കൂട്ട്

ഒഴിവു കിട്ടുമ്പോള്‍ ഒന്നിങ്ങട് വരു, എന്ന് എഴുതിയിട്ടാണ് അവര്‍ അറിയിപ്പുകൊടുത്തയക്കാറ്, സുലോചനയുടെ കയ്യില്‍.

ചിലപ്പോള്‍ വളരെ വ്യക്തമായും എഴുതും. ഞായറാഴ്ച ഉച്ചക്കു വരു നാരായണ… ക്ഷണം ഒരിക്കലും നിരസിച്ചിട്ടില്ല. ഞായറാഴ്ച ഉച്ചക്ക് ചെല്ലും. അവിടെ ചെന്നാല്‍ മനസ്സ് ഒരു പിടച്ചിലാണ്. ഇന്ന് അവര്‍ എന്തൊക്കെ പറയും. ചെന്നാല്‍ അവരുടെ കട്ടിലിലിരിക്കണം. വയലറ്റ് പുള്ളികളുള്ള തുണിവിരിയും അവരുടെ കിടക്ക.

ഷിഫോണ്‍ സാരിയുടുത്ത അവരുടെ മാദകശരീരം. തുള്ളിത്തുളുമ്പുന്ന മുഴുപ്പുകള്‍. പണികളൊക്കെ കഴിച്ച് അവര്‍ അരികത്തു വന്നിരിക്കും. മുഖത്തേക്കു വീഴുന്ന അവരുടെ ശ്വാസം. ആ ശരീരത്തിനും ഒരു ഗന്ധമുണ്ട് എന്തിന്റെ ഗന്ധമാണെന്ന് എനിക്കുമറിയില്ല.

ഒരിക്കല്‍ അവര്‍ എന്നെ തൊട്ടു തോളില്‍ കൈവച്ചു. നാരായണന്‍ ഇപ്പഴും വലിയ ആളായീന്നു തോന്നണില്ല.

”നാരായണന് കാശുവല്ലതും വേണോ ഗിരിജേച്ചി തരാം”

”എനിക്കെന്തിനാ കാശ്..?”

”നാരേണന് ആവശ്യങ്ങള്‍ ഉണ്ടാവില്ലേ…? ഒരു ബീഡിയൊക്കെ വലിക്കണംന്ന് തോന്നിയാലോ….”

”എനിക്ക് ബീഡി വലിക്കാനറിയില്ല.” കുട്ടിക്കാലം മുതല്‍ ഞാനൊരു മണുക്കൂസനായിരുന്നെന്നാണ് അമ്മ പറയാറ്. അവര്‍ ബീഡിക്കാര്യം പറഞ്ഞതിനു ശേഷം ഞാന്‍ അതൊന്നു പരീക്ഷിച്ചു നോക്കി.

അന്തൂന്റെ കടേന്ന് രണ്ടെണ്ണം വാങ്ങിച്ചു അന്തു ചോദിക്കുകയും ചെയ്തു.

”നാരേണന് ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ”

”ഒന്നു നോക്കട്ടെ എനിക്കും ഒരാണാവണം”

”നീയിപ്പോ ആണല്ലെ?” പട്ടാളത്തില്‍ നിന്ന് രാജി വച്ച് പോന്ന തങ്കപ്പനാണ് ചോദിച്ചത്. അയാള്‍ അന്തുവിന്റെ കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ തങ്കപ്പനോടൊന്നും പറഞ്ഞില്ല. അയാള്‍ക്ക് പെട്ടന്ന് ദേഷ്യം വരും. അമ്മയോടെങ്ങാനും അന്തു പറയുമോ എന്നായിരുന്നു പേടി. പറഞ്ഞില്ല.

പിന്നീടാലോചിച്ചു ഞാന്‍ സിഗരറ്റ് വാങ്ങ്യാല്‍ അയാള്‍ക്കല്ലെ കച്ചോടം അതയാള്‍ വേണ്ടെന്ന് വയ്ക്കില്ലല്ലോ.

