ന്യൂജനറേഷന്‍ സിനിമ യാഥാര്‍ഥ്യമോ മിഥ്യയോ?

ചരിത്രം യാഥാസ്ഥിതിക ബോധ്യങ്ങളുടെ കെട്ടുഭാണ്ഡം ചുമക്കുന്ന വിഷമസന്ധികളില്‍ സ്വയം പുതുക്കിപ്പണിയാന്‍ ചില ശ്രമങ്ങള്‍ നടത്താറുണ്ട്. ആ ശ്രമത്തില്‍ അന്തര്‍ലീനമായ വിപ്ലവബോധം തികച്ചും വ്യതിരിക്തമായ സ്വഭാവഘടനകളോടു കൂടിയ ഒരു പറ്റം വ്യക്തികളെ കൂട്ടിയോജിപ്പിക്കുന്നു. ഉത്പതിഷ്ണുത്വത്തിന്റെ ആ ഒരു പ്രത്യേക കാലയളവില്‍ വ്യത്യസ്ത ധാരകള്‍ ഒന്നു ചേര്‍ന്നു ഒരു പ്രത്യേക ഘടന രൂപപ്പെടുന്നു. അതില്‍ നിന്നു പല പ്രവാഹിനികള്‍ സമൂഹശരീരത്തിലേക്ക് പ്രവേശിച്ച് നവമായതിന് വളരാന്‍ പര്യാപ്തമായ ഒരിടമായി അതിനെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഇത്തരമൊരു പ്രക്രിയയ്ക്ക് നേതൃത്വം വഹിക്കുന്നത് ഒരു വ്യക്തിയല്ല. ഒരു വീക്ഷണമല്ല, ഒരു ദര്‍ശനമല്ല. പലവിധ കലഹങ്ങളിലൂടെ പരീക്ഷണങ്ങളിലൂടെ അത് തന്നില്‍ നിന്നു തന്നെ പുതിയൊരു വ്യവസ്ഥയുടെ ഉണര്‍വിന് കാതോര്‍ക്കുകയാണ്. അത് അതായിരിക്കുന്ന അവസ്ഥയില്‍ ഒന്നുമില്ല എന്ന തിരിച്ചറിവില്‍ നിന്ന് അതിനെ പുതുക്കിപ്പണിയുന്ന പരിശ്രമങ്ങളിലേക്ക് സ്വയം എത്തിപ്പെടുകയാണ് ചെയ്യുന്നത്.

മലയാള സിനമാരംഗം ഇപ്പോള്‍ ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോകുകയാണ്. ന്യൂജനറേഷന്‍ സിനിമ എന്ന് അതിന്റെ ആരാധകര്‍ അതിനെ അഭിസംബോധന ചെയ്യുന്നു. അത്തരമൊരു സംഗതിയേ നിലവിലില്ല എന്ന തരത്തില്‍ സംസാരിക്കുന്ന വ്യക്തികളുമുണ്ട്. പക്ഷെ ഒരു കാര്യം വ്യക്തമാണ്. ഒരു മാറ്റം സംഭവിക്കുന്നുണ്ട്. അത് അത്ര സൂക്ഷ്മമൊന്നുമല്ല. വളരെ പ്രകടം തന്നെയാണ്.

പുതുനൂറ്റാണ്ടിന്റെ എല്ലാത്തരം ഉത്കണ്ഠകളെയും അസ്വസ്ഥതകളെയും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആവിഷ്‌കരിക്കാനും അതിലൂടെ കലാപരമായ പൂരിപ്പിക്കല്‍ നമ്മുടെ സാമൂഹിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സാഹിത്യം എന്ന മാധ്യമത്തേക്കാല്‍ സിനിമയ്ക്കു കഴിയും. പുതിയ ലോകം സാങ്കേതിക വളര്‍ച്ചയുടെ അനന്തരഫലമായി അതി ഭൗമികവത്കരിക്കപ്പെട്ടിരിക്കുന്നു. അത്തരമൊരു ത്രിശങ്കു ലോകത്തിന്റെ ആവശ്യങ്ങള്‍ മണ്ണില്‍ കാലുറപ്പിച്ച് ജീവിച്ചിരുന്ന ലോകത്തിന്റെ ആവശ്യകതകളില്‍ നിന്നു വ്യത്യസ്തമാണ്. നവമനുഷ്യന്റെ ശൈലികള്‍, പ്രവര്‍ത്തികള്‍ അവയിലൂടെ ഉരിത്തിരിയുന്ന അവന്റെ ഭൗമജീവിതം ഇവയൊക്കെ അക്ഷരങ്ങളുടെ അടുക്കും ചിട്ടയ്ക്കും വെളിപ്പെടുത്താനാകാത്തവയാണ്. വാക്കുകളുടെ ഏകസ്ഥാനകേന്ദ്രീകൃതമായ പ്രയാണത്തിന് വിശദീകരിക്കാനാവാത്തവയാണ് ദൃശ്യങ്ങളില്‍ പുലരുന്ന നവകാലത്തിന്റെ മാനസ സഞ്ചാരങ്ങള്‍. അപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളില്‍ മാറ്റം വരുത്താതെ, അവയുടെ ഘടനകളില്‍ സമൃദ്ധമായി ഇടപെടാതെ നമുക്കൊരിക്കലും ഒരു വിപ്ലവം സാധ്യമല്ലാതായി വരുന്നു.

കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങളായി മലയാള സിനിമയില്‍ വന്നുകൊണ്ടിരിക്കുന്ന പുതുമകളെ അപ്പാടെ ഒറ്റനാമത്തില്‍ ന്യൂജനറേഷന്‍ എന്നു വിളിക്കുമ്പോള്‍ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ചില സംഗതികളോര്‍ക്കുക. അവയ്ക്ക് ഒരു നേതൃത്വബിംബമോ പൊതു ആശയമണ്ഡലമോ ഇല്ല. പക്ഷെ, ഇവയെല്ലാം ഒത്തു പോരുന്ന ഒരു ഘടകമുണ്ട്. അത് കഥപറയുന്ന പാറ്റേണിന്റെ വ്യത്യസ്തയാണ്. കഥയുടെ സ്വീകരണത്തില്‍ തന്നെ ഒരു പോളിച്ചെടുക്കല്‍ സംഭവിച്ചിരിക്കുന്നു. വലിയ കഥകള്‍ ഇനി സിനിമയ്ക്ക് ആവശ്യമില്ല. കഥ പറഞ്ഞ് ഫലിപ്പിക്കുക, സാഹിത്യത്തിന് ഒരു അനുജത്തിയായി വര്‍ത്തിക്കുക എന്നതല്ല സിനിമയുടെ കര്‍ത്തവ്യമെന്ന തിരിച്ചറിവിലേക്ക് ഈ സംവിധായകരില്‍ ചിലരെങ്കിലും എത്തിപ്പെട്ടു എന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു സംഗതിയാണ്. ഏതെങ്കിലും കഥയോ നോവലോ ചികഞ്ഞെടുക്കുക. അതിന് സിനിമാ ഭാഷ്യം കൊടുക്കുക, എന്നിട്ട് നീതിപുലര്‍ത്തിയോ എന്ന് വാദപ്രതിവാദം നടത്തുക. ഇതൊന്നുമല്ല സിനിമ. ഒരു സംവിധായകന്‍ തന്റെതന്നെ സര്‍ഗാത്മക ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇത്തരം സര്‍ക്കസുകളുടെയൊന്നും ആവശ്യം വരുന്നില്ല. ആയാള്‍ തന്നിലുള്ള സ്വപ്‌നങ്ങളെ ആവിഷ്‌കരിക്കണം. മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് പിറകെ പായുന്നതില്‍ അര്‍ഥമെന്ത്? സംവിധായകന്‍ തന്റെയുള്ളിലെ അസംതൃപ്തിയെ അല്ലെങ്കില്‍ അപൂര്‍ണമായ അഭിവാഞ്ജകളെ വെളിപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് അയാള്‍ യഥാര്‍ഥ കലാകാരനാകുന്നത്. താരങ്ങള്‍ക്കു വേണ്ടി കഥയൊരുക്കി പണം കൊയ്യാന്‍ വേണ്ടി പടച്ചൊരുക്കുന്നതൊന്നും കലാസൃഷ്ടികളല്ല. അവയ്‌ക്കൊക്കെ കാലത്തിന്റെ ചെളിക്കുണ്ടിലാണ് സ്ഥാനം. സാധാരണ ജനങ്ങളുടെ വൈകാരിക തലങ്ങളിലെ ചൂഷണം ചെയ്തിറക്കുന്ന കലാസൃഷ്ടികള്‍ സാമൂഹിക വൈകൃതങ്ങളാണ്. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുക അവരുമായി താദാത്മ്യം പുലര്‍ത്തുക എന്നതല്ല കലാകാരന്റെ ദൗത്യം. തന്‍ നില്‍ക്കുന്ന മാനസികോല്ലാസത്തിന്റെ ഉത്തുംഗതയിലേക്ക് അവരെ നയിക്കുക എന്നതാണ്. അതിന് ആദ്യം കലാകാരനായി ഇറങ്ങിത്തിരിക്കുന്ന ഒരുവന്റെ ഹൃദയത്തിലും തലച്ചോറിലും കാമ്പുള്ള ചില കാര്യങ്ങള്‍ ഉണ്ടാകണം.

