കോട്ടുമന്ത്രിയും ഷാള്‍മന്ത്രിയും

സോവിയറ്റ് യുനിയന്‍ പതനത്തിന്‌ ശേഷം രൂപംകൊണ്ട ഇസ്ബെകിസ്താന്റെ ഭരണ തലവനായി മാറിയ തിമൂര്‍ ബിന്‍ തരഘായ്, അതി ക്രൂരനായ ഭരണാധികാരിയായിരുന്നു. അദ്ദേഹം ഒരിക്കല്‍ മുല്ല നസറുദ്ദീനോട്‌ ചോദിച്ചു :

“എന്താണെന്റെ വില ? ” അതായത് , തന്നെ വില്‍ക്കുകയാണെങ്കില്‍ എന്ത് വിലകിട്ടുമെന്ന് !

“ഇരുപത് സ്വർണനാണയങ്ങൾ ” – മുല്ല ഉടനെ മറുപടി നൽകി. താന്‍ ധരിച്ചിരിക്കുന്ന അരപ്പട്ടക്ക് തന്നെ ഇരുപത് സ്വർണനാണയങ്ങൾ കിട്ടുമെന്ന് തിമൂര്‍ പറഞ്ഞപ്പോള്‍ മുല്ലയുടെ മറുപടി :

” ഞാൻ വിലയിട്ടപ്പോൾ അതും കൂടി ഉൾപ്പെടുത്തിയിരുന്നു ”

മൂസ സേട്ട് എന്ന കോട്ട് മുക്രിയെപോലെ, നമ്മുടെ കോട്ട് മന്ത്രി മോഡിജി, കോട്ടണിഞ്ഞ്, തന്നെയും കോട്ടിനെയും ഉള്‍പ്പെടെയാണ് ലേലത്തിന് വെച്ചിരുന്നത് എങ്കില്‍, ലേലക്കാര്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവര്‍ അല്ല എങ്കില്‍,എന്തായാലും, പത്ത് ലക്ഷമെങ്കിലും വിലയിടാന്‍ സാധ്യതയുണ്ട്.അങ്ങിനെയെങ്കില്‍, അദ്ദേഹത്തിന്റെ ഭാര്യ യശോദ ബെന്‍, വൃക്ക വിറ്റിട്ടാണെങ്കില്‍ പോലും പത്ത് ലക്ഷം ഉണ്ടാക്കി തന്റെ ഭര്‍ത്താവിനെ ലേലം വിളിച്ചെടുക്കാനും സാധ്യതയുണ്ട്. അപ്പോള്‍, ഘര്‍ വാപ്പസിക്ക് ഒരു ഉത്തമ മാതൃകയും ഉണ്ടാകും. പക്ഷേ,പങ്കെടുക്കേണ്ടവരേയും ഭീമമായ തുക മുടക്കി കോട്ട് സ്വന്തമാക്കി ചരിത്രത്തില്‍ ഇടം പിടിപ്പിക്കേണ്ടവരേയും മുന്‍കൂട്ടിനിശ്ചയിച്ചിട്ടുണ്ടാകും എന്നതുകൊണ്ടായിരിക്കാം നാല് കോടിക്ക് മുകളില്‍ ആ പ്രമാദമായ കോട്ട് ലേലം വിളിച്ച് പോയത്! അതുകൊണ്ടുതന്നെ യശോദ ടീച്ചര്‍ക്ക് ആ ഒരു അവസരവും നഷ്ടപ്പെട്ടു.എ.എ.പിയുടെ മാതൃക ഉള്ളതുകൊണ്ട് കോട്ട് വിറ്റുകിട്ടിയ പണംകൊണ്ട് എങ്ങിനെ ചിലവഴിക്കണം എന്ന് വിളിച്ചു പറയാന്‍ കൂടുതല്‍ ചിന്തിക്കെണ്ടാതായും വന്നില്ല ,ബി.ജെ.പിക്ക്

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും തലമുതിര്‍ന്ന നേതാക്കളെയെല്ലാം തട്ടിമാറ്റിക്കൊണ്ട് എകാധിപതിയായി മുന്നേറുന്ന മോഡിജി, ഇന്ദ്രപ്രസ്ഥത്തിന്റെ ആധിപത്യം കൂടി നേടിയെടുത്തതിന് ശേഷം, ഗുജറാത്തില്‍, തന്റെ പേരില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടെ ദൈവമായികൂടി അവതരിക്കാം എന്ന സ്വപ്നത്തിന് ഏറ്റ ക്ഷതമാണ്, റെഡിമൈഡ് ഞെട്ടലായി പരിണമിച്ചത്‌!

