കരൾച്ചെണ്ട പിടയ്‌ക്കുന്നു
തിരികത്തും മഴക്കമ്പം
തുലാക്കൊട്ട് ഹൃദയത്തിൽ
കുളിർപ്പേടി നിറയ്‌ക്കുന്നു
കരിമേഘകൊടുമ്പാറ-
യുടയ്‌ക്കുന്നു തുലാവർഷം
മഴമേഘതുലാക്കൂട്ടിൽ
മഴപ്പുളള് ചിലയ്‌ക്കുന്നു
കരളിന്റെ മിഴിച്ചെപ്പിൽ
കുളിർനെയ്യും മഴവില്ല്
മഴവില്ലിൻ കിനാഞ്ഞാണിൽ
തുലാക്കാറ്റിൻ മഴത്താളം
മഴച്ചെപ്പിൽ തുളുമ്പുന്നു
മിഴിപ്പൂവിൻ മഷിച്ചാന്ത്
കരിമേഘകടലിന്റെ
തിരത്തല്ലിലുലയുന്ന
മഴച്ചിന്ത് പിടഞ്ഞെന്റെ
മിഴിത്തൂവൽ തുടിക്കുന്നു
വിരുന്നിന്റെ വിളിക്കാറ്റിൽ
വിരുന്നെത്തീ തുലാപ്പെണ്ണ്
വിടരുന്ന മഴപ്പൂവിൽ
മധുതേടി മഴക്കാറ്റ്
ചെവിപൊത്തിയടയ്‌ക്കുന്ന
തുലാക്കാറ്റിൻ മഴക്കോള്
ഒരുവേള നനഞ്ഞെന്റെ
മഴപ്പാട്ട് കുളിരുന്നു
പ്രിയേ വരൂ മഴച്ചാറ്റിൻ
കരൾച്ചൂട് പകർന്നീടാൻ
കിനാവിന്റെ മഴക്കാറിൽ
കുളിർനെയ്യും മഴബാല്യം
ഒരുകിനാ ചിമിഴിന്റെ
കടലാസിൻ മഴത്തോണി
മഴച്ചാറ്റിൻ തിരത്തുമ്പിൽ
ഉലയുന്ന കളിത്തോണി-
തുഴഞ്ഞെന്റെ മഷിത്തണ്ടിൽ
നിറയ്‌ക്കുന്നു മഴച്ചാന്ത് (തുലാസന്ധ്യ)
കനൽമിന്നി വെളിച്ചത്തിൽ
പറച്ചെണ്ട തിമർക്കുന്നു
തുലാത്തോറ്റത്തറകളിൽ
കലിക്കൊട്ടിൽ മഴത്തെയ്യം
ഉറഞ്ഞെത്തി പടിക്കല്ലിൽ
മഴക്കോലം കിതയ്‌ക്കുന്നു
പിടയ്‌ക്കുന്ന മഴത്തുളളി
പെറുക്കിയെൻ കിനാവിന്റെ
കരൾച്ചെപ്പിലടയ്‌ക്കുവാൻ
വിതുമ്പിയെൻ തുലാബാല്യം
വിടരാത്ത മഴമൊട്ട്
മുളപൊട്ടി നനമണ്ണിൽ
നിനക്കായി കരുതുവാൻ
ഒരു കുമ്പിൾ മഴക്കൂണ്
Generated from archived content: mazhakkinavu.html Author: ashtaman_kanathar