നാലും കൂടിയ കവലയില് ബസ് ഇറങ്ങി. കവലക്ക് വലിയ മാറ്റം ഒന്നും ഇല്ല. ശങ്കരന് നായരുടെ കട പുതുക്കി പണിതിരിക്കുന്നു. ഒരു ഭാഗത്തായി പാര്‍ട്ടി രക്തസാക്ഷിയുടെ പേരില് പുതിയ വെയ്റ്റിങ്ങ് ഷെഡ്………
ഒരു ഓട്ടോ റിക്ഷ കിടപ്പുണ്ട്.
വേണ്ട പോയാലും പുഴക്കര വരെയല്ലേ പോകൂ….. അക്കരക്കുള്ള പാലം പണി തുടങ്ങിയിട്ടുണ്ട് എന്ന് അമ്മ എഴുതിയിരുന്നു.
നാല് വര്ഷങ്ങള്ക്കു ശേഷമുള്ള വരവാണ്. ബാഗ് തോളില് തൂക്കി മെല്ലെ നടന്നു……… ഇന്ന് വരുമെന്ന് അമ്മക്ക് എഴുതിയിരുന്നു….ഒരു പക്ഷെ അമ്മ കാത്തിരിക്കുകയാവം……
“മോന്‍ വരുന്നവഴിയാ……? ശങ്കരന് നായര് ഇറങ്ങി വന്നു…..
“അതെ” ഒറ്റ വാക്കില് ഉത്തരം ഒതുക്കി…..
പാടത്തിന്റെ നടുവിലൂടെ പോയാല് വേഗം പുഴക്കരയില് എത്താം. നല്ല വെയില് ഉണ്ട്…. എങ്കിലും പാടത്തേക്കുള്ള ഇട വഴിയിലേക്കു ഇറങ്ങി… നാണുവാശാന് പൈക്കളെയും കൊണ്ടു എതിരെ വന്നു…
” അല്ല ഇതാരാണ്….? “മോന്‍ വരുന്ന വഴിയാ….?
” അതെ, ആശാന് സുഖം തന്നെ അല്ലേ…….?
“എന്ത് സുഖം മോനെ, എഴുനേറ്റു നടക്കുന്നു എന്നെ ഉള്ളു……….
കൈതോട് ചാടി കടന്നു പാടത്തേക്കിറങ്ങി… എത്രയോ തവണ നടന്നിട്ടുള്ള വഴികള്…. സ്ഥിരമായി സ്കൂളിലേക്ക് പോയിരുന്ന വഴി…. കൂട്ട് കാരുമോരുമിച്ചു, ഓടി, ചാടിയുള്ള യാത്രകള്…..
പാടത്ത് നല്ല കാറ്റുണ്ടായിരുന്നു……….. കൊയ്തൊഴിഞ്ഞ് പാടത്ത് പണ്ട് പട്ടം പറപ്പിച്ചിരുന്നത് ഓരമമ വന്നു…. കൊയ്തു കഴിഞാല് പാടത്ത് അച്ഛന്‍ വെള്ളരി നടുമായിരുന്നു… പട്ടം പരപ്പിക്കുന്നതിനിടയില് വെള്ളരിക്കെങ്ങാനും കേടു വന്നാല് അച്ഛന്റെ വക ശകാരമുണ്ട്. അച്ഛന്‍ ഒരിക്കലും ഞങ്ങളെ തല്ലിയിരുന്നില്ല. എങ്കിലും അച്ഛനെ ഞങ്ങള്‍ രണ്ടു പേര്‍ക്കും പേടിയായിരുന്നു.
കടവത്ത് തോണി ഇല്ലായിരുന്നു… അക്കരയില് നിന്നും വരുന്നുണ്ട്……. ബീരാന്‍ തന്നെ ആയിരിക്കുമോ ഇപ്പോഴും കടത്തുകാരന്‍ …..? തോണി വന്നു…. പരിചയമില്ലാത്ത രണ്ടു പേരു ഇറങ്ങി…. പുതിയ കടത്തു കാരന്‍ ആണ്. അയാള് അപരിചിത ഭാവത്തില് നോക്കി…. ആരെയും കാത്തു നില്ക്കാതെ അയാള് തോണി വിട്ട………
തോണിയില് നിന്നും ഇറങ്ങി, ഒതുക്കുകള് കയറി ചെന്നപ്പോള് അമ്മ കാത്തു നില്ക്കുന്നു……..
“നി ക്കറിയാമായിരുന്നു നീ പത്തരേടെ വണ്ടിക്കുന്ടാവുമെന്നു……..