അമ്മ ഈശ്വരനമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ മുറി അടച്ചിട്ടിരുന്ന് ഒരെണ്ണം വലിച്ചു. ചുമച്ചു ചുമച്ച് വല്ലാണ്ടായി. എനിക്കത് പറ്റില്ല. കണ്ണൊക്കെ ചോന്ന് തുറിച്ചു വന്നു. മറ്റേത് ആരും കാണാത്ത വിധത്തില്‍ നശിപ്പിച്ചു കളഞ്ഞു.

പിന്നീട് ചെന്നപ്പോള്‍ അവരോടു പറഞ്ഞു.

”ഞാന്‍ സിഗരറ്റ് വലിച്ചൂട്ടോ എനിക്കത് പറ്റണില്ല”

അവര്‍ ചിരിച്ചു. പിന്നെ തോളില്‍ കൈവച്ച് പറഞ്ഞു. പൊട്ടന്‍.

അവരെന്തു വിളിച്ചാലും എനിക്കിഷ്ടമായിരുന്നു. കാരണം അവര്‍ എന്റെ ശരീരത്തില്‍ കൈവച്ചുകൊണ്ടാണ് എന്നോട് വര്‍ത്തമാനം പറയാറ്.

അവരുടെ തുടുത്ത വിരലുകള്‍‍ മാംസളമായ കാല്‍പ്പത്തികള്‍. ഒരൈശ്വര്യ കുറവുണ്ട്. അവരുടെ ഇടതുകാല്‍പ്പത്തിയിലെ രണ്ടു വിരലുകള്‍ കൂടിച്ചേര്‍ന്ന നിലയിലാണ്. അവരതുകൊണ്ട് കാല്‍പ്പാദങ്ങള്‍ ആകെ മൂടുന്ന രീതിയിലുള്ള ചെരുപ്പാണ് കൂടുതലും ഉപയോഗിച്ചു കണ്ടിട്ടുള്ളത്. എന്തു വൈരൂപ്യമുണ്ടായാലും ഗിരിജേച്ചിയെ എനിക്കിഷ്ടമായിരുന്നു.

ഓണത്തിനും, വിഷുവിനും അവര്‍ കുറെ കാശ് കയ്യില്‍ വച്ചു തന്നു.

നാരായണ ഷര്‍ട്ടെടുത്തോളൂ. ഒരു പാന്റ് വാങ്ങിയിടു.

ഓണത്തിനു മുമ്പ് ഒരു ചെക്ക് എഴുതി കയ്യില്‍ തന്നിട്ട് അവര്‍ പറഞ്ഞു.

”പട്ടണത്തിലെ ബാങ്കില്‍ പോണം ഇതിലെഴുതിയിരിക്കുന്ന കാശ് എടുത്ത് വരണവഴിക്ക് എനിക്കൊരു സാരി എടുത്തുകൊണ്ടു വരണം”

”ഇതിലെത്രെയാ എഴുതിയിരിക്കണെ?”

”മൂവായിരം” അവര്‍ ചിരിച്ചു. കിലുകിലെ അകത്തളത്തില്‍ എവിടെയൊക്കെയോ മുത്തുകള്‍ കൊഴിഞ്ഞു.

”എനിക്ക് സാരി പറഞ്ഞു വാങ്ങാന്‍ അറിയില്ല”

”നാരേണന് ഭംഗി ബോധിക്കണത് എടുത്താല്‍ മതി. ഗിരിജേച്ചിക്ക് പരാതിയില്ല”

ബാങ്കില്‍ പോയി ചെക്ക് മാറ്റി കാശാക്കി. ഒരു പേടിയൊക്കെ ഉണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു. ആളുകള്‍ ചെക്ക് കൊണ്ടു കൊടുക്കണ കൗണ്ടറില്‍ കൊടുത്തു.

