ജീവിതഗന്ധിയായ കഥകൾ

സാഹിത്യവിമർശകനോ ഭാഷാപണ്‌ഡിതനോ അല്ലാത്ത ഒരാൾ കഥ വായിക്കുമ്പോൾ അയാൾ സ്വീകരിക്കുന്നത്‌ ഭാഷയല്ല, ജീവിതമാണ്‌. ജീവിതത്തിൽ ഭാഷയേക്കാൾ പ്രധാനപ്പെട്ട ശബ്‌ദങ്ങൾ, ഗന്ധങ്ങൾ, സ്ഥലങ്ങൾ, നിറങ്ങൾ, സ്‌നേഹങ്ങൾ, വെറുപ്പുകൾ എന്നിവയായിട്ടാണ്‌ ആ സ്വീകരണം. യു.കെ.സുരേഷ്‌ കുമാറിന്റെ ‘ഒരു തുലാവർഷരാവിൽ’ എന്ന കഥ വായിച്ചുകൊണ്ടിരിക്കുമ്പോൾ പാലക്കാട്‌ എന്റെ മനസ്സിൽ നിറഞ്ഞു. മലയാള കഥയ്‌ക്കും നോവലിനും ഈ സ്ഥലം അത്ര അന്യമല്ല. ഞാനോർമ്മിച്ചത്‌, വിദ്യാർത്ഥിയായിരുന്ന കാലത്തെ പാലക്കാട്ടേക്കുളള എന്റെ യാത്രകളാണ്‌. ഞങ്ങളുടെ സുഹൃത്ത്‌ കെ.വി. വിൻസന്റ്‌ പാലക്കാട്‌ ജില്ലയിലെ വിവിധ റവന്യൂ ആപ്പീസുകളിൽ ജോലി ചെയ്‌തിരുന്നു അക്കാലത്ത്‌. പക്ഷെ പാലക്കാട്ടേക്ക്‌ പോകുമ്പോഴൊക്കെ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നത്‌ ഖസാക്കിലെ നെടുവരമ്പുകളാണ്‌. മുണ്ടൂർ കഥാകൃത്തുക്കളുടെ കഥകൾക്കുവേണ്ടി എ.എസ്‌.വരച്ചിരുന്ന സ്‌ത്രീകൾ. വയലുകൾ, കരിമ്പനകൾ, വഴിവക്കിലെ ആൽമരങ്ങൾ. പക്ഷേ, സുരേഷ്‌ കുമാറിന്റെ കഥയിലെ പറളിയും പുഴയും മഴയും കല്ലടിക്കോടൻ മലയും തികച്ചും നവീനമായ അനുഭവം തരുന്നു. ജീവിതമാണ്‌ ചിത്രീകരിക്കുന്നതെങ്കിൽ ഒരിക്കലും ആവർത്തനമുണ്ടാവുകയില്ല.

മലയാളത്തിൽ കഥയ്‌ക്ക്‌ ജീവിതത്തിൽ നിന്നകന്നും അടുത്തും കഴിഞ്ഞതിന്റെ അനുഭവമുണ്ട്‌. മനുഷ്യാനുഭവങ്ങളെ പാടെ നിരസിച്ച കാലവും ഉണ്ടായിട്ടുണ്ട്‌. പക്ഷേ ഓരോ ദശാസന്ധിയിലും കഥ ജീവിതത്തിലേക്ക്‌ മടങ്ങിവന്നു. വീട്ടിലേക്ക്‌, അടുക്കളയിലേക്ക്‌, കിടപ്പുമുറിയിലേക്ക്‌, പ്രണയങ്ങളിലേക്കും സമരങ്ങളിലേക്കും കടന്നുവന്നു. ‘ജാലകക്കാഴ്‌ചകളി’ലെ ഹരികൃഷ്‌ണനെപ്പോലെയാണത്‌. കമ്പനി എക്‌സിക്യൂട്ടീവുകളെ പഠിപ്പിക്കുന്ന ഫാക്കൽറ്റി മെമ്പറുടെ ക്ലാസ്സുമുറിയിൽ നിന്നും അയാളുടെ മനസ്സ്‌ നാട്ടുവഴികളിലേക്ക്‌ കടക്കുന്നു. മോയിൻകുട്ടിയുടെ ലോകവും ഫാക്കൽറ്റിയുടെ ലോകവും രണ്ടാണെന്നും, തികച്ചും വ്യത്യസ്‌തമാണെന്നും ഈ കഥ ഓർമ്മിപ്പിക്കുന്നു. ഈ കഥയെഴുതിയ ഒന്നോ രണ്ടോ വർഷം മുമ്പത്തെക്കാൾ ഈ ഭിന്നത രൂക്ഷമായി നമ്മെ ഇപ്പോൾ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്‌.

