ജീവിച്ചിരിക്കുന്നവന്റെ അടയാളം

അയാൾ വീണ്ടും ചോദിച്ചുഃ

“എന്തെങ്കിലും അടയാളമുണ്ടോ നിങ്ങളുടെ കയ്യിൽ….”

“എന്തടയാളം”

ഞാൻ ആകെ പരതി. ഒടുവിൽ വാങ്ങിയ മരുന്നിന്റെ ചീട്ടുപോലുമില്ലല്ലോ…

“ഡോക്‌ടറുടെ പേരെന്താണ്‌ പറഞ്ഞത്‌”

“സത്യപാലൻ”

അയാൾ ചിരിച്ചു.

“ഇരുപത്‌ കൊല്ലമായി ഞങ്ങളീ മരുന്ന്‌ കട നടത്തുന്നു.. ഇന്നേവരെ ഇങ്ങനെ ഒരാളുടെ ചീട്ട്‌ ഇവിടെ വന്നിട്ടില്ല… ഇനി ഈ പേരിലൊരു ഡോക്‌ടർ ഉണ്ടാവുമെന്നും തോന്നുന്നില്ല.”

“സാധു മനുഷ്യനാ.. ഫീസ്‌ നിർബന്ധമില്ല.. അയാളുടെ ആസ്‌പത്രിയിൽ മുറി വാടകയും കുറവാ…”

“എപ്പഴാണ്‌ ഭാര്യയെ അഡ്‌മിറ്റ്‌ ചെയ്തത്‌.”

“ഇന്നലെ രാത്രി. വേദനയുണ്ടെന്ന്‌ പറഞ്ഞപ്പോൾ രാത്രിയാണെന്നൊന്നും നോക്കിയില്ല. കൂടെ അമ്മയുണ്ട്‌. ഒന്നൂല്ലാന്ന്‌ അവള്‌ പറഞ്ഞപ്പഴാണ്‌ ഞാൻ മടങ്ങിയത്‌… നമുക്കൊരു മോനുണ്ട്‌…”

പീടിക തണലിൽ ചാരിനിന്ന മകന്റെ കണ്ണുകളിലേക്ക്‌ ഞാൻ എത്തിനോക്കി.

“നമുക്ക്‌ പൂവാം…”

മകൻ കരയും പോലെ പറഞ്ഞു.

എങ്ങോട്ട്‌…

കഞ്ഞിപ്പാത്രം തൂങ്ങുന്ന അവന്റെ കുഞ്ഞുകൈകൾ വിറയ്‌ക്കുന്നുണ്ട്‌. കാലിലൂടെ ഒലിച്ചിറങ്ങിയ കഞ്ഞിവെളളത്തിന്റെ ചാല്‌ അവന്റെ ചെരുപ്പിൽ കൊഴുത്ത്‌ കട്ടപിടിച്ച്‌ കിടക്കുന്നു… പാദങ്ങളിൽ പറ്റിപ്പിടിച്ച ഒന്ന്‌ രണ്ട്‌ ബറ്റുകൾ വിളറിയ കണ്ണുകൾപോലെ നിന്നെ തുറിച്ച്‌ നോക്കികൊണ്ടിരുന്നു.

അയാൾ എന്റെ ചുമലിൽ തൊട്ടു.

“എന്റെ ചങ്ങാതീ.. ഇത്‌ നഗരമാണ്‌. സെക്കൻഡുകൾ കൊണ്ടാണ്‌ ഇവിടം മാറുന്നത്‌. നിങ്ങളുടെ കാര്യത്തിൽ ഏറെ വൈകി… ഒരു രാവ്‌ പുലരുമ്പഴേക്കും ഇവിടെ എന്തൊക്കെ സംഭവിച്ച്‌ കൂടാ…”

എനിക്ക്‌ പേടി തോന്നി. ഇയാൾ എന്തൊക്കെയാണ്‌ പറയുന്നത്‌..

രാത്രി വെളിച്ചത്തിൽ ഇത്രയേറെ വണ്ടികൾ കെട്ടിടങ്ങൾ മിനുത്ത റോഡുകൾ കമാനങ്ങൾ ഒന്നും കണ്ടിരുന്നില്ലെന്നത്‌ നേരാണ്‌. എന്നാലും നാട്ടുമ്പുറത്തുകാരനായ ഒരച്ഛന്‌ നഗരത്തിൽ നഷ്‌ടപ്പെടുന്നത്‌ അയാൾക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌ തന്നെയാവണമെന്ന്‌ നിർബന്ധമുണ്ടോ…

അവൻ കഞ്ഞിപ്പാത്രം നിലത്ത്‌ വെച്ച്‌ എന്റെ കയ്യിൽ കയറിപ്പിടിച്ചു.