”ഇതിന്റെ പൊറത്ത് നിങ്ങളുടെ ഒപ്പിടണം”

കാശുതരുന്ന ആള്‍ പറഞ്ഞു. ഞാനങ്ങിനെ ചെയ്തു ടോക്കണ്‍‍ വിളിച്ചപ്പോള്‍‍ ചെന്ന് കാശ് വാങ്ങി അടക്കിപ്പിടിച്ച് പുറത്തു വന്നു.

നേരെ എതിരെ കണ്ട കടയിലേക്കു കയറി. മുല്ല ടെക്സ്റ്റയിത്സ്. വലിയ കടയൊന്നുമല്ല. വലിയ കട ഒഴിവാക്കിയതാണ്. എനിക്കു പേടിയാണ് ശരിക്കും പറഞ്ഞാല്‍.

സാരി സെലക്ടു ചെയ്യാന്‍ വില്‍പ്പനക്കാരന്‍ സഹായിച്ചു.

ആരാ പറഞ്ഞു വിട്ടെ എന്റെ ചെറിയ വെപ്രാളം കണ്ട് അയാള്‍ ഇടക്കു ചോദിച്ചു.

”ഗിരിജേടത്തി”

”ഗിരിജേടത്തി എങ്ങിനെ…?”

ഞാനവനെ ദേഷ്യത്തോടെ നോക്കി. പിന്നീടൊന്നും അയാള്‍ സംസാരിച്ചില്ല.

ഞാന്‍ കൊണ്ടുചെന്ന സാരി ഗിരിജേച്ചിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു. അത് ഉടുത്തിട്ടാണ് അവര്‍ രണ്ടു മൂന്നു പ്രാവശ്യം പട്ടണത്തില്‍ പോയത്. കൂടെ ചെല്ലാന്‍ എന്നെയും വിളിച്ചു. അവര്‍ക്കപ്പോള്‍ വല്ലാത്ത ചെറുപ്പം‍ തോന്നി. മുപ്പത്തി എട്ടില്‍ നിന്ന് ഇരുപത്തിയെട്ട് ആയ പോലെ.

പട്ടണത്തിലെ പ്രശസ്തമായ റസ്റ്റോറണ്ടില്‍ കയറി ഞങ്ങള്‍ ഭക്ഷണം കഴിച്ചു. അവര്‍ പേഴ്സ് നീട്ടിക്കൊണ്ടു പറഞ്ഞു.

”ബില്ല് എത്രയാണെന്നു വച്ചാ എടുത്തു കൊടുക്കു നാരായണ..”

അവര്‍ക്ക് ഡോക്ടര്‍ക്കടുത്ത് പോകാനുണ്ടായിരുന്നു. കള്‍സള്‍ട്ടിങ്ങ് റൂമിലേക്ക് അവര്‍ എന്നേം കൂടി വിളിച്ചു. പരിശോധനക്കിടയില്‍ ഡോക്ടര്‍ ചോദിച്ചു.

”ഹൌ ഓള്‍ഡ് ഈസ് യുവര്‍ ചില്‍ഡ്രന്‍..?”

അവരാണ് മറുപടി പറഞ്ഞത് ഇംഗ്ലീഷില്‍ തന്നെ.

കണ്‍സല്‍ട്ടിംഗ് റൂമിലെ മൂലക്കല്‍ ഒതുക്കി വച്ച ചില്ലുകൂടിനുള്ളിലെ വെള്ളത്തില്‍ രണ്ടു സ്വര്‍ണ്ണ നിറമുള്ള മീനുകള്‍ ഓടി നടക്കുന്നു. ഒന്ന് ഒന്നിനെ മുട്ടിയുരുമ്മിയാണ് എപ്പോഴും നീന്തുന്നത്. അത് അവരും ഞാനുമാണെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു.

തിരിച്ചു പോരുന്ന വഴി അവര്‍ ഒരു രഹസ്യം പറയുന്ന പോലെ പറഞ്ഞു.

