അച്ഛന്‍ തറവാട് എപ്പോഴും ദീപ്തമായൊരു സ്വപ്നം പോലെയായിരുന്നു അയാള്‍ക്ക്. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ അയാള്‍ അവിടേക്കു ചെന്നെത്താന്‍ വെമ്പി.
പരിഷ്ക്കാരം വന്നുവന്ന് വഴികള്‍ക്ക് വല്ലാതെ വീതി വച്ചിരിക്കുന്നതായും നിരത്തുവക്കില്‍ പുതിയ കടകളും മതിലുകളില്‍ സ്വര്‍ണ്ണലിപികളാല്‍ ഗൃഹനാഥന്റെ പേര് കൊത്തി വച്ച വീടുകളും കെട്ടിപ്പൊക്കിയിരിക്കുന്നതായും അയാള്‍ അറിഞ്ഞു.
ഓട്ടുകമ്പനി സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്. യാത്രക്കിടയില്‍ എപ്പോഴോ ഉറങ്ങിപ്പോയതുകൊണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോഴാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്.
– ആളിറങ്ങണം.
അയാള്‍ ഒരു വിലാപം പോലെ ദയനീയമായി വിളിച്ചു പറഞ്ഞു. ബസ്സിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ അയാളെ ശപിച്ചു,. ചീത്ത പറഞ്ഞു . – നാശം … ബസ്സില്‍ കയറി ഒറങ്ങാന്‍ കെടക്കും .. ബാക്കിയുള്ളോര്‍ക്ക് നേരത്തേ എത്തണ്ടേ..
കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നവര്‍ക്കിടയില്‍ വഴിയുണ്ടാക്കി വരുമ്പോള്‍ ആരോ ചുവക്കുന്ന മുഖത്തോടെ പറഞ്ഞു അയാള്‍ തലയുയര്‍ത്തി നോക്കിയില്ല
-ഇതെന്താ ചേട്ടാ ഇത് .. ഇപ്പോത്തന്നെ ലേറ്റായിട്ടാ പോണത് വഴീലെ ബ്ലോക്ക് താന്‍ കണ്ടതല്ലേ.. ഇനി തൃശൂര് കൊക്കലേന്നങ്ങട് ബ്ലോക്ക് കിട്ടും.
ഫുട്ബോര്‍ഡില്‍ കാവല്‍ക്കാരനേപോലെ നിന്ന കണ്ടക്ടറുടെ വക വേറെയും ചീത്ത കിട്ടി.
അച്ഛന്റെ നാട്ടിലേക്ക് വരികയാണല്ലോ എന്ന സന്തോഷത്തിലായതുകൊണ്ട് അയാള്‍ ഒന്നും പറഞ്ഞില്ല.
വണ്ടി പള്ളിയുടെ ഗേറ്റും കഴിഞ്ഞിട്ടാണ് നിന്നത്. നന്നായി അത്രയും നടപ്പു കറഞ്ഞല്ലോ…….
വലത്തോട്ടുള്ള വഴിയിലേക്ക് അയാള്‍ കടന്നു. ഇരുവശങ്ങളിലും കരിങ്കല്ലുകള്‍ കൊണ്ട് കെട്ടിയ മതിലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അതിര്‍ത്തികള്‍ അയാള്‍ ഓര്‍മ്മിച്ചു. ഓടുകള്‍ അട്ടിയായും നെടുകേയും കുറുകേയും വച്ചുള്ള കൊച്ചു മതിലുകള്‍ ഇടവഴി ചെന്നെത്തി നില്‍ക്കുന്നത് അച്ഛന്‍ തറവാടിന്റെ മുറ്റത്താണ്.
വിശാലമായ മുറ്റം. പഴയ ഇരുനില വീടും പെയ്ന്റിളകിയ വാതിലുകള്‍ ചുവന്ന ചായം തേച്ച് നീളന്‍ തിണ്ണയുള്ള കിഴക്കേപ്പുറം
ഇറയത്തെ ഒരകിലായി തിരിച്ചിട്ടുള്ള ആട്ടിന്‍ കൂട് അങ്ങിനെയങ്ങിനെ അച്ഛന്‍ തറവാടിന്റെ രേഖാചിത്രം അയാളുടെ മനസ്സില്‍ എപ്പോഴും തെളിഞ്ഞു തന്നെ കിടപ്പുണ്ടായിരുന്നു.