അവന്റെ ചുണ്ടുകൾ വരണ്ടു തുടങ്ങിയിരിക്കുന്നു….

“നമുക്ക്‌ എന്തെങ്കിലും കഴിക്കാം മോനേ…”

“ബേണ്ട. എനിക്ക്‌ അമ്മേനേം ബാവേനേം കാണണം.”

ദൈവമേ ഞാൻ ഇവനോട്‌ എന്താ പറയ്യാ…

അച്ഛന്‌ വഴിതെറ്റിയെന്നോ…

യന്ത്രംപോലെ നീങ്ങുന്നതിനിടയിലും ആൾക്കാർ ഞങ്ങളെ തുറിച്ച്‌ നോക്കുന്നുണ്ട്‌. അരിശം കൊണ്ടെന്നപോലെ പല്ലിറുമ്മുന്നുണ്ട്‌..

ഒരു വേള ഞങ്ങളീ നഗരത്തിനൊത്ത അച്‌ഛനും മകനും അല്ലെന്ന്‌ വരുമോ…

ഞാൻ അവന്റെ കൈകൾ കൂട്ടിപ്പിടിച്ച്‌ വലിച്ചു.

“ബാ…”

സങ്കടം കൊണ്ട്‌ അവന്റെ കാലിടറി.

അവന്റെ കണ്ണുകൾ അനാഥമായി കിടന്ന കഞ്ഞിപ്പാത്രത്തിലേക്ക്‌ നീളുന്നതും കഞ്ഞിപ്പാത്രം ചുവന്ന മണ്ണിൽ കൊഴുത്ത നനവുളള ചിത്രം വരയ്‌ക്കുന്നതും ഞാൻ കണ്ടു.

“നമ്മള്‌ പോയാ ആരാ അമ്മേനേം ബാവേനേം നോക്ക്യാ..”

“ദേ മോൻ നോക്കിയാട്ടെ.”

കടകളിൽ തൂങ്ങിയാടുന്ന കൗതുകങ്ങളിലേക്ക്‌ ഞാൻ വിരൽ ചൂണ്ടി.

കാറുകൾ വിമാനങ്ങൾ തീവണ്ടികൾ…

“മോനെന്താണ്‌ വേണ്ടത്‌…”

അവൻ മുഷ്‌ടിചുരുട്ടി എന്റെ വയറ്റിൽ ഇടിച്ച്‌ കൊണ്ടിരുന്നു…

ഞാൻ മുട്ടുകുത്തി ഇരുന്നു.

നിറഞ്ഞു മറിയുന്നു അവന്റെ കണ്ണുകൾ..

“എന്റെ മോനേ.. നമുക്ക്‌ വീട്ടിൽ പോകാം. ബാവ വന്നാൽ അമ്മ വിളിച്ച്‌ പറയും അപ്പോൾ നമുക്ക്‌ വഴി ചോദിക്കാം.”

വീർത്ത അവന്റെ കവിളിൽ കണ്ണീരിന്റെ തടിച്ച ചാലുകൾ… നനയുന്ന കുപ്പായത്തിലേക്ക്‌ നോക്കി അവൻ മിണ്ടാതെ നിന്നു.

ഒരു മധുര നാരങ്ങ വാങ്ങി. ഞാൻ അവന്റെ കയ്യിൽ കൊടുത്തു.

ഇനി മടങ്ങണം

പക്ഷെ എവിടെയാണ്‌ നമുക്കുളള ബസ്സ്‌…

ചോര തളം കെട്ടിയ കുഴികളും എല്ലുന്തിയ മേൽകൂരയുളള ബസ്‌സ്‌റ്റാന്റും എവിടെയാണ്‌…?

കാക്കിയിട്ട ഒരാളോട്‌ ഞാൻ ചോദിച്ചു.

“ശാന്തിപുരത്തേക്കുളള ബസ്സ്‌…”

“ശാന്തിപുരം ഏത്‌ ഭാഗത്താണ്‌ കണ്ണൂരോ കോഴിക്കോടോ…”

അയാൾ ചോദിച്ചു.

“കണ്ണൂർ ഭാഗത്ത്‌.”

“അവിടെ… വടക്കോട്ട്‌..”