”നാരായണാ ഡോക്ടര്‍ ഇംഗ്ലീഷില്‍ ചോദിച്ചതിന്റെ അര്‍ത്ഥം മനസിലായോ…?’

ഞാനവരുടെ മുഖത്തേക്കു നോക്കി.

”നമ്മുടെ കുട്ടികള്‍ക്ക് എത്ര പ്രാ‍യമായെന്ന്”

അവര്‍ മനോഹരമായി ചിരിച്ചു. ചൂളിപ്പോകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പിന്നീട് ഞാനും ചിരിയായി.

അവരെ കാലങ്ങള്‍ക്കു മുമ്പാണ് ഞാന്‍ പരിചയപ്പെട്ടത്. എന്തോ കാര്യത്തിന് അവര്‍ വീട്ടില്‍ വന്നതായിരുന്നു. പുറത്തു വന്ന എന്നെ കണ്ട് അവര്‍ ചോദിച്ചു.

”അമ്മിണിയമ്മേടെ മോനാ?”

ഞാന്‍ തലയാട്ടി.” അമ്മ ഇവിടെ ഇല്ല…”

കസേര നീക്കിയിട്ട് കൊടുത്ത് ഞാന്‍ ചോദിച്ചു.

‘ഇരിക്കണില്ലേ? അമ്മ ഇപ്പോ വരും അമ്പലത്തില്‍ പോയിരിക്ക്യാണ്”

”ഞാന്‍ പോവ്വാ അമ്മ വന്നാല്‍ ഗിരിജ വന്നിരുന്നൂന്ന് പറയണം”

അവര്‍ പിന്നെ ചോദിച്ചു.

”പേരെന്താ”

”നാരായണന്‍”

”നാരായണന് ജോലി ആയില്ലേ. പഠിപ്പൊക്കെ കഴിഞ്ഞില്ലേ”

”ജോലിയായിട്ടില്ല. അന്വേഷിക്കുന്നു”

”ഞാന്‍ പ്രാര്‍ത്ഥിക്കാം നാരായണന് ജോലി കിട്ടാന്‍”

അവര്‍ പതിയെ ചിരിച്ചുകൊണ്ടു പറഞ്ഞു.

ഞാനത്ഭുതപ്പെടുകയാണ് ചെയ്തത്. എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവരാര്?

അവരുടെ തിരിച്ചു പോക്ക് ഞാന്‍ ശ്രദ്ധിച്ചു.

വെള്ള പ്രതലത്തില്‍ നിറയെ നീലപ്പൂക്കളുള്ള സാരി. റോസ് നിറമുള്ള അടിപ്പാവാട. നടക്കുമ്പോള്‍ തുള്ളിത്തെറിക്കുന്ന പിന്‍ ഭാഗം. അഴകുള്ള മുടിച്ചുരുളുകള്‍. അവയില്‍ തുളസിക്കതിരും, ചെത്തിപ്പൂവിതളുകളും.

ചെറിയ കണ്ണുകളിലെ നീലക്കടലുകള്‍‍ ഞാന്‍ അമ്പരപ്പോടെ മനസിലേക്കാവാഹിച്ചു. അവരുടെ ശബ്ദത്തിന്റെ മധുരമാണ് പിന്നീട് ഞാന്‍ ഞൊട്ടി നുണഞ്ഞത്. അവര്‍ പ്രാര്‍ത്ഥിച്ചിട്ടും എനിക്കു ജോലി ശരിയായില്ല.

പിന്നീടൊരിക്കല്‍ അവര്‍ വിളിച്ചിട്ട് ഞാന്‍ വീട്ടില്‍ ചെന്നു. ആദ്യമായിട്ട് അവിടെ അവരുടെ ഭര്‍ത്താവിനെ കണ്ടു. ഒരു മൊശകൊടന്‍. എപ്പഴും ദേഷ്യമാണ്. എല്ലാവരോടും.

