സംഗീതസാഗര തീരത്തിലൂടെ…

“ജപകോടി ഗുണം ധ്യാനം,

ധ്യാനകോടി ഗുണോലയഃ,

ലയകോടി ഗുണം ഗാനം,

ഗാനാത്‌പരതരം നഹി”

പ്രസിദ്ധവും, അർത്ഥസമ്പൂർണ്ണവുമായ ഈ ശ്ലോകത്തിലൂടെ സംഗീതത്തിന്റെ മാഹാത്മ്യത്തെ സ്പഷ്‌ടമാക്കിയിരിക്കുന്നു. ഒരുകോടി ഉരുമന്ത്രജപം ചെയ്ത്‌ ജഗദീശ്വരനെ ആരാധിക്കുന്നതിനു സമമാണ്‌ ഒരു പ്രാവശ്യം നിർമ്മലമായ മനസ്സുകൊണ്ടുളള ധ്യാനം. ഇങ്ങിനെ ഒരു കോടി തവണ ധ്യാനം ചെയ്യുന്നതിനു തുല്ല്യമാണ്‌ ഒരുമാത്ര സർവ്വംമറന്ന്‌ ഈശ്വരനിൽ ലയിക്കുന്നത്‌. ഇത്‌ കോടി തവണ ചെയ്യുന്നതിനു സമമാണ്‌ കേവലം ഒരു പ്രാവശ്യം മധുരമായി സ്തുതിഗീതം ആലപിക്കുക എന്നത്‌. അതിനാൽ ഗാനാലാപനത്തിനും അതീതമായി യാതൊന്നും ശ്രേഷ്‌ഠമായില്ല എന്ന്‌ മേൽപറഞ്ഞ ശ്ലോകത്തിലൂടെ ആചാര്യന്മാർ ഉദ്‌ഘോഷിക്കുന്നു. ‘സംഗീത രത്നാകരം’ എന്ന സംഗീതശാസ്‌ത്ര ഗ്രന്ഥത്തിൽ ‘സാമവേദാദിതം ഗീതം സംജഗ്രാഹ പിതാമഃ’ എന്ന വരിയിലൂടെ സർവ്വചരാചരങ്ങളുടെയും സൃഷ്‌ടികർത്താവും, പിതാമഹനുമായ ബ്രഹ്‌മദേവൻ സാമവേദത്തിൽനിന്നും സംഗീതകലയെ മെനഞ്ഞെടുത്തു എന്ന്‌ ശാർങ്ങദേവൻ പറഞ്ഞിരിക്കുന്നു. ഇത്രയേറെ മാഹാത്മ്യങ്ങൾ നിറഞ്ഞ സംഗീതകല പ്രപഞ്ചകാരകനായി വർത്തിക്കുന്ന ആ അത്ഭുതശക്തി വൈഭവത്തിൽനിന്നും മാനവരാശിക്ക്‌ ലഭിച്ച അമൂല്യമായ ഒരു വരമാണെന്ന്‌ നിസ്സംശയം പറയാം. സുശ്രാവ്യധ്വനിമേളനം കൊണ്ട്‌ ഹൃദയത്തിൽ ഉത്‌കൃഷ്‌ടവികാരങ്ങളിലൂടെ ആനന്ദം ജനിപ്പിക്കുവാൻ പ്രാപ്തമായ സംഗീതകല ലളിതകലകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നു. ‘ഗാന്ധർവ്വം’ എന്ന ഒരു ഉപവേദമായി കണക്കാക്കപ്പെടുന്ന സംഗീതത്തിന്റെ നിലവാരം എത്രയ്‌ക്ക്‌ ഉയർന്നിരിക്കുന്നുവോ, അത്രതന്നെ ഔന്നത്യത്തിലായിരിക്കും ആ ജനതയുടെ സംസ്‌കാരവും.

