ശിരോലിഖിതം

ആവലാതിക്കാരിലൊരാളായി എനിക്കെതിരെ ഇപ്പോൾ കുട്ട്യാമു നിഗ്‌ചേഷ്‌ഠനായി ഇരിക്കയാണ്‌. നീണ്ട മിഴികളുടെ വരമ്പത്ത്‌ വാർധക്യത്തിന്റെ കമർപ്പും, ആകുലതയും കൂടുവച്ചിരിക്കുന്നു. അഞ്ചുനിമിഷം മുമ്പ്‌ എനിക്കരികിലേക്ക്‌ കടന്നുവരുമ്പോൾ അയാൾക്ക്‌ എന്നെ മനസ്സിലായിരുന്നില്ല.

വരാന്തയിൽ നില്‌ക്കുന്നവരിൽ കള്ളിത്തോർത്തിന്റെ തലേക്കെട്ടുള്ളയാളെ കണ്ടപ്പോൾ ഞാൻ ഉള്ളിൽ പിറുപിറുത്തു.

കുട്ട്യാമ്മൂ….

ഇന്നലെയാണ്‌ ഈ സ്‌റ്റേഷനിൽ ചാർജെടുത്തത്‌ – പരാതികളൊക്കെ കാണാൻ തുടങ്ങുന്നതെയുള്ളു. ഒരു വാടകവീടുകണ്ടെത്താനുള്ള ഓട്ടമായിരുന്നു ഒരു ദിവസം മുഴുവനും. ആരതിയേയും, മകളെയും കൊണ്ടുവരണം.

സീറ്റിൽ വന്നിരുന്നപ്പോൾ ഹെഡ്‌ ചാക്കോ വന്ന്‌ സല്യൂട്ട്‌ ചെയ്‌ത്‌ ഭവ്യതയോടെ പറഞ്ഞു.

സാർ പരാതിക്കാരുണ്ട്‌.

വിളിക്കൂ….

ആദ്യം കടന്നു വന്നത്‌ കുട്ട്യാമുവായിരുന്നു. തലേകെട്ടും കൺപുരികത്തിനുതൊട്ടുള്ള ആ കറുത്ത പാടും കണ്ടപ്പോഴെ ഞാൻ തീർച്ചയാക്കി എന്റെ കുട്ട്യാമു….

തലേക്കെട്ടഴിച്ച്‌ എന്നെ വണങ്ങി നിന്ന കുട്ട്യാമുവിനോട്‌ ഇരിക്കാൻ നിർബന്ധിച്ചിട്ടും അയാൾ മടികാണിച്ചു.

പിന്നീട്‌ ഞാൻ പരിചയപ്പെടുത്തുകയായിരുന്നു.

ശിവദാസനാണ്‌….

കുട്ട്യാമുവിന്റെ കണ്ണുകളിൽ ഒരു നിമിഷം ഒരുപാട്‌ നക്ഷത്രങ്ങൾ മിന്നിതെളിയുന്നത്‌ ഞാൻ ദർശിച്ചു. അയാളുടെ ഉള്ളിൽ നിന്നും മോനെ എന്നൊരു മൗനവിലാപം പുറപ്പെടുന്നതറിഞ്ഞു.

കാരക്കടവ്‌ സ്‌ക്കൂളിലേക്കുള്ള നാട്ടുപാതയിലൂടെ കുട്ട്യാമുവിന്റെ വണ്ടിക്കാളകൾ പായുന്നു. അവയുടെ കഴുത്തിൽ കെട്ടിയ സ്വർണ്ണനിറമുള്ള മണികൾ നിരന്തരം കിലുങ്ങുന്നു.

കാളിങ്ങ്‌ ബെല്ലമർത്തി ചാക്കോയെ വിളിച്ചു. ഇനിയുള്ളവരെയൊക്കെ എ.എസ്‌.ഐ. മനോവീരന്റെ അടുത്തേക്കു വിടൂ… പിന്നെ രണ്ടു ചായ….

ചാക്കോ പുറത്തു കടന്നപ്പോൾ ഞാൻ കുട്ട്യാമുവിന്റെ മുഖത്തേക്കുനോക്കി. അപ്പോൾ അയാൾ നിലവിളിപോലെ പറയാൻ തുടങ്ങി.

-ശിവ, എന്റെ കുട്ട്യേ ഇന്നലെ പോലീസുപിടിച്ചുകൊണ്ടുപോയി…. എവീടേക്കാണെന്നറിയില്ല…

– ആര്‌, ഉസ്‌മാനെയോ….?

– അതെ…. കുട്ട്യാമുവിന്റെ ശബ്‌ദം വിറച്ചു.

ചായയുമായി ചാക്കോ കടന്നു വന്നപ്പോൾ കാര്യങ്ങളന്വേഷിച്ചു.

– ആരെയാണ്‌ ഇന്നലെ പിടിച്ചത്‌….?

– ക്രൈംബ്രാഞ്ചാണ്‌ സാർ…. മെസ്സേജുണ്ടായിരുന്നു. ടെററിസ്‌റ്റുകളുമായി ബന്ധമുള്ള…..

