പുലര്‍കാല വേളയുടെ ഉന്മേഷം പകര്‍ന്നുകൊണ്ട് കിഴക്കന്‍ കാറ്റ് മെല്ലെ വീശുന്നു. വിണ്ണിലൂടെ ഊളിയിട്ടു പറക്കുന്ന വിഹംഗങ്ങള്‍ താഴെ സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന തരുലതാദികള്‍. ഇലകളില്‍ കണ്ണീരുപോലെ പറ്റിപ്പിടിച്ചിരുന്ന മഞ്ഞിന്‍ കണങ്ങള്‍. പ്രഭാതത്തിന്റെ എല്ലാ സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് സുരേന്ദ്രന്‍ മെല്ലെ കൈ രണ്ടും മുകളിലേക്കുയര്‍ത്തി ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. പിന്നെ തണുത്ത വെള്ളത്തില്‍ കുളിച്ച്, തല തോര്‍ത്തി പതുക്കെ വീടിനുള്ളിലേക്ക് പ്രവേശിച്ചു. ഭാര്യ വിമല അലക്കിതേച്ച മുണ്ടും ഷര്‍ട്ടും മേശപ്പുറത്ത് എടുത്ത് വെച്ചിരുന്നു.ഒരുങ്ങി വന്നപ്പോള്‍ തീന്‍ മേശയില്‍ ഇഡ്ഡലിയും സാമ്പാറും റെഡി. കഴിച്ച് തീര്‍ന്നപ്പോഴേക്കും വാച്ചില്‍ നോക്കി. ഏഴിന് അഞ്ചു മിനിറ്റു ബാക്കി. ഒറ്റവലിക്കു ചായ കുടിച്ചു തീര്‍ത്തശേഷം ബസ്സ്റ്റോപ്പിലേക്ക് ഒറ്റയോട്ടം. ഏഴു മണിക്കുള്ള ബസ് പിടിക്കാന്‍. നല്ല തിരക്കുണ്ട് ബസില്‍ അടുത്ത സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും നിറഞ്ഞു കഴിഞ്ഞിരുന്നു. ഞെങ്ങി ഞെരങ്ങി ടൗണില്‍ എത്തിയപ്പോഴേക്കും സുരേന്ദ്രന്‍ ഒരു പരുവമായിക്കഴിഞ്ഞിരുന്നു.
അടുത്ത ജംഗ്ഷനില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നില്‍ക്കുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യാനുള്ള ഊഴം കാത്തുനില്‍ക്കുന്ന തൊഴിലാളികളാണവര്‍. സുരേന്ദ്രന്‍ എത്തിയപ്പോഴേക്കും നാലു യുവാക്കള്‍ മുന്നോട്ടു വന്ന് അടുത്തു കൂടി. രണ്ടു പേര്‍ ഒരു വര്‍ഷമായി കൂടെ ജോലി ചെയ്യുന്നവരാണ്. മറ്റു രണ്ടുപേര്‍ പുതുതായി വന്നവരും. പിന്നെ അഞ്ചുപേരും കൂടി അടുത്ത ബസ്റ്റോപ്പിലേക്ക് നടന്നു. ഇന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലാണ് പെയ്ന്റിംഗ്.