അവര്‍ എന്നെ അയാള്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിച്ചു. ഞാന്‍ ചിരിച്ചിട്ടും അയാള്‍ ചിരിച്ചില്ല. അവര്‍ എന്നോടു പറഞ്ഞു.

”നാരായണന്റെ ജോലിക്കാര്യം ഞാന്‍ ഒരാളോട് പറഞ്ഞിട്ടുണ്ട്. പൂനയില്‍ വലിയൊരു കമ്പനീടെ മാനേജരാണ് അടുത്ത മാസം നാട്ടില്‍ വരണൊണ്ട്. എന്റെ ബന്ധുവാണെന്ന ഞാന്‍ പറഞ്ഞിട്ടുള്ളത്.”

ഉള്ളിലൊരു തണുപ്പുണ്ടായി.

ഐ. ടി. ഐ. ട്രേഡും കഴിഞ്ഞ് ജോലിക്ക് കാത്തിരുന്ന എന്നെ അവര്‍ രക്ഷപ്പെടുത്താന്‍ പോകുന്നു.

”നാരായണന്‍ ചായയോ കാപ്പിയോ കുടിക്കുക?”

”രണ്ടും”

അവര്‍ ബ്രൂ കോഫി തന്നു. എന്നെ സല്‍ക്കരിക്കുന്നതു കാണാന്‍ അവരുടെ ഭര്‍ത്താവ് താത്പര്യം കാണിച്ചില്ല. ഇടക്കെന്തോ പറഞ്ഞവര്‍ തമ്മില്‍ ചെറിയ ശണ്ഠയും നടന്നു. പിന്നീട് നിലം ചവിട്ടിപ്പൊട്ടിച്ച് അയാളിറങ്ങിപ്പോയി.

അവര്‍ എനിക്കരികത്തിരുന്നു സ്വതന്ത്രയെപോലെ. അവരുടെ ശ്വാസം എന്റെ മുഖത്തു വീണു.

”നാരായണാ എട്ടുവര്‍ഷമായി ഞാനഭവിക്കുന്നു. അയാളുടെ കാശു കണ്ടിട്ടാണ് എന്നെ അച്ഛന്‍ അയാള്‍ക്ക് തീറെഴുതിയത്. എനിക്ക് ഇഷ്ടമായിരുന്നില്ല”

ഞാനവരെ പകച്ചു നോക്കി.

”നാരായണനറിയോ മന:പൊരുത്തമാണ് ഏറ്റവും നല്ല പൊരുത്തം. അതില്ലാത്തിടത്ത് സമാധാനം കിട്ടില്ല. ഞാനവരുടെ അസ്വസ്ഥതകള്‍‍ കേട്ട് വല്ലാതായി. നാരായണന്‍ ഇടക്കിടക്കൊക്കെ വരു നമുക്ക് എന്തെങ്കിലും പറഞ്ഞിരിക്കാം. പൂനക്കു പോകാനും തയ്യാറെടുത്തു കൊള്ളു.

ഞാന്‍ സംതൃപ്തിയോടെ ഇറങ്ങി കാത്തിരിപ്പിന്റെ നാളുകള്‍.

പൂനക്കു പോക്ക് നടന്നില്ല ജോലി തരാമെന്നേറ്റ അവരുടെ പരിചയക്കാരന്‍ പിന്നീട് ആത്മഹത്യ ചെയ്തു.

”ഞാന്‍ നാരായണനെ വെറുതെ മോഹിപ്പിച്ചു. സാരല്യാട്ടോ… നാരായണന് കാശെന്തെങ്കിലും വേണമെങ്കില്‍ ചോദിക്കണം”

അവര്‍ പിന്നീടു കണ്ടപ്പോള്‍‍ സമാധാനിപ്പിച്ചു.

”വേണ്ട”

ഞാനെന്റെ ഇത്തിരി പറമ്പില്‍ കൊത്തിയും കിളച്ചും അദ്ധ്വാനിച്ചു. എന്റെ തലവിധി എനിക്കൊരു ജോലിയാക്കി തന്നില്ല.