ഞാൻ കൈയ്യുയർത്തി ചാക്കോയെ നിശബ്‌ദനാക്കി. ഉസ്‌മാനെ അങ്ങിനെയാരു നിലയിൽ എനിക്കു സങ്കല്‌പിക്കാൻ പോലും കഴിയില്ല.

– കുട്ട്യാമു….. ഞാൻ വിളിച്ചു.

അയാൾ മുഖമുയർത്തി.

– ചായ കഴിക്കൂ….

കുട്ട്യാമുവിന്‌ മൗനമായിരുന്നു.

– പിന്നെ സാർ എന്ന വിളിവേണ്ട. ശിവാ എന്നു മാത്രം വിളിക്കൂ…. അതാണ്‌ കേൾക്കാൻ സുഖം.

കുട്ട്യാമുവിന്റെ മുഖത്ത്‌ അപ്പോഴും നിർവികാരതയായിരുന്നു. പിന്നീട്‌ കുട്ട്യാമു ശബ്‌ദിച്ചു.

ശിവാ, നിനക്കെക്കെന്നെ അറിയില്ലെ…. എന്റെ ജീവിതം അറിയില്ലേ….. അങ്ങിനെയുള്ള എനിക്ക്‌….

കുട്ട്യാമു പറഞ്ഞുകൊണ്ടിരിക്കയാണ്‌…..

എനിക്കറിയാമായിരുന്നു. കുട്ട്യാമു ആരായിരുന്നെന്ന്‌…. എങ്ങിനെയാണ്‌ ജീവിച്ചിരുന്നതെന്ന്‌… കാരക്കടവിലെ സ്‌ക്കൂളിലേക്കുള്ള വഴികളിൽ വീണ്ടും കുടമണികൾ കിലുങ്ങുന്നു. കുട്ട്യാമുവിന്റെ കാളവണ്ടി പായുകയാണ്‌. പീടികക്കാർക്ക്‌ സാധനങ്ങളെടുക്കാൻ. ചന്തയിലേക്കു പോവുന്ന കാളവണ്ടിയിൽ ഞങ്ങൾ കുട്ടികൾ രസം പിടിച്ചിരിക്കയാണ്‌. വഴിയിൽ വച്ച്‌ ഞങ്ങൾ നടന്നു പോവുന്നതു കാണുമ്പോൾ കുട്ട്യാമു ചോദിക്കുമായിരുന്നു.

– മക്കളെ പോരണുണ്ടോ?

ഞങ്ങൾ കൂട്ടത്തോടെ പറയും. ഉവ്വാ…..

കുട്ടികളുടെ സംഘത്തിൽ നിന്നും സന്തോഷാരവങ്ങൾ ഉയരുന്നു. വണ്ടിയിൽ കയറാൻ പറ്റാത്ത കുഞ്ഞൻമാരെ കുട്ട്യാമു ഇറങ്ങിവന്ന്‌ കയറ്റിവയ്‌ക്കും. ഇടക്കൊരു തമാശയും.

– കുട്ടാ കഴിഞ്ഞാഴ്‌ചയേക്കാളും നീ നാലുകിലോ കൂടിയല്ലോ എന്താ നീ തിന്നണെ….

– പിണ്ണാക്ക്‌…. കൂട്ടത്തിൽ വികൃതിയായവൻ വിളിച്ചുപറയും.

നാട്ടുവഴിയിലൂടെ കാളകളെ നിയന്ത്രിച്ചുപോവുന്ന കുട്ട്യാമുവിനോട്‌ ഞങ്ങൾ പിന്നീട്‌ പാട്ടുപാടാൻ പറയും. നിർബന്ധം സഹിക്കാതാവുമ്പോൾ കുട്ട്യാമു പാടാൻ തുടങ്ങും.

ഉശിരൻ ദേശഭക്തിഗാനങ്ങളാണ്‌ കുട്ട്യാമു എപ്പോഴും പാടാൻ തെരഞ്ഞെടുക്കുക – കാളവണ്ടിയിലിരുന്ന്‌ ഞങ്ങൾ ആ വരികൾ ഉണർവ്വോടെ ഏറ്റുപാടും. സിരകളിലപ്പോൾ മാതൃഭൂമിയോടുള്ള ആദരവും സ്‌നേഹവും കുമിഞ്ഞുകൂടുന്നത്‌ ഞങ്ങളറിയും. പാട്ടിന്റെ അവസാനം ഭാരതാംബയ്‌ക്കു മുദ്രവാക്യം വിളിച്ചിട്ടാണ്‌ കുട്ട്യാമു നിർത്താറ്‌.

കാരക്കടവ്‌ സ്‌ക്കൂളെത്തിയാൽ കുട്ട്യാമു വണ്ടി നിർത്തുന്നു. കാളവണ്ടിയിൽ നിന്നിറങ്ങാൻ കുട്ട്യാമു സ്വന്തം തുടകൾ കാണിച്ചുതരും –

– കുട്ട്യാമുവിന്റെ തൊടെ ചവിട്ടിഇറങ്ങിക്കോളി…. വണ്ടീന്ന്‌ ചാടിവീഴണ്ട കുട്ട്യോളെ…. കുട്ട്യാമുപറയും.