വിമല മകന്‍ രാജേഷിന് പ്രാതല്‍ തീന്‍ മേശയില്‍ എടുത്തു വച്ചു. വട്ടത്തിലുള്ള മൂടി കൊണ്ട് ചോറ്റു പാത്രം നന്നായി അടച്ച ശേഷം അവര്‍ അത് പ്ലാസ്റ്റിക് കവറിലാക്കി തീന്മേശയില്‍ എടുത്തു വച്ചു. അപ്പോഴേക്കും ഇളം നീല ഷര്‍ട്ടും കാക്കി പാന്റ്സും ധരിച്ച് രാജേഷ് പ്രാതല്‍ കഴിക്കാന്‍ റെഡിയായി എത്തിയിരുന്നു. ബസിറങ്ങിയ ശേഷം അവന്‍ സ്കൂളിലേക്ക് ധൃതിയില്‍ നടന്നു. പുറത്ത് തൂക്കിയിരിക്കുന്ന ബാഗിന്റെ കനം നടത്തത്തിന്റെ സ്പീഡിനെ നന്നായി ബാധിക്കുന്നുണ്ട്. ബെല്ലടിക്കാന്‍ ഇനി അര മണിക്കൂര്‍ കൂടിയേ ബാക്കിയുള്ളു. വഴിയില്‍ മറ്റു വിദ്യാര്‍ഥികളെ ഒന്നും തന്നെ കാണാനില്ല. എല്ലാവരും ഇതിനകം സ്കൂളില്‍ എത്തിയിരുന്നു. പുറകോട്ട് നോക്കിയപ്പോള്‍ ഒരു മുട്ടത്തലയന്‍ ചെറുക്കന്‍ വേഗത്തില്‍ നടന്നു വരുന്നു. മറ്റാരുമല്ല എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സുധീഷ്. ആവൂ സമാധാനമായി ഒരുത്തനെങ്കിലും കൂട്ടിനുണ്ടല്ലോ അടുത്തെത്തിയപ്പോള്‍ സുധീഷ് വേഗമൊന്നു കുറച്ചു ഒപ്പം’‘ പൂവന്‍ പഴം’‘ എന്നൊരു വിളിയും. അതിനുശേഷം ഒറ്റയോട്ടം. രാജേഷും പുറകെ ഓടി പിന്നെ അവന്റെ കോളറിനു കയറിപിടിച്ചിട്ട് പുറത്തിനിട്ട് ആഞ്ഞൊരു ഇടി കൊടുത്തു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും അടിയുടേയും ഇടിയുടേയും ശക്തമായ കൊടുക്കല്‍ വാങ്ങല്‍. മല്‍പ്പിടുത്തം കഴിഞ്ഞപ്പോള്‍ ഇരുവരുടേയും കുപ്പായത്തില്‍ നിറയെ മണ്ണും പൊടിയും. പൊടി തട്ടി കളയുന്നതിനിടക്ക് രണ്ടു പേരും രൂക്ഷമായ നോട്ടത്തിലൂടെ വെല്ലുവിളികള്‍ കൈമാറിക്കൊണ്ടിരുന്നു….
ഫസ്റ്റ് ബെല്ലടിച്ചു എല്ലാവരും ക്ലാസ്സില്‍ കയറി ഏഴു ബി ക്ലാസ്സിലെ ഇടതു നിരയിലെ അവസാന ബെഞ്ചിന്റെ തൊട്ടു മുന്നില്‍ വലതുഭാഗത്ത് രണ്ടാമതായാണ് രാജേഷിരിക്കുന്നത്. മുഖത്ത് ഇപ്പോഴും ദേഷ്യ ഭാവം തന്നെ. കുട്ടികളുടെ കലപില ശബ്ദം അന്തരീക്ഷത്തില്‍ തുടര്‍ന്നും അലയടിച്ചുകൊണ്ടിരുന്നു. അപ്പോള്‍ അതാ വരുന്നു വരാന്തയിലൂടെ ചൂരലും ചുഴറ്റിക്കൊണ്ട് ഹെഡ്മാസ്റ്റര്‍ മത്തായി സാര്‍. ഒരു റൗണ്ട് പൂര്‍ത്തിയാക്കിയപ്പോഴേക്കും വിദ്യാലയമാകെ വിജനമായതു പോലെയുള്ള നിശബ്ദത. ക്ലാസ്സ് ടീച്ചര്‍ ബിന്ദു ക്ലാസ്സിലെത്തി ഹാജറെടുത്തു. തുടര്‍ന്ന് മലയാളം ക്ലാസ് ആരംഭിച്ചു. ഇതിനിടയില്‍ പിന്‍ ബെഞ്ചിലിരിക്കുന്ന ഒരു വികൃതിക്കാരന്‍ രാജേഷിനെ ഒന്ന് തോണ്ടി. അവന്‍ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി അവനെ കണ്ടു കറുത്ത് മെലിഞ്ഞശരീരപ്രകൃതിയുള്ള വിനോദ് കുമാര്‍. എന്തുവാടാ ….. ചീത്ത വിളിച്ചു കഴിഞ്ഞപ്പോഴേക്കും രാജേഷിനെ ബിന്ദു ടീച്ചര്‍ കോളറിനു പിടിച്ചു വലിച്ച് ക്ലാസ്സിനു മുന്‍പില്‍ കൊണ്ടുപോയി നിര്‍ത്തിയിരുന്നു. ശക്തമായ ചൂരല്‍ കഷായ പ്രയോഗത്തിനു ശേഷം അവനെ ക്ലാസ്സിനു വെളിയില്‍ നിര്‍ത്തി ‘’ രക്ഷകര്‍ത്താവിനെ വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി’‘ ബിന്ദു ടീച്ചര്‍ ദേഷ്യത്തോടെ ആജ്ഞാപിച്ചു.
