സ്‌ത്രീരൂപമേ, ആസക്തസംഗമോദ്യോന
സർപ്പഫലമുണ്ണാൻ വീണ്ടും ക്ഷണിക്കയോ
രക്തമാംസത്തിൻ വിശുദ്ധാവതാരമേ.
ഉൻമാദമസ്‌തിഷ്‌ക്കമത്ര ദാഹിക്കയാൽ
ജൻമംചഷകമായ് നീട്ടി യാചിക്കയായ്
ഇറ്റു നൾകൂ നിന്റെ വറ്റാത്തപാനീയം
എന്തിനാണിങ്ങനെ എന്നെ നീ നിത്യവും
ഭ്രാന്തിൻ കിണറ്റിലേയ്‌ക്കുന്തിയിടുന്നത്.
നിന്റെ ഗന്ധം, വിറയ്‌ക്കുന്ന നെഞ്ചിലെ പ്രാവുകൾ,
എന്റെ വൃന്ദാവനം പൂത്തുപോയ് വേനലിൽ.
അന്ധപഥത്തിലേകാന്തമാം താരമേ
എന്തിനശ്ശാന്തമാം ധൂമഗ്രഹത്തെ നീ
നൊന്തുപിരിയുവാൻ വന്നുവിളിച്ചത്.
സംഭ്രാന്തചിത്തനാമെന്നിലെ യാത്രികൻ
കണ്ടൂ മരീചിക നിൻമരുഭൂമിയിൽ.
തേടിപ്പറന്നുവരുന്നെൻ ശലഭങ്ങൾ
ആളിപ്പടർന്നു വിളിക്കുന്ന നിന്ന,ഗ്നിയിൽ.
നീ ക്ഷാരദ്രാവകം, അംലമാകുന്നു ഞാൻ.
സ്വാർത്ഥപാനം കഴിഞ്ഞാത്മാവു തേങ്ങിയ
പ്രാർത്ഥനയോടെ വിരമിക്കയായി ഞാൻ
ക്രൂരമായ് പെയ്യുക തൃഷ്‌ണതൻ തീമാരി
ഘോരഘോരം എൻ വരണ്ടദേശങ്ങളിൽ
തമ്മിലന്യോന്യം അറിയാത്തമണ്ണിലീ
തിന്മകൾ വീണു മുളയ്‌ക്കാതെ പോകട്ടെ.
Generated from archived content: poem2_mar8_06.html Author: ariyad_balachandran