വണ്ടിയിൽ കയറിയാൽ മാത്രം പോരാ ചിലർക്ക്‌ കാളകളെ തൊടണം. ആ പൂതികാണുമ്പോൾ കുട്ട്യാമു സ്‌നേഹത്തോടെ ഉപദേശിക്കും.

-അത്‌ മാത്രം വേണ്ട… കാളകള്‌ കുട്ട്യാമുവിനെപോലല്ലാട്ടോ…. ദേഷ്യം വരും.

എന്നിട്ട്‌ നെറ്റിയിൽ കൺപുരികത്തിനുതൊട്ടുള്ള കറുത്ത പാടുകാണിച്ചുതരും.

-കണ്ടോ, ദാ മണികണ്‌ഠന്റെ കൊമ്പുകൊണ്ടതാ മ്പ്‌രാന്റെ കൃപകൊണ്ട്‌ കണ്ണുപോയില്ല.

കള്ളി തോർത്തിന്റെ ആ തലേക്കെട്ടും, പുരികത്തിനു മുകളിലെ കറുത്ത പാടുമാണ്‌ ഞാൻ കുട്ട്യാമുവിന്റെ അടയാളമായി വച്ചത്‌.

സ്‌ക്കൂൾ പടിക്കൽ ഹെഡ്‌മാസ്‌റ്റർ കുട്ടപ്പവാര്യർ നില്‌പുണ്ടാവും. കാതിൽ കടുക്കനിട്ട്‌ മുറുക്കാൻ ചവച്ച്‌, കക്ഷത്തിൽ ചൂരൽവടി, കൈയ്യിൽ മലയാള വ്യാകരണഗ്രന്ഥം അല്ലെങ്കിൽ മഹാകവികളിലാരുടെയെങ്കിലും കവിതാ പുസ്‌തകം.

വാര്യര്‌ മാഷ്‌ കുട്ട്യാമുവിനോട്‌ പറയും.

-കുട്ട്യാമോ, കാളവണ്ടീലിരുന്ന്‌ നീ കുട്ട്യോളെ പാടികേൾപ്പിച്ച പാട്ടൊക്കെ ഞാൻ കേട്ടു. നന്നാവണുണ്ട്‌. നമ്മുടെ കുട്ട്യോളല്ലെ മാഷെ, അവറ്റക്ക്‌ രാജ്യസ്‌നേഹംണ്ടാവട്ടെ, സിനിമാപാട്ടു പാട്യാ അതുണ്ടാവോ?

വാര്യര്‌ മാഷ്‌ വായിലെ മുറുക്കാൻ തുപ്പി തലയാട്ടും.

– ഞമ്മക്ക്‌ നമ്മടെ രാജ്യാ ഏറ്റവും വലുത്‌ മാഷെ, അതിന്റെ പുരോഗതി, അതിന്റെ ഐശ്വര്യം…., അതിന്റെ സമാധാനം….

പിന്നീട്‌ വഴികൾ താണ്ടി വീണ്ടും കുട്ട്യാമുവിന്റെ കാളകൾ ചന്തയിലേക്കോടുന്നു. കുട്ട്യാമു ഒരിക്കൽപോലും കാളകളെ ചാട്ടവാർകൊണ്ട്‌ അടിക്കുന്നതായികണ്ടിട്ടില്ല. വായുവിൽ ചാട്ടവാർ ചുഴറ്റി ശബ്‌ദമുയർത്തി ഭയപ്പെടുത്തുകയെ ഉള്ളു. അതുകേൾക്കുമ്പോഴെക്കും കാളകൾ നില്‌ക്കാതെ പായും.

എന്റെ വീടിന്റെ ഒരു പറമ്പ്‌ അപ്പുറമായിരുന്നു കുട്ട്യാമുവിന്റെ പുര. രാത്രി കോരിചൊരിയുന്ന മഴയത്ത്‌ അക്കാലത്ത്‌ അമ്മയ്‌ക്ക്‌ പേറ്റുനോവനുഭവപ്പെട്ടപ്പോൾ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോൾ കുട്ട്യാമുവാണ്‌ സഹായവുമായി വന്നത്‌.

മഴയുടെ അലർച്ചക്കും, തുള്ളിമറയിലിനും ഇടയിൽ നിന്ന്‌ എന്റെ അമ്മാമ മുറ്റത്തുനിന്ന്‌ ഇടറുന്ന ശബ്‌ദത്തോടെ ഉറക്കെ വിളിച്ചു.

– കുട്ട്യാമോ……

രണ്ടാമത്തെ വിളിക്ക്‌ മറുപടി വന്നു

– എന്താ വല്ലേ​‍്യാടത്തമ്മേ….

കുട്ട്യാമുവിന്റെ ചെറിയ വീട്ടിൽ വിളക്കുകൾ കത്തി. വാതിലുകൾ വലിച്ചു തുറക്കുന്ന ശബ്‌ദം.

– മീനാക്ഷിക്ക്‌ വേദനതൊടങ്ങി – ദാമോദരനാണെങ്കി ഇവിടില്ല…. മേലെ കാവിൽ കച്ചോടത്തിനു പോയിരിക്കുന്നു….. ഞാനിനി എന്താ ചെയ്യ്യാ കുട്ട്യാമോ…..

അമ്മാമയുടെ ശബ്‌ദം ദയനീയമായി…..

