ഞങ്ങളുടെ നാട്ടിലെ ഒരു കള്ളുഷാപ്പില്‍ സംഭവിച്ചതാണെന്ന് കേട്ടിട്ടുണ്ട്. അതിന് മുന്‍പ് മറ്റൊരുകാര്യം പറയട്ടെ. ഉറങ്ങുന്ന മനുഷ്യന്റെ മാനസിക വ്യവഹാരങ്ങളായ സ്വപ്നത്തെ ശാസ്ത്രീയ അപഗ്രഥനങ്ങള്‍ക്ക് വിധേയമാക്കിയ സിഗ്മണ്ട് ഫ്രോയിഡ്, പുതിയ ക്ലാസ്സിലേക്ക് വന്ന കുട്ടികളോട് കഥ പറയാന്‍ തുടങ്ങുമ്പോള്‍, അവസാന ബാച്ചില്‍ തോറ്റ് അവിടെത്തന്നെ തുടരുന്ന ഒരു വിദ്യാര്‍ഥി ചാടിഎഴുന്നേറ്റു പറഞ്ഞു : സര്‍ , ഈ കഥ കഴിഞ്ഞവര്‍ഷം പറഞ്ഞിട്ടുണ്ട്. ഫ്രോയിഡ് പറഞ്ഞു : അങ്ങിനെയെങ്കില്‍ നീ ചിരിക്കണ്ട, മറ്റുള്ളവര്‍ ചിരിക്കട്ടെ. കഴിഞ്ഞവര്‍ഷം നീ ചിരിച്ചിരുന്നുവെങ്കില്‍ ഇനിയും ചിരിക്കേണ്ടതില്ല. പക്ഷേ, എനിക്കീ കഥ പറഞ്ഞേ പറ്റൂ. ഇതില്‍ ഒരു പോയിന്റുണ്ട്.
പറയാന്‍പോകുന്ന സംഭവം കരുവാരകുണ്ടിലെ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അവര്‍ ഇനിയും ചിരിക്കേണ്ടതില്ല. മറ്റുള്ളവര്‍ ചിരിക്കട്ടെ. പക്ഷേ, കള്ള്ഷാപ്പുകളെ കുറിച്ച് പറയുമ്പോള്‍ എനിക്കീ കഥ പറഞ്ഞേ പറ്റൂ.
മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് നിലത്തുകിടന്നുരുളുകയായിരുന്ന ആളെ തന്റെ രണ്ട് ആണ്മക്കള്‍ വന്ന് വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. അച്ഛന്റെ വലതുകൈ ഒരു മകന്റെ ചുമലിലും ഇടതുകൈ മറ്റെ മകന്റെ ചുമലിലും പിടിപ്പിച്ചുകൊണ്ടാണ് കൊണ്ടുപോകുന്നത്. ഇരുട്ടിലൂടെ നടന്നുപോകുമ്പോള്‍ , നെഞ്ചുവിരിച്ച് അല്‍പം അഹങ്കാരത്തോടെ ആ മദ്യപന്‍ പറഞ്ഞുവത്രേ : അപ്പന്‍ എത്ര കുടിച്ചാലും ഈ പോക്കങ്ങിനെ പോകും …
വി എം സുധീരന്‍ എന്തൊക്കെ പറഞ്ഞാലും മദ്യനിരോധന ചര്‍ച്ചകള്‍ അവിരാമം തുടര്‍ന്നാലും വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറിയാലും എ കെ ആന്റണി ഒരാവര്‍ത്തികൂടി മുഖ്യമന്ത്രി ആയാലും മദ്യപന്മാര്‍ ഈ പോക്കങ്ങിനെ പോകും… ! സൌകര്യങ്ങള്‍കുറഞ്ഞ ബാറുകള്‍ ഒന്നുകൂടി മെച്ചപ്പെടുകയും പഴകി ദ്രവിച്ച ബിവറെജ് ഷോപ്പുകള്‍ അല്‍പംകൂടി മോടിപിടിക്കുകയും ചെയ്യുമെന്നല്ലാതെ, അപ്പോഴും പണമുള്ളവന് മെച്ചപ്പെട്ട ബാറുകളും ഷോപ്പുകളും തുറക്കാനും നിലനിര്‍ത്താനും കഴിയുമെന്നല്ലാതെ മറ്റു അത്ഭുതങ്ങളൊന്നും സംഭവിക്കാന്‍ പോകുന്നില്ല. തങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നേ എന്ന്പറഞ്ഞ് സമരത്തിനൊരുങ്ങുന്ന മദ്യതൊഴിലാളികളെളെയും ബാറുകളിലും ബിവറേജ് ഷോപ്പുകളിലും ജോലി ചെയ്തവര്‍ക്ക് മറ്റൊരു തൊഴിലും ചെയ്യാനേ പാടില്ലെന്ന് വാശിപിടിക്കുന്ന കമ്യുണിസ്റ്റ് നേതാക്കളെയും മദ്യത്തിന്റെ ദുരന്തമനുഭവിക്കുന്ന വീട്ടമ്മമാര്‍ ചൂലെടുത്ത് തെരുവിലിറങ്ങി നേരിടുകയാണെങ്കില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കും.
