സ്വപ്നഭംഗം

ഇളയമകനെയും കൂട്ടി ആ സന്ധ്യക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രയയച്ച് അയാള്‍ ഒറ്റക്ക് വീട്ടിലേക്കു മടങ്ങി. കാറ് വിളിക്കാമെന്ന് പറഞ്ഞതായിരുന്നു എങ്കില്‍ അതില്‍ തന്നെ തിരിച്ചു പോരാമായിരുന്നു. പക്ഷെ മകന്‍ സമ്മതിച്ചില്ല.

”ഇത്ര വഴിയല്ലേ ഉള്ളു അച്ഛാ എന്തിനാ ആ വാടക കാശ് കളയണെ. വണ്ടി വരാന്‍ വൈകിയാല്‍ വെയ്റ്റിംഗ് ചാര്‍ജും …”

മകന്‍ പറഞ്ഞതാണെന്നു ശരിയെന്നു അയാള്‍ വിചാരിച്ചു. പാടത്തു കൂടെ നടന്ന് സുബ്രമണ്യന്‍ കോവിലിന്റെ വശത്തു കൂടെ കടന്ന് കുറച്ചു നടന്നാല്‍ തീവണ്ടിയാപ്പീസ്സായി.

അവന്റെ ലഗേജുകള്‍‍ രണ്ടു പേരും കൂടി ചുവന്നു. അപ്പോഴും വിചാരിച്ചു ഓട്ടോ റിക്ഷ വിളിക്കാമായിരുന്നു.

ദിലീപന്‍ എപ്പോഴും അങ്ങിനെയായിരുന്നു പഠിത്തം കഴിഞ്ഞ് നടന്നപ്പോഴും അനാവശ്യമായി ഒരിക്കലും പണം നഷ്ടപ്പെടുത്തിയിരുന്നില്ല. ജയനും വിജയനും അവനു പോക്കറ്റ് മണി അയച്ചു കൊടുത്തിരുന്നു. അതു വെറുതെ കളയാറില്ല. പുസ്തകങ്ങളാണ് വാങ്ങിക്കൂട്ടിയിട്ടുള്ളത്

രവിയും അരവിയും ഓണത്തിനു വീട്ടിലേക്കയക്കുന്ന പണത്തിന്റെ കൂട്ടത്തില്‍ ദിലീപനും ഒരു പങ്കു കൊടുക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ദിലീപന്‍ വീടു വിട്ടു പോകുവാന്‍ ഇഷ്ടമില്ലായിരുന്നു അതുകൊണ്ടാണ് ഇത്രയും വൈകിയതും വളരെ മുമ്പു തന്നെ ജയന്‍ പറഞ്ഞതാണ് അവന്‍ നഗരത്തില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന്. പക്ഷെ ദിലീപന്‍ വേണ്ട എന്നു പറഞ്ഞ് ഒഴിഞ്ഞു.

അമ്പലവും പുഴവക്കും ലൈബ്രറിയും പിന്നെ കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ വിശാലതയും ഒക്കെയായിരുന്നു അവന്റെ മേച്ചില്‍ പുറങ്ങള്‍.

വായിച്ച പുസ്തകങ്ങളെ പറ്റിയും എഴുത്തുകാരെ കുറിച്ചും അവന്‍ മിക്കപ്പോഴും പറയുമായിരുന്നു. പക്ഷെ ഗ്രാമീണ തപാലാപ്പീസിലെ പാവം പിടിച്ച പോസ്റ്റുമാനായി വിരമിച്ച് തനിക്ക് അവന്റെ വാചാലത കേട്ട് വായ പൊളിച്ചിരിക്കാനേ കഴിയാറുള്ളു. അപ്പോള്‍‍ വെറുതെ ഓര്‍ക്കും…