-അല്ലാ അരാണ്ടാ ഇത് … ദേവദാസനോ.. നീ വഴി തെറ്റി വന്നതാടാ..
– വേറെ ഏതോ വീട്ടിലാണ് വന്ന് പെട്ടതെന്ന് അയാള്‍ ഒരു നിമിഷം പരിഭ്രമിച്ചു. നാലു സെന്റില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ടെറസ്സ് വീടിന്റെ ഉമ്മറത്തു നില്‍ക്കുന്ന സരോജിനിയേടത്തി പരിഹസിക്കുകയാണ്. അവര്‍ക്ക് വല്ലാതെ വണ്ണം വച്ചിട്ടുണ്ടെന്ന് മനസ്സ് പറഞ്ഞു. ശബ്ദത്തിന്റെ നീട്ടലിനും ആരോഹണങ്ങള്‍ക്കും യാതൊരു കുറവുമില്ല
കേറീവാടാ..
അവര്‍ ക്ഷണിച്ചു. അയാള്‍ ടൈല്‍സിട്ട സിറ്റൗട്ടിലെ തണുപ്പിലേക്ക് കാലെടുത്തു വച്ചു. തോളിലുണ്ടായിരുന്ന ബാഗ് കസേരയില്‍ വച്ച് സോഫയുടെ പതുപതുപ്പിലിരുന്നു.
സരോജിനിയേട്ടത്തി അതിശയത്തോടെ അയാളെ നോക്കിയിരുന്നു.
-നീയ്യിപ്പോ നാട്ടില്‍ എത്രാമത്തെ പ്രാവശ്യാട വരണത്……?
ഇത് രണ്ടാമത്തെ … പത്തുവര്‍ഷത്തിനിടക്ക് രണ്ടാമത്തെ . അയാള്‍ സരോജിനിയേട്ടത്തിയെ ബോധിപ്പിച്ചു.
– കഴിഞ്ഞ തവണ നാട്ടില്‍ വന്നിട്ട് നീയ്യങ്ങട് കടന്നില്ല …. ചേച്ചി പരിഭവിച്ചു.
– വരണെന്നുണ്ടായിരുന്നു . എനിക്ക് ..പെങ്ങണ്മാരുടെ കല്യാണത്തിരക്കുകള്‍ അതും രണ്ടുപേരുടേയും ഒരുമിച്ചായിരുന്നു. അച്ഛന്‍ തറവാട്ടില്‍ ക്ഷണിക്കാന്‍ ചെന്നത് അമ്മയും അനിയനും കൂടിയായിരുന്നു. ആകെ രണ്ടു മാസത്തെ ലീവേ ഉണ്ടായിരുന്നുള്ളു. അതിനിടയില്‍ മഞ്ഞപ്പിത്തവും വന്നു പെട്ടു. ലീവ് തീര്‍ന്നയുടനെ കടലിനപ്പുറത്തേക്ക് ധൃതിപ്പെട്ട് വിമാനം കയറുകയായിരുന്നു. അല്ലെങ്കില്‍ അറബിയുടെ ഹോസ്പിറ്റലില്‍ ജോലിയുണ്ടാവില്ല – സരോജിനിയേട്ടത്തിക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല
അയാള്‍ ചിരിച്ചു കാണിച്ചു.
സരോജിനിയേട്ടത്തി പെങ്ങന്മാരുടെ കല്യാണത്തിനും വന്നില്ലല്ലോ…
അയാള്‍ തിരിച്ചു ചോദിച്ചു.
– കൂടാന്‍ കഴിഞ്ഞില്ല പ്രേമേട്ടന് വയ്യായ്ക വന്നു. പത്തുസം ആശുപത്രീലായിരുന്നു. അമ്മ പറഞ്ഞില്ലേ നിന്നോട്
അയാള്‍ തല കുലുക്കി
അമ്മ ചിലതൊക്കെ പറയും കുറച്ച് അനിയനും പറയും പെങ്ങന്‍മാര്‍ ആദ്യമൊക്കെ എഴുത്തില്‍ എഴുതുമായിരുന്നു അച്ഛന്‍ തറവാട്ടില്‍ വന്ന മാറ്റങ്ങള്‍ …പിന്നെ ഫോണിന്റെ കാലമായപ്പോള്‍ ചേട്ടന്‍ വിളിച്ചാലല്ലാതെ ഒന്നും പറയില്ലെന്നായി.
