പ്രൗഢമായ നിറഞ്ഞ സദസ്സിനു മുന്നില്‍ സേതുനാഥന്‍ തന്റെ പ്രസംഗം തുടരുകയാണ്. നിശ്ശബ്ദതയെ കീറി മുറിച്ച് സദസ്സ്യരെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച് തന്റെ സീറ്റിലമര്‍ന്നു . മുന്നിലിരിക്കുന്ന ഗ്ലാസ്സിലെ വെള്ളം ഒരിറക്ക് കുടിച്ച് അടുത്തിരുന്ന രാജശേഖരനെ നോക്കി. അയാള്‍ അഭിനന്ദിച്ച് തോളില്‍ തട്ടി.
നീണ്ട കരഘോഷത്തിനൊടുവില്‍ വേദിയിലിരുന്ന വനിതയെ ആശംസാപ്രസംഗത്തിന് ക്ഷണിച്ചു. സദസ്സിനെ ആകെ ഒന്നുഴിഞ്ഞ് അവര്‍ പറഞ്ഞു തുടങ്ങി.
‘’ ദി എയ്ജ് ഓഫ് പ്രീച്ചിംഗ് ഈസ് ഗോണ്‍’‘ മഹത്തായ ഈ വാക്കുകളോടെ ഞാന്‍ ആരംഭിക്കട്ടെ. ഘോരഘോരമുള്ള പ്രസംഗമല്ല നമുക്കിന്നാവശ്യം. സമൂഹനന്മക്കായീ എന്തെങ്കിലും ചെയ്യാന്‍ തയ്യാറുള്ള യുവ തലമുറയെ ആണ് . ഇന്‍ഡ്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഇവിടുത്തെ ഗ്രാമങ്ങളിലാണ് എന്ന് ആഹ്വാനം ചെയ്ത നമ്മുടെ രാഷ്ട്രപിതാവ് വിഭാവനം ചെയ്ത ഇന്‍ഡ്യയുടെ ഇന്നത്തെ അവസ്ഥ എന്താണ്? ‘ വിന്‍റ്റോയും വിസ്റ്റായും’ ഒന്നുമല്ല അവര്‍ക്കാവശ്യം. വിശപ്പടക്കാനരവയറിനുള്ള അന്നമാണ്. മനുഷ്യന്‍ ആദ്യം ജീവിക്കട്ടെ അതുകഴിഞ്ഞേ മെച്ചപ്പെട്ട ജീവിതത്തേക്കുറിച്ചവന്‍ ചിന്തിക്കു! പാവപ്പെട്ടവന്റെ നൊമ്പരമറിയുന്ന ഏതെങ്കിലും ഒരു മനുഷ്യസ്നേഹി ഇക്കൂട്ടത്തിലുണ്ടെങ്കില്‍ ഒരു നിമിഷം ഒന്നു ചിന്തിക്കു. സഹജീവികളുടെ കണ്ണിരൊപ്പാന്‍ നിങ്ങള്‍ക്കാവുന്നത് ചെയ്യു….”
അവര്‍ നന്ദി പറഞ്ഞ് സീറ്റിലേക്കു തിരിഞ്ഞു. ഏതോ ഒറ്റപ്പെട്ടൊരു കയ്യടി കേട്ടു. പതുക്കെ അതവിടെ നിറഞ്ഞൊഴുകി.
പിന്നീട് വന്നവരും മുന്‍പറഞ്ഞ അഭിപ്രായം പിന്താങ്ങിയും എന്നാല്‍ തൊട്ടും തൊടാതെയും പറഞ്ഞവസാനിപ്പിച്ചു.
തന്റെ പ്രസംഗം ഏതാനും വാക്കുകള്‍ കൊണ്ട് നിഷ്പ്രഭരാക്കിയ ‘ ഇവളാര്’ എന്ന മട്ടില്‍ ഒന്നിരുത്തി നോക്കി. രാജശേഖരനോടു പറഞ്ഞു. ‘ രണ്ടു മണിക്കൂര്‍ വായിലെ വെള്ളം വറ്റിച്ചത് വെറുതെ ആയോ?’
‘’തരക്കേടില്ല, ആ പറഞ്ഞതിനര്‍ത്ഥം സേതുനാഥിന് മനസിലായില്ല. തന്റെ പ്രസംഗം വളരെ ഗംഭീരമായിരുന്നു എന്ന് അദ്ദേഹത്തിനറിയാം. അതിനാല്‍ രാജശേഖരന്‍ പറഞ്ഞത് അത്ര ഗൗനിച്ചില്ല.
പരിപാടി കഴിഞ്ഞ് തിരക്കൊഴിയാന്‍ അല്‍പ്പ സമയം അവര്‍ക്കു കാത്തു നില്‍ക്കേണ്ടി വന്നു. ആ സമയത്താണ് തന്നെ നിലം പരിചാക്കിയ പ്രസംഗക കാറില്‍ കയറിപ്പോകുന്നത് കണ്ടത്.
പിറ്റേന്ന് പത്രത്തില്‍ തലേ ദിവസത്തെ പരിപാടിയുടെ ഫോട്ടോ സഹിതം വാര്‍ത്ത വന്നു.