അച്ഛന്‍ എത്ര എഴുത്തുകാര്‍ക്ക് എന്തെല്ലാം താപാലുരുപ്പടികള്‍ കൊണ്ടുകൊടുത്തിട്ടുള്ളത് അറിയപ്പെടുന്നവരും അല്ലാത്തവരും വാരികയുടെ ഓഫീസില്‍ നിന്ന് തപാല്‍ കിട്ടുമ്പോള്‍ അവരുടെ മുഖത്തെ തിളക്കം കണ്ട് ആശ്ചര്യപ്പെട്ടിട്ടുണ്ട്. അവയെല്ലാം കൂടുതല്‍ പരിചയപ്പെടാന്‍ അച്ഛന് ഭയമായിരുന്നു. താന്‍ വെറും ഒരു പോസ്റ്റുമാന്‍ അവരോ വല്യ മനുഷ്യര്‍. സാഹിത്യ സദസിലെ നക്ഷത്രങ്ങളാകേണ്ടവര്‍.

വണ്ടി വരാന്‍ വൈകുമെന്ന അറിയിപ്പു വന്നപ്പോള്‍ അവര്‍ സിമിന്റു ബഞ്ചിലിരുന്നു ബാഗില്‍ സൂക്ഷിച്ചിരുന്ന വെള്ളമെടുത്ത് അയാള്‍ അവനു കൊടുത്തു. കുപ്പി ബാഗില്‍ തിരികെ വയ്ക്കുമ്പോള്‍ അയാള്‍ മകനോടു പറഞ്ഞു.

”ജയേട്ടന്‍ പറയുന്നതു പോലൊക്കെ നടക്കണം നഗരമാണ് മഹാനഗരം നമ്മുടേ ഗ്രാമമല്ല, വീടല്ല… അവിടെ അതിന്റേതായ ചിട്ടകളൊക്കെയുണ്ട് അച്ഛന് ഇങ്ങിനെയൊക്കെ പറഞ്ഞു തരാനേ അറിയു മോന്‍ അവിടെയെത്തിയാല്‍ അച്ഛന്റെ മൊബൈലിലേക്കു വിളിക്കണം ഞങ്ങള്‍ക്ക് സമാധാനിക്കാല്ലോ”

ജയനും രവിയും സ്റ്റേഷനില്‍ വന്നു കാത്തു നില്‍ക്കും എന്നാലും അയാള്‍ക്ക് ഉത്കണ്ഠയായിരുന്നു.

”അറിയാം അച്ഛാ ജയേട്ടന്‍ പറയുന്നതുപോലൊക്കെ ജീവിച്ചോളാം”

മകന്‍ അച്ഛനെ സമാധാനിപ്പിച്ചു.

ഗ്രാമം വിട്ട് നഗരത്തിലേക്ക് പോകേണ്ടി വന്നതില്‍ ദിലീപന് വലിയ നിരാശയുണ്ടെന്ന് അവന്റെ വാക്കുകളില്‍ നിന്ന് മനസിലാക്കി. കഴിഞ്ഞ വിഷുവിനു വന്നപ്പോഴാണ് ജയന്‍ പിന്നെയും പറഞ്ഞത്.

”ദിലീപന്‍ ഇനി എത്ര കാലം ഇങ്ങനെ നടക്കാനാ ഭാവം അവന്‍ എന്റെ അടുത്തു പോരട്ടെ”

അയാള്‍ ദിലീപന്റെ മുഖത്തേക്കു നോക്കി അവന്‍ പറഞ്ഞു.

”ഞാന്‍ വരണില്ല ചേട്ടാ എനിക്കിവിടം വിടാന്‍ വയ്യ”

”അവന്‍‍ എന്റെ കൂടെ പോരട്ടെ ഡല്‍ഹീല്‍ അവന് പറ്റിയ ജോലിയൊക്കെ ഉണ്ട് എന്തെങ്കിലും പബ്ലിഷിംഗ് സ്ഥാപനത്തില്‍ ഞാന്‍ കേറ്റാം”

ദിലീപന്‍ തീര്‍ത്തു പറഞ്ഞു – ഞാന്‍ വരില്ല.

