കാത്തിരിപ്പ്

പുറത്ത് ശക്തമായ മഴ പെയ്തു കൊണ്ടിരുന്ന ആ രാത്രിയില്‍ രോഹിണി വെറുതെ ഓരോന്നും ആലോചിച്ചു കൊണ്ട് കട്ടിലില്‍ കിടക്കുകയായിരുന്നു. പൊടുന്നെനെയാണ് കോളേജിലെ ഫെയര്‍വെല്‍ ചടങ്ങിനെ കുറിച്ചുള്ള ചിന്തകള്‍ അവളുടെ മനസിലേക്ക് കടന്നു കൂടിയത്. ചിന്തകള്‍ ചിത്രങ്ങളായി രോഹിണിയുടെ മനസിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്നു. ആ ചിത്രങ്ങളില്‍ ദര്‍ശിച്ച മുഖങ്ങളില്‍ അന്ന് ദുഖത്തിന്റെ കരിനിഴല്‍ പടര്‍ന്നിരുന്നു. സൗഹൃദമാകുന്ന മാലയില്‍ ആഹ്ലാദത്തിന്റെ പ്രകാശം പരത്തിയിരുന്ന മുത്തുകള്‍ മെല്ലെ ഊരിപ്പോകാന്‍ തുടങ്ങുന്നു. ചിന്തകളുടെ ഒഴുക്ക് കുറയുന്നു. അവള്‍ പതിയെ ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു.

മണ്ണില്‍ നിന്ന് പ്രാണികളെ കൊത്തിയെടുക്കുന്ന പക്ഷികളെപോലെ പ്രഭാതത്തില്‍ അവള്‍ പത്രത്തില്‍ നിന്ന് തൊഴിലവസരങ്ങള്‍ തേടിപിടിച്ചുകൊണ്ടിരുന്നു. ഓരോ അപേക്ഷയിലും അവള്‍ നല്ലൊരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുടെ ബീജം അടക്കം ചെയ്തിരുന്നു. ആ ബീജം വളര്‍ന്ന് മരമാകുന്നതും പുഷ്പിക്കുന്നതും കായ്ക്കുന്നതും സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പക്ഷേ ഓരോ റിസല്‍ട്ട് വരുമ്പോഴും അവള്‍ നിരാശയുടെ പടുകുഴയിലേക്ക് വീണു കൊണ്ടിരുന്നു. നിരാശയുടെ വളക്കൂറും ദുഖത്തിന്റെ ചെറിയ നനവുമുള്ള മണ്ണില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തിയ കോച്ചിംഗ് സെന്റര്കളെ ആശ്രയിക്കാന്‍ രോഹിണിയെ പ്രേരിപ്പിച്ചത് ഫേസ്ബുക്കിലെ ഫ്രെണ്ട്സും മാതാപിതാക്കളും ആയിരുന്നു. ആ തീരുമാനം അവളുടെ കരങ്ങള്‍ക്ക് ഒരു പോരാളിയുടെ തഴക്കം സമ്മാനിച്ചു. ചിന്നിച്ചിതറി കിടന്നിരുന്ന വിജ്ഞാന ശകലങ്ങള്‍ ചിട്ടയായി തലച്ചോറില്‍ അടുക്കി വച്ചപ്പോള്‍ അവള്‍ ആത്മാവിശ്വാസത്തോടുകൂടി പരീക്ഷകളെ നേരിടാന്‍ തയ്യാറായി.

പരീക്ഷാ ഹാളില്‍ അവളുടെ നേരെ പാഞ്ഞു വന്ന ചോദ്യ ശരങ്ങളെ ഒരു പോരാളിയുടെ കയ്യടക്കത്തോടെ തടുത്ത്‌ ഉത്തരക്കടലാസിലേക്ക് കുടഞ്ഞിട്ടപ്പോള്‍ അവള്‍ കൂടിക്കാഴ്ചക്ക് ക്ഷണിക്കപ്പെട്ടു. ഒടുവില്‍ ആ സുദിനം വരവായി. പോസ്റ്റ്മാന്‍ കൊണ്ടുവന്ന കവര്‍ പൊട്ടിച്ചപ്പോള്‍ അതില്‍ നിന്ന് ആയിരം വര്‍ണ്ണപ്പൂക്കള്‍ ആകാശത്തിലേക്ക് പറന്നുയര്‍ന്നു. അത് അവളുടെ വീട്ടില്‍ നിന്ന് മാത്രം കാണാവുന്ന കാഴ്ചയായിരുന്നു. അന്നാദ്യമായി അവള്‍ ആ മേലങ്കി എടുത്തണിഞ്ഞു –സര്‍ക്കാരുദ്യോഗസ്ഥയുടെ മേലങ്കി. അതിനെ ജാടയുടെ മേലങ്കി എന്ന് ചിലര്‍ വിശേഷിപ്പിച്ചതും, എല്ലാ സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ഇത്തരം മേലങ്കികള്‍ ആണ് ഉള്ളതെന്നറിഞ്ഞതും പൊടുന്നനെയായിരുന്നു.