ആരെന്തു പറഞ്ഞാലും താന്‍ അവതരിപ്പിച്ച, സമര്‍ത്ഥിച്ച കാര്യങ്ങള്‍ അങ്ങനെ അവഗണിയ്ക്കപ്പെടുമോ? ഐ. റ്റി ഇത്രത്തോളം അഡ്വാന്‍സ്ഡായ ഇന്ന് തന്റെ പ്രസംഗം എന്തുകൊണ്ടും പ്രസക്തമാണ്.
പിന്നീടാണ് വായനക്കാരുടെ കത്തുകളും അഭിപ്രായങ്ങളും ശ്രദ്ധയില്‍ പെട്ടത്. സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി നിന്ന് പ്രസംഗിച്ച പത്രാധിപര്‍ സാര്‍ വായിച്ചറിയാന്‍ എന്ന് തുടങ്ങുന്ന സാധാരണക്കാര്‍ക്കു വേണ്ടി അവരുടെ നൊമ്പരം തൊട്ടറിഞ്ഞ് ഇത്തരമൊരു സദസ്സിനു മുന്നില്‍ ധൈര്യസമേതം ഒരു അഭിപ്രായം പറയാന്‍ ചങ്കൂറ്റം കാണിച്ച ശ്രീമതി പാര്‍വ്വതിക്ക് ഒരായിരം പൂച്ചെണ്ടുകള്‍ ! ഈ ആത്മധൈര്യം കെടാതെ സൂക്ഷിക്കുക. ഉറക്കം നടിച്ചു കിടക്കുന്ന അടിച്ചമര്‍ത്തപ്പെട്ട സമൂഹമന:സാക്ഷി ഇനിയെങ്കിലും ഉണര്‍ന്നെങ്കില്‍ !
ഓഫീസില്‍ ചെന്ന് ആദ്യം ചെയ്തത് ചീഫ് എഡിറ്റര്‍ രാജശേഖരനെ കാണുകയായിരുന്നു . ‘’ നമ്മുടെ പത്രത്തിലെ വായനക്കാരുടെ കത്തുകള്‍ ശ്രദ്ധിച്ചോ?’‘
‘’ ങ്ഹാ , വായിച്ചു വല്ലാത്തൊരാത്മവിസ്ഫോടനമായിരുന്നു അവരുടെ അഭിപ്രായം. ഇതെഴുതിയ രമേശന്‍ മിടുക്കന്‍ തന്നെ” രാജശേഖരന് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
കമ്പോസിങ്ങിലെ ദേവനെ വിളിച്ച് സേതുനാഥന്‍ ആവശ്യപ്പെട്ടു. ‘’ കഴിഞ്ഞ ദിവസം ആശംസാപ്രസംഗം നടത്തിയ സ്ത്രീയില്ലേ അവരുടെ ഡീറ്റെയിത്സ് ഒന്നു വേണം.’‘
‘’ സര്‍ , അവര്‍ വളര്‍ന്നുവരുന്നൊരു എഴുത്തുകാരിയാണ്. പല കഥകളും ഞാന്‍ വായിച്ചിട്ടുണ്ട് സാര്‍’‘
അത്ര പ്രചാരത്തിലില്ലാത്ത മൂന്നു നാലുമാസികകള്‍ ദേവന്‍ സേതുനാഥിന് എടുത്തു കൊടുത്തു. ‘’സാര്‍, ഇതില്‍ അവരുടെ കഥ ഉണ്ട്’‘
സേതുനാഥന്‍ ഒന്നെടുത്ത് അവിടവിടെ മറിച്ചുനോക്കി. തരക്കേടില്ലാത്ത ഭാഷ എന്തും വളരെ ഒതുക്കത്തോടെ എന്നാല്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.
‘’ ഇവരുടെ വിലാസവും ഫോണ്‍ നമ്പറും ഒന്നു വേണം ‘’ സേതുനാഥന്‍ പറഞ്ഞു.
‘’ ശരി സാര്‍ ‘’
വൈകുന്നേരം ദേവന്‍ ഒരു കുറിപ്പ് സേതുനാഥിന് കൊടുത്തു. അതില്‍ ആവശ്യപ്പെട്ട വിലാസവും ഫോണ്‍ നമ്പറും ഉണ്ടയിരുന്നു . ലോഡ്ജില്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ചെന്ന ഉടനെ ആ നമ്പറില്‍ വിളിക്കുകയായിരുന്നു.
‘’ ഹല്ലോ , അങ്ങേത്തലക്കല്‍ ഫോണെടുത്തു . ‘’ പാര്‍വതീ മാഡമല്ലേ? ഞാന്‍ സേതുനാഥന്‍ …. ഹാളില്‍ പ്രസംഗിച്ച പത്രാധിപര്‍ …. മുഴുമിപ്പിക്കുന്നതിനു മുമ്പ്
‘’ സര്‍. ഞാന്‍….അന്ന്… ‘’ ഇറ്റ്സ് ഓക്കെ ‘’അപ്പോള്‍ പ്രസംഗം മാത്രമല്ല നന്നായി എഴുതുകയും ചെയ്യും അല്ലേ ?’‘ മാഡത്തിന്റെ ഒന്നു രണ്ടു കഥകള്‍ ഞാന്‍ വായിച്ചു നന്നായിട്ടുണ്ട്.’‘
‘’ താങ്ക്യു സര്‍’‘ സര്‍ വിളിച്ചപ്പോള്‍ പെട്ടന്ന് മനസിലായില്ല…. തീരെ പ്രതീക്ഷിക്കാതെ’‘
‘’ അപ്രതീക്ഷിതമാണല്ലോ എല്ലാം. അതു പോകട്ടെ എത്രനാളായി എഴുത്തു തുടങ്ങിയിട്ട്?’‘
‘’ വര്‍ഷങ്ങളായി സര്‍’‘
‘’ വര്‍ഷങ്ങളോളമോ” വിശ്വാസം വരാതെ സേതുനാഥന്‍ ചോദിച്ചു.