സുരേന്ദ്രനും കൂട്ടാളികളും വീടിന്റെ ചുവര്‍ കഴുകുന്ന തിരക്കിലാണ്. ചുവരിന്റെ അവിടെയും ഇവിടെയും പറ്റിപ്പിടിച്ചിരിക്കുന്ന സിമിന്റിന്റെ ശകലങ്ങള്‍ ഉളി കൊണ്ട് രാകി നീക്കി. ഇടക്കിടക്കു സുരേന്ദ്രന്‍ പുതുതായി വന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. പതിനൊന്നു മണിയോടെ വെള്ളപൂശല്‍ ആരംഭിച്ചു. അല്‍പ്പ സമയത്തിനു ശേഷം വീട്ടുടമസ്ഥ ഒരു സ്റ്റീല്‍ പാത്രത്തില്‍ അഞ്ചു ഗ്ലാസ്സ് ചായയുമായെത്തി. മരത്തണലിലിരുന്ന് എല്ലാവരും നന്നായി ആസ്വദിച്ചുകൊണ്ട് ചായ കുടിച്ചുകൊണ്ടിരുന്നു സുരേന്ദ്രന്‍ പോക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ് മെല്ലെ എടുത്ത് കത്തിച്ചു. ഓരോ പുകയെടുക്കുമ്പോഴും അയാള്‍ നൈമിഷാനന്ദത്തിന്റെ കൊടുമുടിയിലേക്ക് മെല്ലെ കയറിക്കൊണ്ടിരുന്നു. അവസാന പുകയിലച്ചുരുളും കത്തിയമര്‍ന്നപ്പോള്‍ അയാള്‍ ആ കൊടുമുടിയില്‍ നിന്നും ഞൊടിയിടയില്‍ താഴേക്കു പതിച്ചു.
പണി തുടരുന്നു നേരം ഒരു മണിയായി തൊഴിലാളികള്‍ കയ്യും കാലും മുഖവും കഴുകി ഉണ്ണാന്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. പുതുതായി വന്ന യുവാക്കള്‍ മുണ്ടഴിച്ചിട്ടു തലചൊറിഞ്ഞുകൊണ്ട് കോമാളികളേപ്പോലെ സുരേന്ദ്രനെ നോക്കി ഒന്ന് ഇളിച്ചു. അയാള്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും കൂടി 100 രൂപ കൊടുത്തിട്ട് വേഗം ഉണ്ടിട്ട് വരാന്‍ നിര്‍ദ്ദേശിച്ചു.
അന്നത്തെ പണി അവസാനിപ്പിച്ചു . വീട്ടുടമസ്ഥന്‍ അഞ്ചുപേരുടെ കൂലിയായി 2500 രൂപ സുരേന്ദ്രനെ ഏല്‍പ്പിച്ചു. വിശക്കുന്നവന്‍ ആഹാരത്തെ നോക്കുന്നതു പോലെ പുതുമുഖങ്ങള്‍ ആ അഞ്ഞൂറ് രൂപാ നോട്ടുകളെ ആര്‍ത്തിയോടെ നോക്കി നിന്നു. ബസ്റ്റോപ്പിലെത്തിയപ്പോള്‍ പുതുമുഖങ്ങള്‍ തല ചൊറിഞ്ഞു കൊണ്ട് സുരേന്ദ്രനെ നോക്കി വീണ്ടും ഇളിച്ചു. അയാള്‍ അവര്‍ക്ക് വീണ്ടു 100 രൂപ കൊടുത്തു. പിന്നെ 500 രൂപാ വീതം മറ്റു രണ്ടു തൊഴിലാളികള്‍ക്കുമായി നല്‍കി. വാടിയ പുഷ്പങ്ങള്‍ കരിഞ്ഞു പോകുന്നത് പോലെ നിരാശരായി പുതുമുഖങ്ങള്‍….
ആറുമണിയോടെ ബസ് ടൗണിലെത്തി. സുരേന്ദ്രന്‍ മുണ്ട് മടക്കിക്കുത്തി പ്ലാസ്റ്റിക്ക് കവര്‍ മടക്കി വലതു കൈപ്പിടിയില്‍ ഒതുക്കി ധൃതിയില്‍ നടന്നു. മെയില്‍ റോഡില്‍ നിന്ന് ഇടത്തോട്ട് തിരിയുന്ന വഴിയില്‍ ആദ്യം കണ്ട കടയില്‍ നിന്ന് ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് മിക്ചറും വാങ്ങിച്ചു. കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോള്‍ തന്റെ പതിവ് സങ്കേതം ദൃശ്യമായി ‘’ കല്‍പ്പന വൈന്‍ ഷോപ്പ്’‘ ഒരു പൈന്റു വാങ്ങി പിന്നെ….