നാദം

‘ക്രമാനുസാരികളായ സ്പന്ദനങ്ങളിൽ നിന്നുളവാകുന്ന അനുരണനാത്മകമായ ധ്വനി വിശേഷം’ എന്നാണ്‌ നാദത്തിന്‌ ആചാര്യന്മാർ നൽകിയിരിക്കുന്ന നിർവ്വചനം. സംഗീതത്തിന്‌ അടിസ്ഥാനം നാദമാണ്‌. ഈ നാദം തന്നെയാണ്‌ പ്രണവം അഥവാ ഓങ്കാരം. യോഗശാസ്‌ത്രതത്വപ്രകാരം ‘ന’ എന്ന അക്ഷരത്തിന്‌ പ്രാണവായു എന്നും ‘ദം’ എന്ന അക്ഷരത്തിന്‌ അഗ്നി എന്നും അർത്ഥം ഉളളതായും, ഇവ രണ്ടിന്റെയും സംയോഗത്താൽ നാദം ഉണ്ടാകുന്നു എന്നും പറഞ്ഞുവരുന്നു. ഈ ആശയത്തെ സംഗീത ത്രിമൂർത്തികളിൽ ഒരാളായ ശ്രീ ത്യാഗരാജസ്വാമികൾ തന്റെ സാരമതി രാഗത്തിലുളള ‘മോക്ഷമുഗലദ’ എന്ന കൃതിയിലെ ‘പ്രാണാനല സംയോഗമുവല്ല പ്രണവനാദമുസപ്തസ്വര“ എന്ന വരിയിലൂടെയും, ജഗന്മോഹിനി രാഗത്തിലുളള ’ശോഭിലുസപ്തസ്വര” എന്ന കൃതിയിലെ “നഭീഹൃദ്‌കണ്‌ഠരസനാസാദുല” എന്ന വരിയിലൂടെയും ഉദ്ധരിച്ചിരിക്കുന്നു. ജീവശാസ്‌ത്രപ്രകാരം കണ്‌ഠത്തിലെ ഘോഷതന്ത്രികൾ എന്ന നേർത്ത രണ്ട്‌ ചർമ്മപടങ്ങളിൽ വായുപ്രവാഹമേൽക്കുമ്പോൾ നാദം ഉണ്ടാകുന്നു എന്ന്‌ കണക്കാക്കി വരുന്നു. ഈ നാദത്തിന്‌ ശാരീരജനാദം എന്നു പറയാം. ഉപകരണസംഗീതത്തിൽ ഉത്ഭവസ്ഥാനത്തെ അടിസ്ഥാനമാക്കി നഖജം, വായുജം, ചർമ്മജം, ലോഹജം എന്നിങ്ങനെ നാല്‌ വിധത്തിൽ നാദം ഉണ്ടെന്നും കാണാം. നാദത്തിൽനിന്നും ശ്രുതിയും, ശ്രുതിയിൽനിന്നും സ്വരങ്ങളും, ഉത്ഭവിച്ചു എന്നു കണക്കാക്കി വരുന്നു. ഈ സ്വരങ്ങളുടെ പരസ്പരാനുയോജ്യമായ മേളനങ്ങളാൽ മേളരാഗങ്ങളും ഇവയിൽനിന്നും അനേകം ജന്യരാഗങ്ങളും ഉടലെടുത്തതായി കാണാം.

ഭാരതീയ സംഗീതം

ഏകദേശം അയ്യായിരം വർഷത്തോളം പഴക്കമുളള ഭാരതീയ സംഗീതം 13-​‍ാം നൂറ്റാണ്ടിൽ ഉത്തരദക്ഷിണ ഭേദമനുസരിച്ച്‌ യഥാക്രമം ഹിന്ദുസ്ഥാനി സംഗീതമെന്നും, കർണ്ണാടക സംഗീതമെന്നും രണ്ടായി വേർതിരിഞ്ഞു. മുഗൾ ഭരണകർത്താക്കളുടെ ആധിപത്യത്താൽ ഉത്തരഭാരതത്തിൽ സാംസ്‌കാരികതയിലും, സംഗീതത്തിലും ഒരു പുതിയ രീതിതന്നെ ആവിർഭവിക്കുകയുണ്ടായി. പേർഷ്യൻ സംഗീത രീതികൾ കലർന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്‌ 19-​‍ാം നൂറ്റാണ്ടിൽ ഒരു നവോത്ഥാനമുണ്ടായി. സംഗീതജ്ഞനായ ശ്രീ വിഷ്‌ണുനാരായണ ഭക്താണ്ഡെ പ്രാചീനമായ രഞ്ജിനി പരിവര സമ്പ്രദായത്തിൽനിന്നും 10 ഥാട്ടുകൾ മെനഞ്ഞെടുക്കുകയുണ്ടായി. ഇവയിൽനിന്നും അനേകം ജന്യരാഗങ്ങൾ ഉണ്ടാകുകയും ചെയ്‌തു.