‘’ അതെ സാര്‍ ‘’
‘’ എന്നിട്ട് , ഇതുവരെ മറ്റു പ്രസിദ്ധീകരണങ്ങളിലേക്കൊന്നും അയച്ചില്ലേ?’‘
”അയച്ചാല്‍ ആരെങ്കിലും നോക്കുമോ സര്‍. വല്ല ചവറ്റുകൊട്ടയിലുമായിരിക്കും അതിന്റെ സ്ഥാനം. റെക്കമെന്റ് ചെയ്യാന്‍ ആരെങ്കിലും വേണ്ടേ‘’?
‘’ കഥ ഇഷ്ടപ്പെട്ടു . വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതണം. ധാരാളം വായിക്കണം. നല്ല നല്ല പുസ്തകങ്ങള്‍ ഞാന്‍ തരാം. പിന്നെ എഴുതിയത് ഉണ്ടെങ്കില്‍ അയച്ചു തരണം…. വാരാന്തപ്പതിപ്പില്‍ കൊടുക്കാം. എന്റെ പേരില്‍ അയച്ചോളു’‘ തുടര്‍ന്ന് സേതുനാഥന്‍ തന്റെ വിലാസം പറഞ്ഞു കൊടുത്തു.
ഏതാണ്ട് ഒരാഴ്ച കഴിഞ്ഞുകാണും സേതുനാഥിന് ഒരു കവര്‍ കിട്ടി പരിചിതമല്ലാത്ത കയ്യക്ഷരം.
പൊട്ടിച്ചു നോക്കി ഒരു കവറിംഗ് ലെറ്ററോടെ രണ്ടു കഥകള്‍ . ലെറ്റര്‍ പോക്കറ്റിലിട്ടു.കഥ കവര്‍ സഹിതം അന്നത്തെ പത്രത്തോടൊപ്പം കയ്യിലെടുത്തു.
ഓരോ കഥയും ശ്രദ്ധിച്ചു വായിച്ചു. ഒന്നിനൊന്ന് വ്യത്യസ്തമാണ് ആഖ്യാനരീതിയും, ഭാഷാശൈലിയും മികച്ചത്. വലതു വശത്തേക്കല്‍പ്പം ചരിച്ചെഴുതിയിരിക്കുന്ന കയ്യക്ഷരം മനോഹരമാണ്. കത്തിന്റെ അവസാനഭാഗം ഒന്നു കൂടി വായിച്ചു.
‘’ സര്‍ കഥ പ്രസിദ്ധീകരണ യോഗ്യമല്ലെങ്കില്‍ തിരിച്ചയക്കുമല്ലോ’‘
പിറ്റേന്നു തന്നെ സേതുനാഥ് തന്റെ കത്തിനൊപ്പം പ്രതിഫലത്തിനുള്ള ചെക്ക് വിലാസമെഴുതിയ കവറില്‍ പോസ്റ്റ് ചെയ്തു.
പാര്‍വതി കത്ത് വീണ്ടും വീണ്ടൂം വായിച്ചു. തുറന്ന മനസോടെ ആത്മാര്‍ത്ഥമായി എഴുതിയതാണെന്നു മനസിലായി. ‘’ എന്തു സഹായം വേണമെങ്കിലും ആവശ്യപ്പെടാം ഒരു ജേര്‍ണലിസ്റ്റായ എന്നാല്‍ കഴിയുന്നതെന്തും’‘;
ആദ്യമായാണ് സേതുനാഥിനെ വിളിക്കുന്നത് . ”സര്‍ , ഞാന്‍ പാര്‍വതി . സാറിന്റെ കത്തും ചെക്കും കൈപ്പറ്റി. സാറിന്റെ ഹൃദയ വിശാലതക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല ‘’
‘’ഓ , അതിന്റെയൊന്നും ആവശ്യമില്ല. യൂ ഡിസര്‍വ്വ് ഇറ്റ് ‘’ സേതുനാഥ് പാര്‍വതി എന്ന എഴുത്തുകാരിക്ക് ഉയരങ്ങളിലേക്ക് ഒരു വഴി തുറന്നിടുകയായിരുന്നു . പാര്‍വതിയുടെ രചനകള്‍ പ്രമുഖ പത്രമാസികകളില്‍ പ്രസീദ്ധീകരിക്കപ്പെട്ടതോടെ ശ്രദ്ധിക്കപ്പെട്ടു.
വായനക്കാരുടെ കത്തുകള്‍ വന്നെന്നറിയിച്ചുകൊണ്ടാണ് പാര്‍വതി ഓഫീസില്‍ ചെന്നത്. നേരെ സേതുനാഥിന്റെ അടുത്തേക്കാണ് പോയത്.