“അമ്മെ ഞാന് അങ്ങ് വരില്ലേ, അമ്മ വയ്യാതെ……..
“നിക്കത്ര വയ്യാഴ്മ്മ ഒന്നുമില്ല…… അമ്മയുടെ തലയില്നിന്നും കാച്ചിയ എണ്ണയുടെ സുഗന്ധം പറക്കുന്നു……
വീടിന്റെ ഉമ്മറത്ത് തന്നെ രാധേച്ചി കാത്തു നില്ക്കുന്നു. ഇളയ കുട്ടി ഒക്കതുണ്ട്.
“മോളെവിടെ ചേച്ചി…..”
“മോള് നല്ല ഉറക്കമാണ്….”
“ചന്ദ്രേട്ടന്‍ എവിടെ…..”
“ചേട്ടന് കടയില് നിന്ന് ഇറങ്ങാന് പറ്റുമോ….? എപ്പൊഴും തിരക്കല്ലേ…..?ചേച്ചി വേഗം കാപ്പിയുമായി എത്തി.
“നീ ഇപ്പോഴും ചായ കുടിക്കില്ലല്ലോ….?
“ഇപ്പോള് അങ്ങിനെ ഒന്നും ഇല്ല ചേച്ചി… എന്തും കഴിക്കും…..”
“നാട് വിട്ടാല്‍ പിന്നെ നമ്മുടെ ഇഷ്ടങ്ങള് വല്ലതും നടക്കുമോ ………” ചേച്ചി കാപ്പി മുന്പില് വച്ചു…
“നീ കുളിക്കുനുണ്ടോ…” അമ്മയാണ്..
“ഞാന് ഒന്ന് കുളിച്ചു വരാം….” ടവല് എടുത്തു തോളില് ഇട്ടു പുഴയിലേക്ക് ഇറങ്ങി.
“മോനെ ഒരുപാട് കാലമായില്ലേ….. നീ പുഴയില് കുളിക്കേണ്ട… വല്ല പനിയോ മറ്റോ വന്നാല്……” അമ്മക്ക് ആധിയാണ്. പണ്ടും ഇങ്ങിനെ തന്നെയാണ്. അത് കാര്യമാക്കാതെ പുഴയിലേക്ക് നടന്നു. താഴെത്തെ കടവില് ഒരു തോണി കെട്ടി ഇട്ടിരിക്കുന്നു…. കടവില് ആരോ തുണി കഴുകുന്നുണ്ട്, ഒരു പക്ഷെ അമ്മായി ആയിരിക്കും… അത് അവരുടെ കടവാണ്…. വേണ്ട ആരുംകാണേണ്ട… വേഗം കുളി കഴിഞ്ഞ് കയറി……… ചേച്ചി പലഹാരങ്ങള് ഉണ്ടാക്കി വച്ചിരുന്നു.
“എനിക്ക് ഇപ്പോള് ഒന്നും വേണ്ട ചേച്ചി”
“നീ പണ്ടത്തെ പോലെ തന്നെ, സമയത്ത് ആഹാരം കഴിക്കില്ല………”
“മോനെ ….” അമ്മ ഒന്ന് നിര്ത്തി,
“നീ മറ്റൊന്നും വിചാരിക്കണ്ട, അമ്മാവനെ ഒന്ന് പോയി കണ്ടിട്ടുവരണം, അപ്പോഴേക്കും ഞാന് ഊണ് കാലമാക്കം….. രാവിലെ ഒന്നും കഴിച്ചില്ലല്ലോ……..”
“വേണ്ടമ്മേ… എനിക്ക് പോകാന്‍ കഴിയില്ല… അമ്മ എന്നെ നിര്‍ ബന്ധിക്കരുത്….”
“മോനെ………..എത്രയായാലും നിന്റെ അമ്മാവനല്ലേ, നല്ല സുഖമില്ലാതെ ഇരിക്കുകയാണ്…”
“എടാ അമ്മാവന്‍ പണ്ടത്തെ പോലെ ഒന്നും അല്ല………. പഴയ കാര്യങ്ങളിലൊക്കെ അമ്മാവന് വിഷമം ഉണ്ട്……..ഒരു ദിവസം എന്നോട് പറയുകയും ചെയ്തു……….” ചേച്ചിയുടെ സ്വരം ഒന്ന് ഇടറി………..