-വല്ല്യേടത്തമ്മ വിഷമിക്കണ്ട – ഞാനിതാ എത്തി…. നിമിഷങ്ങൾക്കകം കുട്ട്യാമു കാളവണ്ടിയുമായി മുറ്റത്തെത്തി. ചക്രങ്ങൾക്കിടയിൽ നിന്ന്‌ പാനീസിന്റെ വെളിച്ചം തെറിച്ചു.

അമ്മയെ വണ്ടിയിൽ കയറ്റാൻ കുട്ട്യാമു സഹായിച്ചു.

– വല്ല്യേടത്തമ്മ കേറു…. കുട്ട്യാമു പറഞ്ഞു.

– നീയും കൂടീപോരെ…. ഇവ്‌ടെ തനിച്ചുകെടക്കണ്ട. അമ്മാമ്മ എന്നെ നോക്കി.

– അവനെകൊണ്ടോണ്ട…. രാത്രീല്ല്യേ…. ആയിഷാബി നോക്കിക്കോളും….

കുട്ട്യാമു എന്നെ സ്വന്തം വീട്ടിലെത്തിച്ചു. വണ്ടിയിൽകയറുന്നതിനു മുമ്പെ കുട്ട്യാമു കാളകളുടെ ചെവിയിൽ മന്ത്രിച്ചു മക്കളെ, അത്യാവശ്യാ…. മടികാണിക്കരുത്‌…. ആശുപത്രീൽക്ക്‌ ഓടണം…. മീനാക്ഷിക്ക്‌ വയ്യാണ്ടാണെ…. വണ്ടി പുറപ്പെട്ടു. കുട്ട്യാമുവിന്റെ ഉപദേശം ശിരസ്സാ വഹിച്ച്‌ കാളകൾ കാരക്കടവിലെ ചെങ്കല്ലുവഴികൾ ചാവിട്ടിപ്പൊട്ടിച്ച്‌ ഇരുട്ടിലൂടെ മഴയിലൂടെ പട്ടണത്തിലെ ആശുപത്രിയിലേക്ക്‌ ഓടി.

ഞാനാ രാത്രി ഉസ്‌മാന്റെ അടുത്താണ്‌ കിടന്നത്‌. എന്റെ പ്രായമായിരുന്നു ഉസ്‌മാന്‌.

സ്‌കൂൾ അവധിക്കാലമായിരുന്നതു കൊണ്ട്‌ ഉസ്‌മാന്റെ തല മൊട്ടയടിച്ചിട്ടുണ്ട്‌. ഏഴാം ക്ലാസ്സിലാണ്‌ അന്ന്‌. എന്നാലും അവന്റെ കൈകൾക്കും കാലിനും നല്ല നീളം.

മുന്നോട്ട്‌ ഉന്തിനില്‌ക്കുന്ന പല്ലുകൾ. ഉസ്‌മാൻ മഴയുടെ തണുപ്പുകൊണ്ട്‌ പായയിൽ കിടന്നു വിറച്ചു. ആയിഷാബി ഉറക്കപീച്ചിൽ അവനെ ചീത്തപറഞ്ഞു. ഈ ചെക്കൻ ഒരു ഷർട്ടിടാണ്ട്‌ വെറക്കണകണ്ടില്ലേ…..

ആയിഷാബി എനിക്കു പുതപ്പു തന്നു. ഞാൻ ഉസ്‌മാനെക്കൂടി പുതപ്പിച്ചു. വീണ്ടും കണ്ണടയ്‌ക്കുന്നതിനുമുമ്പേ ആയിഷാബി നേർത്ത ശബ്‌ദത്തിൽ പ്രാർത്ഥിക്കുന്നതു കേട്ടു -ന്റെ റബ്ബേ, വല്ല്യേടത്തമ്മക്ക്‌ സുഖംപ്രസവം കൊടുക്കണെ…..

ആയിഷാബി എവിടെക്കൊക്കെയോ വഴിപാടുകൾ നേരുന്നതും ഉറക്കം വരാതെ കിടന്നതും ഞാൻ കേട്ടു.

ഉസ്‌മാൻ എന്നെ കൈവട്ടം പിടിച്ചു ശാന്തനായി ഉറങ്ങ്യാണ്‌. ആയിഷാബിയുടെ അപ്പുറത്ത്‌ ജമീല എന്ന ആറുവയസ്സുകാരി ഉറങ്ങുന്നു.

പുറത്ത്‌ മഴയുടെ ആക്രോശം കുറഞ്ഞിരുന്നില്ല. തണുപ്പത്ത്‌ വണ്ടിയും വലിച്ചുകൊണ്ടോടുന്ന കാളകളുടെ കൂടെ എന്റെ മനസ്സും ഓടി…. എനിക്കൊരു കൂട്ടുവരാൻ പോവ്വാണ്‌…. അനിയനോ, അനുജത്തിയോ..?

പുലർച്ചെ ആയിഷാബി എനിക്കും ഉസ്‌മാനും ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേല്‌പിച്ച്‌ ചക്കരക്കാപ്പിതന്നു. ഉസ്‌മാൻ ഉറക്കച്ചടവുള്ള ശബ്‌ദത്തോടെ എന്നോടു പഞ്ഞു.