സാധാരണ മനുഷ്യന്റെ ജീവിതാനുഭവങ്ങൾക്ക്‌ പ്ലാനിംഗുകളിലോ, നിയമനിർമ്മാണങ്ങളിലോ, ആസൂത്രണത്തിലോ, സാംസ്‌കാരിക വിനിമയങ്ങളിലോ യാതൊരു പങ്കുമില്ലാത്ത അവസ്ഥ വീണ്ടും ഉണ്ടായിരിക്കുന്നു. അനുഭവങ്ങളെ പൂർണ്ണമായി നിരസിച്ചുകൊണ്ടുളള വികസനപരിപാടികൾ -എക്‌സ്‌പ്രസ്‌ ഹൈവേകൾ-മനുഷ്യശിരസ്സുകൾക്ക്‌ മുകളിൽ കൂടി പാഞ്ഞുപോകുന്നു. കഥാകാരനു വേണമെങ്കിൽ ടോൾ കൊടുക്കാതെ (ഒരു പ്രത്യേക ആനുകൂല്യം എന്ന നിലയിൽ) ഈ പാതയിൽ യാത്ര ചെയ്യാം. പക്ഷേ അയാൾക്ക്‌ തന്റെ കഥാപാത്രങ്ങളിൽനിന്ന്‌ എത്ര കാലം വിട്ടുനിൽക്കാനാകും? രാഷ്‌ട്രീയ നേതാക്കൾക്ക്‌ അഞ്ചു കൊല്ലത്തിലൊരിക്കൽ തിരിച്ചുവന്നാൽ മതി. പക്ഷേ എഴുത്തുകാരന്‌ അവന്റെ കളിമണ്ണിൽ കാലൂന്നി നിൽക്കാതെ നിവൃത്തിയില്ല.

ജീവിതാനുഭവങ്ങളിലേക്കു തിരിച്ചുവരിക, അതിന്റെ കൂടെ നിൽക്കുക എന്നത്‌ എല്ലാ കാലത്തും എഴുത്തുകാരന്റെ നിയോഗമാകുന്നു. ചില കാലത്ത്‌ അത്‌ ചരിത്രനിയോഗവും ആണ്‌. അടിത്തട്ടിലെ മനുഷ്യാനുഭവങ്ങൾക്ക്‌ മഹത്തായ ശക്തിയുണ്ടെന്ന്‌ കാലം തെളിയിക്കുന്നത്‌ പലപ്പോഴും എഴുത്തുകാരിലൂടെ ആണ്‌. തിരസ്‌കരിക്കപ്പെട്ട അഭിശപ്‌തജന്മങ്ങളെ ജീവിതവും സംസ്‌കാരവും അതുവഴി സാമൂഹ്യശക്തിയും ആക്കി മാറ്റുക എന്ന ജന്മദൗത്യത്തിന്‌ ഒരു അക്കാഡമിയും ഇതുവരെ അവാർഡ്‌ ഏർപ്പെടുത്തിയിട്ടില്ല.

സുരേഷ്‌ കുമാറിന്റെ ‘യാത്രാഗന്ധം’ എന്ന ഈ കഥാസമാഹാരം മനുഷ്യാനുഭവങ്ങളെ ചരിത്ര യാഥാർത്ഥ്യമാക്കി മാറ്റുന്ന ജോലിയാണ്‌ ചെയ്യുന്നത്‌. ഈ നവാഗത കഥാകാരനിൽ എനിക്ക്‌ പ്രതീക്ഷയുണ്ട്‌.

(അശോകൻ ചരുവിലിന്റെ അവതാരികയിൽ നിന്ന്‌)

യാത്രാഗന്ധം (കഥകൾ)

യു.കെ.സുരേഷ്‌ കുമാർ

സൗഹൃദം ബുക്‌സ്‌, വില – 35.00

Generated from archived content: bookreview2_nove16_05.html Author: ashokan_charuvil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here