രുദ്രാക്ഷത്തിന്റെ മഹാരഹസ്യം ശിവചൈതന്യവും ഔഷധഗുണവുമാണ്. മാരകരോഗങ്ങളെ ആട്ടിപ്പായിക്കുന്ന ദിവ്യസസ്യമായ രുദ്രാക്ഷം ആധുനീക ശാസ്‌ത്രത്തിനും അഭിമതയാണ്. ശിവാരാധനയുമായാണ് രുദ്രാക്ഷത്തിന് ബന്ധം. തപസ്സിന്റെയും നിഷ്‌ഠയുടെയും പ്രതീകം. രുദ്രാക്ഷം എന്ന് പറഞ്ഞാൽ രുദ്രന്റെ കണ്ണ്. ഇത് ദർശിക്കുന്നത് തന്നെ ഉത്തമം. സ്‌പർശിച്ചാൽ പത്തിരട്ടിയും ധരിച്ചാൽ കോടിയിരട്ടിയും ഫലം.
രുദ്രാക്ഷം ദർശിച്ചാൽ തന്നെ പാപം നശിക്കുമെന്ന് വ്യാസമഹർഷി വിവരിച്ചിട്ടുണ്ട്. രുദ്രാക്ഷത്തിന്റെ ഉത്‌ഭവത്തെക്കുറിച്ച് ശ്രീപരമേശ്വരൻ സുബ്രഹ്‌മണ്യ സ്വാമിയോട് വിവരിക്കുന്നത് ഇങ്ങനെ. ത്രിപുരൻ എന്ന ശക്തനും സമർത്ഥനുമായ ഒരു അസുര പ്രമാണിയുണ്ടായിരുന്നു. അയാൾ ബ്രഹ്‌മാവ്, വിഷ്‌ണു എന്നിവരെ ജയിച്ച് പതിനാല് ലോകത്തിനും അധിപനായി. അതോടെ ദേവൻമാർ ദുഃഖിതരായി. അതീവ പരാക്രമിയായ ത്രിപുരനെ എങ്ങനെ വധിക്കണമെന്നറിയാതെ ഞാനും വിഷമിച്ചു. ഒരായിരം സംവത്സരം ഞാൻ ധ്യാനിച്ചു. അതിനുശേഷം ഞാൻ വിഷാദത്തോടെ കണ്ണുകൾ മിഴിച്ചു. കണ്ണിൽ നിന്നും അശ്രുബിന്ദുക്കൾ താഴെ പതിച്ചു. ഈ ബാഷ്‌പ ബിന്ദുക്കളിൽ നിന്നാണ് രുദ്രാക്ഷത്തിന്റെ ജനനം.
രുദ്രാക്ഷം, വൃക്ഷത്തിൽ നിന്ന് 12 തരം രുദ്രാക്ഷങ്ങളും ചന്ദ്രനേത്രത്തിൽ നിന്ന് 16 തരം രുദ്രാക്ഷങ്ങളും ലോകോപകാര്യാർത്ഥം 38 തരം രുദ്രാക്ഷങ്ങളുമുണ്ടായി. എന്റെ സൂര്യനേത്രത്തിൽ നിന്ന് 12 ഉം ചന്ദ്രനേത്രത്തിൽ നിന്ന് 106 ഉം രുദ്രാക്ഷങ്ങൾ കൂടി പിറന്നു. സൂര്യനേത്രത്തിൽ നിന്നുണ്ടായ രുദ്രാക്ഷം രക്‌തവർണ്ണമാണ്. ചന്ദ്രനേത്രത്തിൽ നിന്ന് വെളുത്ത രുദ്രാക്ഷവും അഗ്‌നി നേത്രത്തിൽ നിന്ന് കറുപ്പ് രുദ്രാക്ഷങ്ങളുമുണ്ടായി.
രുദ്രാക്ഷധാരണം നടത്തുമ്പോൾ പഞ്ചാക്ഷരമന്ത്രം ജപിച്ചുകൊണ്ടിരിക്കണം. അത് ശിവജ്ഞാനം കൂടിയാണ്. ശിഖയിൽ ധരിക്കുന്ന രുദ്രാക്ഷത്തെ താരകമെന്ന് പറയുന്നു. കർണ്ണങ്ങളിൽ ധരിച്ചാൽ ദേവി-ദേവനെന്നാണ് സങ്കല്പം. കയ്യിൽ ധരിച്ചാൽ ദിക്കുകളും കണ്‌ഠത്തിൽ അണിഞ്ഞാൽ സരസ്വതിയുമാണ്. രുദ്രാക്ഷധാരികളെപ്പോലെ ശ്രേഷ്‌ഠൻമാർ ആരുമില്ലെന്ന് ശ്രീനാരായണമഹർഷി വിവരിക്കുന്നു.