-മ്പ്‌രാൻ കൂട്ടി നല്ലോണം വെളിച്ചായിട്ട്‌ പോയാമതീട്ടോ….. ഞാനൊരൂട്ടം കാണിച്ചുതരാം….

ഞാൻ തലകുലുക്കി.

– അവന്റെ പക്ഷിക്കുഞ്ഞിനെം, പിന്നെ അവനുണ്ടാക്കിയ കുന്ത്രാണ്ടങ്ങളും….

ആയിഷാബി എന്റെ മുഖത്തുനോക്കി ചിരിക്കാൻ ശ്രമിച്ചു.

– ഒരു നേരത്തും വെറുതയിരിക്കില്ല മോനെ ഈ ചെക്കൻ, എന്തെങ്കിലും ചെയ്‌തോണ്ടിരിക്കും….. ദാ ചെലപ്പോ ഈ ജമീലേനെ വെറുതെ ഉപദ്രവിക്കും….ശെയ്‌ത്താൻ….

ആയിഷാബി വീണ്ടും….

ഉസ്‌മാൻ ഉന്തിയ പല്ലുകാട്ടി എന്നോടുചിരിച്ചു. തലമൊട്ടയടിച്ച അവന്റെ മുഖത്ത്‌ വല്ലാത്ത നിഷ്‌കളങ്കത തോന്നി..

ഉസ്‌മാന്റെ പക്ഷിക്കുഞ്ഞിനെം, കുന്ത്രാണ്ടങ്ങളും എനിക്കു കാണാൻ പറ്റിയില്ല. പുലർച്ചെതന്നെ കാവിലെ കച്ചോടസ്‌ഥലത്തുപോയി കുട്ട്യാമു എന്റെച്ഛനെ വിളിച്ചുകൊണ്ടുവന്നിരുന്നു. അച്ഛൻ വന്ന്‌ എനിക്കുണ്ടായ അനിയനെ കാണിക്കാൻ ആശുപത്രിയിലേക്കു കൊണ്ടുപോയി.

വല്ല്യേടത്തമ്മ എന്ന എന്റെ അമ്മാമ കുഞ്ഞനിയനെ കാണാൻ വന്നവരോടൊക്കെ സംതൃപ്‌തിയോടെ പറഞ്ഞു.

-കുട്ട്യാമു ഉണ്ടായതാ വല്യ സമാധാനമായത്‌….. ഇവിടെ വന്ന്‌ കിടത്ത്യേപ്പള്‌ക്കും മീനാക്ഷിപെറ്റു….

ആശുപത്രിയിൽ നിന്ന്‌ പോരുന്നതുവരെ കുട്ട്യാമു കാളവണ്ടി പടിക്കൽ നിർത്തി ഇടയ്‌ക്കൊക്കെ വന്ന്‌ ക്ഷേമം അന്വേഷിച്ചു. കൂട്ടത്തിൽ കുഞ്ഞനിയന്‌ കുറച്ച്‌ കുഞ്ഞുടുപ്പുകളും കൊണ്ടുവന്നു.

പിന്നീടും പലവട്ടം ഞങ്ങൾ കുട്ടികൾ സ്‌കൂളിലേക്ക്‌ കുട്ട്യാമുവിന്റെ വണ്ടിയിൽക്കയറിപോയി. കാളവണ്ടി ഓടിക്കുമ്പോൾ കുട്ട്യാമു പാടാറുള്ള രാജ്യസ്‌നേഹം തുടിക്കുന്ന പാട്ടുകൾ നിരവധികേട്ടു. പാട്ടുകൾ കേട്ടാണ്‌ ചരിത്രമെന്തെന്നും, മാതൃരാജ്യം എന്തെന്നും ഞങ്ങൾ കുട്ടികൾ മനസ്സിലാക്കിയത്‌. കുട്ട്യാമുവായിരുന്നു ഞങ്ങളുടെ കണ്ണിൽ ലോകത്തിലെ ഏറ്റവും നേരുള്ള മനുഷ്യൻ.

കാളവണ്ടിയിൽ സ്‌ക്കൂളിലേക്ക്‌ പോകുന്ന ഉസ്‌മാനുമുണ്ടായിരുന്നു പലപ്പോഴും. സ്‌ക്കൂൾ ഗ്രൗണ്ടിൽ ഉസ്‌മാനോടൊപ്പം പലകളികളും കളിച്ച വരിൽ ഞാനുമുണ്ടായിരുന്നു. ഉസ്‌മാൻ ഒരു ശരാശരി പഠിപ്പുകാരനായിരുന്നു അന്നൊക്കെ എനിക്കോർക്കാൻ കഴിയും. ഉസ്‌മാന്റെ അളളായിരിക്കുന്ന പള്ളി ഉസ്‌മാനെപ്പോഴും ഒരു ലഹരിയായിരുന്നു.

പക്ഷെ, കുട്ട്യാമു അങ്ങിനെയായിരുന്നില്ല. അമ്പലങ്ങളിലും, കുരിശുപള്ളികളിലുംകൂടി നേർച്ചയിട്ട്‌ പ്രാർത്ഥിക്കുമായിരുന്നു.

-ശിവാ നിയൊന്നും പറഞ്ഞില്ല. നിനക്കറിയോ, ഉസ്‌മാന്റെ വിവരം…

കുട്ട്യാമു എന്റെ കൈയിൽ തൊട്ടു.