‘’ ഗുഡ് മോണിംഗ് സര്‍’ ‘ ‘’ മോണിംഗ്’‘’‘ പറഞ്ഞ് മുഖമുയര്‍ത്തിയപ്പോഴാണ് മുന്നില്‍ നില്‍ക്കുന്ന ആളെ കണ്ടത്.
‘’ മാഡം, ഇരിക്കു, നിവര്‍ന്നിരിന്നുകൊണ്ട് സേതുനാഥ് ചോദിച്ചു. എഴുത്തൊക്കെ എങ്ങനെ പോകുന്നു?’‘
‘’ കുഴപ്പമില്ലാതെ പോകുന്നു . എല്ലാം സാറിന്റെ സഹായവും പ്രോത്സാഹനവും കൊണ്ട്’‘
‘’ അതത്ര സഹായമായിട്ടൊന്നും കരുതണ്ട വളര്‍ന്നുകൊണ്ടിരിക്കുന്ന മാഡത്തിന് ചെറിയൊരു ബായ്ക്ക് അപ്പ്’‘
സേതുനാഥ് പറഞ്ഞു ‘’ അര്‍ഹതപെട്ടവരെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കാറുണ്ട്.’
തുടര്‍ന്ന് പല പ്രമുഖ എഴുത്തുകാരുടേയും പേരു പറഞ്ഞു. ‘’ഇവരൊക്കെ പല എഡിറ്റര്‍മാരേയും പ്രസാധകരേയും സമീപിച്ചെങ്കിലും ഒന്നും നടക്കാതെ എഴുത്തേ വേണ്ടെന്നു വച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്റെ സമയോചിതമായ ഇടപെടല്‍ അവരെ ഉയരങ്ങളിലെത്തിച്ചു. ഇവരെല്ലാം എന്റെ നല്ല സുഹൃത്തുക്കള്‍ ആണിന്ന് അതുപോലെ മാഡത്തിനും അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കി’‘
‘’ സര്‍ പറഞ്ഞല്ലോ ചെറിയ സഹായമെന്ന്. പക്ഷെ അതാണ് ഇന്ന് എന്നെ ഈ നിലയിലെത്തിച്ചത്. അതിന് ഒത്തിരി നന്ദിയും കടപ്പാടും ഉണ്ട് സര്‍’‘
‘’ സര്‍ അന്നത്തെ എന്റെ പ്രതികരണം സാറിനെ വല്ലാതെ ദേഷ്യപ്പെടുത്തിയോ ? പലപ്പോഴും ചോദിക്കണമെന്നു കരുതിയതാ”
‘’ മാഡം ഇങ്ങനെ സാര്‍, സാര്‍ എന്നു വിളിക്കമെന്നില്ല എന്റെ പേരു വിളിക്കാം’‘ സേതുനാഥ് ചിരിച്ചുകൊണ്ടു പറഞ്ഞു.
‘’ അപ്പോള്‍ ഇങ്ങോട്ടും അങ്ങനെയാവം’‘ പാര്‍വതിയും പറഞ്ഞു.
‘’ ഓക്കെ’‘ പാര്‍വതി ചോദിച്ചല്ലോ പ്രതികരണത്തിന്റെ കാര്യം. പ്രസംഗത്തില്‍ ഇതൊക്കെ പതിവാ സംഘാടകര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഈ ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ഇവിടുത്തെ സമ്പന്നവര്‍ഗ്ഗത്തിനു മാത്രമാണ്. പാവപ്പെട്ടവന്റെ ജീവനു പോലും വിലയില്ല പിന്നല്ലേ വിശപ്പിന്റെ കാര്യം’‘
” കുറച്ചു കത്തുകളുണ്ട് ദാ നോക്കു ‘’ സേതു കത്തുകളെടുത്തു കൊടുത്തു.
പാര്‍വതിക്ക് ഇത് പുതിയൊരനുഭവമായിരുന്നു. തനിക്കും വായനക്കാര്‍ ! അതിന്റെ ത്രില്ലോടെ ഓരോന്നും എടുത്തു നോക്കി അതില്‍ ഒരെണ്ണം തീര്‍ത്തും വ്യത്യസ്തമായിരുന്നു.
‘’ സേതു ഇതൊന്നു നോക്കണം’‘ കത്തു വാങ്ങി നോക്കി അടിയിലെഴുതിയിരിക്കുന്ന പേരു കണ്ടു. അന്ന് പത്രാധിപകര്‍ക്കുള്ള കത്തെഴുതിയതും ഇയാള്‍ തന്നെ. ഒന്നു പരിചയപ്പെടണം സേതു മനസില്‍ കുറിച്ചു.
പാര്‍വതി ഇന്ന് തിരക്കേറിയ ഒരെഴുത്തുകാരിയായി പ്രമുഖരുടെ നിരയിലേക്കുയര്‍ന്നു. നോവലുകളും കഥാ സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.
സാഹിത്യ സദസ്സുകളിലും സാംസ്ക്കാരികവേദികളിലും പാര്‍വതി ഇന്ന് ക്ഷണിതാവാണ്. എങ്കിലും കഴിയുന്നത്ര ഒഴിഞ്ഞു മാറുകയാണ് പതിവ്.
