അമ്മുവിന്റെ തലയിണ എഴുതുന്നതെന്തന്നാല്‍ …

പ്രിയപ്പെട്ട അമ്മുവിന്റെ അമ്മയ്ക്ക്, ഞാന്‍ അമ്മുവിന്റെ തലയിണയാണ്.അവളുടെ മുറിയില്‍ത്തന്നെയാണു താമസം.പത്തു പന്ത്രണ്ടു വയസ്സു മുതല്‍ ഞങ്ങള്‍ ഒന്നിച്ചുറങ്ങുന്നു.ശരിയ്ക്കു പറഞ്ഞാല്‍ നിറയെ ജനാലകളുള്ള, മുകളിലെ അറ്റത്തെ ഈ മുറിയിലേയ്ക്ക് അമ്മു കൂടുമാറിയതു മുതല്‍ ..

ചില കാര്യങ്ങള്‍ അമ്മുവിന്റെ അമ്മയെ അറിയിയ്ക്കാനാണീയെഴുത്ത്.അതിനു മുമ്പ്, എഴുത്തു കാണുമ്പോള്‍ അമ്മയ്ക്കുണ്ടാവാനിടയുള്ള അമ്പരപ്പ്,അതിശയം..ഇത്യാദി വികാരങ്ങള്‍ ഒഴിവാക്കാനായി ആദ്യമേ തന്നെ പറയട്ടെ..എനിയ്ക്കു ചിലപ്പോള്‍ ജീവന്‍ വെയ്ക്കും..എനിയ്ക്കു മാത്രമല്ല,നിങ്ങള്‍ അചേതനമെന്നും ജഡമെന്നും വിളിയ്ക്കുന്ന മിക്ക വീട്ടുസാമാനങ്ങള്‍ക്കും സ്വന്തമായി ചിന്തിയ്ക്കാനും,സംസാരിയ്ക്കാം..ആളനക്കമറ്റ പകലുകളില്‍ ഞങ്ങളൊന്നിച്ചു കൂടും,കൊതിയും നുണയും പറയും,കഥകള്‍ കൈമാറും,…ഈ വീടിനെയും വീട്ടുകാരെയും കുറിച്ചൊരുപാടു കാര്യങ്ങള്‍ അങ്ങനെ ഞങ്ങള്‍ക്കറിയാം..

അമ്മുവിന്റെ അമ്മയ്ക്കു ചിലപ്പോള്‍ വിക്രമാദിത്യ കഥകള്‍ ഓര്‍മ്മ വരുന്നുണ്ടാവും..തിരശീലയില്‍ വേതാളത്തെ സന്നിവേശിപ്പിച്ച് പേശാമടന്തയെ ജയിച്ച രാജാവിന്റെ കഥ..അമ്മ അമ്മുവിനു പറഞ്ഞു കൊടുത്ത ഒരുപാടു കഥകളിലൊന്നാണല്ലോ..അമ്മയുടെ കഥകള്‍ അവള്‍ക്കൊരുപാടിഷ്ടമായിരുന്നു, എന്നും.

പറഞ്ഞു പറഞ്ഞു കാടു കയറി..എപ്പോഴും ഞാനിങ്ങനെയാണ്… പറയാന്‍ വന്നതാവില്ല മുഴുമിയ്ക്കുക..അമ്മുവിനെ പോലെ… ഏതായാലും ഇന്നങ്ങനെ വേണ്ട…പറഞ്ഞു ബോറാക്കാതെ വിഷയത്തിലേയ്ക്കു വരാം… നേരത്തേ പറഞ്ഞ പോലെ,പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ അമ്മുവിന്റെ അമ്മയെ അറിയിയ്ക്കാനാണിതെഴുതുന്നത് ..ഒന്നാമതായി, ഈയിടെ എന്റെ തലയിണയുറ ആകെ മെനകെട്ടിരിയ്ക്കുന്നു.പൊടിപൂണ്ടു കിടക്കുന്ന അത് അലക്കുതൊട്ടി കണ്ടിട്ട് ആഴ്ചകളായി..ഓര്‍മ്മയില്ലേ?എംബ്രോയിഡറി പഠിച്ചു തുടങ്ങിയ നാളുകളില്‍ അമ്മു തുന്നിയതാണത്..ഇളം പിങ്ക് തുണിയുടെ അരികുകളില്‍ ചുവന്ന റോസാപ്പൂങ്കുലകള്‍ തുന്നിച്ചേര്‍ക്കാന്‍ അവളൊരുപാട്‌ സമയമെടുത്തു..എന്തു ഭംഗിയുള്ളതായിരുന്നു അത്…അവള്‍ക്കേറെ പ്രിയപ്പെട്ടതും..അതു കൊണ്ടാവാം,നീണ്ട ഹോസ്റ്റല്‍ വാസത്തിനിടെ നിറമിളകിപ്പിടിച്ചും പിഞ്ഞിയും ഇല്ലാതാവാതെ,ആ പിങ്ക് തലയിണയുറ എപ്പോഴും എന്നെ മാത്രം അണിയിച്ചതും…