ബി.ജെ.പിയുടെ നേതാക്കള്‍ മാത്രമല്ല, കേന്ദ്ര മന്ത്രിമാരും തന്ത്രിമാരും എംപിമാരുമെല്ലാം തിരഞ്ഞെടുപ്പ് പ്രചരണ‍ങ്ങള്‍ക്കിറങ്ങിയിട്ടും ദേശ ദ്രോഹ (വിദേശ ദ്രോഹം എന്നായിരിക്കും ഇതിയാന്‍ ഉദ്ദേശിച്ചത്) പ്രവര്‍ത്തനം നടത്തിയാല്‍ അരവിന്ദ് കെജരിവാളിനെ കൊല്ലുമെന്ന് ഹിന്ദുമാഹാസഭയുടെ നേതാവ് വെല്ലുവിളിച്ചിട്ടും, ഇന്ത്യയുടെ മഹനീയ പാരമ്പര്യം തകര്‍ക്കാന്‍ അവിടുത്തെ ജനങ്ങള്‍ തയ്യാറാകാത്തത് കാരണം ബി.ജെ.പി നിലം പൊത്തിയതിലൂടെ, ഇന്ത്യന്‍ ജനതയുടെ യഥാര്‍ത്ഥ മനസ്സ് മതേതരത്വത്തിന്റെതാണെന്ന തിരിച്ചറിവാണ് നരേന്ദ്രമോഡിയെ, വാക്കിലെങ്കിലും മതേതരനാകാന്‍ പ്രേരിപ്പിച്ചത്.

ഗുജറാത്തില്‍, ന്യുനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ വംശഹത്യയിലൂടെ ഹിന്ദു വര്‍ഗീയ വാദികള്‍ക്കിടയില്‍ മോഡി, ദൈവവും നേതാവുമായെങ്കിലും, കേന്ദ്ര ഭരണ -ഉദ്യോഗ തലങ്ങളില്‍ നടന്നിരുന്ന ഹൈന്ദവ വല്‍ക്കരണം കൊണ്ടും കോണ്ഗ്രസ്സ് എന്ന പാര്‍ട്ടിയില്‍ അഴിമതി ഒരു അലങ്കാരമായി കൊണ്ടാടപ്പെട്ടതിനാലും മന്‍മോഹന്‍സിംഗ്‌ എന്ന നിര്‍ഗുണ പ്രധാനമന്ത്രി പത്ത് വര്‍ഷം ഇന്ത്യ ഭരിച്ച് അമേരിക്കന്‍ അനുകൂല സാമ്പത്തിക – ഊര്‍ജ്ജ നയങ്ങള്‍ നടപ്പിലാക്കിയത് കൊണ്ടും പട്ടിണികൊണ്ടും പാര്‍പ്പിട രാഹിത്യം കൊണ്ടും വീര്‍പ്പുമുട്ടിയിരുന്ന സാധാരണ ജനങ്ങള്‍ക്ക്‌ തല ചായ്ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇല്ലാതിരുന്നതിനാലും ലോകസഭ തിരഞ്ഞെടുപ്പില്‍ ഗണ്യമായ ഒരു വിഭാഗം ജനങ്ങള്‍ വോട്ട് ചെയ്യാതിരുന്നത് കൊണ്ട് മാത്രമാണ് ബി.ജെ.പിക്ക് കേന്ദ്ര ഭരണം നേടാനായത് എന്നാണ് പില്‍ക്കാലത്തെ ദല്‍ഹി നിയമ സഭാ തിരഞ്ഞെടുപ്പിലൂടെ കോണ്ഗ്രസ്സിനും ബി.ജെപിക്കും എതിരായി വന്ന എ.എ.പിയുടെ വിസ്മയാവഹമായ വിജയം വ്യക്തമാക്കുന്നത്.