പ്രസാധകരും ഗ്രന്ഥകര്‍ത്താക്കളും മറ്റു സാഹിത്യപ്രേമികളും ചേര്‍ന്ന് തിരുവനന്തപുരത്ത് ഒരു പുസ്ത തകോത്സവം നടത്താനുദ്ദേശിച്ചു. വിപുലമായ പരിപാടികളായിരുന്നു ഓരോ ദിവസവും വൈകുന്നേരം പ്രസിദ്ധ സാഹിത്യനായകന്‍മാര്‍ നയിക്കുന്ന ചര്‍ച്ചകള്‍, സെമിനാറുകള്‍, കവിയരങ്ങുകള്‍ മറ്റു കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
മുഖ്യ സംഘാടന്‍ സേതുനാഥായിരുന്നു. അതിനാല്‍ ഒരാഴ്ച മുമ്പേ തിരുവനന്തപുരത്തിനു പോയിരുന്നു.
ആകര്‍ഷകമായ കവര്‍ ചിത്രങ്ങളും ഊഷ്മളമായ രചനയും ആണെന്നതിനാല്‍ പാവതിയുടെ പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
സമാപന സമ്മേളനത്തിന് എഴുത്തുകാര്‍ ഉള്‍പ്പെടെ എല്ലാവരും സംബന്ധിക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്നു തന്നെ തിരിച്ചെത്താന്‍ പറ്റുമോ എന്ന സംശയത്താല്‍ പാര്‍വതി പോകാന്‍ വിസമ്മതിച്ചു. ഒടുവില്‍ രാജശേഖരനും ഭാര്യയും കൂടി പോരാമെന്ന പറഞ്ഞതിനാലാണ് പാതി മനസോടെ സമ്മതിച്ചത്.
പൊതു സമ്മേളനവും മറ്റും കഴിഞ്ഞപ്പോള്‍ രാത്രി വൈകി. ഇനി രാത്രിയില്‍ യാത്ര വേണ്ടെന്നു വച്ചു. ഹോട്ടലിലാണ് എല്ലാവര്‍ക്കും താമസ സൗകര്യം ഏര്‍പ്പാടാക്കിയിരുന്നത്. ഓരോരുത്തരായി മുറിയിലേക്ക് പോയിത്തുടങ്ങി.
രാജശേഖരനും ഭാര്യയും പാര്‍വതിയേയും കൂട്ടി പോകാനൊരുങ്ങി. ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം ച്ഛേ, ശരിയാകില്ല. വൈകിയാലും സാരമില്ല ബസ്സില്‍ പൊയ്ക്കൊള്ളാമെന്ന് ശഠിച്ചു. ഇത്തരമൊരു സന്നിഗ്ദ്ധാവസ്ഥയില്‍ ഇതുവരെ അകപ്പെട്ടിട്ടില്ല. കരച്ചിലിന്റെ വക്കോളമെത്തി.
ഒടുവില്‍ സേതു ഇടപെട്ടു ‘’ എന്താ മുറിയിലേക്കു പോകുന്നില്ലേ?’‘
‘’സേതു , ഞാന്‍ പറഞ്ഞതല്ലേ പോരുന്നില്ലെന്ന്’‘ പരിമിതികള്‍ ഉള്ള താന്‍ ഇതിന് പുറപ്പെടേണ്ടിയിരുന്നില്ല സ്വയം കുറ്റപ്പെടുത്തി.
‘’ പാര്‍വതി , സേതു വിളിച്ചു .’‘ എന്തു പറ്റി ഇത്ര പേടിക്കാനെന്തിരിക്കുന്നു? സ്വന്തം മന:സാക്ഷിയോട് നീതി പുലര്‍ത്തിയാല്‍ പോരെ . എല്ലാവരേയും ബോധ്യപ്പെടുത്തണൊ?’‘
‘’ സേതുവിന് അങ്ങിനെ പറയാം. പക്ഷെ, ഞാനൊരു സ്ത്രീയാണ്. അവിടെ മറ്റു പരിഗണക്കൊന്നും സ്ഥാനമില്ല’‘
രാജശേഖരനും ഭാര്യയും പരസ്പരം നോക്കി. ഒടുവില്‍ സേതു തന്നെ ഒരു പോംവഴി കണ്ടെത്തി. തന്റെ സുഹൃത്ത് രവീന്ദ്രന്‍ കുടുംബസമേതം അടുത്ത് തന്നെയാണ് താമസം. സേതു ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ പാര്‍വതിയെ സുഹൃത്തിന്റെ വീട്ടിലാക്കി.
പിറ്റെ ദിവസം രാവിലെ സേതുവാണ് പാര്‍വതിയെ കൂട്ടിക്കൊണ്ടു വരാന്‍ പോയത്. മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചതിന്റെ കുറ്റബോധം വല്ലാതെ നീറ്റുന്നുണ്ടായിരുന്നു.
കാറില്‍ വച്ച് സേതു ചോദിച്ചു , ‘’ പാര്‍വതി വല്ലാതെ വിഷമിച്ചു പോയി അല്ലേ?’‘
അടക്കിപ്പിടിച്ചിരുന്ന പാര്‍വതി ഒന്നും മിണ്ടിയില്ല. ഡ്രൈവിംഗിനിടയില്‍ സേതു നോക്കി . ആ കണ്ണൂകള്‍ ചുവന്നു കലങ്ങി തുളുമ്പുമെന്ന മട്ടിലായി.
