മരണം മണക്കുന്ന വീട്‌

പ്രസാധകക്കുറിപ്പ്‌

മരണം മണക്കുന്ന വീടിന്റെ രണ്ടാം പതിപ്പിറങ്ങുകയാണ്‌. കുറഞ്ഞ കാലയളവിനുളളിൽ ഈ പുസ്‌തകത്തിന്‌ വായനാ സമൂഹം നൽകിയ വർദ്ധിച്ച സ്വീകരണം കാലത്തിനും ജീവിതത്തിനുമപ്പുറത്ത്‌ നമ്മുടെ തന്നെ കഥകളാണ്‌ ഇവയെന്ന്‌ സമ്മതിക്കുന്നു. മനുഷ്യന്റെ പക്ഷത്തിരുന്നാണ്‌ അശ്രഫ്‌ കഥകളെഴുതുന്നത്‌. അനുഭവങ്ങളുടെ രൂക്ഷഗന്ധവുമായി ഈ കഥകൾ നമ്മുടെ മനസ്സിന്റെ വാതിലിൽ വന്ന്‌ മുട്ടുമ്പോൾ പക്ഷങ്ങളുടെയും വർഗ്ഗങ്ങളുടേയും അതിരുകൾ മായുന്നു. അനുഭവത്തിന്റെ ഈ കഥാകാരനെ, സ്വന്തം ജീവിതവും ചുറ്റുപാടും ചേർന്ന്‌ നിർമ്മിച്ച ഈ ചെറുപ്പക്കാരനെ മലയാള സാഹിത്യത്തിന്‌ കാണിച്ച്‌ കൊടുക്കാൻ കഴിഞ്ഞതിലുളള ചാരിതാർത്ഥ്യത്തോടെ സീറോ പബ്ലിക്കേഷൻസ്‌, ഈ കഥകൾ വീണ്ടും വായനക്കാർക്ക്‌ നൽകുകയാണ്‌. ഈ പുതിയ പതിപ്പിൽ ഇബ്രാഹിം ബേവിഞ്ചയുടെ പഠനവും പുതിയ നാലു കഥകളും ചേർത്തിരിക്കുന്നു.

അവതാരിക

കറുത്ത കാലത്തിന്റെ കഥകൾ

പി.കെ. പാറക്കടവ്‌

കണ്ണൂരിൽനിന്നാണ്‌ അശ്രഫ്‌ വരുന്നത്‌. അതുകൊണ്ടാണോ കണ്ണീരും ചോരയും കഥകളിലാകെ നിറഞ്ഞ്‌ നിൽക്കുന്നത്‌? കറുത്ത കാലത്തിന്റെ കഥകളാണ്‌ അശ്രഫിന്‌ പറയാനുളളത്‌.

ചെറിയ ചെറിയ കഥകൾ ഫലിതബിന്ദുക്കളല്ലെന്ന്‌ അശ്രഫും പറയുന്നു. വലിയ കഥകളിലെ കഥയില്ലായ്‌മയേക്കാൾ ഈ കൊച്ചു കഥകൾ നമ്മെ പൊളളിക്കുന്നു. ഏറുപടക്കത്തിന്റെ ശക്തിയുണ്ട്‌ ഏറെ കഥകൾക്കും.

കടം വാങ്ങിയ തൂവലുകൾ ഈ കഥാകാരന്‌ അന്യം. അത്‌ കൊണ്ടാണ്‌ അശ്രഫ്‌ ഇങ്ങനെ എഴുതുന്നത്‌ഃ “അവർ കറ പിടിച്ച ചുണ്ടിന്മേൽ നൂറ്‌ പറ്റിപ്പിടിച്ച വിരലുകൾ ചേർത്ത്‌ നീട്ടിത്തുപ്പി. മുറ്റത്തെ മുല്ലപ്പടർപ്പുകളിലത്രയും കോയിന അറത്തപോൽ ചോര…. പല്ല്‌പോയ വിടവിലൂടെ ഒലിച്ചിറങ്ങിയ ചവക്കാന്റെ നീര്‌ പുളളിക്കുപ്പായത്തിലൂടെ പരന്നിറങ്ങി.” (പൊരുത്തം). കൈകൾ നീട്ടി നക്ഷത്രങ്ങൾ പറിച്ചെടുക്കാൻ ശ്രമിക്കുമ്പോഴും ഈ കഥാകാരന്റെ കാലുകൾ ഈ മണ്ണിൽതന്നെയാണ്‌. പേരും വേരും മറന്നവനല്ല ഇവൻ.

‘പ്രണയവും വിശ്വാസവും കണ്ണാടി’പോലെയെന്ന്‌ അശ്രഫ്‌. ഒരിക്കൽ തകർന്നാൽ വീണ്ടും കൂട്ടിയോജിപ്പിച്ച്‌ മുഖം നോക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന്‌ കഥാകാരൻ.

അമ്മ എത്രമാത്രം അപരിചിതയായെന്ന അറിവ്‌ മുറിവായി പുതിയ കാലം. മൂന്ന്‌ മുറിവുകളിൽ ഏറ്റവും ശക്തം ഈ ആദ്യഭാഗം.

ഈ കഥകളിൽ ദൈവവും മനുഷ്യനും ചെകുത്താനുമെല്ലാമുണ്ട്‌. “സകല കൊടിക്കും ഞാൻ തീ കൊടുക്കും. പാവപ്പെട്ടവന്റെ കണ്ണീരിനും വിശക്കുന്നവന്റെ അരവയറിനും ഞാൻ കാവൽനിൽക്കും” എന്ന്‌ പറയുമ്പോൾ ഭൂമിയിലെ ദൈവങ്ങൾ അവനെ ജീവിക്കാൻ അനുവദിക്കില്ലെന്ന സത്യം കഥാകാരൻ പറയുന്നു. നമ്മുടെ അമ്മമാർ ചാപിളളകളെ പ്രസവിക്കുന്നതിന്റെ രഹസ്യം ഈ കഥാകാരനോതുമ്പോൾ നിവർന്ന്‌ നിന്ന്‌ നേര്‌ പറയാൻ നമുക്ക്‌ കഴിയാത്തതെന്താണെന്ന്‌ കൂടി വരികൾക്കിടയിലൂടെ നാം വായിക്കുന്നു. ഗാന്ധിജി പുഞ്ചിരിക്കുന്നതിവിടെ കളളനോട്ടിൽ നിന്നാണ്‌. കഴുത്തിലും കാതിലും വലുതും ചെറുതുമായ പൈപ്പ്‌ ബോംബുകൾ അണിഞ്ഞ്‌ പെണ്ണ്‌ ഇവിടെ ഒരു ആയുധപ്പുരയാണ്‌. കണ്ണ്‌ കാമുകിയുടേയും കരള്‌ ഉമ്മയുടേതുമാണെന്ന്‌ കഥാകാരൻ. നമ്മുടെ കാലവും നമ്മുടെ ചരിത്രവും “ശ്‌ശ്‌ശ്‌… ” എന്ന കഥയിൽ-ഇവിടെ പാഠം ഒന്ന്‌ ഗോഡ്‌സെയാണ്‌.

ഇവിടെ ദെരിദയും ഉത്തരാധുനികതയുമില്ല. അകം നൊന്ത്‌, അകം വെന്ത്‌ അശ്രഫ്‌ ഇത്തിരി വരികൾ കുറിച്ചിടുമ്പോൾ അവ കറുത്ത കാലത്തിന്റെ കഥകളായിത്തീരുന്നു.

Generated from archived content: maranam_manakkunna.html Author: asharaf_aadur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here