ഈ വീട് ഇപ്പോള്‍ പണിതതാണോ ചേച്ചീ…
അയാള്‍ ചോദിച്ചു
– മൂന്നാലു കൊല്ലമായി ..പെര പാര്‍പ്പിന് ആരോം വിളിച്ചില്ല ആരേ വിളിക്കാനാ മമ്മടെ ആരും ഇപ്പോ അങ്ങടും ഇങ്ങടും അറിയും കൂടില്യാ….
ശരിയാണ് ഒരു കാലത്ത് ഭഗവതിയുടെ വേലനാളില്‍ തറവാട്ടില്‍ ഒരുമിച്ചു കൂടിയിരുന്നത് എത്രപേരായിരുന്നു വലിയച്ഛന്മാരും ചെറിയച്ചനും ഭാര്യമാരും കുട്ടികളും . തറവാട് അന്ന് എല്ലാവരുടേയും സന്തോഷസന്താപങ്ങളില്‍ പെട്ട് മുഖരിതമാകും. അതിന്റെ എടുപ്പുകള്‍ തായ്‌വഴികളുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റു വാങ്ങും വേലയുടെ തലേന്നാള്‍ തന്നെ എല്ലാവരും എത്തും. വേലനാളില്‍ ഓരോസംഘമായി ഭഗവതിയുടെ മുറ്റത്തേക്ക്. ചായപീടികക്കാരനായ ജേഷ്ഠാനുജന്മാര്‍ അന്ന് മക്കള്‍ക്കു വേണ്ടതൊക്കെ വേലപ്പറമ്പില്‍നിന്ന് വാങ്ങിക്കൊടുക്കുവാന്‍ ഒരു പാടു നാളത്തെ അധ്വാനത്തിന്റെ വിഹിതം കരുതിവച്ചിട്ടുണ്ടാകും. ആങ്ങളമാരെയും കുടുംബത്തെയും വിരുന്നു നല്‍കി തൃപ്തിപ്പെടുത്താന്‍ ദാരിദ്ര്യം കൂട്ടുണ്ടായിരുന്ന തറവാട്ടിലെ അമ്മായിമാരുടെ പെടാപാടുകള്‍ അപ്പോഴൊക്കെ മനസിലാക്കിയിട്ടുണ്ട്.
സരോജിനി ചേച്ചി അക്കാലത്ത് ഹൈസ്കൂള്‍ ക്ലാസ്സിലായിരുന്നു. പത്മിനിയേടത്തി ടൈപ്പിനു പോകുന്നു. താഴെയുള്ളവര്‍ ചെറിയ ക്ലാസ്സുകളില്‍. മണിയമ്മായിക്ക് അവരുടെ കുറുമ്പുകളെക്കുറിച്ച് ആങ്ങളമാരോട് പറയാനേ നേരമുണ്ടായിരുന്നുള്ളു. നാരായണിയമ്മായിക്ക് മക്കളുണ്ടായിരുന്നില്ല. അധികനാള്‍ നിലനില്‍ക്കാതിരുന്ന അവരുടെ ദാമ്പത്യം കിഴക്കപ്പുറത്തെ ചുവന്ന ചായം തേച്ച തിണ്ണയില്‍ അവരെപ്പോഴും തറവാട്ടിലെ കാര്യസ്ഥയായിട്ട് ഇരിക്കും. നാളികേരം വീഴ്ത്താന്‍ വരുന്ന കുമാരനേയും ,ഓടത്തി ജാനുവിനേയും പറമ്പ് പണിക്കു വരുന്നവരേയും പണി നന്നാവാന്‍ വേണ്ടി കണക്കിന് ശാസിക്കും. ആങ്ങളമാരുടെ മക്കളുടെ ഓരോ വിശേഷങ്ങളും അവര്‍ ഇടതടവില്ലാതെ ചോദിച്ചറിയും.