‘’ ഇത്രയ്ക്കു ഫീല്‍ ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല റിയലി സോറി’‘ നിശ്ചലയായിരിക്കുന്ന പാര്‍വതിയെ വീണ്ടും നോക്കി . തന്റെ കാല്‍ അറിയാതെ ബ്രേക്കിലമര്‍ന്നു.
‘’ പാര്‍വതി’‘ സേതു തോളില്‍ പിടിച്ചു കുലുക്കി വിളിച്ചു. ഒരു നിമിഷനേരത്തേക്കാണെങ്കില്‍ പോലും ആ സ്പര്‍ശനം വലിയൊരു സ്വാന്തനമായി അനുഭവപ്പെട്ടു. തന്നെ അനുകമ്പയോടെ നോക്കുന്ന സേതുവിനെ നേരിടാനാവാതെ മുഖം തിരിച്ചു.
ഇനി എന്തു ചെയ്യണമെന്നറിയാതെ അയാള്‍ കൈ പിന്‍വലിച്ച് സ്റ്റിയറിംഗില്‍ പിടിച്ച് ദൂരത്തേക്ക് നോക്കിയിരുന്നു. തിരക്ക് കുറഞ്ഞ റോഡായതിനാല്‍ പ്രശ്നം ഒന്നും ഉണ്ടായില്ല . സമചിത്തത വീണ്ടെടുത്ത് വീണ്ടും ഡ്രൈവിംഗ് തുടര്‍ന്നു.
എല്ലാവരും ഒരുമിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. പിന്നെ രാജശേഖരനും ഭാര്യക്കുമൊപ്പം പാര്‍വതി യാത്ര തിരിച്ചു.
വീട്ടിലെത്തിയപ്പോള്‍ വൈകിയതിനാല്‍ പാര്‍വതിക്കൊപ്പം അവരുമിറങ്ങി. വൈദ്യുതി പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന വിടും പരിസരവും രാജന് വളരെ ഇഷ്ടപ്പെട്ടു. പച്ചപ്പുല്‍ത്തകിടിയും നിറഞ്ഞ പൂന്തോട്ടവും. പൂക്കളില്‍ വട്ടമിട്ടു പറക്കുന്ന നിശാശലഭങ്ങള്‍!! ഇളം കാറ്റില്‍ ഒഴുകിയെത്തുന്ന പൂമണം . കാല്‍പ്പനികഭാവങ്ങള്‍ക്ക് ചേര്‍ന്ന അന്തരീക്ഷം.
ചായ കഴിച്ച് പോകാനിറങ്ങിയപ്പോള്‍ രാജന്‍ പറഞ്ഞു , ‘’ ഇനിയും വരാം’‘
കാറില്‍ വച്ച് രാജന്‍ ഭാര്യയോട് പറഞ്ഞു ‘’ എനിക്കൊരൈഡിയ സേതുവിനും പാര്‍വതിക്കും തമ്മിലൊരലയന്‍സായാലെന്താ?’‘
‘’ ശരിയാ , രണ്ടു പേരും നല്ല മാച്ചാ ഒരേ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാകുമ്പോള്‍ പരസ്പരം മനസിലാക്കാനെളുപ്പം. മറ്റു പ്രശ്നങ്ങളും ഉണ്ടാകില്ല’‘ മിനിയും അഭിപ്രായപ്പെട്ടു.
‘’ ഏതായാലും സേതു വരട്ടെ. നമുക്ക് പ്രശ്നം അവതരിപ്പിക്കാം’‘ രാജന്‍ പറഞ്ഞു.
ഉറങ്ങാന്‍ കിടന്നിട്ടു പാര്‍വതിക്ക് മനസിന്റെ വിങ്ങല്‍ അടങ്ങിയില്ല. തന്റെ പെരുമാറ്റം എത്ര പേരെ അലോസരപ്പെടുത്തി. ഒന്നും വേണ്ടിയിരുന്നില്ല. പലതും ചിന്തിച്ച് കിടന്ന് ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു . അപ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്. ഉറങ്ങാല്‍ നേരം ഓഫ്ചെയ്യുകയാണ് പതിവ്. പക്ഷെ ഇന്നു മറന്നു. സെല്ലെടുത്തു നോക്കി ‘’ സേതു കോളിംഗ്’‘ എന്തായിരിക്കും ഈ സമയത്ത്.
‘’ ഹലോ’‘….
‘’ ഹലോ, ഞാനാ സേതു . എപ്പോഴെത്തി? യാത്രയില്‍ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ലല്ലോ?’‘
‘’ ഞാനല്ലേ നിങ്ങളെയൊക്കെ ബുദ്ദിമുട്ടിച്ചത് , സോറി എക്സ്ട്രീമിലി സോറി’‘
”കഴിഞ്ഞത് കഴിഞ്ഞു, ഇനിയും അതോര്‍ക്കുന്നതെന്തിന് ലീവ് ഇറ്റ് ഒന്നും ഭയപ്പെടേണ്ട പാര്‍വതിക്കൊപ്പം ഞാനുണ്ട് സമാധാനമായി ഉറങ്ങിക്കോളൂ ഗുഡ് നൈറ്റ്”
ഉണര്‍ത്തിയതും സേതുവിന്റെ കോളാണ് താമസിച്ചുറങ്ങിയതിനാല്‍ ഉണരാനും വൈകി.
