യാത്ര

തനിക്കു മുന്‍പില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന ചെമ്മണ്‍പാതയിലൂടെ എങ്ങോട്ടെന്നില്ലാതെ അവള്‍ നടന്നു. വഴിയരികിലായി ഇടതൂര്‍ന്ന് നില്‍ക്കുന്ന റബര്‍മരങ്ങള്‍. തന്റെ ജീവിതവുമായി അവയ്ക്കുള്ള അടുത്തബന്ധം അവളറിഞ്ഞു. അവയുടെ പച്ചയായ ഗന്ധം അവളുടെ പാദങ്ങളെ നിശ്ചലമാക്കി; തിരിഞ്ഞുനടക്കാന്‍ അവ കൊതിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍, താനേറെ സ്‌നേഹിക്കുന്ന അച്ഛനുമമ്മയും, അവരുടെ വേര്‍പാട്, ഓര്‍മ്മകള്‍ അവളുടെ മിഴികളെ ഈറനണിയിച്ചു. എന്നാല്‍ തന്റെ ബാല്യകാല സ്മൃതികള്‍ അവളുടെ മനസിനെ സാന്ത്വനപ്പെടുത്തി. ആ നല്ല നാളുകള്‍, സുന്ദര നിമിഷങ്ങള്‍ ഇനിയങ്ങനൊന്നില്ലല്ലോ തന്റെ ജീവിതത്തില്‍.

ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും ഇടുങ്ങിയ വഴികളുമല്ലാതെ നഗരങ്ങളിലെ വിശാലതയും പരപ്പും അവള്‍ക്ക് പരിചിതമായിരുന്നില്ല. അതുകൊണ്ടാവാം കായലരികത്തെ ഓടുമേഞ്ഞ തന്റെ ചെറിയ വീടും രണ്ടരസെന്റ് സ്ഥലവും അവള്‍ക്ക് നഷ്ടപ്പെട്ടത്. ഇനിയെങ്ങോട്ടാണ് ഈ യാത്ര? അവള്‍ക്കറിയില്ലായിരുന്നു. കാരണം, അവളുടെ ബന്ധുക്ക ളും സുഹൃത്തുക്കളുമെല്ലാം ആ ഗ്രാമമായിരുന്നു. അവിടെയല്ലാതെ ഒരു ജീവിതം സ്വപ്നം കാണാന്‍ അവള്‍ക്ക് സാധ്യമായിരുന്നില്ല.

കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുമുമ്പ്, നേരം സന്ധ്യയോടടുക്കുന്നു. ആ ചെറിയ കൂരയ്ക്ക് മുന്‍പില്‍ ഒരമ്പാസിഡര്‍ കാര്‍ വന്നുനിന്നു. ഒരത്ഭുതം കാണുന്ന കുട്ടിയുടെ ലാഘവത്തോടെ അവള്‍ ഓടിയടുത്തു. കറുത്ത കോട്ടിട്ട രണ്ടുപേര്‍ അതില്‍നിന്നും ഇറങ്ങിവന്നു. അവരെകണ്ട് പകച്ചുനിന്ന അവളോടായി അവര്‍ പറഞ്ഞു. ഒരു ദിവസത്തിനുള്ളില്‍ ഇവിടെനിന്ന് ഒഴിഞ്ഞു പൊയ്‌ക്കൊള്ളണം. ഫ്‌ളാറ്റ് പണിയാന്‍ ഉദ്ദേശിക്കുന്ന അന്‍പത് ഏക്കര്‍ സ്ഥലത്താണ് ഈ സ്ഥലം ഉള്‍പ്പെടുന്നത്. ഇതിന്റെ ഉദ്ദേശവില ജിഎം ഞങ്ങളുടെ കൈയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഇതാ അത്.

ഒരു ചെറിയ നോട്ടുകെട്ട് അവളുടെ നേര്‍ക്ക് നീണ്ടു. വിറയാര്‍ന്ന അവ ളുടെ കരങ്ങളിലേക്ക് അവ നല്‍കികൊണ്ട് അവര്‍ മടങ്ങിപ്പോയി. അമ്പരപ്പോടെ കായലോളങ്ങളിലേക്ക് നോക്കിയിരിക്കെ അവളറിഞ്ഞു തനിക്കെല്ലാം നഷ്ടപ്പെട്ടുവെന്ന സത്യം. ഉറങ്ങാതെ കഴിച്ചുകൂട്ടിയ ആ രാത്രി തന്റെ വീട്ടിലുള്ള അവസാന രാത്രിയാണതെന്ന് നേരം പുലര്‍ന്നപ്പോഴാണ് അവള്‍ തിരിച്ചറിഞ്ഞ ത്. ഏകദേശം ഉച്ചയോടടുത്തപ്പോഴേ ക്കും അവളുടെ വീടിന്റെ അടിത്തറവരെ പിഴുതെറിയപ്പെട്ടിരുന്നു. അപ്പോള്‍ തുടങ്ങിയതാണ് എവിടേക്കെന്നില്ലാത്ത ഈ യാത്ര.

ഇത്ര ചെറുപ്പത്തിലേ തനിക്കു നേരിടേണ്ടിവന്ന യാതനകളോര്‍ത്തവള്‍ കരഞ്ഞു. എന്തിനേയും കച്ചവടക്കണ്ണോടെ കാണുന്ന നാഗരികതയില്‍ അവ ലയിച്ചില്ലാതായി. വ്യക്തമല്ലാത്ത കുറേ മുഖങ്ങള്‍ ഒരാള്‍ക്കൂട്ടമായി രൂപാന്തരപ്പെട്ട് തീര്‍ത്തും നിര്‍ജീവമായ അവ യാന്ത്രികമായി ചലിക്കാന്‍ തുടങ്ങി.

വഴിയരികിലായ് ഒരു കുഞ്ഞിന്റെ കരച്ചില്‍ അവളുടെ കര്‍ണ്ണങ്ങളെ ഉണര്‍ത്തി. മാലിന്യക്കൂമ്പാരങ്ങളുടെ ഒത്ത നടുവിലായി ഒരു പിഞ്ചോമന. കൂടെ രോഗിണിയായ ഒരു സ്ത്രീയും. ആ കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. അവളുടെ കരങ്ങള്‍ ആ കുഞ്ഞിനെയെടുക്കാന്‍ കൊതിച്ചു. ഒത്തിരിനേരത്തെ പരിശ്രമത്തിനൊടുവില്‍ അവള്‍ അവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തന്റെ കൈയ്യിലുണ്ടായിരുന്ന പണം അവര്‍ക്കായി അവള്‍ ചിലവഴിച്ചു.

ബോധം തെളിഞ്ഞ ആ സ്ത്രീ അവരുടെ ജീവിതം അവളോടു പറഞ്ഞു. അവ തന്റെ വിഷമങ്ങളേക്കാള്‍ എത്ര ഘനപ്പെട്ടതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.

ആശുപത്രിപ്പടിയിറങ്ങുമ്പോള്‍ അവള്‍ മനസിലുറപ്പിച്ചു. ഇവരേപ്പോലുള്ള ആയിരങ്ങള്‍ക്ക് വേണ്ടി ഇനി തന്റെ യാത്ര!

………….

കടപ്പാട്: സ്‌നേഹഭൂമി വാരിക

Generated from archived content: story1_july14_15.html Author: ashwathi_joshi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English