മേയുന്നിടത്തുനിന്നും
കയർ ദൂരമോടിയെത്തി
പ്രണയം കരഞ്ഞോരു
പെണ്ണുപയ്യേ,
പക്കലില്ലൊട്ടുനേരം.
കുരുതി കൊടുക്കുവാൻ
പോകയാണ്.
കൂടെ നടപ്പവനു
കശാപ്പുനിലത്തെത്താൻ
തിടുക്കമേറെ.
വേഗമേറ്റാൻ
കഴുത്തിൽ
കെട്ടിയ കയറിനറ്റം കൊണ്ടു
പുറത്തടിപ്പൂ.
അവനെ ഏല്‌പ്പിച്ചോരു
പോറ്റിത്തലോടിയ
കൈയുകൾക്ക്
കാശെണ്ണുന്നതാണേറെയിഷ്‌ടം.
കലക്കിത്തന്നൊരാ കപടസ്‌നേഹം
വിഷമെന്നറിയാതെ
മൊത്തിവലിച്ചുകുടിച്ചുതീർത്തു.
ആത്മനിന്ദയാൽ
താഴ്‌ന്നുപോയ തല
ഉയർപ്പാനാവതില്ല.
ആണുടൽ നടാടെ
കാൺമതാവാം.
കന്നിനെ നക്കിത്തുടപ്പതിനായി
ആണൊരുത്തൻ
ഇക്കാലം വേണ്ടതില്ല.
പ്രണയവും
തെല്ലും വിശുദ്ധമല്ല.
കപടമല്ലായ്‌കയാൽ
കാത്തിരിക്കും
കശാപ്പാണേറെയിഷ്‌ടം.
പ്രണയമിഴികൾ താഴ്‌ത്തി
മടങ്ങിയേക്കൂ.
കാത്തിരിപ്പൂ രസം നോക്കാൻ
പലതരം പുല്ലുകൾ.
മേഞ്ഞുമതിയായാൽ
നൊടിനേരം കണ്ടൊരീ
ഓർമ്മയെ അയവിറക്കി
പരുവപ്പെടുത്തുക.
Generated from archived content: poem1_april5_11.html Author: arunkumar_pookkom