‘’ ഗുഡ് മോണിംഗ്’‘ സേതു.
ഉറക്കച്ചടവോടെ തിരിച്ചു പറഞ്ഞു .’‘ ഗുഡ് മോണിംഗ്’‘
‘’ ഇന്നെന്താ പരിപാടി’‘ സേതു ചോദിച്ചു.
‘’ ഓ പ്രത്യേകിച്ചൊന്നുമില്ല’‘
‘’ ഞാന്‍ രണ്ടു ദിവസം കഴിഞ്ഞേ വരു. ഇങ്ങോട്ടൊന്നു വിളിച്ചെന്നു കരുതി എനിക്കത് പ്രശ്നം ഒന്നുമില്ല കേട്ടോ ഓക്കെ’‘
എത്ര ശ്രമിച്ചിട്ടും മനസിന്റെ വൈക്ലബ്ബ്യം മാറിയില്ല. ഇനി എങ്ങിനെ രാജനേയും മിനിയേയും സേതുവിനേയും അഭിമുഖീകരിക്കും.?
സേതു തിരിച്ചെത്തിയപ്പോള്‍ രാജന്‍ പ്രശ്നം അവതരിപ്പിച്ചു ‘’ എന്തു പറയുന്നു സേതു?’‘
എന്തു പറയണമെന്നറിയില്ല പുസ്തകോത്സവം ഉള്ളിലൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും പുറത്തു കാണിച്ചില്ല.
‘’ നടക്കുന്ന കാര്യം വല്ലതും പറയൂ’‘ സേതു ഗൗരവം നടിച്ചു.
‘’ ഈ പ്രായത്തിലും പാര്‍വതിയുടെ പ്രതികരണം കണ്ടല്ലോ മറ്റൊന്നും ഒരു തടസ്സമല്ല മനസ്സാണ് വലുത്’‘
‘’ ഞാനൊന്നും അവരോട് ചോദിക്കില്ല കഴിഞ്ഞ ദിവസത്തെ സംഭവം അറിയാമല്ലോ’‘ സേതു തീര്‍ത്തു പറഞ്ഞു.
‘’ അങ്ങനെയങ്ങ് ഫുള്‍സ്റ്റോപ്പിടാന്‍ വരട്ടെ. ഞങ്ങള്‍ ഒന്നു സംസാരിക്കാം എന്നിട്ടാവാം ബാക്കി തീരുമാനം ‘’ രാജന്‍ പറഞ്ഞു.
രാജനും ഭാര്യയും അടുത്ത ദിവസം പാര്‍വതിയെ കാണാനെത്തി. വെറും സൗഹൃദ സന്ദര്‍ശനം എന്നു കരുതി സ്വീകരിച്ചെങ്കിലും സംഭാഷണത്തിലേക്ക് കടന്നപ്പോഴാണ് കാര്യത്തില്ന്റെ ഗൗരവം മനസിലായത്. യാതൊരു ഭാവഭേദവും കൂടാതെ എല്ലാം കേട്ടിരുന്ന പാര്‍വതി ചോദിച്ചു’‘ എന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍?’‘
‘’ തിരുവനന്തപുരത്തു വച്ചുണ്ടായ സംഭവം തന്നെ.” രാജന്‍ പെട്ടന്നു പറഞ്ഞു ‘’ ഒറ്റക്കായൊരു സ്ത്രീ ഇത്തരത്തിലുള്ളൊരു പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. പ്രത്യേകിച്ച് സമൂഹത്തിന്റെ മെയില്‍ സ്ട്രീമിലേക്ക് ഉയര്‍ന്നു കഴിഞ്ഞ പാര്‍വതിക്ക് ഇതു പോലുള്ള സദസ്സുകളില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. ജീവിതത്തില്‍ ഒരു പുരുഷന്റെ തണലും കരിയറില്‍ ഒരു വഴികാട്ടിയും നിങ്ങള്‍ക്കാവശ്യമാണ്. സേതുവിന് അത് കഴിയും. വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ചാണ് പൂര്‍ണ്ണമായും വിശ്വസിക്കാം.’‘
”സേതുവിന്റെ നിര്‍ലോഭമായ പ്രോത്സാഹനമാണ് പാര്‍വതിയെ ഉന്നതിയിലെത്തിച്ചത് .അകന്ന് നിന്നുകൊണ്ടുള്ള സഹായം ഒരിക്കലും പൂര്‍ണ്ണമാവില്ല. ഒരു പരിധിക്കപ്പുറം അതു കടക്കാനാവില്ല. എത്ര സത്യസന്ധമാണെങ്കിലും നമ്മുടെ സമൂഹം അതംഗീകരിക്കില്ല. നിങ്ങള്‍ക്കിനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. അപ്പോള്‍ ഈ ഭയം , ഒരു പങ്കാളിയുടെ അഭാവമാണല്ലോ പാര്‍വതിയെ വിഷമിപ്പിച്ചത്. ‘’ രാജന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടി.