കാളകളുടെ ഓട്ടം നിന്നു. മണികിലുക്കം നിലച്ചു. കാരക്കടവ്‌ സ്‌ക്കൂളിലേക്കുള്ള മൺവഴിയിൽ നിന്ന്‌ മനസ്‌ തിടുക്കപ്പെട്ട്‌ തിരിച്ചുവന്നു.

ഞാൻ അന്വേഷിക്കട്ടെ കുട്ട്യാമു… വേണ്ടപ്പെട്ടവരോടൊക്കെ, എനിക്കാവുന്നതുപോലൊക്കെ പറയാം…..

കുട്ട്യാമുവിന്റെ മുഖത്തു നോക്കുമ്പോൾ എനിക്കു സങ്കടമാണ്‌ വരുന്നത്‌ –

കുട്ട്യാമു ചായ കുടിച്ചില്ല….. ഞാൻ ഓർമ്മപ്പെടുത്തി.

എനിക്കെറങ്ങണില്ല.

ഞങ്ങൾക്കിടയിൽ കുറച്ചുനേരം നിശ്ശബ്‌ദതയുടെ പുഴയൊഴുകി.

എന്റെ ഉസ്‌മാൻ ഇങ്ങിന്യാവൂന്ന്‌ ഞാൻ വിചാരിച്ചില്ല….. പഠിപ്പ്‌ കഴിഞ്ഞ്‌ കുറെ നാള്‌ ചെരുപ്പുകടേല്‌ നിന്നു. പിന്നെ കച്ചോടത്തിനുപോയി. അപ്പോഴും പള്ളി അവനൊരു ഹരായിരുന്നു…. മതം അവന്റെ തലയ്‌ക്കു പിടിച്ചു. ഞാനും വിചാരിച്ചു. അള്ളാനെയല്ലേ ഓൻ സ്‌നേഹിക്കണേംന്ന്‌…. സ്‌നേഹിച്ചോട്ടെന്ന്‌….

കുട്ട്യാമുവിനെ സമാധാനിപ്പിക്കാൻ ഞാൻ വാക്കുകൾക്കായി നിരന്തരം പരതി.

കാരക്കടവ്‌ സ്‌ക്കൂളിലെ പഠിപ്പ്‌ മുഴുവനാക്കുന്നതിനു മുമ്പേ ഞങ്ങൾ ആ നാടുവിട്ടുപോന്നു.

കുട്ട്യാമുവിന്റെ കാളവണ്ടിയിലാണ്‌ പുതിയ വീട്ടിലേക്ക്‌ സാധനങ്ങൾ എത്തിച്ചു തന്നത്‌.

പടിയിറങ്ങാൻ നേരം അച്ഛനെ കെട്ടിപ്പിടിച്ച്‌ കുട്ട്യാമു വിമ്മിഷ്‌ടപ്പെട്ടതോർക്കുന്നു. പടിയിറങ്ങുമ്പോൾ തിരിഞ്ഞു നോക്കി. ജമീലേടം, ആയിഷാബീടെം അടുത്ത്‌ ഉസ്‌മാൻ. അവനപ്പോൾ ഒരുപാട്‌ പൊക്കം വച്ചിട്ടുണ്ടായിരുന്നു. തലയിൽ വെളുത്തതൊപ്പി, ഇടത്തോട്ടു ചുറ്റിയ സിൽക്കു മുണ്ടിന്റെ തലപ്പ്‌ മണ്ണിലിഴയുന്നു. മുമ്പോട്ടു തള്ളിനില്‌ക്കുന്ന ആ പല്ല്‌ ഉസ്‌മാനെ ഏതുതിരക്കിലും വച്ച്‌ തിരിച്ചറിയിച്ചുതരും.

കാരക്കടവിൽ നിന്നും പോന്നതിനു ശേഷം, ഉസ്‌മാനെക്കുറിച്ച്‌ എനിക്കൊന്നുമറിയില്ല.

ഞാൻ എല്ലാറ്റിനും വലുതായി എന്റെ രാജ്യത്തെ സ്‌നേഹിച്ചു. അതിന്റെ പുരോഗതി സ്വപ്‌നം കണ്ടു. പക്ഷെ, എന്റെ മോൻ…..? കുട്ട്യാമു കരഞ്ഞ്‌ നിലവിളിച്ചേക്കുമോ എന്ന്‌ ഞാൻ ഭയപ്പെട്ടു.

അക്കാലത്ത്‌ എല്ലാക്കൊല്ലവും മുടക്കം വരാതെ കൃത്യമായി നികുതി അടച്ചിരുന്ന കാരക്കടവിലെ ഏകവ്യക്‌തി കുട്ട്യാമുവായിരുന്നെന്ന്‌ വല്ല്യോടത്തമ്മ എന്ന എന്റെ അമ്മാമ പറഞ്ഞു കേട്ടീട്ടുണ്ട്‌. സ്വാതന്ത്ര്യദിനത്തിന്റെന്ന്‌ കുട്ട്യാമുവിന്റെ വകയായി ഞങ്ങൾ കുട്ടികൾക്ക്‌ മിഠായിക്കിട്ടും. എവിടെയെങ്കിലും സ്വസ്‌ഥമായിരുന്ന്‌ കുട്ട്യാമു അന്നത്തെ ദിവസം മൺമറഞ്ഞ മഹാരഥൻമാരെ വന്ദിക്കും. ജനഗണമനയും, വന്ദേമാതരവും അക്ഷരസ്‌ഫുടതയോടെ ചൊല്ലും.