എന്നാൽ കർണ്ണാടക സംഗീതത്തിൽ വൈദേശികമായ സാംസ്‌കാരികതകളോ സമ്പ്രദായങ്ങളോ ഒന്നുംതന്നെ കലർന്നിരുന്നില്ല. ഭക്തിയും, സങ്കീർണ്ണതയും സമ്മേളിച്ചിരുന്ന കർണ്ണാടകസംഗീതത്തിൽ വളരെ പ്രാചീന കാലത്തുതന്നെ അനേകം മേളരാഗങ്ങൾ നിലനിന്നിരുന്നതായി കാണുന്നു. 17-​‍ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വെങ്കടമഖി എന്ന സംഗീതശാസ്‌ത്രകാരൻ 72 മേളരാഗങ്ങളടങ്ങിയ ഒരു ബൃഹദ്‌പദ്ധതി നടപ്പിലാക്കി. സപ്തസ്വരങ്ങളിൽനിന്നുത്ഭവിച്ച 12 സ്വരസ്ഥാനങ്ങളിൽനിന്നും 16 സ്വരങ്ങൾ മെനഞ്ഞെടുത്ത്‌ അവ ചേരുംവിധം ചേർത്താണ്‌ ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഈ 72 മേളരാഗങ്ങളിൽ ഓരോന്നിൽ നിന്നും 483 ജന്യരാഗങ്ങൾ ഉത്ഭവിക്കുകയും, അങ്ങിനെ ആകെ 34776 ജന്യരാഗങ്ങൾ ഉണ്ടാകുകയും ചെയ്‌തു. ഇത്രയേറെ രാഗങ്ങളുടെ ആവിർഭാവത്തോടെ കർണ്ണാടകസംഗീതം സപ്തസാഗരങ്ങൾ ഒന്നായതിലും ഏറെ വിസ്‌തൃതമായി മാറി.

മദയാനയ്‌ക്ക്‌ സമമായ ഗീതവാദ്യനൃത്താദികളായ തൗര്യത്രകങ്ങൾക്ക്‌ അങ്കുശം എന്നു വിശേഷിപ്പിക്കുന്ന താളം നിബദ്ധപ്പെടുത്തി അന്നമാചാ​‍്യർ, പുരന്ദരദാസൻ, ഭദാചലം രാമദാസൻ, സംഗീത മൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമാശാസ്‌ത്രികൾ എന്നിവർ, മഹാരാജ സ്വാതിതിരുനാൾ തുടങ്ങിയവർ ഒട്ടുമിക്ക രാഗങ്ങളിലും ഗീതം, വർണ്ണം, കീർത്തനം, കൃതി, പദം തുടങ്ങിയ രീതിയിലുളള സംഗീതരചനകൾ നടത്തുകയും, അസംഖ്യം വരുന്ന അവരുടെ ശിഷ്യഗണപരമ്പരകൾ ഇവ ആലപിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്‌തതിലൂടെയാണ്‌ കർണ്ണാടക സംഗീതത്തിന്‌ ഇത്രയേറെ വളർച്ച നേടുവാൻ സാധിച്ചതെന്നും അനുമാനിക്കാം. പ്രകൃതിയും, ജീവജാലങ്ങളും സംഗീതത്തിൽ ലയിക്കുമ്പോൾ… ‘പശുവേർത്തി ശിശുവേർത്തി വേത്തി ഗാനരസം ഫണി’ സംഗീതത്തിന്റെ ശക്തിവൈഭവങ്ങളെ ആചാര്യന്മാർ ഈ വരിയിലൂടെ പറഞ്ഞിരിക്കുന്നു. വൈകാരികതയുടെ ഭാഷയും, ആപാദമധുരവുമായ സംഗീതത്തിലൂടെയുളള സ്വസ്ത​‍്യയനം ധർമ്മാർത്ഥകാമമോക്ഷാദികളായ പുരുഷാർത്ഥങ്ങളുടെ മാർഗ്ഗം തെളിക്കുന്നു. സംഗീതത്തിന്റെ മാഹാത്മ്യങ്ങളെക്കുറിച്ച്‌ പുരാണകഥകളിലും, പ്രാചീന ചരിത്രഗ്രന്ഥങ്ങളിലും തെളിവുകൾ സഹിതം പരാമർശിച്ചിട്ടുണ്ട്‌. സേതുബന്ധനവേളയിലും മറ്റുമായി ഭഗവാൻ ആഞ്ജനേയൻ രാഗം ആലപിച്ച്‌ പാറകളെ മൃദുലമാക്കിയതായും, പുല്ലാങ്കുഴലൂതി ഭഗവാൻ ശ്രീകൃഷ്‌ണൻ ഗോക്കളെ മേച്ചിരുന്നതായും ഉളള അനേകം കഥകൾ പുരാണങ്ങളിൽ ഉണ്ട്‌. ചരിത്രപരമായി പരിശോധിക്കുമ്പോഴും ഇത്തരത്തിലുളള അനേകം സംഭവങ്ങൾ കാണുവാൻ സാധിക്കും. ദീപകരാഗം ആലപിച്ച്‌ താൻസനും, ജ്യോതിസ്വരൂപിണി രാഗം ആലപിച്ച്‌ ത്യാഗരാജസ്വാമികളും ദീപം തെളിയിച്ചതായും, അമൃതവർഷിണിരാഗം ആലപിച്ച്‌ മുത്തുസ്വാമി ദീക്ഷിതർ എട്ടയാപുരത്ത്‌ മഴ പെയ്യിച്ചതായും സംഗീതശാസ്‌ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്‌.

