ഭൂവിവരണസിദ്ധാന്തസംഗ്രഹം – ഒരു നിരൂപണം

ഗ്രന്ഥനിർമ്മാണത്തിൽ കൗതുകം വർദ്ധിച്ചിരിക്കുന്ന ഈ കാലത്തിൽ ഒരു പുതിയ പുസ്‌തകത്തിന്റെ ആവിർഭാവവും, അതിനേ ഒരു മാസിക നിരൂപണം ചെയ്യുന്നതും, അതിപരിചിതമായിപ്പോകയാൽ, വായനക്കാരുടെ ദൃഷ്‌ടിയേ ആകർഷിച്ചില്ല എന്നു വരുന്നത്‌ ഒട്ടും അസംഭാവ്യമല്ല. എന്നാൽ ഇവിടെ നിരൂപണം ചെയ്‌വാൻ പോകുന്ന പുസ്തകം ആ കൂട്ടത്തിൽ ചേർന്നതല്ലെന്ന്‌ ആദ്യമേ വായനക്കാരെ ഓർമ്മിപ്പിച്ചുകൊളളുന്നു. തിരുവനന്തപുരം ഹൈസ്‌ക്കൂളിൽ ഒരു അധ്യാപകനും ഭാഷാഭിമാനികളിൽ ഗണനീയൻമാരുടെ കൂട്ടത്തിൽ ചേർന്ന ഒരാളും ആയ ഒ.എം.ചെറിയാൻ അവർകളുടെ കൃതിയായ ‘ഭൂവിവരണസിദ്ധാന്തസംഗ്രഹം’ എന്ന പുസ്തകമാകുന്നു പ്രകൃതനിരൂപണത്തിന്റെ വിഷയം.

ഈ കാലത്തിൽ ഉണ്ടാകുന്ന പുസ്‌തകങ്ങളിൽ മിക്കവയും നിരൂപണത്തെ അർഹിക്കുന്നവയല്ലെന്നു വിളിച്ചു പറയേണ്ടിവരുന്നതിൽ വ്യസനിക്കുന്നു. അതിനുളള കാരണവും ഏറെദൂരെ തേടേണ്ടതില്ല. ചുരുക്കത്തിൽ, ഇംഗ്ലീഷിൽ ‘റീഡിങ്ങ്‌പബ്ലിക്‌’ എന്നു പറയുന്ന മട്ടിൽ ഉളള ഒരുകൂട്ടം ‘പൊതുവായനക്കാർ’ എന്നുളളത്‌, മലയാളികളുടെ ഇടയിൽ ഇതേവരെ ഉണ്ടായിട്ടില്ല എന്നുളള സംഗതിയാണ്‌ ഇതിനു മുഖ്യകാരണം. എന്നാൽ മലയാളികളിൽ മിക്കവരും വായനക്കാരല്ല എന്ന്‌ ഇതുകൊണ്ടർത്ഥമാകുന്നില്ല മലയാളഭാഷാമുഖേന അവർ സംഗതികളെ ഗ്രഹിക്കാനോ രസിക്കാനോ ശ്രമപ്പെടുന്നില്ല എന്നേയുളളു. പുസ്‌തകപാരായണതത്‌പരൻമാരായി നമ്മുടെ ഇടയിലുളളവരിൽ മിക്കപേരും ഇംഗ്ലീഷുപഠിത്തക്കാരാണ്‌. ഇംഗ്ലീഷുപഠിത്തക്കാർ ജഞ്ഞാനസമ്പാദനത്തിനും മനോവിനോദത്തിനും ആയി ഇംഗ്ലീഷുഭാഷയെ അല്ലാതെ മലയാളഭാഷയെ ആശ്രയിക്കുന്നതുമല്ല. അധികവ്യയവും ക്ലേശവും കൂടാതെ ‘സകലമാനഅറിവു’കളും ഇംഗ്ലീഷിൽനിന്നു ഗ്രഹിക്കാൻ സൗകര്യമിരിക്കെ, വല്ല തുച്ഛമായ ജ്ഞാനത്തേയും മലയാളപുസ്‌തകത്തിൽനിന്നു ഗ്രഹിക്കണമെന്ന്‌ അവർക്കു നിർബന്ധമുണ്ടോ? സൂര്യനുദിച്ചുനിൽക്കുമ്പോൾ ആരും ദീപം കത്തിച്ചുവയ്‌ക്കുക പതിവില്ലല്ലോ. എന്നാൽ അവർ നാട്ടുഭാഷയേ ഈ വിധം അനാദരിച്ചാൽ പോര എന്നാണ്‌ എന്റെ പക്ഷം. സൂര്യനുദിച്ചുനില്‌ക്കുമ്പോഴും മംഗലാർത്ഥമായും മറ്റും നാം ദീപം കത്തിച്ചുവയ്‌ക്കാറില്ലേ? നാം ഇംഗ്ലീഷിൽനിന്നു വ്യയവും ക്ലേശവും ചെയ്‌തു ഗ്രഹിക്കുന്ന ജഞ്ഞാനപ്രകാശത്തേ നമ്മോളം ഭാഗ്യമില്ലാത്ത സഹോദരൻമാരുടെ ഇടയിൽക്കൂടെ പ്രചരിപ്പിക്കേണ്ടതു നമ്മുടെ കടമയാകുന്നു. പരീക്ഷാവിജയികൾ എല്ലാം, തങ്ങൾ വിരുതുകൾ വാങ്ങുമ്പോൾ ഈ അർത്ഥത്തിൽ ഒരു സത്യവാചകംകൂടെ ചെയ്യാറുണ്ടെന്നുളളതും നാം ഓർക്കേണ്ടതാണ്‌ സ്വഭാഷാഭിമാനം എല്ലാവർക്കും വേണ്ടതാകുന്നു. നമ്മുടെ ഇടയിൽ വിലപ്പോകുന്ന പുസ്‌തകങ്ങളിൽ പത്തിനൊൻപതും പരീക്ഷയ്‌ക്കു ഉപയോഗപ്പെടുന്നവ മാത്രമാണെന്നുളളത്‌,ശ്ലാഘർഹമായ ഒരു അവസ്ഥയല്ലല്ലോ. ​‍്‌