രവിയും അരവിയും വിളിച്ചില്ല എന്നെയുള്ളു. അവന്റെ നടപ്പില്‍ അവര്‍ക്കും ആശങ്കയുണ്ടായിരുന്നു.

നാട്ടില്‍ ജോലിയൊന്നും ശരിയാവാതെ വന്നപ്പോള്‍ സരള ദിവസവും അവന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടാന്‍ തുടങ്ങി.

അതില്‍ അവന്‍ വീണു.

ഡോ. വിനയചന്ദ്രന്റെ ഹൃദയാലയം എന്ന ആശുപത്രിയില്‍ വച്ച് അദ്ദേഹം അവനോടു പറഞ്ഞു.

”അമ്മക്കു ടെന്‍ഷനുണ്ടാകാതെ നോക്കണം”

അതിനു ശേഷ്മാണ് ദിലീപന്‍ ജയന്റെ അടുത്തേക്കു പോകാന്‍ തയാറായത്. അവന് ഒരു ഡിമാന്റേ ഉണ്ടായിരുന്നുള്ളു.

”അച്ഛാ എന്റെ പുസ്തകങ്ങള്‍ നശിക്കാണ്ട് നോക്കണം”

അവന്‍‍ പോകാന്‍ തീരുമാനിച്ചപ്പോള്‍‍ അയാളുടെ മനസാണ് പിടഞ്ഞത്.

അച്ഛനും അമ്മയ്ക്കും അരികെ ഒരു മകന്‍ പോലുമില്ലാതെ.

”അവന്‍ രക്ഷപ്പെടട്ടെ ബാലേട്ടാ… അവനും ഒരു ജീവിതമൊക്കെ വേണ്ടേ?”

സരള അയാളുടെ വേദനകളെ തഴുകി സമാധാനിപ്പിച്ചു.

അയാള്‍ സുബ്രമണ്യന്‍ കോവിലിന്റെ വശത്തു കൂടെ ഇടവഴിയിലേക്കിറങ്ങി കുറച്ചു നടന്നാല്‍ വീടായി. കയ്യിലെ ടോര്‍ച്ച് മിന്നിച്ചു നടക്കുമ്പോള്‍ എതിരെ വന്നയാള്‍ ചോദിച്ചു

”ബാലേട്ടാ എവിടെ പോയി?”

”ദിലീപനെ വണ്ടി കേറ്റാന്‍”

ആളെ നന്നായി മനസ്സിലായില്ലെങ്കിലും അയാള്‍ മറുപടി പറഞ്ഞു.

”ഇപ്പോ എല്ലാം മക്കളും പുറത്തായി അല്ലേ”

എതിരെ വന്നയാള്‍ ഒന്നു നിന്ന് സാവധാനം ചോദിച്ചു.

ഉം.. എന്ന് അയാള്‍ മൂളി.

”ഭാഗ്യമുള്ള അച്ഛനാണ്… മക്കളൊക്കെ നന്നായി നല്ല നിലയിലായി”

നാട്ടുകാരന്‍ പ്രശംസിച്ചു കടന്നു പോയപ്പോള്‍ അയാള്‍ ഓര്‍ത്തു. മക്കള്‍ക്കെല്ലാം ജോലിയായി പക്ഷെ ആരും തനിക്കൊരു അച്ചാച്ചനും സരളക്കൊരു അമ്മമ്മയും ആകാനുള്ള അവസരമുണ്ടാക്കിയിട്ടില്ല.

സരള ആശുപത്രിയില്‍ അഡ്മിറ്റായ സമയത്ത് മക്കളൊക്കെ നാട്ടില്‍ വന്നു.

ജയനോടു പറഞ്ഞു വിവാഹം കഴിക്കാന്‍. ആരും കേട്ടഭാവം കാണിച്ചില്ല. ”ജയേട്ടന്റെ കഴിയട്ടെ അച്ഛാ” വിജയന്‍ തോളില്‍ വന്നു പിടിച്ചു.

”നിനക്കെത്ര വയസ്സായടാ” സരള അവനെ ശാസിച്ചു.