വര്‍ഗ്ഗീയ കോമരങ്ങള്‍ക്കെതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും അഴിമതി രാജാക്കള്‍ക്കെതിരെയും സമാന മനസ്ക്കരായ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും ഭരണ പങ്കാളിത്തത്തിലും മുന്‍കൂട്ടി ഉപാധികള്‍ ഉണ്ടാക്കിയും ആം ആദ്മി പാര്‍ട്ടി മുന്നോട്ട് പോവുകയാണെങ്കില്‍, വളരെ കാത്തിരിക്കേണ്ടിവരില്ല, കേരളത്തില്‍ വരാന്‍പോകുന്ന പഞ്ചായത്ത് – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തന്നെ അതിന്റെ അത്ഭുതകരമായ അനുകരണങ്ങള്‍ കാണാന്‍ കഴിയും. ആരൊക്കെ ഭരിക്കുന്നു- ഭരിക്കണം എന്നല്ല, ഭരിക്കുന്നവര്‍ എങ്ങിനെ ഭരിച്ചു -ഭരിക്കുന്നു എന്നായിരിക്കും ഇനിയങ്ങോട്ട് പ്രബുദ്ധ ജനം ചിന്തിക്കുക എന്നതിനാല്‍, ആം ആദ്മി പാര്‍ട്ടി മറ്റു പാര്ട്ടികളെയെല്ലാം എതിരാളികളായി.

കാണാതെ തങ്ങളുടെ ചിന്താ സരണിയിലൂടെ സഞ്ചരിക്കുന്നവരുടെ സോപാധിക സഹകരണമെങ്കിലും തേടുന്നത് വിദൂര ഭാവിയില്‍ നല്‍കപ്പെടാന്‍ പോകുന്ന ക്ഷേമവും സേവനവും ഭയരഹിത ജീവിതവും സമീപകാലത്ത് തന്നെ ജനങ്ങള്‍ക്ക്‌ നല്‍കപ്പെടാന്‍ ഹേതുകമാകാം. ആരെയും സഹായിക്കില്ല, ആരുടേയും സഹായം സ്വീകരിക്കില്ല എന്ന നയത്തേക്കാള്‍ വലുത് അരികു ചേര്‍ക്കപ്പെട്ടവര്‍ വയറ് നിറച്ച് ഉണ്ണുന്നതും മനം മറന്ന് ഉറങ്ങുന്നതുമാണെന്ന് തിരിച്ചരിയപ്പെടാതെ പോകുന്നതും അപരാധം തന്നെയാണ്.

