിഴപ്പലിശയായി കൊടുത്തതിലൂടെയും വാക്കും പ്രവര്‍ത്തിയും വിരുദ്ധങ്ങളാണെന്ന് തെളിയിച്ചിട്ടുണ്ടെന്നു മാത്രമല്ല, ബന്ധുവിന് ഭൂമി നല്‍കിയതിലും കല്ലുവാതുക്കല്‍ മദ്യദുരന്ത കേസന്യേഷണം അട്ടിമറിച്ചതിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വി.എസ്, അഴിമതിക്കെതിരെ സുവിശേഷം നടത്തുന്നത് എന്ത് ധാര്‍മ്മികതയുടെ പേരിലാണ് ? ഭരണത്തിലും സമരത്തിലും എല്‍.ഡി.എഫും യു.ഡി.എഫും ബാര്‍ട്ടര്‍ സിസ്റ്റമാണ് സ്വീകരിച്ചിരിക്കുന്നത് എന്നതുകൊണ്ടും പാര്‍ട്ടിയില്‍ പ്രതിസന്ധിവരുമ്പോള്‍ പിണറായിയെ കള്ളനും കൊലയാളിയുമാക്കി കമ്യുണിസ്റ്റ് ബോധമുള്ള അണികളില്‍ ആവേശം നിറയ്ക്കാനും ഉറങ്ങിക്കിടക്കുന്നവരെ സജൈവരാക്കാനും, യു.ഡി.എഫില്‍ പ്രശ്നം വരുമ്പോള്‍ അവരെ തെറി വിളിപ്പിക്കാനും കാട്ടിലേക്കും മതികെട്ടാന്‍ മലയിലേക്കും കോടതികളിലേക്കും വിടാനുമുള്ള ഒരു വൃദ്ധ യന്ത്രം എന്നതിനപ്പുറം മറ്റൊന്നുമല്ല വി.എസ് എന്നത്കൊണ്ടും കേരളത്തില്‍ ഇനിയൊരു ഇടതുപക്ഷ ഭരണമുണ്ടായാലും കമ്യുണിസ്റ്റ് ഭരണം ഉണ്ടാകാനേ സാധ്യതയില്ല.

അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയും ആര്‍ഭാടരഹിത ഭരണത്തിലൂടെയും ജനപങ്കാളിത്തം സാധ്യമാക്കുന്ന ആം ആദ്മി പാര്‍ട്ടിയും ശക്തമായ അടിത്തറയില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ നിര്‍ദ്ദന സമൂഹ സമുദ്ദരണം കൊണ്ടും വര്‍ഗ്ഗീയതക്കെതിരെയുള്ള ചെറുത്തുനില്‍പ്പ്‌കൊണ്ടും എസ്.ഡി.പി. ഐയും ദളിത് പുലയ കീഴാള ശാക്തീകരണ ലക്‌ഷ്യം വെച്ച് നിര്‍ഭയത്വത്തിന്റെയും നിതാന്ത ജാഗ്രതയുടെയും പ്രതീകമായ ഡി.എച്ച്.ആര്‍.എമ്മും നാളത്തെ ഇന്ത്യയുടെ പ്രതീക്ഷയായി ഉയരുമ്പോള്‍, മനുഷ്യ വിമോചനം പറഞ്ഞ് പിറകൊണ്ട പാര്‍ട്ടികള്‍ ചെയ്യുന്നതിനേക്കാള്‍ മാനവസേവ മാവോയിസ്റ്റ്കള്‍ ചെയ്യുന്നതിനാല്‍ പാര്‍ശ്വവല്‍കൃതരാലവര്‍ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍, സി.പി.എമ്മും കോണ്ഗ്രസ്സും പിടിച്ചുനില്‍ക്കാനും അണികളെ പിടിച്ചു നിര്‍ത്താനുമാണ് പാടുപെടുന്നതും നടകമാടുന്നതും!