ഗ്രന്ഥകർത്താക്കൻമാരുടെ ഈ ദശയും വായനക്കാരുടെ ദുർഭിക്ഷവും അത്യന്തം ശോചനീയമായിരിക്കുന്നു.

ഈ ദുർഘടസ്ഥിതിയിൽനിന്നു മലയാളഭാഷയേ കരകയറ്റുന്നതിന്‌, ഏതാനും ചിലർ ദ്രവ്യനഷ്‌ടത്തെ ഗണിക്കാതെ നല്ല പുസ്‌തകങ്ങൾ എഴുതി ചുരുങ്ങിയ വിലയ്‌ക്കു വില്‌ക്കാൻ മടിക്കാതിരുന്നാലേ സാധിക്കുകയുളളു. ‘പൊതുവായനക്കാർ’ എന്നൊരുകൂട്ടം ആളുകൾ ഇല്ലെങ്കിൽ, അങ്ങനെ ഒരു സംഘത്തെ കാലക്രമേണ സൃഷ്‌ടിക്കാൻ നാം യത്നം ചെയ്യണം. പാശ്ചാത്യസാഹിത്യസമുദ്രത്തിൽ കിടക്കുന്ന രത്‌​‍്‌നങ്ങളെ എടുത്തു തയ്യാർചെയ്യുന്നതായാൽ, വലിയ വിലയൊന്നും ഇല്ലെങ്കിൽ, വാങ്ങാനും ഉപയോഗിക്കാനും ആളുകൾ ഉണ്ടാകാതിരിക്കുകയുമില്ല. ഈവിധം ‘ഗുഡജിഹ്വികാ’രീതിയിൽ ജനങ്ങളുടെ ഹൃദയാവർജ്ജനം ചെയ്താൽ, നല്ല പുസ്‌തകങ്ങൾക്ക്‌ ആവശ്യക്കാരുണ്ടാകയും, ആ ആവശ്യം നേരിടുന്നതിനനുരൂപമായി പുസ്‌തകങ്ങളുടെ സംഖ്യ വർദ്ധിക്കുകയും ചെയ്യുന്നതാണ്‌.

