ദൈവനീതി

ജനനം പോലെ, മരണം പോലെ

ജീവിതവും എനിക്കിന്നേവരെ

പൂരിപ്പിക്കാൻ കഴിയാത്ത സമസ്യ!

ഇനിയെങ്ങോട്ടെൻ യാത്ര?

ഞാൻ നിൽക്കുന്നത്‌ മുടിനാരേഴായി

ചീന്തിയുണ്ടാക്കിയ പാലത്തിന്മേലോ?

നരകത്തിൽ ദംഷ്‌ട്രകൾ നീട്ടി

കടിക്കാൻ വെമ്പുന്ന ഇഴ ജന്തുക്കൾ

എന്തും ഉരുകിയൊലിപ്പിക്കാൻ വെമ്പി

കൈനീട്ടി നിൽക്കുന്ന തീ നാളങ്ങൾ

തിന്നാൻ ‘സുഖൂം’ വൃക്ഷത്തിന്റെ ചപ്പുകൾ

ദാഹമടക്കാൻ തീ ജലം

ചർമ്മം വെന്തുരിയുമ്പോൾ പുതിയ

ചർമ്മം നൽകി വീണ്ടും കരിക്കുന്നു

ഹോ! എനിക്കൊന്നും കാണാൻ വയ്യ

ഞാൻ തളർന്നവശനാവുകയാണല്ലോ

സ്വർഗ്ഗത്തിൽ ചിരിയും തമാശയും

അവർ നരകവാസികളെ പരിഹസിക്കുന്നോ?

കിടക്കാനവർക്കു മുത്തുകൾ പതിച്ച

ബുലൂദിന്റെ അട്ടിയിട്ട മെത്തകൾ

രമിക്കാൻ ചന്തിയും മുലയും കൊഴുത്ത

പവിഴം പോലെ പ്രകാശിക്കുന്ന ഹൂർനീങ്ങൾ

അവർക്കുല്ലസിക്കാൻ താഴ്‌ഭാഗങ്ങളിലൂടെ

സ്വച്ഛന്ദം ഒഴുകുന്ന പനിനീരരുവികൾ

പക്ഷികളുടെ കളകൂജനങ്ങൾ

മുന്തിരിയും റൂമാനും മറ്റനേകം പഴങ്ങളും

കുലകളായി തൂങ്ങിനിൽക്കുന്ന തോട്ടങ്ങൾ

ഹ! എന്തൊരു ഉന്മേഷഭരിതമാണാ ലോകം

കണ്ണിൽ കുളിർമഴ പെയ്യുന്നു

ആദ്യം തിന്മയുടെ ഏടുകളാണ്‌ വായിച്ചത്‌

ഞാൻ അറിയുകയും ഓർക്കുകയും ചെയ്യാത്ത

എന്തെല്ലാം തിന്മകൾ ഞാൻ ചെയ്തിരിക്കുന്നു.

ഹൊ! തല ലജ്ജയാൽ കുനിഞ്ഞുപോയി

കണ്ണിൽ നിന്നു ചോര വാർന്നൊഴുകി

നന്മയുടെ ഏടുകളിലേക്ക്‌

പരീക്ഷാഫലം കാത്തിരിക്കുന്നവനെപ്പോലെ

എന്റെ കണ്ണുകൾ പരക്കം പാഞ്ഞു

എല്ലാ ഏടുകളും ശൂന്യമാണോ?

ഞാൻ ബോധം കെട്ടവനായി

മഞ്ഞളിച്ച കണ്ണിൽ, ഏതോ ഏടിലായ്‌

പച്ചമഷികൊണ്ടെഴുതിയ ഒരു കുറിപ്പു കണ്ടു;

വിശന്നു വലഞ്ഞ പട്ടിക്കു

ആഹാരം കൊടുത്തവൻ!

നന്മയുടെ ആ കണിക

സ്വർഗ്ഗത്തിലേക്കുളള തറ ടിക്കറ്റായി

എന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്നു!

Generated from archived content: poem_oct12_05.html Author: apm_kasim

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here