തലപോയ തെങ്ങിന്റെ മണ്ടയിലേക്ക് ഇളനീര് പറിക്കാന്‍ കേറുന്നതുപോലെ ഇന്ത്യയുടെ തലസ്ഥാനത്ത് കോണ്ഗ്രസ്സ് ശൂന്യാവസ്ഥയില്‍ നില്‍ക്കുന്നതിനാലും തങ്ങള്‍ തുടങ്ങി വെച്ച കാര്യങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി മോഡിജിയുടെ സര്‍ക്കാര്‍ ചെയ്യുമെന്നതിനാലും അവധി യെടുത്ത് മുങ്ങുന്ന രാഹുല്‍ഗാന്ധിയിലും, താനും മൂര്‍ഖന്‍ പാമ്പും ചേര്‍ന്ന് ഒരാളെ കൊന്നു എന്ന് നീര്‍ക്കോലി പറയുന്നപോലെ പറയാന്‍ വേണ്ടി കൂടുതല്‍ സീറ്റുകള്‍ കിട്ടുന്ന പാര്‍ട്ടികള്‍ക്ക് പിന്തുണയുമായി ഓടുകയും കമ്യുണിസ്റ്റ് പാര്‍ട്ടിയെ വിറ്റുതീര്‍ക്കുകയും ചെയ്യുന്ന പോളിറ്റ് ബ്യുറോയിലെ സെയില്‍സ് ‘മോന്‍’ ആയ പ്രകാശ്‌ കാരാട്ടിലും, കാലികളെ നിര്‍ദ്ദയം വെട്ടിക്കൊന്ന് പശുപതി ക്ഷേത്രത്തില്‍ മൃഗബലി നടത്തിയതിനെതിരെ ഹൈക്കോടതി ഇടപെട്ട നാട്ടില്‍, അതേ കാലികളുടെ മാംസം ഭക്ഷിക്കുന്നത് വിലക്കിക്കൊണ്ട് മതം ആക്രമിക്കപ്പെടാന്‍ മനപ്പൂര്‍വ്വം അവസരമുണ്ടാക്കുകയും അതുവഴി പാര്‍ട്ടി വളര്‍ത്തുകയും ആ സാഹചര്യത്തില്‍ പാവപ്പെട്ടവരുടെ കൃഷിയും കിടപ്പാടവും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റ് കിട്ടുന്നത് ഭാഗിച്ചെടുക്കുന്ന ബി.ജെ.പി നേതാക്കളിലും പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ അഴിമതി മുക്തമാകുമെന്നും സോഷ്യലിസം വരുമെന്നും മതേതര രാജ്യമായി നിലനില്‍ക്കുമെന്നും സ്വപ്നം കണ്ടിരുന്നാല്‍ കാല്‍കീഴിലെ മണ്ണ് മാത്രമല്ല, ചിന്താ സ്വാതന്ത്ര്യം പോലും അന്യാധീനപ്പെട്ടുപോകും.

എന്റോസള്‍ഫാന്‍ ദുരന്തം അനുഭവിക്കുന്നതും കുത്തക മുതലാളിമാര്‍ക്ക് അച്ചാ ദിന്‍ വരുമ്പോള്‍ കൂരകളില്‍നിന്ന് ആട്ടിപ്പായിപ്പിക്കപ്പെടുന്നതും കേന്ദ്ര ബജറ്റില്‍ കേരളം അവഗണിക്കപ്പെട്ടതിന്റെ ദുരിതം പേറുന്നതും ഒരു മതത്തിലെ മാത്രം പാവങ്ങളായിരിക്കില്ല എന്ന്, ഇന്ത്യയെ അമേരിക്കക്കും കോര്‍പറേറ്റുകള്‍ക്കും വിറ്റുതീര്‍ക്കുമ്പോഴും മോഡിഭരണത്തെ പ്രകീര്‍ത്തിക്കുന്നവരും മോഡിയുടെ അടിമയാകാന്‍ ഓടുന്നവരും ഓര്‍ക്കുക.