വേലപൂരവും കഴിഞ്ഞ് പിറ്റേന്നും അതിന്റെ പിറ്റേന്നുമായി എല്ലാവരും മടങ്ങുമ്പോള്‍ അച്ഛന്‍ തറവാട് പഴയ മൂകതയിലേക്കു മടങ്ങുന്നതായി എത്രവട്ടം അനുഭവപ്പെട്ടിട്ടുണ്ട്
– അമ്മായി എന്താ പറയണേ …നടക്കണൊക്കെയുണ്ടൊ? നിന്റെ അനിയന്‍ കുമാറോ…?
സരോജിനിയേടത്തി കൈകളില്‍ തൊട്ടപ്പോള്‍ അയാള്‍ പഴയ കാലത്തിന്റെ പുറന്തോട് പൊട്ടിച്ച് തലവെളിയിലേക്കിട്ടു.
അമ്മയ്ക്ക് വയ്യാണ്ടായിരിക്കുന്നു. വയസ്സ് എഴുപത് കഴിഞ്ഞു. കുമാറ് മൊബൈല്‍ റിപ്പയര്‍ തുടങ്ങിയിട്ടുണ്ട് കല്യാണം കഴിക്കാന്‍ അവനോടു പറഞ്ഞു തുടങ്ങിയിട്ട് കാലം കുറെയായി
– നിനക്കും വേണ്ടെ ഒരു കല്യാണം ..വയസ്സ് നാല്‍പ്പതോ നാല്‍പ്പത്തിയഞ്ചോ ഇപ്പോള്‍…?
അവര്‍ ശാസിക്കുന്നതു പോലെയാണ് ചോദിച്ചത്
നാല്‍പ്പത്തിനാല് അയാള്‍ അതേ വേഗത്തില്‍ മറുപടി കൊടുത്തു.
-പെങ്ങന്മാരുടെ കഴിഞ്ഞപോലെ കുമാറിന്റേയും നിന്റേയും ഒരു ദിവസം നടത്താനാണോ പ്ലാന്‍…?
സരോജിനിയേടത്തി ഒച്ചയെടുത്തു ചോദിച്ചു. അയാള്‍ ചിരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.
സ്വന്തം പ്രായത്തേയും , വിവാഹത്തേയും കുറിച്ച് പറയുമ്പോള്‍ അയാളുടെ ഉള്ളില്‍ നൊമ്പരത്തിന്റെ തിരമാലകളാണ് ഉയര്‍ന്നു വരാറുള്ളത്.
– ഞാന്‍ ചായവയ്ക്കാം .. നീയ്യിരിക്ക് ..സരോജിനിയേടത്തി അടുക്കളയിലേക്കു നടന്നു അയാള്‍ എഴുന്നേറ്റ് അവിടങ്ങളിലൊക്കെ നടന്നു.
അച്ഛന്‍ തറവാടിരുന്ന വലിയ പറമ്പില്‍ ഇന്ന് നാലു വീടുകള്‍ വന്നിരിക്കുന്നു. അവസാനത്തെ വേരായി സരോജിനിയേടത്തി മാത്രം ഇവിടെ ഒരോര്‍മ്മ പിശകുപോലെ ബാക്കിയായിരിക്കുന്നു. പണ്ട് കുട്ടികള്‍ കളിച്ചിരുന്ന കിഴക്കേപ്പുറത്തെ മുറ്റത്ത് രണ്ടു വീട്ടുകാരുടെ മതിലുകളാണ്.
ഇവിടെയൊരു മഞ്ചാടി മരം നിന്നിരുന്നു. കിഴക്കെ അതിരില്‍ കൈതക്കൂട്ടങ്ങളായിരുന്നു കാവല്‍ നിന്നിരുന്നത്. സ്കൂള്‍ അവധി ദിവസങ്ങളില്‍ എത്താറുള്ളപ്പോള്‍ കൈതപ്പൂക്കളുടെ മണമായിരുന്നു എതിരേറ്റിരുന്നത്.
മഞ്ചാടി മരത്തിന്റെ ചുവട്ടില്‍ ജേഷ്ഠാനുജന്മാരുടെ കുട്ടികള്‍ പല കളികളും കളിക്കും. കളിരസം മൂത്ത് കയ്യാങ്കളി ആകുമ്പോഴേക്കും മണിയമ്മായിയുടെ ശാസന അവര്‍ക്ക് കുട്ടികളുടെ ആരവങ്ങള്‍ അത്രക്കിടഷ്ടമായിരുന്നില്ല. മൂത്തയമ്മായിയാണ് പിന്നെയും സ്വാതന്ത്ര്യം നല്‍കാറ്.