കൊണ്ടും കൊടുത്തും സഹകരിച്ചും സഹവര്‍ത്തിച്ചും ക്രിമിനലുകളെ സംരക്ഷിച്ചും പാവങ്ങളെ ദ്രോഹിച്ചും കേരളം മാറി മാറി ഭരിച്ച് ജനങ്ങളെ കോമാളികളാക്കുന്ന എല്‍.ഡി.എഫ് -യു.ഡി.എഫ് കൂട്ട് കെട്ടു തന്നെയായിരിക്കും തുടര്‍ന്നും കേരളത്തില്‍ കാണാന്‍ കഴിയുക എന്നതിനാല്‍, തെളിവ് കിട്ടാതിരിക്കാന്‍ ഉപ്പു ചാക്ക് രീതികളിലൂടെ പ്രതിയോഗികളെ കൊന്നു തള്ളുന്ന കൊലപാതക രാഷ്ട്രീയത്തിന്‍റെ പ്രയോക്താക്കളും മുതലാളിത്ത-കോര്‍പ്പറേറ്റ്കളുടെ ഇടനിലക്കാരുമായ എല്‍.ഡി.എഫിനെ ബംഗാളില്‍ നിന്നും നിവാരണം ചെയ്തതുപോലെ, അമ്പതി രണ്ട് വെട്ടുകൊണ്ടും എസ് ആകൃതിയിലുള്ള കത്തികൊണ്ടും വണ്‍, ടൂ,ത്രീ ക്രമത്തിലും രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സി.പി.എമ്മിനെ കേരളത്തില്‍ നിന്നും ഉന്‍മൂലനം ചെയ്യാന്‍, വരാന്‍പോകുന്ന തിരഞ്ഞെടുപ്പുകളില്‍, കീഴാളരുടെയും വിശക്കുന്നവന്റെയും ഭയക്കുന്നവന്റെയും പക്ഷത്ത് നില്‍ക്കുന്ന എസ്.ഡി.പി.ഐ, യഥാര്‍ത്ഥ കമ്യുണിസത്തിന്റെ സംസ്ഥാപനത്തിനായി രക്തസാക്ഷിയായ ടി.പിയുടെ ആര്‍.എം.പി, വെല്‍ഫെയര്‍ പാര്‍ട്ടി, നിരന്തരമായ അവഗണനയും പീഡനങ്ങളുമേറ്റപ്പോള്‍ സ്വത രാഷ്ട്രീയത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ഡി.എച്ച്.ആര്‍.എം, ഭരണ കൂടങ്ങള്‍ എന്തൊക്കെ പറഞ്ഞാലും വയറെരിയുന്നവന്റെയും പിറന്ന മണ്ണില്‍നിന്നും ആട്ടിയിറക്കപ്പെടുന്നവന്റെയും പക്ഷത്ത് നില്‍ക്കുന്ന മാവോയിസ്റ്റ്കള്‍ (അങ്ങിനെയൊരു വിഭാഗം ഉണ്ടെങ്കില്‍) തുടങ്ങിയവരുമായി ധാരണയിലെത്തിയും വി.എം സുധീരന്‍, പി.സി.ജോര്‍ജ്ജ്, പോലുള്ളവരെ അടര്‍ത്തിയെടുത്തും ആം ആദ്മി പാര്‍ട്ടി ഒരു പരീക്ഷണം നടത്തിയാല്‍, ഡല്‍ഹിയില്‍ കണ്ടത് പോലെ ഒരു രാഷ്ട്രീയ സുനാമി കേരളത്തലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ പോലും കാണാന്‍ കഴിയും. ഇത്രയും കാലം ദല്‍ഹിയിലെ അരക്ഷിതരായ ജനങ്ങള്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ മറ്റൊരു രാഷ്ട്രീയ കക്ഷി ഇല്ലാതിരുന്നതിനാല്‍ കോണ്ഗ്രസ്സിനെ സഹിക്കുകയായിരുന്നു എന്നത് പോലെ, സ്വീകാര്യമായ മറ്റു മാര്‍ഗ്ഗമൊന്നും ഇല്ലാത്തതിനാല്‍ കേരളത്തില്‍ മുസ്ലിം ലീഗ് കോണ്ഗ്രസ്സിനെ ചാരി നില്‍ക്കുന്നതിനാല്‍ അല്‍പം ചെളി പുരണ്ടിട്ടുണ്ട് എങ്കിലും അഴിമതി ആരോപണങ്ങളില്‍ വളരെ പിന്നോക്കമായ മുസ്ലിം ലീഗിനെയും വേണമെങ്കില്‍ ആലോചിക്കാം.

ഇടതുപക്ഷമുള്ളിടത്ത് എ.എ.പിക്ക് വേരോട്ടമുണ്ടാകില്ല എന്ന വാദങ്ങള്‍ക്കുള്ള മറുപടിയാണ്, കോണ്ഗ്രസ്സ് ഒന്നര പതിറ്റാണ്ട് ഭരിക്കുകയും കോട്ടുമന്ത്രിയുടെ ഇന്ദ്രപ്രസ്ഥം നിലകൊള്ളുന്ന സ്ഥലവുമായ ഡല്‍ഹിയില്‍ കേവലം ഒരു ഷാള്‍ മന്ത്രി ഷോ നടത്തുന്നത്. ചായക്കടക്കാരന് അര്‍ത്തം കിട്ടിയപ്പോള്‍ പത്ത് ലക്ഷം രൂപയുടെ കോട്ട് ! എന്നാല്‍, വിദ്യാസമ്പന്നനായ ഒരാള്‍ ഉന്നതമായ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് സ്വരാജിന് വേണ്ടി വിശ്രമ രഹിത പ്രവര്‍ത്തനം നടത്തുമ്പോള്‍ ചെവിയിലേക്ക് കാറ്റ് കേറി അസുഖം കൂടാതിരിക്കാന്‍ ഒരു സാദാ ഷാള്‍ !

ഓരോ ജനതക്കും അവരര്‍ഹിക്കുന്ന നേതാവിനെയായിരിക്കും ലഭിക്കുക എന്ന് തിരിച്ചറിഞ്ഞ ഡല്‍ഹിയിലെ ജനങ്ങളെ പോലെ കേരളത്തിലെ വോട്ടര്‍മാരും മനസ്സിലാക്കാന്‍ തുടങ്ങിയാല്‍ ഇടതുപക്ഷവും വലതുപക്ഷവും ഒരുമിച്ചു നിന്നാല്‍ പോലും ജനപക്ഷമായിരിക്കും വിജയ പക്ഷത്ത്.

Generated from archived content: essay1_feb24_15.html Author: at_ashraf_karuvarakundu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here