ഉദാത്ത സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്ന അവസരങ്ങളില്‍ പലരും പറയാറുണ്ട് പഴയ ചിത്രങ്ങള്‍ കാണണമെന്ന്. അത് ഒരു വീക്ഷണവൈകല്യം മാത്രമാണ്. ആ സിനിമകളുടെ മഹിമ കൊണ്ടല്ല സ്വന്തം യൗവന കാലത്തോടുള്ള ഗൃഹാതുരബോധം കൊണ്ടാണ് ഇത്തരം ആള്‍ക്കാര്‍ ഇങ്ങനെ സംസാരിക്കുന്നത്. പഴയ സിനിമകളില്‍ ഭൂരിഭാഗവും ക്യാമറയില്‍ പകര്‍ത്തിയ നാടകങ്ങളല്ലാതെ മറ്റൊന്നുമല്ല. അടൂരിന്റെയും ജോണിന്റെയും അരവിന്ദന്റെയും ചിത്രങ്ങളില്‍ മലയാളികള്‍ ആദ്യമായി ദൃശ്യഭാഷ കണ്ടു. പിന്നീട് അത് ചായം വരക്കാരുടെ സ്വപ്‌നങ്ങളായി അധഃപതിച്ചു. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. ഇന്ത്യന്‍ സിനിമ എന്നത് ഒരു ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് അല്ലാതെ മറ്റൊന്നുമല്ല. ആവശ്യത്തിനു കോമാളിത്തം, പാട്ട്, നൃത്തം, മായാജാലം, കായികാഭ്യാസങ്ങള്‍ ഇവയില്‍ യഥാര്‍ഥ സിനിമ രൂപപ്പെടുന്നില്ല. ശിഥില രൂപങ്ങളുടെ ഒരു വൈകൃത മിശ്രിതം. ഇതേ വിശേഷണം തന്നെ ഹോളിവുഡ് സിനിമകള്‍ക്കും ചേരും. ഒരു കൂറ്റന്‍ കപ്പലിന്റെ വലിപ്പമുള്ള യന്ത്രത്തോടാണ് അമേരിക്കന്‍ സിനിമയെ ഗോദാര്‍ദ് താരതമ്യപ്പെടുത്തുന്നത്. അതിന്റെ ജോലിയോ വെറും മുദ്രകുത്തലും. വന്‍തോതില്‍ പണമിറക്കുക, എന്തു ത്യാഗം സഹിച്ചും അത് തിരിച്ചെടുക്കുക. ഒരര്‍ഥത്തില്‍ സിനിമ പിടിത്തം ഒരു ഞാണിന്മേല്‍ കളിയായും മാറുന്നുണ്ട്. ഇത്തരം സിനിമകള്‍ 99 ശതമാനം വ്യവസായവും ഒരു ശതമാനം കലയുമാണ്. ഇവയ്ക്കു പിന്നില്‍ ഒരു സര്‍ഗാത്മക വ്യക്തിത്വമില്ല. ഇവിടെ സംവിധായകന്‍ എന്നത് ഒരു കണ്‍ട്രോളര്‍ അല്ലെങ്കില്‍ മാനെജര്‍ എന്ന നിലകളിലേക്കു തരംതാഴ്ത്തപ്പെടുന്നു.

മലയാള സിനിമയെ സംബന്ധിച്ച് അതിന്റെ ദൃശ്യഭാഷയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പേരിലാണ് ഇവിടെ നവതരംഗം എന്നൊരു പ്രതിഭാസമുണ്ടെന്നു നാമറിയുന്നത്. കണ്ടുമടുത്ത രംഗങ്ങളില്‍ നിന്നൊരു വിടുതല്‍. ക്ലീഷേയായ പശ്ചാത്തല സംഗീതത്തിന്റെ ഒരളവുവരെയുള്ള ഒഴിവാക്കല്‍, ടോപ്പ് കഥാപാത്രങ്ങളുടെ തിരസ്‌കരണം, അഭിനയത്തില്‍ കൊണ്ടുവരുന്ന പുതിയ ശൈലി ഇതിന്റെയെല്ലാം പിന്നില്‍ കലയെ സ്‌നേഹിക്കുന്ന ഒരു മനുഷ്യനുണ്ടെന്ന തോന്നല്‍..