കൈതവേലിക്കപ്പുറം അമ്പിളിയുടെ വീട്. വലിയ നെറ്റി, ചന്ദനക്കുറി, നുണക്കുഴിക്കവിളുകള്‍ , വയലറ്റ് പാവാട തുള്ളി മറിയുന്ന കൗമാരവിസ്മയങ്ങള്‍ ആ കണ്ണൂകള്‍ എന്തൊക്കെയോ സംസാരിച്ചു. കുറെയാകുമ്പോള്‍ തിരിച്ചും. മീശമുളച്ച പയ്യനായപ്പോള്‍ പ്രണയപ്പനി മൂര്‍ച്ഛിച്ചു. പാരലല്‍ കോളേജിലെ അവധി ദിനങ്ങളിലൊക്കെ അച്ഛന്‍ തറവാട്ടിലേക്ക് ഓടിയെത്തി. ഞാന്‍ വന്നിട്ടുണ്ടെന്നറിയിക്കാന്‍ അമ്മായിമാരോട് ഉറക്കെ സംസാരിച്ചു. ചൂളമടിച്ചു. കുട്ടികളുടെ ഓടക്കുഴലില്‍ അക്കാലത്തെ പ്രണയരാഗങ്ങള്‍ മൂളില്‍.
പിന്നീട് നോക്കുമ്പോള്‍ കിഴക്കെ അതിരിലുള്ള മുളമ്പടി കവച്ച് എത്തുന്നതു കാണാം. സരോജനിയേടത്തിയോട് എന്തൊക്കെയോ പറയാനുണ്ടെന്ന മട്ടില്‍
കുറച്ചു കഴിഞ്ഞാല്‍ പരിഭവങ്ങളുടെ കെട്ടഴിക്കുകയായി. കാണാതിരുന്ന നാളുകളിലെ വിശേഷങ്ങള്‍ അതെല്ലാം ചെവി കൂര്‍പ്പിച്ച് കേട്ടിരിക്കും. ഇടക്ക് എന്തെങ്കിലും ചോദിച്ച് ശുണ്ഠി പിടിപ്പിക്കും . കവിളുകള്‍ തുടുക്കുമ്പോള്‍ കാണാനഴകു കൂടുന്നു . വെണ്ണിലാ ചിരിയുടെ ധാരാളിത്തത്തില്‍ ഹൃദയം മുങ്ങിത്താഴുന്നു.
സൈന്യത്തിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ കടമ്പകള്‍ കഴിഞ്ഞ് ജോലി ശരിയാവും എന്ന സന്തോഷത്തോടെ വീട്ടില്‍ വന്നു കയറുമ്പോള്‍ കുമാര്‍ പറയുന്നു
– ഏട്ടാ …അമ്പിളി പോയി ..അച്ഛന്‍ വീടിനടുത്തെ …പാമ്പുകടിച്ചിട്ടാണ് രക്ഷപ്പെട്ടില്ല.
കിഴക്കെ അതിരിലെ കൈതക്കാട്ടിലായിരുന്നു വിധി ഒളിച്ചിരുന്നത്. സന്ധ്യക്ക് അച്ഛന്റവിടേക്ക് എന്തിനോ വന്നതായിരുന്നു.
തലക്കുള്ളില്‍ നിരന്തരം പെരുമ്പറ മുഴങ്ങി ശരീരം ഭാരമില്ലാതാവുന്നു. വീണുപോകരുതേയെന്നു പ്രാര്‍ത്ഥിച്ചു. – എനിക്കൊന്നു പോണം അവിടെ .. നീ എന്റെ കൂടെ വരണം എനിക്കെന്തോ ഒരു തളര്‍ച്ച പോലെ
പട്ടാളത്തില്‍ പോവാന്‍ റെഡീയായിരിക്കുന്ന ചേട്ടന്‍ അനിയന്റെ തുണക്കു വേണ്ടി യാചിച്ചു.
– വേണ്ട പോയാലും ഒന്നും കാണാന്‍ പറ്റില്ല ഉച്ചക്കു മുമ്പ് എടുത്തു.
