ലീവിനു വന്ന മകൻ മടങ്ങുകയാണ്. ആറുവർഷം കഴിഞ്ഞുവന്ന ആദ്യത്തെ വരവാണ്. മൂന്നുമാസത്തെ അവന്റെ ലീവ് എത്രപെട്ടെന്നാണ് തീർന്നതെന്ന് അമ്മവേവലാതിപ്പെട്ടു.
പടിക്കൽ കാത്തുകിടന്നിരുന്ന കാറിനകത്തേക്ക് അമ്മ മകനുള്ള സാധനങ്ങൾ കയറ്റിവയ്‌ക്കാൻ തുടങ്ങി. മകൻ ഇറയത്ത് കസേരയിൽ ഇരിക്കുന്ന അച്ഛനെ സമാധാനിപ്പിക്കുകയാണ്. അച്ഛന് കാറിനടുത്തുവരെ നടന്നെത്താൻ കഴിയില്ല.
മകൻ അമ്മക്കടുത്തെത്തിയപ്പോൾ അമ്മ ഓരോ പായ്‌ക്കറ്റും തൊട്ടുകാണിച്ചു പറഞ്ഞു.
-ഇത് അച്ചാർ, ഇത് ചക്കവറുത്തത്, ഇത് ചക്കവരട്ടിയത്, ചമ്മന്തിപ്പൊടി, കാച്ചിയ എണ്ണ….. ശോഭയ്‌ക്കുള്ളതാണ്. അവളോട് അമ്മയുടെ അന്വേഷണം പറയണം.
ഇതെന്താ അമ്മേ….? മകൻ ഒരു കവർ ചൂണ്ടിചോദിച്ചു. ചാമ്പയ്‌ക്ക… നമ്മുടെ മുറ്റത്തെ ചാമ്പേലുണ്ടായതാ…. പണ്ട് നീയതിന്റെ കൊമ്പേന്ന് വീണതോർമ്മേണ്ടോ?
മകൻ നെറ്റിയിൽ ഇപ്പോഴും കല്ലിച്ചുകിടക്കുന്ന മുഴയിൽ യാന്ത്രികമായി തടവി.
-നിന്റെ കുട്ട്യോൾക്കുള്ളതാ ചാമ്പയ്‌ക്ക…. അച്ചൂനും, ലക്ഷ്‌മിക്കും…. തന്റെ മക്കളെക്കുറിച്ച് പറയുമ്പോൾ അമ്മയുടെ മുഖം വളരെ പ്രസന്നമാണെന്ന് മകൻ സമാധാനിച്ചു.
-എന്തിനാ അമ്മേ ഇതൊക്കെ….. എല്ലാം അവിടെ മാർക്കറ്റിൽ കിട്ടും. ഈ വയ്യാത്ത സമയത്ത് അമ്മ എന്തിനാ ബുദ്ധിമുട്ട്യേ….
-ഞ്ഞാൻ മാത്രമല്ല ബുദ്ധിമുട്ടീത്…. നിന്റെ പെങ്ങളും കൂടി ഉണ്ടായിരുന്നു ബുദ്ധിമുട്ടാൻ. അമ്മ അല്‌പം ശബ്‌ദമുയർത്തി. കാറിനടുത്തുനിന്നിരുന്ന പെങ്ങൾ സങ്കടം കൊണ്ട് ഏട്ടന്റെ നെഞ്ചിൽ വീണു കരഞ്ഞു. ഏട്ടൻ വിമ്മിഷ്‌ടപ്പെട്ടു. അമ്മ അവസാനം ഒരു ചെറിയ ഡപ്പി മകന് നീട്ടി.
-ഇതെന്താ അമ്മേ….?
-ഗുരുവായൂരപ്പന്റെ ചന്ദനം… കുളികഴിഞ്ഞാ നെറ്റീലും നെഞ്ഞത്തും എന്നും തൊടണം…. മോനെ ഗുരുവായൂരപ്പൻ കാക്കും.
അമ്മയുടെ ശബ്‌ദം ഇടറി.
ഗുരുവായൂരപ്പന്റെ അമ്പലോം അവിടെ…..
മകൻ മുഴുവനാക്കും മുമ്പ് അമ്മയുടെ കണ്ണുകളിൽ ദേഷ്യം ചുവന്നു. പിന്നീട് സങ്കടവും.
കാറിലേക്ക് കയറിയ മകൻ ഡോറടച്ചു. വണ്ടി അനങ്ങുന്നതിനുമുമ്പേ അമ്മ കാറിനുള്ളിലേക്ക് തലയിട്ട് മകന്റെ നെറ്റിത്തടത്തിൽ മുഖം ചേർത്തു.
-ഇതും അവിടെ കിട്ടുംന്ന് നീ പറയോ…. അമ്മേടെ ഈ ഉമ്മ….? മകന്റെ കണ്ണിൽ നിന്ന് കുടുകുടെ കണ്ണീർ പുറത്തുചാടി……
Generated from archived content: story1_oct15_10.html Author: ashokan_anchath