”മുപ്പത്തിയെട്ട്”

”ജയന് നാല്‍പ്പതു കഴിഞ്ഞു.”

”അടുത്ത വരവിനു നോക്കാം അച്ഛാ”

വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയിരിക്കുന്നു മാ‍സം തോറും നാലുമക്കളും നിശ്ചിത തുക വീട്ടിലേക്കയച്ചു തരുന്നു. ഫോണ്‍ വിളിക്കുന്നു ജോലിയായാല്‍ ദിലീപനും പണമയക്കും.

അയാള്‍ ഇടവഴി കടന്ന് വീട്ടിലേക്കു കയറി. സരള പൂമുഖത്തു തന്നെ കാത്തിരിപ്പുണ്ടായിരുന്നു.

ഷര്‍ട്ടൂരിയിട്ടിട്ട് കസേരയില്‍ വന്നിരിക്കുമ്പോള്‍ അവള്‍ ചോദിക്കാന്‍ തുടങ്ങി.

”അവന് വിഷമമുണ്ടോ ബാലേട്ടാ ഇറങ്ങിപ്പോയപ്പോ ആ മുഖത്തൂന്ന് കണ്ണെടുക്കാന്‍ എനിക്കു തോന്നിയില്ല” അയാള്‍ നിശബ്ദനായി ഇരുന്നു.

”നമ്മള്‍ കൊടുത്തയച്ച ചപ്പാത്തി അവന്‍ രാത്രീല്‍ കഴിക്കോ ബാലേട്ടാ” അയാള്‍‍ മൂളി.

”വണ്ടീല്‍ തെരക്കുണ്ടോ?”

ഉണ്ടെന്നയാള്‍ തലയാട്ടി. അവര്‍ക്കിടയില്‍ രാത്രി മോഹാലസ്യപ്പെട്ടു വന്നുകൊണ്ടിരുന്നു. കുറെ കഴിഞ്ഞ് ഭാര്യ ചോദിച്ചു.

”ബാലേട്ടനു ചോറു വിളമ്പട്ടെ”

”വേണ്ട വിശപ്പില്ല”

”എനിക്കും ഒന്നും കഴിക്കാന്‍ തോന്നണില്ല”

അവളുടെ ശബ്ദത്തിലെ ഇടര്‍ച്ചയും അയാളറിഞ്ഞു. അവര്‍ ആ രാത്രി ഊണു കഴിച്ചില്ല. ലൈറ്റുകള്‍ കെടുത്തി മുഖത്തോടു മുഖം നോക്കി കിടന്നു. ഉറക്കം വന്നില്ല.

”സരളെ, അഞ്ചു മക്കളുണ്ടായി നമുക്ക് മിടുക്കന്‍മാര്‍ എന്നിട്ടും നമ്മള്‍ രണ്ടാളും മാത്രമായി” അയാള്‍ സ്വപ്നാടനത്തിലെന്നപോലെ പറഞ്ഞു.

ഭാര്യ ദീര്‍ഘമായി നിശ്വസിച്ചു.

”ഉറക്കം വരണില്ലേ ബാലേട്ടാ…? കണ്ണടച്ചു കിടക്കു”

ഭാര്യ അയാളുടെ മുടിയിഴകളില്‍ വിരലോടിച്ചു.

മൊബൈലെടുത്ത് ദിലീപനെ ഒന്നു വിളീച്ചാലോ എന്നയാള്‍ വിചാരിച്ചു.

വണ്ടി എവിടെയെത്തി… തെരക്കുണ്ടോ നിനക്ക് ഉറങ്ങാന്‍ പറ്റണുണ്ടോ എന്നൊക്കെ ചോദിക്കാം വേണ്ടെന്ന് മനസ്സ് ശഠിച്ചതുകൊണ്ട് അയാള്‍ എഴുന്നേറ്റില്ല. പിറ്റേന്ന് നേരത്തെ എഴുന്നേറ്റെങ്കിലും അയാള്‍ അലസനായിരുന്നു. ദിലീപന്‍ വീട്ടിലുണ്ടായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കാമായിരുന്നു.