ദൈവമേ , ഒരു വട്ടം കൂടി ആ മുഖം ചുവക്കുന്നതും , തളിര്‍ക്കുന്നതും കാണാനാവാതെ…
സൈന്യത്തില്‍ ചേരാന്‍ പോയില്ല നല്ല ഉദ്യോഗത്തിന്റെ പരിവേഷം ആവോളം ഉണ്ടാകുമെന്നറിഞ്ഞിട്ടും.
– നീയ്യെന്താ അവ്ടെ നിക്കണെ …ഉമ്മറത്ത് നിന്നെക്കാണാണ്ട് വന്ന് നോക്ക്വേ…
സരോജിനിച്ചേച്ചി അരികില്‍ വന്നു
ഉമ്മറത്ത് വാ- ചായ കുടിക്കാം
യാന്ത്രികമായി ചെന്നു. കിഴക്കെ അതിരിനപ്പുറത്ത് അവളുടെ വീട് ഇപ്പോഴുമുണ്ട് നിശബ്ദമായി തപസ്സു ചെയ്യുന്നതുപോലെ
– ആ മഞ്ചാടി മരോക്കെ സ്ഥലം വാങ്ങിച്ചോര്‍ വെട്ടിക്കളഞ്ഞു. അവരുടെ കാര്‍ഷെഡാ ഇപ്പോ അവ്ടെ.
സരോജിനിചേച്ചി അയാള്‍ക്ക് മനസിലാവാനെന്ന പോലെ പറഞ്ഞു ചൂടുള്ള ചായ അയാള്‍ കുറേശ്ശെ മൊത്തിക്കുടിച്ചു പ്ലേറ്റില്‍ തിന്നാന്‍ കൊണ്ടുവച്ചതൊന്നും തൊട്ടില്ല.
ഞാന്‍ വിചാരിച്ചു നീ വല്യ ജോലിക്കാരനായില്ലേ ഇനി ഇങ്ങടൊന്നും വരവുണ്ടാവില്യാന്ന് സരോജിനി ചേച്ചി പറഞ്ഞു.
അയാള്‍ ചായ കുടിച്ചവസാനിപ്പിച്ച് ഗ്ലാസ്സ് ടീപ്പോയിക്കു മേല്‍ വച്ചു.
തറവാട്ടിലെ കോണിച്ചുവടിന് അമ്മായിമാര്‍ പറഞ്ഞിരുന്നത് താഴ്വാരം എന്നാണ് ആ ഭാഗവും വിറ്റ കഷ്ണത്തില്‍ പോയി. ചുരുക്കത്തില്‍ ഓര്‍മ്മകളുടെ കുടീരങ്ങളൊക്കെ അന്യാധീനപ്പെട്ടു ചിലത് പിഴുതെറിയപ്പെട്ടു.
– നീയ്യെന്താ അപ്പറത്ത് നിന്ന് ആലോചിച്ചതെന്ന് ഞാന്‍ പറയട്ടെ…
അവര്‍ ചോദിച്ചു അയാള്‍ ഒന്നും പറഞ്ഞില്ലെങ്കിലും സരോജിനി ചേച്ചി പറഞ്ഞു . – അമ്പിളീനെ അല്ലെ
അയാളുടെ മുഖം വിവര്‍ണ്ണമായി
– മരിച്ചിട്ട് ആശുപത്രീന്ന് കൊണ്ടന്നപ്പൊ കാണേണ്ടതായിരുന്നു ..ആ മുഖം ഒരമ്പിളി തന്ന്യാരുന്നു. എന്തായിരുന്നു തെളിച്ചം.
എനിക്ക് കേള്‍ക്കാന്‍ വയ്യ
അയാള്‍ ഉള്ളിലെ നൊമ്പരപുഴയില്‍ കിടന്ന് കൈകാലിട്ടടിച്ചു.