രാത്രി കരിനിഴല്‍ എങ്ങും പരന്നു കഴിഞ്ഞിരിക്കുന്നു. അങ്ങകലെ വിളക്ക് മരത്തിന്റെ അരികിലുള്ള കലുങ്കില്‍ ഒരു കൂട്ടം തൊഴില്‍ രഹിത ചെറുപ്പക്കാര്‍ സൊറ പറഞ്ഞിരിക്കുന്നു. വീട്ടില്‍ വിമലയും മകനും തനിച്ചാണ്. വാതില്‍ക്കല്‍ ആരോ മുട്ടുന്ന ശബ്ദം വിമല വാതില്‍ തുറന്നു. മുന്നില്‍ സുരേന്ദ്രന്‍ ആടിയാടി നില്‍ക്കുന്നു. പതുക്കെ മുറിയിലാകെ മദ്യത്തിന്റെ ഗന്ധം പരന്നു തുടങ്ങി. വിമല വേഗം ചോറും കറികളും തീന്‍ മേശയില്‍ എടുത്തു വച്ചു. അയാള്‍ കയ്യും മുഖവും കഴുകി ഊണു കഴിക്കാന്‍ ഇരുന്നു. ഉരുള വായില്‍ വച്ചപ്പോഴേക്കും അയളുടെ മുഖം ചുവന്നു തുടുത്തു. എന്തുവാടി ഇത്?….. ചില മലയാള പദങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള ആക്രോശം കഴിഞ്ഞപ്പോള്‍ അവളുടെ മുഖത്ത് അഞ്ചു ചുവന്ന വിരല്‍പ്പാടുകള്‍ വ്യക്തമായി പതിഞ്ഞു കഴിഞ്ഞിരുന്നു. എല്ലാം കഴിഞ്ഞപ്പോഴേക്കും വിമല ഏങ്ങിയേങ്ങി കരയുന്നുണ്ടായിരുന്നു. അയാളുടെ ദേഷ്യം അപ്പോഴും അടങ്ങിയിരുന്നില്ല. കയ്യില്‍ കിട്ടിയതെല്ലാം അയാള്‍ വലിച്ചെറിഞ്ഞു. ഒരു മൂലക്ക് മകന്‍ രാജേഷ് പേടിച്ചരണ്ടിരിക്കുന്നു.
മണി മുഴങ്ങി കുട്ടികള്‍ എല്ലാവരും ക്ലാസില്‍ കയറി ഏഴു ബി ക്ലാസ്സിനു വെളിയില്‍ രാജേഷ് നിര്‍വികാരനായി നില്‍ക്കുന്നു. ഒരു കയ്യില്‍ വടിയും മറു കയ്യില്‍ പുസ്തകവുമായി ബിന്ദു ടീച്ചര്‍ വരാന്തയിലുടെ നടന്നു വരുന്നത്‍ വ്യക്തമായി കാണാം. അടുത്തെത്തിയപ്പോള്‍ ടീച്ചര്‍ ഒന്നു നിന്നു. പിന്നെ രാജേഷിനെ അടിമുടിയൊന്നു നോക്കി.
ടീച്ചര്‍ ചോദിച്ചു
‘’ രക്ഷകര്‍ത്താവിനെ വിളിച്ചോണ്ട് വന്നില്ലേ നീ’‘
‘’ ഇല്ല’‘
‘’ഹും, എന്താ കാരണം?’‘
മറുപടി പറയാതെ പ്രതിമയേപ്പോലെ അവന്‍ അനങ്ങാതെ നിന്നു.
‘’അച്ഛന്റെ മൊബൈല്‍ നമ്പര്‍ എന്താണ്’‘?
വീണ്ടും മൗനം.
കണ്ണുരുട്ടി വടിയോങ്ങിക്കൊണ്ട് വീണ്ടും അച്ഛന്റെ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്റെ ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയി. പിന്നെ മനസിന്റെ ചെപ്പ് തുറന്ന് അവനറിയാതെ നമ്പര്‍ താനേ പുറത്ത് വന്നു.
ടീച്ചര്‍ രാജേഷിന്റെ അച്ഛനെ വിളിച്ച് അത്യാവശ്യമായി സ്കൂള്‍ വരെ വരാന്‍ അറിയിച്ചു.