ഇടക്ക് അവര്‍ വിളിപ്പിച്ചു.

നാരായണനോട് ഒന്നു വരാന്‍ പറയണം എനിക്കൊരു കാര്യമുണ്ട്.

സുലോചനയെന്ന എന്റെ അയല്‍ക്കാരിപെണ്ണിനോട് അവര്‍ പറഞ്ഞു വിട്ടു. സുലോചന അവരുടെ വീടിനടുത്ത സ്ഥാപനത്തിലാണ് ജോലിക്കു പോകുന്നത്.

അവര്‍ ക്ഷണിച്ചപ്പോഴൊക്കെ ഞാന്‍ കൃത്യമായി പോയി. പിന്നീട് അവരുടെ ഭര്‍ത്താവ് മരണപ്പെട്ടു. അറ്റാക്കായിരുന്നു നാല്‍പ്പത്തിയഞ്ചാം വയസില്‍.

ഞാന്‍ അവരുടെ കലങ്ങിയ കണ്ണുകള്‍ കാണാനാവാതെ ഒളിച്ചു നടന്നു. കുറച്ചു നാളത്തേക്ക് എനിക്കവരെ അഭീമുഖീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീടവിടെ ചെന്നപ്പോള്‍‍ അവര്‍ മാത്രമായിരുന്നു. ബന്ധുക്കളൊക്കെ ദു:ഖാചരണം കഴിഞ്ഞ് സ്ഥലം വിട്ടിരുന്നു.

എനിക്ക് സമാധാനിപ്പിക്കാനറിയില്ലായിരുന്നു. വിധി എന്തു ക്രൂരതയാണ് കാണിച്ചത്. ഇത്ര ചെറുപ്പത്തിലെ……

ഞാന്‍ വാക്കുകള്‍ ലുബ്ധിച്ച് ഉപയോഗിച്ചു. എന്റെ സ്വരത്തിലെ ഇടര്‍ച്ച കണ്ട് അവര്‍ പറഞ്ഞു.

”നാരായണന്‍ കൂടി വരാണ്ടായപ്പോള്‍ ഞാന്‍ തികച്ചും ഒറ്റപ്പെട്ടു”

”ഇനി എങ്ങിനെ ഒറ്റക്ക് ?” ഞാന്‍ അവരുടെ കണ്ണുകളിലേക്കു നോക്കി.

”ഒറ്റക്കല്ലല്ലോ ഞാന്‍.. നാരായണനില്ലേ?”

ഞാന്‍ ഉമിനീരിറക്കി.

”എന്താ നാരായണാ …ഇങ്ങിനെ ഒരു നനഞ്ഞ കോഴിയേപ്പോലെ”

അവര്‍ എന്നെ പിടിച്ചു കുലുക്കി. അവരുടെ വിരലുകള്‍ എന്നെ ആദ്യമായി തൊടുകയാണ്. തുടുത്ത വിരലുകള്‍‍ ഞാനവരെ കൊതിയോടെ നോക്കി. എന്തൊരു ഭംഗ്യാണ് ദൈവമേ ഈ സ്ത്രീക്ക്.

”രാത്രി അപ്പുറത്തെ വീട്ടിലെ തള്ള വരും കൂട്ടുകിടക്കാന്‍. അഞ്ഞൂറുപ്പിക ഞാന്‍ മാസം തോറും കൊടുക്കാംന്ന് പറഞ്ഞിട്ടുണ്ട്”

അവര്‍ അറിയിച്ചു. ഇറങ്ങുമ്പോള്‍‍ അവരെന്നെ ആര്‍ദ്രമായി നോക്കി. കാണണമെന്ന് തോന്നുമ്പോഴൊക്കെ അവര്‍ വിളിപ്പിച്ചു. അവരാണ് പറഞ്ഞത് നാരായണന്‍ ഗിരിജേച്ചീന്ന് വിളിച്ചോളൂ.