ഈ വിധം ‘ഗുഡജിഹ്വിക’യായിരിക്കാൻ അർഹതയുളളതാകുന്നു പ്രകൃതപുസ്‌തകം. ഇതിൽ പല ശാസ്ര്തങ്ങളുടേയും തത്ത്വങ്ങൾ അടങ്ങീട്ടുണ്ട്‌. ഇംഗ്ലീഷിൽ പോപ്പുലർ സയൻസ്‌ -(സർവ്വജനീനശാസ്ര്തവിഷയങ്ങൾ) എന്ന്‌ ഒരുവക കൃതികളുണ്ട്‌. അതിന്റെ രീതിയിലാണ്‌, ‘ഭൂവിവരണസിദ്ധാന്തസംഗ്രഹം’ രചിക്കപ്പെട്ടിരിക്കുന്നത്‌. സർവ്വജനീനമായ ഒരു കൃതിയിൽ ഏതൊരു വിഷയവും അസ്ഥാനത്തിലാവുകയില്ലെങ്കിലും, അവശ്യം അറിഞ്ഞിരിക്കേണ്ട പല സംഗതികളെയും എടുത്തു ചേർത്തിരിക്കുന്ന ഈ പുസ്തകം പ്രത്യേകം സ്വീകാര്യംതന്നെ! ഈ നാട്ടിൽ വാസ്തവങ്ങളല്ലാത്ത അനേകം അഭിപ്രായങ്ങൾക്ക്‌ ആധാരങ്ങളായ ‘സൂര്യഗ്രഹണം’, ‘ചന്ദ്രഗ്രഹണം’ മുതലായവയെക്കുറിച്ചുളള അവ്യക്തങ്ങളായ പ്രസംഗാംശങ്ങൾ എല്ലാമലയാളികളും വായിച്ചിരിക്കേണ്ടതാണ്‌. നമുക്കു നിത്യപരിചിതങ്ങളെങ്കിലും, ദുർഗ്രാഹ്യങ്ങളായ മഴ, കാറ്റുകൾ, കാലാവസ്ഥ-എന്നിങ്ങനെയുളള പ്രമേയങ്ങൾ ശാസ്‌ത്രീയവിഷയങ്ങളിലേക്കു വായനക്കാരേ ബലാൽ സമാകർഷിക്കുന്നവയായിരിക്കുന്നു. ‘സസ്യങ്ങളുടെ ദേശവിഭാഗം’ എന്ന ഉപന്യാസത്തിൽ വിശദീകരിക്കപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ, ബുദ്ധിപൂർവ്വം വായിച്ചുനോക്കുന്ന മലയാളികൾക്കു ഹൃദയാത്യന്താഹ്ലാദകരങ്ങളായിരിക്കുമെന്നു തീർച്ചതന്നെ. ഓരോ പ്രമേയത്തേയും വിശദീകരിക്കേണ്ടതിലേയ്‌ക്ക്‌ അത്യന്താപേക്ഷിതങ്ങളായ പടങ്ങൾ, കാര്യക്ഷമമാം വണ്ണം ഘടിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ പുസ്‌തകത്തിന്റെ ഉപയോഗം പൊതുവേ ഒരു മാറ്റുകൂടെ കൂടിയിട്ടുണ്ട്‌.

പ്രസ്‌തുതപുസ്‌തകം ഒരാവർത്തിയെങ്കിലും മനസ്സിരുത്തി വായിക്കുന്നവർക്ക്‌ അസന്ദിഗ്‌ധമായി മനസ്സിൽ ഉദിക്കുന്ന ഒരനുമാനം, ഓരോ വിഷയവും വായനക്കാർക്കു സുഗ്രഹമാകുന്നതിനു വേണ്ടത്തക്ക എല്ലാ കൗശലങ്ങളും ഗ്രന്ഥകർത്താവു സാമർത്ഥ്യത്തോടെ പ്രയോഗിച്ചിട്ടുണ്ട്‌ എന്നുളളതാണ്‌. ഓരോ വിഷയത്തേയും,-അതിന്റെ എല്ലാഅംശങ്ങളേയും-കുറിച്ചു സുശിക്ഷിതവും കൂലങ്കഷവും ആയ ജ്ഞാനം പൂർണ്ണമായിരിക്കുകയാൽ, ഗ്രന്ഥകർത്താവിന്ന്‌ ഓരോ വിഷയത്തേയും നാനാപ്രകാരങ്ങളിൽ സൂക്ഷ്‌മനിരീക്ഷണം ചെയ്യുന്നതിനു സാധിച്ചിട്ടുണ്ട്‌. സംശയലേശമില്ലാത്ത ഒരു മനസ്സിന്റെ പ്രതിച്ഛായയായി, സുഖപ്രദമായ ഒരു രീതിയും മാധുര്യവും പ്രസ്‌തുത പുസ്‌തകത്തിനു ലഭിച്ചിട്ടുണ്ടെന്നു പറയാൻ ഞാൻ മടിക്കുന്നില്ല. വാണിജ്യവാതങ്ങൾ, പ്രതിവാണിജ്യവാതങ്ങൾ-എന്നിതുകൾ തമ്മിലുളള അന്തരം; ആപ്രിക്ക, അമ്മേരിക്ക എന്നിതുകൾ തമ്മിൽ കാലാവസ്ഥ സംബന്ധിച്ചുളള താരതമ്യവിവേചനങ്ങൾ;-മുതലായ ഘട്ടങ്ങൾ ഇതിനു നല്ല ദൃഷ്‌ടാന്തങ്ങളാണ്‌. വിഷയങ്ങളുടെ ക്രമീകരണത്തിലുണ്ടാകുന്ന ദോഷംനിമിത്തവും മറ്റും, ശാസ്‌ത്രഗ്രന്ഥങ്ങൾ പലപ്പോഴും ദുർഗ്രഹങ്ങളായി കാണാറുളളതുകൊണ്ടാണ്‌, ‘ഭൂവിവരണസിദ്ധാന്ത സംഗ്രഹ’ത്തിന്റെ ഈ വിശിഷ്‌ടതയേ ഇവിടെ പ്രത്യേകം പ്രസ്‌താവിക്കണമെന്നു തോന്നിയത്‌.