ഒറിജിനല്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയായ സി.പി. ഐയില്‍നിന്ന് കുലംകുത്തികളായി സി.പി.എം പുറത്തു പോയതുമുതല്‍ കാക്കയും കുയിലുംപോലെ വര്‍ണ്ണം ഒന്നാണെങ്കിലും വിരുദ്ധസ്വരങ്ങളുമായിതന്നെ ഇരുകൂട്ടരും തുടരുന്നതും, പുലയ സഭയുടെയും കീഴാളരുടെയും കൂടി വിയര്‍പ്പില്‍ നേടിയ ആദ്യകമ്യുണിസ്റ്റ് മന്ത്രിസഭമുതല്‍തന്നെ അവര്‍ അവഗണിക്കപ്പെട്ടതും, മുഖ്യമന്ത്രിയെന്ന് ആശിപ്പിക്കുകയും കുടുംബജീവിതം പോലും തകര്‍ക്കുകയുംചെയ്ത സി.പി.എം ഇപ്പോള്‍ ഗൌരിയമ്മയുടെ ജെ.എസ്.എസിനെ വൃദ്ധസദനത്തിലാക്കാന്‍ ശ്രമിക്കുന്നതും, അബ്ദുല്‍ നാസര്‍ മഅദനിയെകൊണ്ട് മുസ്ലിംലീഗിനെയും കോണ്ഗ്രസ്സിനെയും തെറിവിളിപ്പിച്ച് ശത്രുക്കളാക്കി മാറ്റിയതും പിന്നീട് വളരെ ക്രൂരമായി കര്‍ണ്ണാടക സര്‍ക്കാരിന് പിടിച്ചുകൊടുത്തതും, അരിവാള്‍ സുന്നികളെന്നു വിളിപ്പിക്കപ്പെടുന്നത് വരെ എ.പി സുന്നികളെ ഉപയോഗിച്ചതും പിന്നീട് ഏതു മുടിയും കത്തുമെന്ന് പറഞ്ഞ് മുടിക്കച്ചവടം മുടക്കിയതും, മുസ്ലിംലീഗ് വിട്ടതുമുതല്‍ തങ്ങളുടെ മാറാപ്പൊന്ന് അഴിച്ചുവെക്കാന്‍ കഴിയാതെ സേട്ട് സാഹിബിന്റെ ആത്മാവിനെ അശാന്തമാക്കി നാഷണല്‍ലീഗ് സി.പി.എം വരാന്തയില്‍ ചുരുണ്ട്കൂടുന്നതും ഉള്‍പെട്ട കമ്യുണിസത്തിന്റെ രാക്ഷസ മുഖം നിരന്തരം പ്രകടമാക്കപ്പെട്ടിട്ടും, വല്യേട്ടന്‍ ‘പരനാറി’യില്‍ തന്നെ ഉറച്ച് നിന്ന് ഘടക കക്ഷികളായ അനിയന്മാര്‍ തെറ്റ്തിരുത്തി തിരിച്ചു വരണമെന്ന് പറയുന്നതും കേട്ട്‌ ആര്‍.എസ്. പിയും മറ്റും ഘര്‍വാപ്പസി ആവുകയാണെങ്കില്‍, മുഖ്യമന്ത്രി ‘ആക്കാ’മെന്നും വ്യവസായവകുപ്പ് ‘നോക്കാ’ മെന്നുമുള്ള കൊതിപ്പിക്കല്‍കേട്ട്‌ മാണി കോണിയും പിടിച്ച്‌ എല്‍.ഡി.എഫിലേക്ക് വണ്ടികയറുകയാണെങ്കില്‍, ആര്‍.എസ്.പിയുടെ അണികള്‍ കൂടെ പോവുകയും വീണ്ടും സി.പി. എമ്മിനും എന്‍.കെ.പ്രേമചന്ദ്രനും ജയ് വിളിക്കുകയും ചെയ്യുമോ ? എന്തൊക്കെ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള ഇന്‍സ്റ്റാള്‍മെന്റ് ഭരണവും അഡജസ്റ്റ്മെന്റ് സമരവും അല്ലായിരുന്നുവെങ്കില്‍ ‘കോഴ മാണി’ രാജിവെക്കുക എന്ന് അലറി വിളിച്ച് ബജറ്റ് അവതരണ സമയത്ത് തീപ്പന്തങ്ങളും രക്തസാക്ഷികളുമൊക്കെ ആകാന്‍ വിധിക്കപ്പെടുമായിരുന്ന വിപ്ലവ കുഞ്ഞാടുകള്‍ ഭാവിയില്‍ ‘കോയ, മാണി സിന്ദാബാദ്’ എന്ന് വിളിക്കുമോ?

ഏറനാട്ടിലെ കര്‍ഷകരിലും തോട്ടം തൊഴിലാളി കളിലും യാഥാസ്ഥിക മാപ്പിളമാരില്‍പോലും മത വിധികളെകുറിച്ച ബോധത്തോടൊപ്പം കമ്യുണിസ്റ്റ് അവബോധവും ഉടലെടുക്കാന്‍ നിമിത്തമായ എം.എല്‍. എയും പോരാളിയുമായിരുന്ന സഖാവ് കുഞ്ഞാലിയെ കൊന്ന അധികാര വര്‍ഗ്ഗത്തിലെ പ്രധാനിയെന്ന് ഗണിക്കപ്പെട്ടിരുന്ന ആര്യാടന്‍ മുഹമ്മദിന്പോലും, പില്‍ക്കാലത്ത്‌, കുഞ്ഞാടുകളെകൊണ്ട് സിന്ദാബാദ് വിളിപ്പിച്ച സി.പി.എമ്മിന്, പി.കെ കുഞ്ഞാലിക്കുട്ടിക്ക് സിന്ദാബാദ് വിളിപ്പിക്കുക എന്നത് തുലോം നിസ്സാരമായിരിക്കും. പക്ഷേ, കുഞ്ഞാലിയുടെ വധം ഇ.എം.എസിന്റെ അറിവോടെ- അതായത് സമ്മതത്തോടെ- ആയിരുന്നു എന്ന് പില്‍കാലത്ത് വെളിപ്പെട്ടത് തിരുത്തലുകളോ എതിര്‍ വാക്കുകളോ ഇല്ലാതെ ചരിത്രത്തില്‍ വിറങ്ങലിച്ചു കിടക്കുകയാണെന്നിരിക്കെ, മുസ്ലിംലീഗിനായാലും കേരള കോണ്ഗ്രസ്സിനായാലും, ഇനിയും സവര്‍ണ്ണകമ്യുണിസം ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സിന്ദാബാദ് വിളിക്കാന്‍ ഏറനാട്ടിലെ മൂല്യബോധമുള്ള കമ്യുണിസ്റ്റ്കള്‍ക്കാകുമോ ?

Generated from archived content: essay1_mar18_15.html Author: at_ashraf_karuvarakundu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here