കാരക്കടവ്‌ സ്‌ക്കൂളിൽവന്ന്‌, അയ്യരു മാഷിന്റെ നിർബന്ധത്തിനു വഴങ്ങി കാളവണ്ടിക്കാരനായ കുട്ട്യാമു ഞങ്ങൾക്കുവേണ്ടി ഒരു കൊല്ലം നാലുവാക്കു പറഞ്ഞു.

-ഈ കോളാമ്പീക്കോടൊന്നും എനിക്ക്‌ പറഞ്ഞ്‌ പരിചയംല്ല്യ കുട്ട്യോളെ….എന്നാലും, മാഷ്‌ തന്ന ഈ അവസരം ഉപയോഗിച്ച്‌ ഞാൻ പറയ്യാണ്‌….നിങ്ങള്‌ നിങ്ങടെ രാജ്യത്തെ നന്നായി സ്‌നേഹിക്കണം. അതിനൊരാപത്തും വരാതെ നോക്കണം. ദൈവത്തെ സ്‌നേഹിക്കണം, കർത്താവിനെ സ്‌നേഹിക്കണം…. അള്ളാനെ സ്‌നേഹിക്കണം… ഗാന്‌ധീം, സുഭാഷും, നെഹ്‌റൂം, ഭഗത്‌സിങ്ങുമൊക്കെ നിങ്ങടെ നെഞ്ചിൽ എപ്പഴും ഉണ്ടാവണം…

ഈ മണ്ണ്‌ ഭാഗ്യപ്പെട്ട മണ്ണാണ്‌…. ഇത്രേ നല്ല ആൾക്കാരും, പ്രകൃതീം വേറെ ഏതു രാജ്യത്താ ഉള്ളത്‌.

കുട്ടികൾ ചിലരൊക്കെ അതുകേട്ട്‌ ആവേശം പൂണ്ട്‌, ഭാരത്‌മാതാവിന്‌ ജയ്‌ വിളിച്ചു.

ജമീലാന്റെ നിക്കാഹ്‌ കഴിഞ്ഞു. ആയിഷാബിക്ക്‌ ശ്വാസം മുട്ടലാമോനെ…. കാളവണ്ട്യോന്നൂല്ല്യാപ്പോ – ലോറിവര്യല്ലേ എല്ലാടത്തും…. പടച്ചോന്റെ കൃപകൊണ്ട്‌ ജമീലാന്റെ കെട്ട്യോൻ ഞങ്ങളെ നോക്കും. ഉസ്‌മാൻ നിക്കാഹ്‌ കഴിച്ചിട്ടില്ല….. മനുഷ്യനായി ജീവിക്കാൻ അവൻ മറന്നു… ഞാൻ കുട്ട്യാമുവിന്റെ സങ്കടങ്ങൾ കേട്ടുകൊണ്ടിരുന്നു.

-ഉസ്‌മാനെ എങ്ങ്‌ട്ടാ കൊണ്ടുവ്വാ…. അവനെ എനിക്കൊന്നു കാണണംന്നുണ്ട്‌…. ശിവാ… നിനക്കത്‌ ചെയ്‌തു തരാൻ പറ്റ്വോ….. കുറെക്കഴിഞ്ഞ്‌ കുട്ട്യാമു ചോദിച്ചു. ശബ്‌ദത്തിൽ വന്ന വ്യത്യാസം ഞാൻ ശ്രദ്ധിച്ചു.

ചായ തണുത്തു. ഞാൻ പിന്നെയും ഓർമ്മപ്പെടുത്തി. കുട്ട്യാമു ഒരിറക്കു ചായ കഴിച്ചു. ഇലപൊതിയിലെ പരിപ്പുവട തൊട്ടില്ലാ. എനിക്കവനെ വിട്ടുതർവോ ഒരു നിമിഷം – മാതൃഭൂമിയെ വെറുത്തതിന്‌ എനിക്കവനെ ശിക്ഷിക്കണം…. ശിവാ –

കുട്ട്യാമു എന്റെ കൈപ്പടത്തിൽ പിടിച്ചുകുലുക്കി. പിന്നീട്‌ ഷർട്ടിനുള്ളിൽ പിൻഭാഗത്ത്‌ ഒളിപ്പിച്ചു വച്ചിരുന്ന പണ്ട്‌ കാളകളെ ഭയപ്പെടുത്തിയിരുന്ന ചാട്ടവാർ വലിച്ചെടുത്തു.

അപ്പോൾ അമ്പരന്നു പോയത്‌ ഞാനായിരുന്നു.

ഉസ്‌മാനെ ഞാൻ ശരിയാക്കാം – എനിക്കവനെ വിട്ടുകിട്ട്യാൽ മതി – എന്റെ കാളകളെ നോവിക്കാത്ത ചാട്ടവാറാ ഇത്‌ – ഇതിനി ഉസ്‌മാനുള്ളതാ….