തൊണ്ണൂറുകള്‍ തൊട്ട് തുടങ്ങിയ താരാധിപത്യ, പത്രപ്രവര്‍ത്തക- മിമിക്രി സിനിമകളില്‍ നിന്നുള്ള വിടുതി വലിയൊരാശ്വാസം തന്നെയാണ്. ഫ്യൂഡല്‍ കഥാപരിസരങ്ങളില്‍ നിന്നു ഗ്രാമീണമായ നന്മ എന്നു വിശ്വസിക്കുന്ന ഒരില്ലായ്മയില്‍ നിന്നു അത് നാഗരികമായ ആകുലതകളിലേക്കു വൈയക്തികമായ ആനന്ദങ്ങളിലേക്കും കുടിയേറുന്ന കാഴ്ചയാണ് 2010 മുതല്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രമേയ പരിസരങ്ങളില്‍ അവ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണെങ്കിലും സമൂലമായ ഒരു ദൃശ്യസംസ്‌കാര പരിഷ്‌കരണത്തിനു വേണ്ടി വാദിക്കുന്ന സംരംഭങ്ങളെന്ന തരത്തില്‍ അത്തരം പോരായ്മകള്‍ തത്കാലം നമുക്ക് വിസ്മരിക്കാം.

പണ്ട് ഒരു പ്രേക്ഷകന്റെ മൂലധനം പഴയകാല മലയാള ചിത്രങ്ങള്‍ മാത്രമായിരുന്നു. പക്ഷെ പുതിയ തലമുറ ഫിലിം ഫെസ്റ്റിവല്‍ അനുഭവങ്ങളിലൂടെയും ഡൗണ്‍ലോഡ് ചെയ്തു കണ്ട സിനിമകളിലൂടെയുമാണ് കടന്നു വരുന്നത്. സാമ്പ്രദായിക രീതിയില്‍ കഥ പറയുന്ന ശൈലിയില്‍ നിന്നു വള്ളുവനാടന്‍ ശൈലിയില്‍ നിന്നു ഓരോ ദേശത്തിന്റെയും നാട്ടുഭാഷകളിലേക്ക് നമ്മുടെ സിനിമ ചേക്കേറുന്നത് നല്ലൊരു ശബ്ദാനുഭവം തന്നെയാണ്. ചീപ്പ് സെന്റിമെന്റല്‍ കഥകള്‍ സീരിയലുകള്‍ ഏറ്റെടുത്തിരിക്കുന്നു. കോമഡി സ്‌കിറ്റുകള്‍ കണ്ടു ചിരിച്ചു മറിയാന്‍ ഒരു സിനിമ കണേണ്ട കാര്യമുണ്ടോ എന്ന തിരിച്ചറിവിലേക്കും ജനം എത്തിച്ചേര്‍ന്നിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ പരീക്ഷണോത്മുഖമായ ചിത്രങ്ങള്‍ ജനശ്രദ്ധ നേടുന്നത് നല്ല കാര്യം തന്നെ . അത് പ്രേക്ഷകനില്‍ മാറിവരുന്ന രുചിഭേദങ്ങളുടെ നേര്‍ സാക്ഷ്യമാണ്. ട്രാഫിക്, ട്വെന്റി ടൂ ഫീമെയില്‍ കോട്ടയം, ടാ തടിയാ, അന്നയും റസൂലും, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍, ഈ അടുത്ത കാലത്ത്, ഷട്ടര്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രതീക്ഷയുളവാക്കുന്നവയാണ്. ഈ ചിത്രങ്ങളുടെയത്ര നിലവാരം പുലര്‍ത്തിയില്ലെങ്കിലും ബ്യൂട്ടിഫുള്‍, കോക് ടെയ്ല്‍, നായകന്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, സാള്‍ട്ട് ആന്റ് പെപ്പര്‍, ബാച്ചിലേഴ്‌സ് പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങള്‍ ദൃശ്യഭാഷയിലും കഥപറയുന്ന ശൈലിയിലും ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു എന്നു പറയാതിരിക്കാനാവില്ല.

പുതിയൊരു സംഗതി നിലവില്‍ വരുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നവരാണേറെയും. അത് ശീലം കൊണ്ടാണ്. ക്രമേണ എതിര്‍ക്കുന്നവര്‍ പോലും അതിന്റെ വക്താക്കളായി തീരും. ന്യൂജനറേഷന്‍ സിനിമകള്‍ക്ക് ഇനി വേണ്ടത് കരുത്തുറ്റ പ്രമേയ പരിസരങ്ങളാണ്. വ്യത്യസ്തമായ ശൈലികൊണ്ടു മാത്രം ഏറെക്കാലം മുന്നോട്ടു പോകാനാകില്ല. അത്തരമൊരു തിരിച്ചറിവിലേക്കു ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സര്‍ഗാത്മക വ്യക്തിത്വങ്ങള്‍ എത്തിപ്പെടുന്ന കാലം വിദൂരമല്ല.

Generated from archived content: essay1_june25_13.html Author: arunkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English