കാത്തിരിപ്പ് ഇവിടെ അവസാനിക്കുമെന്ന് കരുതി. പക്ഷെ “ഇനി അവള്‍ക്കൊരു ചെറുക്കനെ കണ്ടുപിടിക്കണം” എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ കാത്തിരിപ്പ് ഇവിടെ അവസാനിക്കുന്നില്ല എന്ന് അവള്‍ തിരിച്ചറിഞ്ഞു. പ്രമുഖ പത്രങ്ങളിലും മാട്രിമോണിയല്‍ സൈറ്റുകളിലും അവളുടെ ബയോഡാറ്റാ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ തുടര്‍ച്ചയെന്നോണം മറുപടി കത്തുകളുടെ പ്രവാഹം ഉണ്ടായി. ജാതകത്തിന്റെയും സ്ത്രീ ധനത്തിന്റേയും കണക്കുകളാല്‍ അവയില്‍ പലതും കീറി മുറിക്കപ്പെട്ടു. ഒടുവില്‍ ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ ശരിയായപ്പോള്‍ അവള്‍ ഒരാളുടെ ഭാര്യയായി മാറിക്കഴിഞ്ഞിരുന്നു. കാത്തിരിപ്പ്‌ അവസാനിച്ചുവെന്ന് അവള്‍ വീണ്ടും കരുതി. പക്ഷെ ഒരു കുഞ്ഞിക്കാല്‍ കാണണമെന്ന മോഹം നീണ്ട പത്തുമാസം കാത്തിരിക്കാന്‍ അവളെ നിര്‍ബന്ധിതയാക്കി.

നാളുകള്‍ കഴിയുംതോറും പ്രതീക്ഷകള്‍ക്കൊപ്പം അവളുടെ ഉദരത്തിനും കനം വച്ചു. വിടരാനൊരുങ്ങുന്ന പൂമൊട്ട് പോലെയായിരുന്നു അവളുടെ ഉദരം അപ്പോള്‍. പത്തുമാസം നീണ്ട പത്തു വര്‍ഷങ്ങളായി അവള്‍ക്കു തോന്നി. സമയത്തിന്‍റെ വേഗത കുറയുന്നുവോ? പക്ഷെ സ്ഥലകാലങ്ങളെ കുറിച്ചുള്ള ഭൗതിക ശാസ്ത്ര സത്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ അവള്‍ മെനെക്കെട്ടില്ല. ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന ഐന്‍സ്റ്റീന്റെ ചിത്രം അപ്പോള്‍ അവളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. പേറ്റുനോവുമായി ആശുപത്രിയിലെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കപ്പെട്ട അവള്‍ക്ക് കാത്തിരുപ്പിന്റെ കരുത്തുറ്റ കരങ്ങള്‍ ആശ്വാസം പകര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ഓമനത്തം തുളുമ്പുന്ന ഒരു പിഞ്ച്ഓമന കുഞ്ഞിനെ നേഴ്സ് അരുകിലേക്ക്‌ എടുത്തു വച്ചപ്പോള്‍ രോഹിണി എല്ലാം മറന്നു ആഹ്ലാദിച്ചു. ഈലോകത്ത് തന്നെയും കുഞ്ഞിനേയും മാത്രമാണ് അവള്‍ അപ്പോള്‍ കണ്ടത്. ഇമ വെട്ടാതെ ആ പിഞ്ച്ഓമനയെ അവള്‍ നോക്കികൊണ്ടിരുന്നു. അപ്പോള്‍ ആ പിഞ്ചു കൈകാലുകള്‍ വളരുന്നതായും പിന്നെ അവ തനിക്കു തണലേകുന്നതായും അവള്‍ക്കു തോന്നി. കാത്തിരിപ്പ് നീളുകയായിരുന്നു………ഓരോ കാത്തിരിപ്പും അവസാനിക്കുന്നത്‌ മരണത്തോട് കൂടിയാണെന്നതു അവള്‍ അറിഞ്ഞിരിക്കുമോ ആവോ!

Generated from archived content: story1_aug12_13.html Author: arun_k_sreedhar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here