ഭൂമിയിലെ നരകം

കുട്ടിയായിരിക്കെ
ഒച്ചിനെക്കാൾ പതിയെ ആയിരുന്നു
കാലം സഞ്ചരിച്ചിരുന്നത്
പിന്നെ പിന്നെ അതിനു വേഗത വെച്ചു തുടങ്ങി
ആഹ്ലാദത്തിന്റെയും ചിലപ്പോൾ മടുപ്പിന്റെയും
പാഠശാല ദിവസങ്ങൾ പലപ്പോഴും
കടലിന്റെ സ്വഭാവം പുലർത്തിയിരുന്നു…
പ്രക്ഷുബ്ധമായ തിരമാലകൾ ഹൃദയം പിടിച്ചുകുലുക്കി
അശാന്തതീരത്തിന്റെ അലങ്കോലക്കാഴ്ച്ച തീർത്തിരുന്നു…!!
പെട്ടെന്നൊരുദിവസം മനസ്സ് ഉത്‌കണ്ടാകുലമായത്
പൗർണമിപോലെ നീ വന്നുദിച്ചപ്പോഴാണ്
നിമിഷങ്ങൾക്ക് ഒച്ചിനെക്കാൾ വേഗത
കുറഞ്ഞുപോയോ എന്നൊക്കെ തോന്നുകയും ചെയ്തിരുന്നു….
രാതികൾ..ഇഴഞ്ഞിഴഞ്ഞു വെളുപ്പിച്ചുകൊണ്ടിരുന്നു…
കൊഴിഞ്ഞു വീണ ഇലകണക്കെ
മെത്തയിൽ നിർന്നിമേഷമായിരുന്നു ഞാൻ …!
ഇപ്പോൾ എത്ര വേഗമാണ്
ദിവസങ്ങൾ പെയ്തു തീരുന്നത്..!!!
ഇരുട്ടെത്തുന്നതിനുമുൻപു പ്രകാശമോ
പ്രകാശം എത്തുന്നതിനു മുൻപ്
ഇരുട്ടോ എന്ന മത്സരത്തിലാണ്…
മത്സരം മുറുകുന്നതിനനുസരിച്ചു
നെഞ്ചിടിപ്പ് വർദ്ധിക്കുന്നു…
അസ്റായീലിന്റെ പ്രകാശ വേഗത്തിലുള്ള
വരവ് ഇനി ഏതു നിമിഷവും ഉണ്ടായേക്കാമെന്ന
വ്യസനതാളം ഹൃദയ മുരളിയിൽ കാടിളക്കുന്നു…
കാലില്ലാത്ത കാലത്തിന്റെ ഗതകാലങ്ങളിലേക്ക്
മനസ്സിന്റെ അധിനിവേശം തുടരുന്നു.
മഷി തീരാത്ത പേനയും എഴുതിയെഴുതി പിന്നെയും പിന്നെയും
തീരാത്ത പേജുകളുമായി മുൻകറും നക്കീറും
പുസ്തകത്താളിലൂടെ വിചാരണ ചെയ്ത്
നഗ്നനാക്കപ്പെടുമല്ലോ എന്ന വേവലാതി
ഐതീഹ്യപ്പെരുമയും ചരിത്രവും ഈമാനേകിയ
മക്കയുടെ കോലായയിലിരുന്നു കരയണമെന്ന നിശ്ചയം
കരഞ്ഞുണരുന്ന മഞ്ഞുകണങ്ങളാൽ
തുളസിക്കതിരിന്റെ വിശുദ്ധിയോടെ
ഗതകാല പ്രൗഡി നിറഞ്ഞ കഅബയുടെ സ്വർണകവാടത്തിൽ
നെഞ്ചുരുകിത്തരളമാകുവാൻ പിടയുന്ന പ്രാണൻ…
രാത്രി മഴയുടെ പതിഞ്ഞ താളത്തിൽ
തൗബയുടെ മന്ത്രസാന്ദ്രധ്വനിഏറ്റെടുത്തു കുറുകുന്ന
മിനാര പ്രാക്കളുടെ പ്രാർത്ഥന
കാതോര്‍ക്കുന്ന മലക്കുകളുടെ അകമ്പടിയിൽ
സിറാത്തെന്ന പാലം കടക്കുന്നതുവരെ പേറുന്നൊരണയാത്ത
തീയിലുണ്ട് ഭൂമിയിലെ നരകം
==============================
അസ്റായീലിന്റെ – യമന്റെ
മുൻകറും നക്കീറും – നന്മയും തിന്മയും രേഖപ്പെടുത്തുന്ന മാലാഖമാർ
ഈമാനേകിയ – വിശ്വാസമേകിയ
കഅബ – സൗദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ്‌ കഅബ
തൗബ – പശ്ചാത്തപിക്കൽ
മിനാരം – പള്ളിയുടെ മുകളിലെ മകുടം
മലക്കുകൾ – മാലാഖമാർ
സിറാത്തെന്ന പാലം – സ്വർഗ്ഗ നരകങ്ങളെ വേർത്തിരിക്കുന്ന പാലം

Generated from archived content: poem2_apr28_15.html Author: ashraf_kalathode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയദിനം
Next articleസിപ്പി മാഷ്