അറിയപ്പെടേണ്ട വിഷയങ്ങളെക്കുറിച്ചു വിസ്‌താരമായി എഴുതപ്പെട്ടിരിക്കുന്ന പ്രസംഗങ്ങളടങ്ങിയ ഈ പുസ്‌തകം, ഒരു നല്ല, ഗദ്യമെഴുത്തുകാരന്റെ കൃതിയാവാൻ ഇടയായതു മലയാളഭാഷയുടെ ഭാഗ്യംതന്നെ. സാങ്കേതികശബ്‌ദങ്ങൾ ഈ പുസ്‌തകത്തിലുണ്ട്‌; സംശയമില്ല. ഒരു ശാസ്‌ത്രഗ്രന്ഥത്തിൽ അവ ഒഴിച്ചുകൂടാത്തതാണല്ലോ. എന്നാൽ, സാങ്കേതികപദങ്ങളുടെ ബാഹുല്യംനിമിത്തം കാര്യഗ്രഹണത്തിനു ഗുരുപദേശം ആവശ്യപ്പെടാൻ ഇടയാകരുതെന്നും പുതിയ ശബ്‌ദങ്ങളെ സൃഷ്‌ടിക്കാതെ, കഴിയുന്നതും കഴിക്കണമെന്നും ഗ്രന്ഥകർത്താവിനുണ്ടായിരുന്ന ഉദ്ദേശ്യത്തേ സരളങ്ങളായവാക്യങ്ങൾ വിളിച്ചുപറയുന്നുണ്ട്‌. സംഗതികളുടെ പ്ര്ഢത്വം അനുസരിച്ച്‌, “സൗരയൂഥം”, “സൂര്യൻ” എന്നീ രണ്ട്‌ ഉപന്യാസങ്ങളിൽ സംസ്‌കൃതപദങ്ങളെ സ്വച്ഛന്ദമായി ഉപയോഗിച്ചിരിക്കുന്നതിന്റെ സ്വാരസ്യം സംസ്‌കൃതാഭിജ്ഞൻമാർ സവിശേഷം അനുമോദിക്കുന്നതാണ്‌. നാനാപ്രകാരേണ ആലോചിച്ചാൽ, ഈ “ഭൂവിവരണസിദ്ധാന്തസംഗ്രഹം” മലയാളഗ്രന്ഥങ്ങളുടെ -പ്രത്യേകം മലയാളശാസ്ര്തങ്ങളുടെ -ഇടയിൽ ഉന്നതമായ ഒരു പദവിയേ അര്‌ഹിക്കുന്നുണ്ട്‌. യഥാർത്ഥത്തിൽ ലോകോപകാരവും ഭാഷാപോഷണവും ചെയ്യുന്ന ഏതദ്വിധകൃതികളുടെ സംഖ്യ മലയാളത്തിൽ വർദ്ധിച്ചുവരട്ടെ!

Generated from archived content: bhoovivaranam.html Author: ar-rajarajavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here