സുരേന്ദ്രന്‍ സ്കൂളില്‍ എത്തിയപ്പോള്‍ നേരം ഉച്ചയായിരുന്നു . കുട്ടികള്‍ ഊണ് കഴിക്കുന്ന തിരക്കിലാണ്. അയാള്‍ നേരെ സ്റ്റാഫ് റൂമിലേക്കു ചെന്നു ബിന്ദു ടീച്ചറെ തിരക്കി. ടീച്ചര്‍ ഇറങ്ങി വന്നു പിന്നെ പ്യൂണിനെ വിട്ട് രാജേഷിനെ വിളിപ്പിച്ചു. അവന്‍ മെല്ലെ സ്റ്റാഫ് റൂമിലേക്കു നടന്നു വന്നു. ഭയം അവന്റെ മുഖത്ത് ഒരു നിഴല്‍ പോലെ വ്യക്തമായിരുന്നു.
സുരേന്ദ്രന്‍ ചോദിച്ചു.
‘’ എന്താണ് ടീച്ചര്‍ പ്രശ്നം’‘?
ടീച്ചര്‍ ഒന്നൊഴിയാതെ എല്ലാം പറഞ്ഞു തീര്‍ന്നപ്പോഴേക്കും സുരേന്ദ്രന്റെ മുഖം ചുവന്നു തുടുത്തു. നിന്നെയൊക്കെ എന്തിനാടാ സ്കൂളില്‍ വിടുന്നത് ….. തന്റെ പതിവ് ശൈലിയിലുള്ള ചീത്ത വിളി കഴിഞ്ഞപ്പോള്‍ ടീച്ചര്‍ അന്തം വിട്ടു നിന്നു.
‘’ രാജേഷ് ക്ലാസിലേക്കു പൊയ്ക്കൊള്ളു’‘ ടീച്ചര്‍ പറഞ്ഞു.
‘’ ഇവനെയൊക്കെ നല്ല തല്ലുകൊടുത്തു നിലക്ക് നിര്‍ത്തണം’‘ സുരേന്ദ്രന്‍.
‘’ അത് നിങ്ങള്‍ ചെയ്യേണ്ടതല്ലേ നിങ്ങളെ കണ്ടല്ലേ അവന്‍ പഠിക്കുന്നത്’‘ ടീച്ചര്‍ പറഞ്ഞു.
ഉച്ച കഴിഞ്ഞ് ക്ലാസിലെത്തിയപ്പോള്‍ ടീച്ചര്‍ ചിന്താമഗ്നയായിരുന്നു. ഒന്നും പഠിപ്പിക്കുവാന്‍ തോന്നിയില്ല. കുറെ സമയം മൗനം പലിച്ചതിനു ശേഷം രാജേഷിനെ തന്റെ അടുക്കലേക്കു വിളിപ്പിച്ചു.
“രാജേഷ് ഇങ്ങനെയൊന്നും ക്ലാസ്സില്‍ പെരുമാറരുത് നീ നല്ല കുട്ടിയല്ലേ’‘
‘’ക്ഷമിക്കണം ടീച്ചര്‍’‘
‘’നിനക്ക് ഭാവിയില്‍ ആരാകാനാണ് ആഗ്രഹം?’‘
‘’എനിക്ക് അച്ഛനെപ്പോലെയാകണം ‘’
‘’അത് പോര നീ പഠിച്ച് വലിയ ഉദ്യോഗസ്ഥനാകണം’‘
‘’ശരി ടീച്ചര്‍’‘
അവന്‍ തിരിച്ച് നടന്നു പോകുന്നത് ടീച്ചര്‍ കണ്ണ് ചിമ്മാതെ നോക്കി നിന്നു.