ഞങ്ങൾ വടക്കോട്ട്‌ നടന്ന്‌ ബസ്സ്‌ കയറി…

എപ്പോഴും അരിക്‌ സീറ്റിന്‌ വാശിപിടിക്കുന്ന അവൻ പേടിച്ചപോലെ എന്നെ പറ്റിയിരുന്നു…

നാരങ്ങയുടെ തോല്‌ പൊളിക്കാനോ ഒരല്ലിയെങ്കിലുമെടുത്ത്‌ വായിലിട്ട്‌ ചവക്കാനോ അവൻ മുതിരുന്നില്ല.. കീശയിൽ നാരങ്ങ മുഴച്ച്‌ നിൽക്കുന്നു..

ആർക്ക്‌ വേണ്ടിയാണ്‌ ഇവൻ ഇത്‌ പുന്നാരിച്ച്‌ വെക്കുന്നത്‌.

ബസ്സ്‌ നീങ്ങിത്തുടങ്ങി..

“ഒരു ശാന്തിപുരം ടിക്കറ്റ്‌.”

ഞാൻ കണ്ടക്‌ടറോട്‌ പറഞ്ഞു.

അയാൾ ഞങ്ങളെ മാറിമാറി നോക്കി.

“നിങ്ങൾ ബസ്സ്‌ മാറി കയറിയെന്ന്‌ തോന്നുന്നു..”

“കണ്ണൂരിലേക്കുളള ബസ്സല്ലേ ഇത്‌…”

“അതെ. പക്ഷെ കണ്ണൂരിനിടയിൽ എവിടെയാണ്‌ ശാന്തിപുരം..”

“അച്‌ഛാ…”

അവൻ മെല്ലെ തല ഉയർത്തി എന്നേയും കണ്ടക്‌ടറേയും മാറിമാറി നോക്കി.

അവനെ ചേർത്ത്‌ പിടിച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു.

“ടിക്കറ്റ്‌ മുറിച്ചോളൂ. ഞങ്ങളുടെ സ്‌റ്റോപ്പ്‌ വന്നാൽ ഞങ്ങൾ ഇറങ്ങിക്കോളാം…”

“എവിടേക്കാണ്‌ ടിക്കറ്റ്‌ മുറിക്കുക…”

“ഒടുവിലത്തെ സ്‌റ്റോപ്പിൽ…”

നെഞ്ചിനകത്ത്‌ എന്തൊക്കെയോ കൊളുത്തുന്നു…. വലിക്കുന്നു…

“മോനൂ എന്തെങ്കിലും അടയാളം കണ്ട്‌ വെച്ചിനോ നീ…”

“എവിടുത്തെ.”

“നമ്മുടെ നാടിന്റെ”

“അടയാളമെന്തിനാ എന്റൊപ്പം അച്‌ഛനില്ലേ… എറങ്ങുമ്പോൾ അച്‌ഛൻ എന്റെ കൈ പിടിക്കണേ…”

അവൻ എന്റെ നെഞ്ചിലേക്ക്‌ ചാഞ്ഞ്‌ കിടന്നു.. പെരുമ്പറപോലുളള കിതപ്പിൽ അവന്‌ ഉറങ്ങാനാവുമോ…?

ബസ്സിനകത്തുളള എല്ലാ മുഖങ്ങളും ഞാൻ പരതി… പരിചയമുളള ഒരാൾ പോലുമില്ല.

തിക്കിതിരക്കി ഇരിക്കുമ്പോഴും നാം എത്രമാത്രം അപരിചിതർ…

കരച്ചിൽ തൊണ്ടയിൽ കനക്കുകയാണ്‌.

ഒന്ന്‌ പൊട്ടിക്കരയാൻ കഴിഞ്ഞെങ്കിൽ… ഞാൻ കണ്ണടച്ചിരുന്നു….

കണ്ണിനകത്ത്‌ എല്ലാവരുമുണ്ട്‌…

അമ്മ…

വീട്‌…

ഭാര്യ…

കുഞ്ഞ്‌…

എന്റെ ബാല്യം.. സ്‌കൂൾ…

എന്റെ വഴികൾ… പുഴ…

ഇല്ല. എനിക്കൊന്നും നഷ്‌ടപ്പെട്ടില്ല.

നാടിന്റെ മണം അറിയാത്ത മനുഷ്യരുണ്ടാവുമോ ഭൂമിയിൽ…

ഞാൻ മൂക്ക്‌ വിടർത്തിപ്പിടിച്ച്‌, മകന്റെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു.

Generated from archived content: story1_june23.html Author: asharaf_aadur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here