മനുഷ്യനിലെ സംഗീതത്തിന്റെ സ്വാധീനഫലങ്ങളെക്കുറിച്ച്‌ ഇനി പറയാം. ഒരുവന്റെ വ്യക്തിത്വ വികസനത്തിലും, സ്വഭാവവത്‌ക്കരണത്തിലും സംഗീതത്തിന്‌ അതിയായ സ്വാധീനം ചെലുത്തുവാൻ സാധിക്കും. മാനസീകസംഘർഷങ്ങൾ കുറക്കുവാൻ അത്യുത്തമമായ മാർഗ്ഗമാണ്‌ സംഗീത ആലാപനവും, ആസ്വാദനവും. ഏകാന്തതയും, വിരസതയും ഒഴിവാക്കി സ്ഥിരോത്സാഹം പ്രദാനം ചെയ്യുന്നതിനും, ദൈനംദിന ജീവിതത്തെ താളാത്മകമാക്കുന്നതിനും നിത്യവും സംഗീതം കൈകാര്യം ചെയ്യുന്നതിലൂടെ സാധിക്കും. ഗർഭസ്ഥ ശിശുവിനെ മാതാവിന്റെ മനോവികാരവിചാരങ്ങൾ അപ്പാടെ സ്വാധീനിക്കും എന്നതുകൊണ്ട്‌, ആ കാലഘട്ടത്തിൽ ആവുന്നത്ര സംഗീതം ആസ്വദിക്കുവാൻ സ്‌ത്രീകൾ ശ്രമിക്കുന്നത്‌ നന്നെന്ന്‌ ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. മനുഷ്യനിലെന്നപോലെ പക്ഷിമൃഗാദികളിലും സംഗീതത്തിന്റെ സ്വാധീനഫലങ്ങൾ കണ്ടുവരുന്നു. പശു, ആന, കുതിര, പാമ്പ്‌ തുടങ്ങിയ മൃഗങ്ങളെ സംഗീതം കേൾപ്പിച്ച്‌ നിയന്ത്രണാധീനമാക്കിയ കഥകൾ ചരിത്രപുസ്‌തകങ്ങളിൽ കണ്ടുവരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ്‌ ഓങ്കാർനാഥ്‌ ഠാക്കൂർ ഭൈരവിരാഗം വയലിനിൽ വായിച്ച്‌ മൃഗശാലയിലെ കൂട്ടിനുളളിൽ സദാക്രൂദ്ധനായി ഗർജ്ജിച്ചിരുന്ന ഒരു സിംഹത്തെ ശാന്തനാക്കിയതായി ഈ അടുത്തിടെ ഒരു പുസ്തകത്തിൽ വായിക്കുകയുണ്ടായി. ചില പ്രത്യേകരാഗങ്ങൾ കേൾപ്പിക്കുന്നതിലൂടെ സസ്യങ്ങളിലെ വിളവ്‌ വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്ന്‌ ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ‘മേഘമൽഹാർ’ രാഗത്തിലൂടെ അന്തരീക്ഷത്തിലും മണ്ണിലും സദാ ഈർപ്പം നിലനിർത്തുവാൻ സാധിക്കുമെന്ന്‌ പറഞ്ഞുവരുന്നു.

