എവിടെയാ സ്വപ്നഭൂമിക-
എവിടെയാ ചിങ്ങനിലാവും, വെയിലും
എവിടെയാ വർണ്ണത്തുമ്പികൾ…തുമ്പക്കുടങ്ങൾ…
പൂവട്ടികൾ, പൂവിളികൾ, പാൽപുഞ്ചിരികൾ
കൈതകൾ അതിരിടും, വേലിയോരങ്ങളിൽ-
വയലറ്റുചിരി പടർത്തും..കാക്കപൂവുകൾ…കുന്നിമണികൾ…
കോരന്റെ മുറ്റത്തും, കൊട്ടാരമുറ്റത്തും,
കുന്നോളം പൂകൊണ്ട് കെട്ടുമൊരു പൂത്തറ…
എവിടെയാ നാരായണക്കിളികൾ… പറമ്പിലെമ്പാടും-
ചിലച്ചു നടക്കും, മൈനകൾ, പൂത്താങ്കീരികൾ?
എവിടെയാ വേനലിറങ്ങും.. വിളവെടുപ്പു-
കഴിഞ്ഞൊരാപ്പാടങ്ങൾ..?
കറ്റകൾ കൊയ്‌തു മെതിച്ചുണക്കും-
ചാണകം മെഴുകിയ മുറ്റങ്ങൾ..
പൊന്നാര്യൻ നെല്ലിന്റെ സമൃദ്ധിയിൽ-
തുടിക്കും, അറകൾ…
എവിടെയാ ബന്ധങ്ങൾ-തറവാട്ടു കാരണവർ,
മൂന്നാലു തലമുറ ഒത്തുകൂടുമ്പോഴുളള,
ചിരിക്കലും, ചിണുങ്ങലും, ഹർഷാരവങ്ങളും…
എവിടെ തറവാടിന്റെ ചുമരിൻ നിശ്വാസങ്ങളും.
എവിടെയാ-സദ്യവട്ടങ്ങൾ… ഉപ്പേരിവറുക്കലുകൾ, ബഹളങ്ങൾ…
എവിടെയാ-കുത്തരിച്ചോറിന്റെ നിറവുകൾ…
വട്ടംകൂടിയിരുന്നോരൂണിന്റെ സ്വാദുകൾ…?
എവിടെയാ-കസവിന്റെ മുണ്ടുകൾ, മണങ്ങൾ…പട്ടുപാവാടകൾ..?
തുമ്പിതുളളാട്ടങ്ങൾ, കുമ്മിയടികൾ, കുമ്മാട്ടിക്കളികൾ
എവിടെ മലയാളത്തിന്റെ മനയ്‌ക്കലെ മുറ്റത്തെ-
മങ്കമാരുടെ കൈകൊട്ടിക്കളികൾ, മുഴക്കങ്ങൾ…
നാലുംകൂട്ടി മുറുക്കിത്തുപ്പി വൃത്തികേടാക്കുന്ന-
പിന്നാമ്പുറ മുറ്റങ്ങൾ..?
എവിടെയാണ് പ്രഭോ-അങ്ങും…
ഇന്നാട്ടിലെക്കില്ലിനി എന്നോതി-
എവിടെയോ പോയി മറഞ്ഞെന്നോ-
എവിടെയാണ്… എവിടെയാണ്…?
Generated from archived content: poem1_oct19_05.html Author: ashokan_anchath
Click this button or press Ctrl+G to toggle between Malayalam and English