രുദ്രാക്ഷത്തിന്റെ മുഖമായ മേൽഭാഗം ബ്രഹ്‌മാവും ശിവനും ഓങ്കാരവുമാണ്. കീഴ്‌ഭാഗം മഹാവിഷ്‌ണുവും. രുദ്രാക്ഷം ഓങ്കാരവിശിഷ്‌ടമായ ത്രിമൂർത്തികളാണ്. അഞ്ച് മുഖമുളള നല്ല രുദ്രാക്ഷങ്ങൾ 20 എണ്ണം തെരഞ്ഞെടുക്കണം. വെളുത്തതും ചുവന്നതുമായ രുദ്രാക്ഷങ്ങൾക്ക് ഗുണം കൂടുമത്രെ. ഇവയ്‌ക്ക് ദ്വാരങ്ങൾ ഉണ്ടാകും. നീളത്തിൽ കോർക്കത്തക്ക വിധത്തിലാണ് ദ്വാരങ്ങൾ ഉണ്ടാകേണ്ടത്. മുഖത്തോട് മുഖവും പുഷ്‌ടത്തോട് പുഷ്‌ടവും ചേർത്ത് വേണം മാല കോർക്കാൻ. കോർത്ത് കഴിഞ്ഞാൽ മുകളിലത്തെ രുദ്രാക്ഷത്തിന്റെ മുഖം മേലോട്ടാക്കി അതിനു മീതെ ചരടിന്റെ രണ്ടറ്റങ്ങളും നാഗപാശമായി കെട്ടി ശരിപ്പെടുത്തണം.
രുദ്രാക്ഷം സുഗന്ധജലത്തിൽ മുക്കിപഞ്ചഗവ്യത്തിൽ താഴ്‌ത്തി ശുദ്ധജലം കൊണ്ട് കഴുകണം. മാലയിൽ ശിവനെ മാത്രമല്ല ഇഷ്‌ടദേവതകളെയും ആവാഹിക്കും. രുദ്രാക്ഷം സ്വർണ്ണമണികളോട് കൂടി ചേർത്ത് ധരിക്കുന്നതിൽ വിലക്കില്ല. എന്നാൽ മറ്റു ലോഹങ്ങൾ നിഷിദ്ധമാണ്. രുദ്രാക്ഷം ധരിക്കുന്നവൻ ഭാഗവതോത്തമനാണ്. സർവ്വപുരുഷാർത്ഥങ്ങളും സർവ്വശ്രേയസ്സും അവന് ലഭിക്കുന്നു.
പുരുഷൻമാരിൽ വച്ച് മഹാവിഷ്‌ണുവും നവഗ്രഹങ്ങളിൽ വച്ച് സൂര്യനും നദികളിൽ വച്ച് ഗംഗയും ശ്രേഷ്‌ഠമായിരിക്കുന്നപോലെ മണികളിൽ ശ്രേഷ്‌ഠ രുദ്രാക്ഷമാണ്. ബ്രാഹ്‌മണനായാലും ചണ്ഡാളനായാലും രുദ്രാക്ഷം ധരിക്കുന്നവർ ദേവസായൂജ്യം നേടുന്നു. രുദ്രാക്ഷധാരണത്തിന് പല നിബന്ധനകളുമുണ്ട്. ഇത് ധരിക്കുന്നവർ മത്സ്യമാംസം വർജിക്കണം, ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കരുത്. ചുവന്നുളളി, വെളുത്തുളള, മുരിങ്ങക്കായ എന്നിവയും കഴിക്കരുത്.
ആധുനിക ശാസ്‌ത്രഗവേഷണങ്ങൾ രുദ്രാക്ഷത്തിന്റെ ഔഷധമൂല്യം എടുത്തു പറയുന്നു. രുദ്രാക്ഷം കഴുത്തിലണിഞ്ഞാൽ അർബുദം തുടങ്ങി അനേകം രോഗങ്ങൾക്ക് ആശ്വാസം പകരുമത്രെ. രുദ്രാക്ഷം അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ പിത്തവും ദാഹവും മാറുമെന്നും വിക്കലിന് ശമനം കിട്ടുമെന്നും പറയുന്നു. ആയുർവേദത്തിൽ രുദ്രാക്ഷത്തിന് വളരെ പ്രാധാന്യമുണ്ട്. പുളിരസം, ഉഷ്‌ണം, കഫം, വാതം എന്നിവയ്‌ക്ക് രുദ്രാക്ഷം ഔഷധമാണ്. രുദ്രാക്ഷത്തിന്റെ വേര്, തൊലി, പൂവ്, കായ എന്നിവ ചേർത്തകഷായം അപസ്‌മാരത്തിന് പ്രതിവിധിയായി ആയുർവേദത്തിൽ പറയുന്നു. രക്തശുദ്ധിക്കും, ധാതുശുദ്ധീക്കും രുദ്രാക്ഷം ഉത്തമമാണ്. രുദ്രാക്ഷം, ഗോമൂത്രം, തുളസിനീര്, കരിക്ക്, ബ്രഹ്‌മിനീര് എന്നിവയിൽ ചേർത്ത് കഴിച്ചാൽ ബുദ്ധിശക്‌തി വർദ്ധിക്കുമെന്നും ആയുർവേദത്തിൽ ഉപദേശമുണ്ട്.
Generated from archived content: rudraksham.html Author: astrologer