സരള വീട്ടു പണികളില്‍ മുഴുകിയിരിക്കുന്നു . പ്രാതലൊരുക്കുന്നു ഏകദേശം വലിയ വീടിന്റെ അകത്തളങ്ങളെല്ലാം അടിച്ചു വാരി വൃത്തിയായി വയ്ക്കുന്നു. പറമ്പില്‍ കിടക്കുന്ന വിറകുകള്‍ വെട്ടിയൊതുക്കി വയ്ക്കുന്നു.

ദിലീപന്‍ എവിടെയെത്തിയിട്ടുണ്ടാവുമെന്ന് അയാള്‍ ഊഹിച്ചു നോക്കി. ഇപ്പോഴെങ്കിലും അവനെ വിളിക്കാമെന്ന് കരുതി മൊബൈലെടുത്തപ്പോള്‍ ബാറ്ററി ലോ എന്നു കാണിച്ചു. അയാള്‍ ഭാഗ്യക്കേട് എന്നു വിചാരിച്ചു ചാര്‍ജു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ വിളിച്ചു പറഞ്ഞു.

”കറന്റില്ല ബാലേട്ടാ അമ്പലത്തിനടുത്ത് ട്രാന്‍സ്ഫോര്‍മറ് മാറ്റി വയ്ക്കാണ്”

നന്നായി അയാള്‍ മനസില്‍ പറഞ്ഞു. പ്രാതലും ഉച്ചഭക്ഷണവും അയാള്‍ പേരിനേ കഴിച്ചൊള്ളു.

ഊണുകഴിഞ്ഞ് പതിവുള്ള ഗുളിക കഴിക്കുമ്പോള്‍ ഭാര്യ അയാളോടു പറഞ്ഞു.

”എന്റെ ഗുളിക കഴിഞ്ഞൂട്ടോ ബാലേട്ടാ വൈകുന്നേരത്തേക്ക് ഇല്ല”

രണ്ടു ദിവസം മുന്‍പ് ഭാര്യ ഗുളിക കഴിയാറായി എന്ന് ഓര്‍മ്മപ്പെടുത്തിയിരുന്നു. അത് ഇതുവരെ വാങ്ങാതിരുന്ന തന്റെ ഓര്‍മ്മക്കുറവിനെ അയാള്‍ സ്വയം ശപിച്ചു.

കറന്റു വന്നപ്പോള്‍ മൊബൈല്‍ ചാര്‍ജു ചെയ്യാന്‍ വച്ചു. വണ്ടിക്ക് തടസ്സങ്ങളില്ലെങ്കില്‍ രാത്രിയാകുമ്പോഴേക്കും ദിലീപന്‍ ജയന്റെ അടുത്ത് എത്തും എന്നയാള്‍ ഭാര്യയെ അറിയിച്ചു. അവളുടെ കണ്ണുകളില്‍ ചെറിയൊരു തിളക്കം കണ്ട് അയാള്‍ സമാധാനിച്ചു.

വൈകീട്ട് അയാള്‍ പുറത്തേക്കിറങ്ങി. പാര്‍ക്കില്‍ കയറി മനസ്സ് സ്വസ്ഥമാകാത്തതുകൊണ്ട് വേഗം അവിടെ നിന്നിറങ്ങി നഗര തിരക്കിലൂടേ നടന്നു മുനിസിപ്പല്‍ മൈതാനം ചുറ്റി വളഞ്ഞ് വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.

സന്ധ്യ ധൃതിപ്പെട്ട് രാത്രിയിലേക്ക് സംക്രമിച്ചുകൊണ്ടിരിക്കുന്നു. ഭാര്യ പൂമുഖത്തിരുന്ന് രാമനാമം ജപിക്കുന്നതു കേട്ടു.

അയാളുടെ കയ്യില്‍ ഒന്നും കാണാത്തതുകൊണ്ട് ഭാര്യ ചോദിച്ചു.