‘’പാര്‍വതീ, മിനി പറഞ്ഞു , ഇപ്പോഴെത്തെ ഈ ഏകാന്തത അവസാനിപ്പിച്ചേ പറ്റു. മറ്റ് കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിട് ‘’
ദിവസങ്ങള്‍ പിന്നെയും കടന്നു പോയി . ഒരു സന്ധ്യാനേരം സേതു പാര്‍വതിയെ വിളിച്ചു.
‘’ അല്‍പ്പം സംസാരിക്കാനുണ്ട് നാളെ വന്നാല്‍ അസൗകര്യമൊന്നുമില്ലല്ലോ?’‘
‘’ ഒന്നുമില്ല എന്താ കാര്യം?’‘
‘’ അതവിടെ വരുമ്പോള്‍ പറയാം’‘ സേതു ഫോണ്‍ വച്ചു.
പിറ്റേന്നു രാവിലെ ബാല്‍ക്കണിയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് സേതുവിന്റെ കാര്‍ ഗേറ്റ് കടന്ന് വരുന്നത് കണ്ടത്. പെട്ടന്ന് ഇറങ്ങിച്ചെല്ലാനൊരു മടി.
സ്വീകരണമുറിയില്‍ കയറിയിട്ടും ആരേയും കാണാഞ്ഞ് സേതു വെറുതെ നിന്നു. പടിക്കെട്ട് ഇറങ്ങി വരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
പാര്‍വതി താഴേക്ക് ഇറങ്ങി വരികയാണ്. കുളി കഴിഞ്ഞ് മുടി പിന്നിലേക്ക് ഇട്ടിരിക്കുന്നു. ഇളം നിറമാര്‍ന്ന നൈറ്റിക്കുള്ളില്‍ ഇപ്പോഴും യവ്വനയുക്തമായ ശരീരവടിവ്. പുറത്തു വച്ച് കാണുന്നതിലും ചെറുപ്പം . സേതു പാര്‍വതിയെ ആദ്യമായി നോക്കി കാണുകയായിരുന്നു. ചന്ദനത്തിന്റെ കുളിര്‍മ്മയേകുന്ന സുഗന്ധം നാസാരന്ദ്രങ്ങളില്‍ !
‘’ സേതു ഇരിക്കു !’‘ അടുത്തെത്തി പാര്‍വതി പറഞ്ഞപ്പോഴാണ് താന്‍ ഇപ്പോഴും നില്‍ക്കുകയാണെന്ന് മനസിലായത്.
വളച്ചുകെട്ടില്ലാതെ സേതു കാര്യത്തിലേക്കു കടന്നു. പിന്നെ ചുരുങ്ങിയ വാക്കുകളില്‍ തന്റെ ജീവിതകഥ. അമ്മാവന്റെ തണലില്‍ പഠിച്ചു വളര്‍ന്നത്, മാനുഷികബന്ധങ്ങളില്‍ അനാഥത്വം പ്രശ്നമായപ്പോള്‍ പത്രപ്രവര്‍ത്തകനായ താന്‍ നാടു വിട്ടത്, അതിനിടയില്‍ പരിചയപ്പെട്ടതാണ് രാജശേഖരനെ സത്യത്തില്‍ എനിക്കൊരു മേല്‍വിലാസം ഉണ്ടാക്കിത്തന്നത് രാജനാണ്. ഇപ്പോള്‍ എന്റെ ഗാര്‍ഡിയനും.
‘’ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒത്തിരി അനുഭവങ്ങളിലൂടെ കടന്നുവന്നവളാണ് ഞാന്‍. ഇനിയും അത്തരത്തിലൊന്ന് എനിക്ക് താങ്ങാനാവില്ല’‘
‘’ തീര്‍ച്ചയായും പാര്‍വതിക്കെന്നെ പൂര്‍ണ്ണമായും വിശ്വസിക്കാം. ഇതൊരു കൗമാര പ്രേമമോ പ്രണയ ചാപല്യമോ അല്ല. മദ്ധ്യവയസ്ക്കരായ രണ്ടു വ്യക്തികളുടെ മാനസിക ഐക്യം. ജീവിത സായാഹ്നത്തില്‍ ഒരു കൂട്ട്! സാന്ത്വനം !!
സേതു പോകാനെഴുന്നേറ്റു . നിറഞ്ഞ മനസോടെ അയാള്‍ കൈ നീട്ടി ‘’ ജീവിതത്തില്‍ അദ്യമായിട്ടാണ് ഞാനൊരു പെണ്ണിന്റെ കൈ പിടിക്കുന്നത് ഇത് ആദ്യത്തേതും അവസാനത്തേതും ആയിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.’‘
അയാള്‍ അവളുടെ കണ്ണൂകളിലേക്കു സൂക്ഷിച്ചു നോക്കി അതിലൊരു പൂമൊട്ട്! കാണക്കാണെ അതൊരു മന്ദസ്മിതമായി അവളുടെ ചുണ്ടുകളില്‍ വിരിഞ്ഞു!! പിന്നെ , മെല്ലെ മെല്ലെ ഒരു പുഞ്ചിരിയായി അയാളിലേയ്ക്കത് പടര്‍ന്നൊഴുകി……!!!
ആരതി ഗോപാല്‍
സന്തോഷ് വില്ല
കുമാരമംഗലം പി.ഒ
തൊടുപുഴ
mob :9744910372
Generated from archived content: story1_july19_12.html Author: arathi-gopal
Click this button or press Ctrl+G to toggle between Malayalam and English