ഞാന് ഒന്ന് മിണ്ടിയില്ല. പറഞ്ഞിട്ടും കാര്യമില്ല എന്ന് തോന്നിയതു കൊണ്ടാവും, രണ്ടു പേരും പിന്‍ വാങ്ങി….. വെറുതെ തൊടിയില് ഇറങ്ങിനടന്നു, തെങ്ങിന്‍ തോപ്പില് പുള്ളി പശുവിനെ കെട്ടിയിരിക്കുന്നു……. വയ്യതായിട്ടും അമ്മ പശുവിനെ വളര്‍ത്തുന്നു …… ‘എന്റെ കണ്ണുകള്‍ അടയുന്നതുവരെ അവറ്റകള് ഇവിടെ ഉന്ടാവണം..’ അമ്മ എപ്പൊഴും പറയും.
പുഴക്കരയിലെ ഇല്ലി കൂട്ടത്തിനടുത്തുള്ള ചെറിയ പാറയില്‍ കയറി ഇരുന്നു.. പുഴയിലൂടെ മണല്‍ കയറ്റിയ ഒരു തോണി കടന്നു പോയി… പണ്ട് ഇവിടെ ഇരുന്നായിരുന്നു ചൂണ്ടയിട്ടു മീനിനെ പിടിക്കുക….. പുഴ മീന്‍ അമ്മക്ക് ഇഷ്ടമല്ല……. എങ്കിലും വച്ചു തരും. അച്ഛനും കഴിക്കും. കഴിച്ചിട്ട് പറയും ” പഠിത്തം കഴിഞ്ഞിട്ട് മതി കേട്ടോ മീന്‍ പിടുത്തം…മാത്രമല്ല പുഴയില്‍ കൂടുതല്‍ കളിക്കണ്ട…. സൂക്ഷിക്കണം” അഛന്‍ അങ്ങിനെയായിരുന്നു കൂടുതല്‍ സംസാരമില്ല. ഒന്നോ രണ്ടോ വക്കില്‍ പറയുവാനുള്ളത് പറയും. എങ്കിലും മസ്സിനുള്ളില്‍ ഞങ്ങളോട് ഒരുപാട് സ്നേഹമുണ്ടായിരുന്നു……… എന്നിട്ടും മരിക്കുന്ന സമയത്ത് എന്‍റെ കൈ പിടിച്ചു പറഞ്ഞു, നീ നിന്‍റെ അമ്മാവനെ വിഷമിപ്പിക്കരുത്………. അളിയനെ അച്ഛന് വലിയ കാര്യമായിരുന്നു…..
“നിയ്യ് ഇവിടെ ഇരിക്ക്യ….ഊണ് കാലായി മോനെ… …..” അമ്മ പിറകില്‍ നിന്ന് വിളിച്ചു.
“നിന്റെ അമ്മായി വന്നിരുന്നു..നീ അവിടേക്ക് ചെല്ലില്ലേ എന്ന് ചോതിച്ചു…”
“പോകാം അമ്മെ, രണ്ടു ദിവസം കഴിയട്ടെ…”
“നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്…” ഊണ് കഴിക്കുന്നതിനിടയില് അമ്മ പറഞു തുടങ്ങി.
അമ്മ പറയാന്‍ തുടങ്ങുന്നത് എന്താണന്നു എനിക്കറിയാം.”തല്ക്കാകാലം അത് വേണ്ടമ്മേ……”
“ടാ നിനക്ക് വയസ്സ് മുപ്പതു കഴിഞ്ഞ്……”ചേച്ചിയും അമ്മയുടെ സഹായത്തിനു എത്തി.
“അത് സാരമില്ല… ഇനി ഒരു മുപ്പതു കൊല്ലം കൂടി ഇങ്ങിനെ തന്നെ അങ്ങ് പോകും….” ഞാന് ഊണ് മതിയാക്കി എഴുനേറ്റു.
അമ്മാവന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ അമ്മാവന്‍ ചെയ്തതാണ് ശരി. ആണും പെണ്ണുമായിപോ ഒറ്റ മോളാണ്. ‘ഒരു സര്‍ക്കാര്‍ ജോലിക്കാരന് മാത്രമേ ഞാന് അവളെ കെട്ടിച്ചു കൊടുക്കൂ’ എന്നത് അമ്മാവന്റെ ഒരു വാശിയായിരുന്നു. ജോലിയും കൂലിയും ഇല്ലാതെ രാഷ്ട്രീയം കളിച്ചു നടക്കുന്നവന് ആര് പെണ്ണ് കൊടുക്കും…..