സര്‍ക്കാറുകള്‍ക്ക് ജനങ്ങളുടെ ജീവനിലാണ് താല്പര്യമെങ്കില്‍, ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് , മദ്യം നിരോധിക്കുന്നതിന് മുന്‍പ് നിരോധിക്കേണ്ടത് എന്‍ഡോസള്‍ഫാന്‍ ആയിരുന്നില്ലേ ? കുടുംബ കലഹങ്ങളുടെയും അപകട മരണങ്ങളുടെയുംപ്രധാന കാരണമായ മദ്യത്തെ ഘട്ടം ഘട്ടമായെങ്കിലും നിരോധിക്കാനുള്ള സുധീര ശ്രമം ശ്രമകരമെങ്കിലും ഗുണകരമായിരിക്കും നാടിനും കുടുംബങ്ങള്‍ക്കും. ഉദ്ബോധനങ്ങള്‍ കൊണ്ടോ വിതരണം പരിമിതപ്പെടുത്തിയത്കൊണ്ടോ മദ്യാസക്തി ഇല്ലാതാക്കാനാവില്ല. നിയമത്തിന് ശക്തിയും നടപ്പിലാക്കാന്‍ ഇച്ചാശക്തിയും ഉണ്ടെങ്കില്‍ ഏതു തിന്മയും ക്രമേണ ഉന്‍മൂലനം ചെയ്യാനാകും. ലോകത്തുള്ള സകല മദ്യശാലകളും അടച്ചുപൂട്ടിയാലും കുടിയന്മാരുടെ ആസക്തിക്ക് കുറവുണ്ടാകില്ലെന്നതിനാല്‍ , അത്യാവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന തത്വപ്രകാരം പകരമൊന്ന് കണ്ടെടുക്കപ്പെടുകതന്നെ ചെയ്യും. ബാറുകള്‍ പൂട്ടിയതോടെ അടിപിടിക്കേസ്സുകള്‍ കുറഞ്ഞുവെന്ന് വി എം സുധീരന്‍ പറയുന്നു. പക്ഷേ, ഓരോ ബാറുകള്‍ പൂട്ടുമ്പോഴും കോണ്ഗ്രസ്സില്‍ അടിപിടി കൂടുമെന്ന കാര്യം ഹൈക്കമാഡിന് അറിയാവുന്നതുകൊണ്ടായിരുന്നു കിംഗ് ഫിഷര്‍ എന്ന ബിയര്‍ കമ്പനിയുടെ കടങ്ങള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്.
ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് മദ്യ വില്‍പനിയിലൂടെയാണെന്ന് ആത്മഹര്‍ഷം കൊള്ളുന്ന സര്‍ക്കാര്‍ , വിപണനവും വിനിമയവും നിര്‍ത്തലാക്കാന്‍ അധികാരമുള്ള സര്‍ക്കാര്‍ ഭീമമായ പണം മുടക്കി മദ്യവിരുദ്ധ പരസ്യങ്ങള്‍ നല്‍കുന്നതിലെ കാപട്യം എത്രമേല്‍ പരിഹാസ്യമാണ് ! ബൈക്ക് യാത്രികരുടെ ജീവനില്‍ അതീവ ജാഗ്രത കാണിച്ച് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ , കുടിയന്റെ മാത്രമല്ല , കുടുംബത്തിന്റെയും അപരന്റെയും അയല്‍ക്കാരന്റെയുമൊക്കെ ജീവനും സ്വത്തിനും നാശവും ഭീഷണിയുമുണ്ടാക്കുന്ന ഒരു മദ്യശാലയെങ്കിലും അടപ്പിക്കാത്തത്തിലെ , ഒരു മദ്യക്കച്ചവടക്കാരന്റെയോ കുടിയന്റെയോ പേരില്‍ കേസ്സെടുക്കാത്തത്തിലെ യുക്തി രാഹിത്യം എത്രമേല്‍ അപഹാസ്യമാണ് !! കള്ളുകുടിച്ച് മരിച്ചാലും ഹെല്‍മെറ്റ് ധരിക്കാത്തത് കാരണം ഒരുത്തനും മരിക്കാന്‍ പാടില്ലെന്നതിലെ വാണിജ്യ ശാസ്ത്രം എത്രമേല്‍ കപടതരമാണ് !!! രണ്ടിലുമുണ്ട് മുതലാളിത്ത പ്രീണനത്തിന്റെ വൈജാത്യമുഖങ്ങള്‍ : പാവപ്പെട്ടവന്‍ കുടിച്ചു മരിച്ചാലും കുഴപ്പമില്ല, മദ്യരാജാക്കന്മാര്‍ക്ക് പണം ലഭിക്കണം ; പാവപ്പെട്ടവന്റെ വാഹനമായ ബൈക്ക് ഓടിക്കുന്നവരില്‍ നിന്ന് പണം പിഴിഞ്ഞെടുത് ഹെല്‍മെറ്റ് മുതലാളിമാരെ വീണ്ടും കുബേരന്മാരാക്കണം. ബൈക്കോടിച്ചിരുന്ന ആള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പോലീസുകാര്‍ ഓടിച്ചുപിടിക്കാന്‍ ശ്രമിക്കവേ കിണറ്റില്‍ വീണുമരിച്ച സംഭവങ്ങള്‍ ഒന്നില്‍കൂടുതല്‍ പ്രാവശ്യം ഉണ്ടായിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചുപോയ പോലീസുകാരന്റെ ഫോട്ടോയെടുത്തതിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ച പോലീസുകാരനെ സ്ഥലം മാറ്റിയ വാര്‍ത്ത 03-05-2014 ലെ പത്രങ്ങളിലുണ്ടായിരുന്നു.
ഒരു പക്ഷേ, കേരളത്തിലെ എഴുത്തുകാരില്‍ ഏറ്റവും കൂടുതല്‍ മദ്യം പാനം ചെയ്തിരുന്ന പൊന്‍കുന്നം വര്‍ക്കിക്ക് കരള്‍ രോഗവും ദേഹ തളര്‍ച്ചയും ബാധിച്ചപ്പോള്‍ മദ്യം കൊടുക്കരുതെന്ന് കല്‍പ്പിച്ചിരുന്നുവത്രേ ഡോക്ടര്‍മാര്‍. എന്നാല്‍ മദ്യം ലഭിക്കാതായപ്പോള്‍ വര്‍ക്കി കൂടുതല്‍ അവശനായി. കിടപ്പിലുമായി. പരസഹായമില്ലാതെ എണീക്കാന്‍ പോലും പറ്റാതെയായി. പ്രായം 90-ന് മുകളിലെത്തിയതിനാലും തിരിച്ചുവരവിന് സാധ്യതയില്ലാത്തതിനാലുമായിരിക്കാം ഇനി മദ്യം കൊടുത്തോളൂ എന്ന് പറഞ്ഞുവത്രെ ഡോക്ടര്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് അഭിപ്രായപ്പെട്ട സത്യവെള്ളം പക്ഷേ അമൃതിന്റെ രൂപത്തിലാണ് വര്‍ക്കിയുടെ ശരീരത്തില്‍ രാസപ്രക്രിയ നടത്തിയത്. മദ്യം കഴിച്ച വര്‍ക്കി കിടപ്പില്‍നിന്ന് എണീറ്റു. വീടിന്റെ മുന്‍ഭാഗത്തേക്ക് നടന്നുപോകാനും കസേരയിലിരിക്കാനും പ്രാപ്തനായി.
ക്രിസ്തു മൂന്നാംപക്കം ഉയിര്‍ത്തെഴുന്നേറ്റുവെങ്കില്‍ താന്‍ മൂന്ന് പെഗ്ഗില്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നായിരുന്നു പൊന്‍കുന്നം വര്‍ക്കിയുടെതന്നെ കമന്റ്.
Generated from archived content: essa1_may5_14.html Author: at_ashraf_karuvarakundu
Click this button or press Ctrl+G to toggle between Malayalam and English