മുരളി മനോഹര്‍ ജോഷിയെയും വെങ്കയ്യ നായിഡുവിനെയും രാഷ്ട്രീയമായി നിര്‍വീര്യമാക്കിക്കൊണ്ടും ഹിന്ദു തീവ്രതയുടെ കാര്യത്തില്‍ വാജ്പെയിയെക്കാള്‍ കേമനായിരുന്ന എല്‍ കെ അദ്വാനിയെ നിശ്ശബ്ദനാക്കിക്കൊണ്ടും അമിത്ഷായെ ബി ജെ പിയുടെ അധ്യക്ഷനാക്കിക്കൊണ്ടും ഇരുസഭകളുടെയും നായക സ്ഥാനം സ്വയം എറ്റെടുത്ത് കൊണ്ടും ഭാരതീയ ജനതാ പാര്‍ട്ടിയെ തന്‍റെ മുഷ്ടിക്കുള്ളില്‍ ഒതുക്കിയിരിക്കുന്നു നരേന്ദ്രമോഡി. സാധാരണ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ഇതൊക്കെ ക്ഷമിക്കാനാകുമെന്ന് കരുതാം; പക്ഷേ,പൊതുമേഖലകളെയെല്ലാം മുതലാളിമാര്‍ക്കും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രധിരോധ വകുപ്പ് പോലും വിദേശികള്‍ക്കും തീറെഴുതിക്കൊടുത്തത് ബി ജെ പി അധികാരത്തിലെത്തുന്നത് വരെ സ്വദേശി വാദികാളായിരുന്നവര്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നു എന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്ത്വത്തെയാണ് ദ്യോതിപ്പിക്കുന്നത്. അമേരിക്കക്കും ബ്രിട്ടനും എവിടെയൊക്കെ ഇരിക്കാന്‍ ഇടം കൊടുത്തതിട്ടുണ്ടോ അവിടെയൊക്കെ കിടക്കുകയും കിളക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് ചരിത്രമെന്നത്, ഇന്ത്യയിലെ വിഭവങ്ങള്‍ കൊള്ളയടിച്ചും ജനങ്ങളെ കൊന്നൊടുക്കിയും കിരാത ഭരണം നടത്തിയിരുന്ന ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പൊരുതി മരിച്ചവരുടെ പിന്‍മുറക്കാര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് വാദിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുകയും പ്രതിയോഗികളെ നിഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ നേതാവും രാജാവും ആയിതീരുന്നത്. ഗുജറാത്തില്‍ മുസ്‌ലിം കൂട്ടക്കുരുതി നടത്തുകയും അതിന് കൂട്ടുനിന്നവരെ സംരക്ഷിക്കുകയും ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ മോഡിക്ക് ഇത്ര പെട്ടെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനോ പ്രതിപക്ഷത്തിന്‍റെ ഒരു ജോലിയും ചെയ്യാതിരുന്നിട്ടും എന്‍.ഡി.യ്ക്ക് ഭരിക്കാനുള്ള അവസരം നേടാനോ കഴിയുമായിരുന്നില്ല.
ന്യുനപക്ഷ മുസ്‌ലിം വിഭാഗങ്ങളുടെ നിഷ്ക്രിയതയും കോണ്ഗ്രസ്സിനോടുണ്ടായ വെറുപ്പും കാരണം മതേതരവോട്ടുകളിലുണ്ടായ കുറവും വികേന്ദ്രീകരണവുമാണ് കേന്ദ്ര ഭരണം കയ്യാളാന്‍ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിക്ക് കഴിഞ്ഞത് എങ്കില്‍, അതേ അവസ്ഥ പുനസൃഷ്ടിക്കലാകും ഡല്‍ഹിയില്‍ ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയും കോണ്ഗ്രസ്സും ആം ആദ്മിയും വെവ്വേറെ മത്സരിക്കുകയും ചെയ്യുകയാണെങ്കില്‍.. കെജരിവാള്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ മാധ്യമക്കച്ചവടക്കാരും ശത്രുക്കളായ പോലീസ് ഉദ്യോഗസ്ഥരും പൂര്‍വ്വാധികം ശക്തിയോടെ അവിടെയുള്ളപ്പോള്‍ ആം ആദ്മിക്ക് ഒറ്റയ്ക്കൊരു തിരിച്ചുവരവും സാധ്യമാകില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ വേണ്ടപോലെ വിശകലനം ചെയ്യാനും പൊതു ശത്രുവിനെ തിരിച്ചറിഞ്ഞ് പ്രധിരോധിക്കാനും കഴിയാത്തതിന്‍റെ ദുരന്ത ഫലമാണ് ഇപ്പോഴത്തെ മോഡി-മുതലാളിത്ത മന്ത്രിസഭ എന്നിരിക്കേ, യുദ്ധക്കളത്തില്‍ പോരാളിയായി നില്‍ക്കുന്ന ബി.ജെ.പിയുടെ മുമ്പില്‍, പരിച തെറിച്ചുപോയ കോണ്ഗ്രസ്സും വാളൊടിഞ്ഞ എ.എ.പിയുമാണ് നില്‍ക്കുന്നത് എന്നിരിക്കേ, പരസ്പരം പഴിചാരി ചേരി തിരിഞ്ഞ് ഇനിയും തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കുക തന്നെയായിരിക്കും.