പിന്നീട് ഞാന്‍ കല്യാണം കഴിച്ചു. അവര്‍ കൂടി പറഞ്ഞിട്ടായിരുന്നു അത്, വിനീതയെ.

അപ്പഴും എനിക്കൊരു ജോലിയായിരുന്നില്ല. കൃഷിക്കാരന്‍ എന്ന ലേബലില്‍ നിന്നിരുന്ന എനിക്ക് പെണ്ണു കിട്ടിയത് വിധിയായിരിക്കാം.

അവരെ ഒരു മാസത്തോളം കാണാതെ നടന്നു. കണ്ടാല്‍‍ അവര്‍ വാക്കുകള്‍ കൊണ്ട് കുത്തി നോവിക്കുമെന്ന് അറിയാമായിരുന്നു. ഒരു മാസംകഴിഞ്ഞ് ഞാനവരെ പോയി കണ്ടു. വിനീതയെ കൊണ്ടുപോയില്ല.

വിനീതക്ക് എന്നെ കണ്ടാല്‍ ദേഷ്യം വന്നാലോ. കൊണ്ടു വരാഞ്ഞത് നന്നായി . അവര്‍ പറഞ്ഞു. പിന്നീട് പരിഭവങ്ങളുടെ പുഴയില്‍ അവരെന്നെ മുക്കി. അവര്‍ക്കടുത്തുപോയതിന്റെ പിറ്റേന്ന് അതു സംഭവിച്ചു.

വിനീത എന്നെ പറ്റിച്ചു കടന്നു പോയി. അവള്‍ക്ക് മുമ്പൊരു പ്രണയമുണ്ടായിരുന്നെത്രെ, ദിലീപന്‍.

കാരണവന്മാരൊക്കെ ഇടപെട്ട് പ്രശ്നങ്ങള്‍ തീര്‍ത്തു.

”നീയൊരു പൊട്ടനാ നാരായണാ ജീവിതം നിന്നെ പറ്റിക്കുകയാണ്”

ഗിരിജേച്ചി എന്നെ വിമര്‍ശിച്ചു.

”നിര്‍ഭാഗ്യവാനാണ്” ഞാന്‍ തിരുത്തി.

”അങ്ങിനെയെങ്കില്‍ അങ്ങിനെ.”

”ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ലേ നാരായണാ മന:പൊരുത്തമാണ് വലുത്”

ഞാനൊന്നും മിണ്ടിയില്ല.

പിന്നീടും അവരെന്നെ പലപ്പോഴും വിളിപ്പിച്ചു.

”ഇതൊന്നും നല്ലതിനല്ല കേട്ടോ”

അവരുടെ വീട്ടിലേക്കുള്ള പോക്ക് അറിഞ്ഞ ചിലരൊക്കെ എന്നോട് പ്രത്യേകമായി പറഞ്ഞു. ഞാന്‍ അവരെ കടുപ്പിച്ചു നോക്കുക മാത്രം ചെയ്തു.

ഗിരിജച്ചേച്ചിയില്ലാതെ എനിക്കു ജീവിക്കാന്‍ പറ്റാതായിരിക്കുന്നു.

സുലോചന ജോലി കഴിഞ്ഞ് വരുമ്പോള്‍ ഞാന്‍ അങ്ങോട് ചോദിക്കുന്ന ഘട്ടം വരെയെത്തി.

അവര്‍ അന്വേഷിച്ചോ വരാന്‍ പറഞ്ഞിട്ടുണ്ടോ? എന്തെങ്കിലും എഴുതിതന്നിട്ടുണ്ടോ. ഇല്ലാ എന്നാണ് സുലോചനയുടെ മറുപടിയെങ്കില്‍ ഞാന്‍ ക്രുദ്ധനാവും.

അവര്‍ക്ക് പനിയായിരുന്നു സുലോചന അറിയിച്ചു.