അഷ്‌റഫ്‌ കാളത്തോട് 1958 ല്‍ തൃശൂർ ജില്ലയിലെ പുരാതന ഫ്രൂട്സ് വ്യാപാര കുടുംബത്തില്‍ ജനനം, കവി, സാഹിത്യകാരൻ, പ്രഭാഷകൻ, നടൻ, നർത്തകൻ, നാടക - ചലച്ചിത്ര സംവിധായകൻ, ഗാന രചയിതാവ്, സംഗീത സംവിധായകൻ, പത്രപ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ. വിദ്യാഭ്യാസാനന്തരം 1979 മുതൽ വിദേശത്ത്. പ്രശസ്ത നാടക കമ്പനി ആയിരുന്ന കലാനിലയത്തിലും മറ്റു പല നാടക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്, നിരവധി നാടകങ്ങള്‍ രചിക്കുകയും, "മാനിഷാദ" , "സമര്‍പ്പണം യാഹോവയ്ക്ക്" "മിനസമാവാത്തി ഇലന്നൂർ തുടങ്ങി ഒട്ടനവധി നാടകങ്ങള്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തെ പ്രവർത്തനങ്ങൾമാനിച്ച് 2017 ൽ കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാർഡ് നൽകി ആദരിച്ചു. പൊതുരംഗത്ത് വിവിധ സംഘടനകളുടെ നിർണ്ണായകമായ സ്ഥാനങ്ങൾ വഹിച്ചിരുന്ന അഷ്‌റഫ് 1987 ല്‍ തുടങ്ങിയ മലയാണ്മയുടെ പത്രാധിപരായിരുന്നു. മാതൃഭൂമി, മലയാള മനോരമ, മാധ്യമം, കുവൈറ്റ്‌ ടൈംസ്‌, ഗള്‍ഫ്‌ വോയിസ്‌, ഗള്‍ഫ്‌ മലയാളി, തേജസ്‌, പശ്ചിമതാരക, പൌരധ്വനി... തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും കഥകളും, കവിതകളും, ലേഖനങ്ങളും വിവര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും എഴുതാറുള്ള അഷ്‌റഫ് അറിയപ്പെടുന്ന ബ്ലോഗറും കൂടിയാണ്. പൊതു പ്രഭാഷണരംഗത്തും. സാംസ്കാരിക വേദികളിലും ചാനൽ ചർച്ചകളിലും സജീവമാണ്. പ്രസിദ്ധീകരിച്ച കൃതികള്‍ കവിത :മഞ്ഞുതുള്ളികളുടെ വര്‍ത്തമാനം നോവല്‍ : ഭ്രമണരാഗം കഥ : തണല്‍ മരങ്ങള്‍ നാടകം: മുഖങ്ങള്‍ ഏഴില്‍പരം ഓഡിയോ കാസറ്റുകള്‍ ലളിത ഗാനങ്ങളും, മാപ്പിള പാട്ടുകളും, ഭക്തി ഗാനങ്ങളും തോംസണ്‍ അടക്കമുള്ള കമ്പനികള്‍ ഇറക്കിയിട്ടുണ്ട്. പ്രശസ്ത ഗായഗരായ ജോളി എബ്രഹാം, ശൈലജ, പീര്‍ മുഹമ്മദ്‌, ലീന, രഞ്ജിനി, കൊടുങ്ങല്ലൂര്‍ അബ്ദുല്‍ഖാദര്‍, അക്ബര്‍, സുഗതകുമാരി, ഫ്രാന്‍സീസ്, സുനന്ദ, രമണി ജയപ്രകാശ്, യുസുഫ് സഗീര്‍, നൂറുദ്ധീന്‍ തലശ്ശേരി, രവി മാള , സിന്ധു രമേശ്, ഷെർദിൻ തോമസ്, റാഫി കല്ലായ്, സാലിഹ് അലി, റബേക്ക, ധന്യ ഷെബി, അന്ന & ജെസ്റ്റിന തുടങ്ങി ഒട്ടനവധി പേർ അഷ്‌റഫ് എഴുതിയതും സംഗീതം നൽകിയതുമായി പാട്ടുകൾ പാടിയിട്ടുണ്ട്. ജീവൻ ടി വിയിൽ ഹംസ പയ്യന്നൂരിന്റെ നിർമ്മാണത്തിൽ "ഞാനും പ്രവാസിയാണ്" I am an Expat എന്ന തുടർ എപ്പിസോഡ് സംവിധാനം ചെയ്തിരുന്നു. നിക്സൺ ജോർജിനോടൊപ്പം "ലൈലത്തുൽ ഖദർ" എന്ന ഡോക്യൂമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്, ഈ രണ്ടു ഷോയിലും ആംഗറിങ്ങും നിർവഹിച്ചിട്ടുണ്ട്. കാന്തികം കുവൈറ്റിലെ മാഗ്നെറ്റ് എന്ന സംഘടനയ്ക്കു വേണ്ടി ചെയ്ത ശ്രദ്ധേയമായ ഹൃസ്വ ചിത്രമാണ്. പ്രവാസ ലോകത്തു വെച്ച് മരണപ്പെടുന്നവരുടെ ജഡം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നൂലാമാലകളും അതിലേക്കുള്ള എളുപ്പവഴികളുമാണ് ചിത്രത്തിൻറെ പ്രമേയം. പുതുതായി ചിത്രീകരണം ആരംഭിച്ച മണൽഭൂമിയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാന രചന, സംഗീതം സർവോപരി സംവിധാനവും അഷ്‌റഫ് ആണ് നിർവഹിക്കുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കുടുംബം സജി, ഷക്കു, ജസീം, ജിശാം, നൂർ, ഹിബ, ലയാൻ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here