പ്രസവിച്ച ഉടനെ കുഞ്ഞിന് സ്വയം എണീറ്റ് നടക്കാന്‍ ആവില്ലെന്നതിനാല്‍ പരസഹായം ആവശ്യമാണ്. വേണ്ടത്ര അടിത്തറയില്ലാത്ത ആം ആദ്മി പാര്‍ട്ടി പ്രായപൂര്‍ത്തിയാകുന്നത് വരെയെങ്കിലും, ഡല്‍ഹിയില്‍ മാത്രമല്ല, മറ്റുസംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സമാനമനസ്കരായ സംഘടനകളുമായി സഹകരിച്ചും കൂടിയാലോചിച്ചും പൊതു ശത്രുക്കളെയും കള്ളന്മാരെയും കൊലയാളികളെയും നേരിടുകയാണ് വേണ്ടത്. പരമ്പരാഗതമായി രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ട ഒരു നാട്ടില്‍, സത്യത്തിന് പിടിച്ചു നില്‍ക്കുക പ്രയാസമാണെന്നും നീതിക്കുവേണ്ടിയുള്ള ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്നും അറിയുകതന്നെ വേണം.
മറിഞ്ഞ്കഴിഞ്ഞാല്‍ തോണിയുടെ പുറമാണ് നല്ലത് എന്നതിനാലും, ഒരു നിയമസഭ തിരഞ്ഞെടുപ്പിന്‍റെ കൂടി ഭാണ്ഡം ജനങ്ങളെ ചുമപ്പിക്കാതിരിക്കാനും കോടികള്‍ മുടക്കി എം എല്‍ എമാരെ വിലക്ക് വാങ്ങി ബി ജെ പി ഡല്‍ഹി ഭരിക്കുന്നത് ഒഴിവാക്കാനും ഇപ്പോള്‍ കോണ്ഗ്രസ്സിനോട് ചേര്‍ന്ന് ഡല്‍ഹി ഭരിച്ച് അണ്ണാര്‍ക്കണ്ണനും തന്നാലാവുന്നത് ചെയ്ത് കാണിക്കുക, എ.എ.പി. അതുവഴി, നഷ്ടപ്പെട്ട പ്രതാപംകുറേശ്ശേയായി തിരിച്ചുപിടിക്കാന്‍ കോണ്ഗ്രസ്സും ശ്രമിക്കുക. അഴിമതിവിരുദ്ധ ബില്‍ പാസ്സാക്കുമ്പോള്‍ ഇനിയങ്ങോട്ടുള്ള അഴിമതിക്കാര്‍ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ എന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍ കോണ്ഗ്രസ്സിന്‍റെ സജൈവ പിന്തുണയും പ്രതീക്ഷിക്കാം (ഇക്കാര്യം തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നുവെങ്കില്‍ ബി. ജെ.പിക്ക് വോട്ട് ചെയ്ത അഴിമതിക്കാരും അവരുടെ ആശ്രിതരുമായ കോണ്ഗ്രസ്സുകാര്‍ മുഴുവന്‍ ചൂലിന് നേരെ വിരലമര്‍ത്തിയിരുന്നേനെ !)
കോണ്ഗ്രസ്സും എ.എ.പിയും ചേര്‍ന്നൊരു ഭരണം നടത്തി, കക്കുന്ന മന്ത്രിമാരുടെ കൈപിടിച്ച് ഒടിക്കാനും ആര്‍.എസ്.എസ് ചാരന്മാരായവരെ പടിയടച്ച് പിണ്ഡം വെയ്ക്കാനും കോണ്ഗ്രസ്സും, പാര്‍ശ്വവല്‍കൃതരും സാധാരണക്കാരുമായവര്‍ക്ക് സാന്ത്വനം നല്‍കാനും സ്ത്രീ പീഡനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഡല്‍ഹിയില്‍, ഇനി മുതലുള്ള പീഡനങ്ങള്‍ക്കും കൊലകള്‍ക്കും വധശിക്ഷ നല്‍കാനും ആം അദ്മിയും തയ്യാറായാല്‍ അതിന്‍റെ അലയൊലികള്‍ ഇന്ത്യയാകെ പടരുകയും അതുവഴി ജനഹൃദയങ്ങളിലേക്ക് തിരിച്ചുവരികയും ചെയ്യാം. വിരുദ്ദ ചേരികളിലായിരുന്നിട്ട് പോലും, പ്രതിസന്ധിഘട്ടത്തില്‍, ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ സഹായിച്ച ചരിത്ര പശ്ചാത്തലം ഓര്‍ത്ത്, ഭിന്നതകള്‍ മറന്ന് ഒന്നിക്കുകയും പരസ്പരം സഹകരിച്ചോ സമാഗമിച്ചോ മന്ത്രിസഭ രൂപീകരിച്ച് ജനങ്ങള്‍ക്ക് വേണ്ടിയുള്ള മാതൃകാപരമായ ഭരണം കാഴ്ചവെക്കുക. ഇല്ലെങ്കില്‍ , തങ്ങള്‍ ബി.ജെ.പിയുടെ ബി.ടീം അല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആം അദ്മി പാര്‍ട്ടിക്കും മുതലാളിത്ത പ്രീണനതിലും ന്യുനപക്ഷ പീഡനത്തിലും ബി ജെ പിയെക്കാള്‍ മുന്നിലല്ല തങ്ങളെന്ന് തെളിയിക്കാന്‍ കോണ്ഗ്രസ്സിനും ഇനിയൊരവസരം കിട്ടിയെന്ന് വരില്ല അടുത്ത കാലത്തൊന്നും!
Generated from archived content: essay1_july18_14.html Author: at_ashraf_karuvarakundu