”നിങ്ങള്‍ സാമ്പാറു കഷണം വാങ്ങീല്ലെ…”

”ഇല്ല മറന്നു”

”എനിക്കുള്ള മരുന്നോ?”

അപ്പോഴയാള്‍ അയ്യോ എന്ന് ഉള്ളില്‍‍ നിലവിളീച്ചു. വാസ്തവത്തില്‍ അതും അയാള്‍ മറന്നിരുന്നു. മക്കളില്ലാത്ത അച്ഛന്റെ ഹൃദയവേദനയില്‍ അയാളുടെ ചേതനയാക്കെ മരവിച്ചിരിക്കുകയായിരുന്നു.

അയാള്‍ ഭര്യയോടു നുണ പറഞ്ഞു.

”സ്ഥിരം വാങ്ങണ കടയില്‍ നിന്റെ മരുന്നുണ്ടായിരുന്നില്ല. നാളയെ വരുകയുള്ളു എന്നു പറഞ്ഞു ഞാന്‍ വിചാരിച്ചു നാളെ വാങ്ങാംന്ന് അല്ലെങ്കില്‍ ദൂരെയുള്ള പട്ടണത്തില്‍ പോകണം”

”സാരമില്ല ബാലേട്ടാ നാളെ വാങ്ങിയാല്‍ മതി”

ഭാര്യ അയാളുടെ അരികത്തുവന്നിരുന്നു.

”നമുക്ക് രാത്രീല്‍ കഞ്ഞിപോരെ ബാലേട്ടാ, കാലത്തെ ചമ്മന്തിയുണ്ട്”

മതിയെന്നയാള്‍ തലയാട്ടി. വീട്ടിലാകെ മൗനമാണല്ലോ നിറയുന്നത് എന്നയാള്‍‍ മനസിലാക്കി. ദിലീപനുണ്ടായിരുന്നെങ്കില്‍ മൂളിപ്പാട്ട് പാടുന്നതെങ്കിലും കേള്‍ക്കാമായിരുന്നു. മക്കളുടെ സംസാരങ്ങളില്ലാത്ത വീട് ഒരു വകയാണെന്ന് അയാള്‍ ഊഹിച്ചു.

”ങാ ഞാന്‍ പറയാന്‍ മറന്നു ബാലേട്ടന്‍ പോയതിന്റെ പിന്നാലെ മൊബൈല്‍ അടിക്കണ കേട്ടു. എനിക്കാ കുന്ത്രാണ്ടത്തിന്റെ കാര്യം അറിയാത്തതുകൊണ്ട് ഞാനെടുത്തില്ല.”

ഭാര്യയുടെ വാക്കുകള്‍ കേട്ട അയാളുടെ മുഖത്ത് ഒരു പ്രകാശമുണ്ടായി. ചാര്‍ജു ചെയ്യാന്‍ വച്ചിരുന്നതുകൊണ്ട് പുറത്തേക്കിറങ്ങിയപ്പോള്‍ താന്‍ മൊബൈലെടുത്തില്ലല്ലോ എന്നയാള്‍ ഓര്‍ത്തു.

”പ്ലഗ്ഗീന്ന് ഞാനൂരി വച്ചു രണ്ടു മണിക്കൂറു കഴിഞ്ഞപ്പോ” മൊബൈലെടുക്കാന്‍ അകത്തേക്കോടിയ അയാളോടു ഭാര്യ വിളിച്ചു പറഞ്ഞു.

അയാള്‍ മിസ്ഡ് കോള്‍ പരതി ദിലീപന്റെ നമ്പര്‍ തെളിഞ്ഞു.

”മോനായിരുന്നു അവന്‍ എത്തിയിട്ടുണ്ടാവും” അയാള്‍ ഭാര്യയോടു വളരെ സന്തോഷത്തോടെ പറഞ്ഞു. ഭാര്യയുടെ ഉള്ളു കുളിര്‍ന്നത് അയാളറിഞ്ഞു.