സരോജിനി ചേച്ചി മഹാനഗരത്തില്‍ ജോലിയുള്ള മകന്റെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. അവന്‍ വിവാഹമാലോചിച്ച് മോതിരം മാറ്റം നടത്തിയിരിക്കുന്ന പെണ്‍കുട്ടിയുടെ കാര്യങ്ങള്‍ , പ്രേമേട്ടന്റെ മരുന്നും ചിട്ടകളും
അയാള് ഒന്നും മനസ്സുറപ്പിച്ച് കേട്ടില്ല നിലാവും അമ്പിളിക്കലയുമായിരുന്നു ഉള്ളില്‍
കുന്നത്തു കാവില്‍ ഇക്കൊല്ലം വേല കേമാട്ടോ എട്ടാന്തി കൊടികേറും … നിനക്ക് ലീവ്ണ്ടാവോ വരാന്‍ രാത്രി മുഴുവന്‍ കലാപരിപാടികളാ
കാവിലെ വേലയെക്കുറിച്ചോര്‍ക്കുമ്പോള്‍ അകത്ത് പൊട്ടിയൊലിക്കുന്നത് ഒരു പാട് നൊമ്പരങ്ങളൂടെ നീര്‍ ചാലുകളാണ്.
അച്ഛനും വലിയച്ഛനുമ്മൊക്കെ വേല പറമ്പില്‍ സരസ്വതി വിലാസം ടീസ്റ്റാളും മണീകണ്ഠന്‍ കേഫും നടത്താറുള്ള കാലം കച്ചവടം നഷ്ടത്തിലവസാനിക്കാറുണ്ടായിട്ടും ഒരനുഷ്ഠാനം പോലെ അവരത് കുറെക്കൊല്ലങ്ങള്‍ തുടര്‍ന്നു.
ചെറിയ ബാഗ് തുറന്ന് അയാള്‍ കൊണ്ടുവന്ന സാധനങ്ങള്‍ സരോജിനിചേച്ചിക്ക് സമ്മാനിച്ചു. സാരികള്‍, പെര്‍ഫ്യൂമുകള്‍ സോപ്പുകട്ടകള്‍ ചോക്ലേറ്റുബാറുകള്‍ …
– ഇതൊക്കെന്തിനാടാ ..ഒന്നും കൊണ്ടെന്ന്യല്ലെങ്കിലും നീയ് വരണത് തന്നെ സന്തോഷം ഉള്ള കാര്യമല്ലേ
സരോജിനിയേടത്തിയുടെ ശബ്ദം ഇടറിയിരുന്നു.
വലിയച്ഛന്മാരുടെ വീടുകളിലൊക്കെ ഒന്നു പോകണം ആരും ജീവിച്ചിരിപ്പില്ലെങ്കിലും വല്യമ്മമാരും മക്കളും ഉണ്ടല്ലോ
അയാള്‍ ശബ്ദം നിയന്ത്രിച്ച് പറഞ്ഞു
– പൊയ്ക്കോ ഒരാളെങ്കിലും ഉണ്ടല്ലോ ബന്ധങ്ങള്‍ മറക്കാണ്ട്.
സരോജിനിയേടത്തി ആശ്വസിക്കുന്നു. പിന്നീട് അയാള്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ സരോജിനിയേടത്തി പറഞ്ഞു – നീ അടുത്ത വരവിലും ഇങ്ങട് വരണംട്ടോ .. നീയ്യെങ്കിലും ഉള്ളു വല്ലപ്പോഴും കടന്നു വരണ ഒരാള്‍
ഓര്‍മ്മകളാണ് ഇവിടെക്കെന്നെ ആനയിക്കുന്നത് കൊഴിഞ്ഞുപോയ ഇന്നലെകള്‍
നിഴലുകള്‍ ജീവിതത്തിലുണ്ടായിരുന്ന പച്ചപ്പുകള്‍
മണലാരണ്യത്തില്‍ വരണ്ട ജീവിതം തള്ളി നീക്കി വല്ലപ്പോഴും നാട്ടിലെത്തുമ്പോല്‍ ഞാനിവിടേക്ക് ഓടിയെത്തും അമ്പിളിക്കലയും പൂ നിലാവും എന്നെ മാടി വിളിച്ചു കൊണ്ടിരിക്കുന്നു.
അച്ഛന്‍ തറവാടിരുന്ന പറമ്പില്‍ നിന്നും വിടവാങ്ങുമ്പോള്‍ അയാളുടെ മിഴികള്‍ ജലാദ്രങ്ങളായി.
Generated from archived content: story1_dec5_11.html Author: ashokan_anchath