സംഗീതത്തിലൂടെ രോഗശമനം

മ്യൂസിക്‌ തെറാപ്പി എന്ന പേരിൽ ചികിത്സ നൽകി രോഗശമനം സംഗീതത്തിലൂടെ സാധ്യമാകുമെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ സ്വാധീനിക്കുവാൻ ശക്തിയുളള അനേകം രാഗങ്ങളുണ്ട്‌. ഹിന്ദോളം, മാറുവ, ബിലാവൽ, തിലക്‌, പരശ്‌, തോടി, ഭൈരവി, ബിഹാഗ്‌, ദർബാരികാനട, കമാശ്‌, അഠാണ, മേഘമൽഹാർ, അസാവേരി, വൃന്ദാവന സാരംഗ, ദേശ്‌ തുടങ്ങിയ രാഗങ്ങളുപയോഗിച്ച്‌ അപസ്‌മാരം, നിദ്രാഹാനി, ചിത്തഭ്രമം തുടങ്ങിയ അസുഖങ്ങളെ നിയന്ത്രിക്കാമെന്ന്‌ ഗവേഷണങ്ങൾ തെളിയിച്ചിരിക്കുന്നു. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സംഗീതം അഭ്യസിക്കുന്നതും, ആസ്വദിക്കുന്നതും, ഏകാഗ്രതയും, ഊർജ്ജസ്വലതയും നിലനിർത്തുന്നതിന്‌ സഹായകമാണെന്ന്‌ പറഞ്ഞുവരുന്നു. ശങ്കരാഭരണരാഗം ആലപിക്കുന്നതിലൂടെ ഉദരസംബന്ധമായ വേദനകളും, സാവേരിരാഗം ആലപിക്കുന്നതിലൂടെ ശിരസ്സിലെ വേദനകളും ശമിപ്പിക്കുവാൻ സാധിക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. നീലാംബരി രാഗംപാടി കുഞ്ഞുങ്ങളെ ഉറക്കുന്നത്‌ സർവ്വസാധാരണമായ ഒന്നാണല്ലോ!

നമ്മുടെ പാഠ്യപദ്ധതിയിൽ ഒരു നിർബ്ബന്ധിത വിഷയമാക്കി സംഗീതത്തെ ഉൾപ്പെടുത്തുന്നതിലൂടെ സംസ്‌കാരസമ്പന്നരും, പ്രതിഭാധനരുമായ ഒരു ഭാവിതലമുറയെ വാർത്തെടുക്കുവാൻ സാധിക്കും. ഹൃദയത്തിന്റെ സ്പന്ദനം പോലും താളാത്മകമാണ്‌. അതിന്‌ മാറ്റം സംഭവിച്ചാലുളള അവസ്ഥയെക്കുറിച്ച്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇതിലും ശ്രേഷ്‌ഠമായ ഒരു ഉദാഹരണം മനുഷ്യനും സംഗീതവും തമ്മിലുളള ബന്ധത്തെ കാണിക്കുവാൻ പറയുവാനില്ല. ‘ശ്രേഷ്‌ഠമായ സംഗീതം പരമാനന്ദം വർദ്ധിപ്പിക്കുന്നു, ആഗ്രഹിച്ച ഫലം നൽകുന്നു, സകല ജനങ്ങളുടെയും ഹൃദയത്തെ വശീകരിക്കുന്നു, മുക്തിക്കു കാരണവുമാകുന്നു’ എന്ന അർത്ഥം വരുന്ന സംഗീതദാമോദരമെന്ന ഗ്രന്ഥത്തിലെ ഒരു ശ്ലോകം ചേർത്തുകൊണ്ട്‌ ഈ ലേഖനം ഉപസംഹരിച്ചുകൊളളട്ടെ.

“പരമാനന്ദവിവർദ്ധനമഭിമതഫലം വശീകരണം

സകലജന ചിത്തഹരണം, വിമുക്തിബീജം പരംഗീതം.”

Generated from archived content: essay_july9.html Author: arunkumar_ilayidam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English