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം……
സുരേന്ദ്രന്‍ ഇന്ന് സട കൊഴിഞ്ഞ സിംഹമാണ്. യവ്വനം അയാളുമായുള്ള സൗഹൃദം എപ്പഴോ അയാളറിയാതെ അവസാനിപ്പിച്ചിരിക്കുന്നു. രോഗങ്ങളാണ് ഇന്ന് അയാളുടെ ചങ്ങാതിമാര്‍. ഇപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല. വിമല മരുമകള്‍ രജനിയുമൊന്നിച്ച് അടുക്കളയില്‍ ആഹാരം പാകം ചെയ്യുന്ന തിരക്കിലാണ്. കൊച്ചു മകന്‍ ആദര്‍ശ് മുറിയിലൂടെ ഓടിക്കളിക്കുന്നു. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ട് രജനി വാതില്‍ തുറന്നു. രാജേഷ് പതിയെ മുറിയിലേക്കു പ്രവേശിച്ചു. അയാളില്‍ നിന്നും വമിച്ച മദ്യത്തിന്റെ രൂക്ഷഗന്ധം താങ്ങാനാകാതെ രജനി മൂക്ക് പൊത്തി. ”എടി മൂധേവി എന്തിനാടി നീ മൂക്ക് പൊത്തുന്നത്….” ചീത്ത വിളി കഴിഞ്ഞപ്പോഴേക്കും രജനി ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ടിരുന്നു. എല്ലാത്തിനു സാക്ഷിയായി വിമലയും സുരേന്ദ്രനും കൊച്ചു മകനേയും എടുത്തുകൊണ്ട് ഒരു മൂലക്ക് മൂകരായിരിക്കുന്നു.
സൂര്യന്റെ ആദ്യകിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാജേഷ് പല്ല് തേച്ച് കുളിച്ച് റെഡിയായിരിക്കുന്നു. അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു. തലേ ദിവസത്തെ ലഹരിയുടെ അവശിഷ്ടം. തീന്‍ മേശയില്‍ ഭക്ഷണം റെഡി. ഭക്ഷണം കഴിച്ച് പുറപ്പെടാനൊരുങ്ങിയപ്പോള്‍ ആരോ പിന്നില്‍ നിന്നും വലിക്കുന്നത് പോലെയൊരു തോന്നല്‍. അശുഭ ലക്ഷണമോ? മനസിന്റെ ഉള്‍ത്തട്ടില്‍ ഒരു തോന്നല്‍. ബസിറങ്ങി അയാളും കൂട്ടാളികളും നടന്നു. ജംഗ്ഷനടുത്തുള്ള മൂന്ന് നില ഷോപ്പിംഗ് മാളിലാണ് ഇന്നു പെയിന്റിംഗ്.
റോഡിലൂടെ വാഹന ഗതാഗതം ഏറി വരുന്നു. പല അവൃത്തിയിലുള്ള ഹോണ്‍ ശബ്ദങ്ങള്‍ ഇടക്കു മുഴങ്ങി കേള്‍ക്കാം. രാജേഷ് ഏറ്റവും മുകളിലത്തെ നിലയില്‍ തിരക്കിട്ട് ജോലി ചെയ്യുകയാണ്. ഇടക്ക് അയാള്‍ താഴേക്കു നോക്കി. കറുത്ത പരവതാനി വിരിച്ചിരിക്കുന്ന റോഡിലൂടെ ഒരേ ഉയരമുള്ള ആളുകള്‍ നടന്നു പോകുന്നു. വാഹങ്ങള്‍ ഇടതടവില്ലാതെ വന്നു പോകുന്നു . ഹോ ! തലകറങ്ങുന്നു. കണ്ണില്‍ ഇരുട്ട് കയറുന്നു. ബോധം വന്നപ്പോള്‍ കയ്യിലും കാലിലും പ്ലാസ്റ്ററിട്ടിരിക്കുന്നു . ശരീരത്തില്‍ അവിടെയിവിടെയായി മുറിവുകള്‍ ചുറ്റും ശോകമൂകരായി നില്‍ക്കുന്ന ഭാര്യയും മാതാപിതാക്കളും. അയാളുടെ തളര്‍ന്ന കണ്ണുകള്‍ തന്റെ കൂട്ടാളികളെ പരതി. പക്ഷെ ആരേയും കണ്ടില്ല. തളര്‍ന്ന മിഴികള്‍ മെല്ലെ അടഞ്ഞു. അപ്പോള്‍ ആ നിമിഷം അയാളുടെ മുന്നില്‍ കൂട്ടാളികള്‍ നില്‍ക്കുന്നു. അവരുടെ തലയില്‍ കൊമ്പ് മുളച്ചിരിക്കുന്നു. നാവില്‍ നിന്ന് രക്തം ഇറ്റിറ്റു വീഴുന്നു. രക്തദാഹിയായ അസുരന്‍മാര്‍. അവരുടെ മുന്‍പില്‍ തന്റെ ഭാര്യയും മാതാപിതാക്കളും അമ്പും വില്ലും ഏന്തി നില്‍ക്കുന്നു.
Generated from archived content: story1_dec13_12.html Author: arun_k_sreedhar