അയാള്‍ ദിലീപനെ തിരിച്ചു വിളിച്ചു കിട്ടിയില്ല. നിങ്ങള്‍ വിളിക്കുന്ന ആള്‍ പരിധിക്കു പുറത്താണ്. ദയവായി അല്‍പ്പ സമയത്തിനു ശേഷം വിളിക്കു. അയാള്‍ നിരാശനായി ഒന്നു രണ്ടു വട്ടം കൂടി അയാള്‍ ശ്രമിച്ചു ദിലീപനെ കിട്ടിയില്ല.

”റേഞ്ചില്ല സരളെ”

അയാള്‍ ഹതാശനായീ പുറത്തു വന്നിരുന്നു.

”ഞാന്‍ കഞ്ഞീണ്ടാക്കാന്‍ നോക്കട്ടെ” ഭാര്യ അടുക്കളയിലേക്കു കടന്നു.

അയാളുടെ കണ്ണുകള്‍ തൊടിയിലെ ഇരുട്ടിനെ കീറി മുറിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ദിലീപന്‍ തിരിച്ചു വിളിച്ചാല്‍ മതിയായിരുന്നു അയാള്‍ ആശിച്ചു. രാത്രി കൂടുതല്‍ ഇരുളാനും തണുത്ത കാറ്റു വീശാനും തുടങ്ങി വടക്കു കിഴക്കു ഭാഗത്ത് ഒരിടി വെട്ടി തുടരെ തുടരെ മിന്നലുകളുണ്ടായി. കാറ്റ് മരത്തലപ്പുകളെ പിടിച്ചു കുലുക്കി. വീട്ടിലേക്കുള്ള വലിച്ചിട്ടുള്ള സര്‍വീസ് വയറില്‍ ഒരു ഓലമടല്‍ വീണു.

കറന്റു പോയി.

എമര്‍ജസി ലാമ്പ് കേടുവന്നിരിക്കുകയാണല്ലോഎന്നയാള്‍ സംഭ്രമത്തോടെ ഓര്‍ത്തു.

വീടിനു ചുറ്റും മഴ വീഴുന്നതറിഞ്ഞു അയാള്‍ അകത്തേക്കു നോക്കി വിളിച്ചു.

”സരളെ”

മറുപടിയുണ്ടായില്ല.

”സരളെ നീയാ വിളക്കൊന്ന് കത്തിക്ക്”

അയാള്‍ പിന്നെയും വിളിച്ചു പറഞ്ഞു. ടോര്‍ച്ച് തപ്പിയെടുത്ത് അയാള്‍ അടുക്കളയിലേക്കു കാലെടുത്തു വച്ചു.

”സരളെ”

അടുക്കളയില്‍ വെളിച്ചം കാണാഞ്ഞ് അയാള്‍ വീണ്ടും വിളിച്ചു തന്റെ ശബ്ദത്തിന് വിറയലുണ്ടായിരുന്നോ എന്നയാള്‍ സംശയിച്ചു.

ഭാര്യയുടെ സാരി കാലില്‍ തടഞ്ഞപ്പോള്‍ അയാള്‍ ഉള്‍ക്കിടിലത്തോടെ പുറകോട്ടു മാറി. ടോര്‍ച്ചിന്റെ സ്വിച്ച് അമര്‍ത്തിപ്പിടിച്ചു.

ഭാര്യ അടുക്കളയിലെ സ്ലാബിനടുത്ത് വീണു കിടക്കുന്നു അയാളവളെ കുലുക്കി വിളിച്ചു അവളുടെ മൂക്കിന്‍ തുമ്പത്ത് കിനിഞ്ഞ ചോരയുടെ തണുപ്പ് അയാള്‍ തൊട്ടറിഞ്ഞു. അരികിലില്ലാത്ത മക്കളെ ഓര്‍ത്ത് ശബ്ദമില്ലാത്ത നിലവിളി അയാളുടെ ഉള്ളില്‍ നിരന്തരം മുഴങ്ങി.

Generated from archived content: story1_oct25_13.html Author: asokan_anchathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here