“രണ്ടു തലമുറയ്ക്ക് കഴിയാനുള്ളത് ഞങ്ങള്ക്കുണ്ടല്ലോ ചേട്ടാ…” എന്ന് അമ്മ അന്ന് കെഞ്ചി പറഞ്ഞതാണ്.
“ചെറുക്കനു തിരുവനന്തപുരതാണ് ജോലി, ഒരു പെണ്ണ് ഉള്ളതിനെ അയച്ചു, ബാധ്യത ഒന്നും ഇല്ല, അത്യാവശ്യം വകയും ഉണ്ട്” കല്യാണം പറയാന് അമ്മാവന് വന്നപ്പോള് ഇറയത്തിരുന്നു പറയുന്നത് ഉള്ളിലിരുന്നു വിങ്ങലോടെയാണ് കേട്ടത്.
” നീ അവനോടു പറയണം എട്ങ്ങേറിനൊന്നും നിക്കേണ്ട എന്ന്” ഇറങ്ങാന്‍ നേരം അമ്മയെ ഒര്മിപ്പിചിട്ടാണ് അമ്മാവന്‍ പോയത്.
“ഞാന്‍ ഒന്നല്ലെയുള്ളൂ ചേട്ടാ അച്ഛനും അമ്മയ്ക്കും, അവര്ക്കിത് താങ്ങാന് ആകില്ല…… അതുകൊണ്ട്….” ഇറങ്ങി വരാന്‍ വിളിച്ചപ്പോള് അവളുടെ മറുപടി……….ഒരു വിന്ങിപ്പോട്ടെലോടെ അവള് ഓടി പോയതാണ്………. അതായിരുന്നു അവസാനത്തെ കാഴ്ച……..
“മുഖത്തിന്റെ ഒരു ഭാഗം മാത്രമേ വെളിയില് കണ്ടുള്ളൂ മോനെ, ബാക്കി ശരീരമെല്ലാം പോള്ളിയിരുന്നു എന്നാണ് പോസ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്” ചേച്ചിയുടെ കത്തിലെ വരികള്……… അയാള്ക്ക് അവളെ സശയമായിരുന്നു……….. അന്ന് കിടപ്പിലായതാണ് അമ്മാവന്. ഏതായാലും ഒന്ന് പോയി കാണുക തന്നെ….. മെല്ലെ അമ്മാവന്റെ വീടിലേക്ക് നടന്നു… അമ്മായി അയയില് നിന്ന് ഉണങ്ങിയ തുണികള് എടുത്തു മാറ്റുന്നു……
“മോനെ നീ വന്നോ….” അമ്മായിയുടെ കണ്ണ് കള് നിറഞ്ഞു…”അമ്മാവന് അകത്തുണ്ട് വരൂ… ഇപ്പോള് ഒട്ടും തന്നെ എഴുനെല്ക്കില്ല…….” അമ്മായി അകത്തേക്ക് നടന്നു…
അകത്തു തടിക്കട്ടിലില്‍ അമ്മാവന്‍ കിടക്കുന്നു, വളരെ ക്ഷീണിച്ചിരിക്കുന്നു. കണ്ടതും അമ്മാവന്റെ കണ്ണുകള് നിറഞ്ഞു വന്നു…. എന്തോ പറയുവാന് വേണ്ടി ചുണ്ടുകള് വിറക്കുന്നു…. വാക്കുകള് വിങ്ങിപ്പൊട്ടലില് മുങ്ങി പോയി…
അമ്മായി നനഞ തുണിയെടുത്ത് അമ്മാവന്റെ മുഖം തുടച്ചു. “ഒരു കുട്ടി ഉള്ളതിനെ പോലും കൊണ്ടു കാണിക്കില്ല അവന്‍……….. ഞങ്ങള് പ്രായമായവര് രണ്ടു പേര് മാത്രം…..” അമ്മായിയും വിങ്ങി പൊട്ടി.
“നീ എന്നാണ് മടങ്ങുന്നത്….” അമ്മാവന് പതിയെ ചോതിച്ചു.
“കുറച്ചു ദിവസം ഉണ്ടാവും….”
“ഞാന്‍ ഇനി അധിക കാലം ഉണ്ടാവില്ല………….ഞാന്‍ മരിച്ചാല്‍ നീ വേണം കൊള്ളി വെക്കാന്‍ …..” അമ്മാവന്‍ വീണ്ടും വിങ്ങി പൊട്ടുകയാണ്………
കണ്ണുകള് നിറഞ്ഞു വരുന്നു……..
വേഗം പടിയിറങ്ങി തിരികെ നടന്നു………..
Generated from archived content: story1_mar29_12.html Author: ashokmathewsam