കുട്ട്യാമുവിന്‌ സമനില നഷ്‌ടപ്പെടുകയാണെന്ന്‌ ഞാൻ വിചാരിച്ചു. ബെല്ലടിച്ച്‌ ചാക്കോയെ വിളിച്ചു.

ഉസ്‌മാനെ കൊണ്ടുവരില്ലേ…..?

വരും സാർ….. അരമണിക്കൂറിനകം…..

കുട്ട്യാമുനിന്നാൽ ആപത്താണെന്ന്‌ മനസ്‌ പറഞ്ഞു. ഞാൻ കുട്ട്യാമുവിനെ എഴുന്നേല്‌പിച്ചു.

ഞാൻ ഉസ്‌മാനെ കാണിക്കാം…. കുട്ട്യാമു പൊയ്‌ക്കോളു.“

ഉസ്‌മാൻ വരട്ടെ – ഞാനിവിടെ നിന്നോളാം. കുട്ട്യാമുകൊച്ചുകുട്ടികളെപോലെ വാശിപിടിച്ചു. കുട്ട്യാമുവിന്റെ മനസ്സിന്റെ നിയന്ത്രണങ്ങൾ വിട്ടുപോവുകയാണ്‌. കുട്ട്യാമു ഉറക്കെ പുലമ്പിയത്‌ ഞാൻ വ്യക്തമായികേട്ടു.

-അള്ളാന്റെ കണ്ണിലെ കരടാ അവൻ… അവനെന്നെ ഓർത്തില്ലാ…. ജമീലാനെം ആയിഷാബീനെം ഓർത്തില്ല – മ്മ്‌ടെ രാജ്യത്തെ ഓർത്തില്ല.

ഞാൻ കുട്ട്യാമുവിനെ വരാന്തയിലേക്കു കൊണ്ടുവന്നു. പുറത്തുതട്ടിക്കൊണ്ടു പറഞ്ഞു.

കുട്ട്യാമു ഇപ്പോൾ പൊയ്‌ക്കോളു… കാരക്കടവിലേക്ക്‌ ഞാനൊരു ദിവസം വരുന്നുണ്ട്‌. കുട്ട്യാമുവിന്റെ വീട്ടിലേക്ക്‌ ആയിഷാബീനെം, ജമീലാനെം എനിക്കു കാണണം.

വരാന്തയിലെ ആളുകൾക്കിടയിൽ നിന്ന്‌ ഒരാൾ മുന്നോട്ടുവന്നു. കുവട്ട്യാമുവിന്റെ കൈയിൽ പിടിച്ചു അയൽവാസിയാവാം.

-കുട്ട്യാമ്മുക്ക ഇങ്ങ്‌ട്‌ വന്നേ, ഇത്‌ പോലീസ്‌ സ്‌റ്റേഷനാ, ഇവിടെ അതിന്റേതായ നിയമങ്ങളൊക്കെണ്ട്‌…

പിന്നീടയാൾ എന്നോടായി പറഞ്ഞു.

ഇന്നലെ തൊടങ്ങീതാ സാറെ… ഉസ്‌മാൻ വഴിതെറ്റീന്നറിഞ്ഞപ്പോ മുതല്‌… ഉസ്‌മാനെ പിടിക്കാനുണ്ടായ കാരണം ആരോ പറഞ്ഞറിഞ്ഞു…. അയാളുടെ ശബ്‌ദത്തിൽ കുട്ട്യാമുവിന്റെ ഇപ്പോഴത്തെ അവസ്‌ഥയെക്കുറിച്ചുള്ള വേവലാതിയുണ്ടായിരുന്നു. തിരിച്ചൊന്നു പറയാൻ കഴിയാതെ ഞാൻ വിഹ്വലപ്പെട്ടു.

കുട്ട്യാമു കൈയ്യിലെ ചാട്ടവാർ ഇപ്പോഴും ഷർട്ടിനുള്ളിലൊളിപ്പിച്ചുവച്ചിട്ടില്ല. അതിങ്ങനെ വായുവിൽ ചുഴറ്റുകയാണ്‌. കുട്ട്യാമുവിനെ കൊണ്ടുപോകാൻ വന്ന കൊലുന്നനെയുള്ള ആളിനെ തള്ളിമാറ്റി കുട്ട്യാമു പറയുന്നു.

-ഓനെ ന്റെ കൈയ്യ്യേകിട്ട്യാ ഓന്റെ മയ്യത്ത്‌ ഞാനെടുക്കും, ഓനും ഓന്റൊരു മതഭ്രാന്തും….

അയൽവാസി കുട്ട്യാമുവിനെ വീണ്ടും വരുതിയിലാക്കി സ്‌റ്റേഷനു പുറത്തേക്കു കൊണ്ടുപോവുകയാണ്‌ – വണ്ടിക്കാളകളെ ഭയപ്പെടുത്തിയിരുന്ന ആ പഴയ ചാട്ടവാർ ഉസ്‌മാനുവേണ്ടി ദാഹിച്ച്‌ അന്തരീക്ഷത്തിലാകെ കുത്തിമറിയുകയാണ്‌.

Generated from archived content: story1_april5_11.html Author: ashokan_anchath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here