”എന്നെ വിളിക്കാഞ്ഞതെന്തേ…?”

”നാരായണന്‍ അറിഞ്ഞുവരെട്ടെ എന്നു കരുതി. മന:പൊരുത്തമുള്ളവര്‍ക്ക് അതു പറ്റും.”

ഞാനവര്‍ക്ക് പാരസിറ്റാമോള്‍ കൊടുത്തു. ആന്റി ബയോട്ടിക്കുകള്‍ കൊടുത്തു. അവകാശമുള്ളവനെപോലെ നെറ്റിയില്‍ ബാം പുരട്ടി തടവി.

”നാരായണാ”

”ഉം” ഞാന്‍ മൂളി ..സ്വപ്നത്തിലെന്നപോലെ.

”എന്റെ നാരായണാ”

”ഉം” ഞാന്‍ പിന്നേയും മൂളി. അവര്‍ കൈപ്പടം എടുത്ത് അവരുടെ മുഖത്തു വച്ചു. അവരുടെ ചുണ്ടുകളിലെ ഈര്‍പ്പം കൈവെള്ളയില്‍ പതിഞ്ഞു. അവരുടെ ശരീരഗന്ധം ഞാന്‍ മൂക്കിലേക്കാവഹിച്ചു. അവര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എന്നെ വിളിപ്പിച്ചു. പട്ടണത്തിലേക്ക് അവര്‍ക്കൊപ്പം പോയി.

തിരിച്ചു വരും വഴി കടകളുടെ വരാന്തയില്‍ നിന്ന് ചില കണ്ണുകള്‍ ഞങ്ങളിലേക്ക് നോട്ടമെറിഞ്ഞു. പിന്നീട് അവര്‍ക്കടുത്തു പോയപ്പോഴൊക്കെ പല കണ്ണുകളും പിന്നാലെ വരുന്നത് ഞാനറിഞ്ഞു.

ഒരിക്കല്‍ ഞാനവരോടു പറഞ്ഞു.

”ഞാനിനി ഗിരിജേച്ചിയെ കാണാന്‍ വരണില്ല”

”എന്തു പറ്റി നാരായണ”

”ഒരായിരം കണ്ണുകള്‍ നമ്മളെ പിന്‍ന്തുടരുന്നുണ്ട്. ഇനി കാര്യങ്ങളൊക്കെ കൈവിട്ടു പോകും. സമൂഹം എന്നൊന്ന് നമുക്ക് ചുറ്റുമുണ്ട്. അതോര്‍ക്കണം”

”നാരായണന്റെ പൊട്ടത്തരം ഇപ്പോഴാണ് മാറിയത് നല്ലത്”

അവരുടെ നീലക്കണ്ണുകളില്‍ അശാന്തിയുടെ ചിറകടിച്ചു. തുടുത്ത ആ ശരീരം കൂടുതല്‍ ചുവന്നു. അവര്‍ പറഞ്ഞു.

”നാരായണാ എന്റെ പെട്ടി തുറക്കു”

അലമാരിയിലിരുന്ന ബ്രീഫ്കേസ് ഞാന്‍ തുറന്നു. അതിലെ പേഴ്സില്‍ നിന്ന് അവര്‍ കുറച്ചു പണമെടുപ്പിച്ചു ആയിരത്തിന്റെ നോട്ടുകള്‍.

ഞാന്‍ വിളറി വെളുത്തു.

”നാരായണാ നാരായണന് സമൂഹത്തെ പേടിയാണോ? വിധിയെ പേടിയാണോ”

ഞാന്‍ മിണ്ടിയില്ല.

നാരായണന്‍ ആ കാശു കൊണ്ടുപോയി ഒരു താലിമാല വാങ്ങിക്കൊണ്ടു വരു. കുറച്ചു മുല്ലപ്പൂവും….

Generated from archived content: story1_jan1_13.html Author: ashokan-anchathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English