എന്നാലീയിടെയായി,ആകെ നാശമായിരിയ്ക്കുന്നു അത്..വാശികൂര്‍പ്പിച്ച നഖത്തുമ്പുകള്‍ റോസാപ്പൂക്കളെ പിച്ചിക്കീറി,രാവുകളില്‍ നീണ്ടൊഴുകിയ കണ്ണീര്‍ച്ചാലുകളിലെ ഉപ്പുരസം അവശേഷിച്ച ചുവപ്പിന്റെ തിളക്കവും ചോര്‍ത്തിക്കളഞ്ഞു..ഒരുപക്ഷേ,കണ്ണുനീരു മൂടി കാഴ്ച മറഞ്ഞതു കൊണ്ടാവാം,അവളുണരും മുന്പേയുള്ള അതിരാവിലെ വരവുകളില്‍ അമ്മയതു കാണാഞ്ഞത്..”പോത്തു പോലെ കിടന്നുറങ്ങി നേരം ഉച്ചയായാല്‍ മാത്രം എണീക്കുന്ന ‘മൂശേട്ട’ ശീലം അവളൊരിയ്ക്കല്‍ മാത്രം മാറ്റിവെച്ചിരുന്നെങ്കിലെന്ന് അന്നേരം ഞാനാശിയ്ക്കാറുണ്ട്..

പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം,അമ്മുവിന്റെ സ്വഭാവത്തില്‍ ഈയിടെയായി ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിയ്ക്കുന്നു..രാവുകളില്‍ എന്നിലേയ്ക്ക് പരകായപ്രവേശം നടത്താറുള്ള ഗന്ധര്‍വ്വനെ പേരു ചൊല്ലി വിളിച്ച് അവള്‍ പിച്ചുകയും മാന്തുകയും ഇറുകെപ്പുണരുകയും ചെയ്യുമ്പോള്‍ ആ കണ്ണുകളിലെ തിളക്കം,അത് അപകടമാണെന്നു ഞാനറിയുന്നു…..

പിന്നെ,ഈ മുറിയിലെ മണം അസഹ്യമായിരിയ്ക്കുന്നു ഇപ്പോള്‍ ..പണ്ടൊക്കെ,നറുംപാല്‍ മണമായിരുന്നു അമ്മുവിന്.. നിഷ്കളങ്കതയുടെ,നന്മയുടെ ആ മണം അവളെ ഒരു കുമിള പോലെ പൊതിഞ്ഞു പിടിച്ചിരുന്നു.. ഇപ്പോഴാകട്ടെ,വേര്‍തിരിച്ചറിയാന്‍ വയ്യാത്ത ഒരുപാട് മണങ്ങളുമായി കെട്ടിമറിഞ്ഞിട്ടാണവള്‍ കയറി വരിക.കാപ്പിക്കറയും,കട്ടപിടിച്ച മഷിയും,മുഷിഞ്ഞ തുണികളുമുണ്ടാക്കുന്ന അലോസരം വേറെ…പിന്നെ,രക്തകറകളും,ആമാശയം വരെ കൈയ്ക്കുന്ന ആന്റിഡിപ്രസന്റ് മരുന്നുകളും..വല്ലാത്ത മടുപ്പു തോന്നും ചിലപ്പോള്‍്‌,അമ്മുവിന്റെ മനസ്സു പോലെ..

അമ്മുവിന്റെ അമ്മയ്ക്കും മടുത്തു തുടങ്ങിക്കാണും അല്ലേ..ശരിയാ…നേരമൊരുപാടായി..അമ്മുവിന്റെ ഡയറി അവന്റെ താളുകളില്‍ അമര്‍ന്നു പതിഞ്ഞ റോസാപ്പൂക്കള്‍ എന്നോ പൊടിഞ്ഞു പോയിയെന്ന് സങ്കടം പറഞ്ഞ ദിവസമാണ്…ഇതെഴുതാനിരുന്നത്..അവസാനമായി ഇവിടുന്നു പോയപ്പോള്‍ അവളെഴുതി വെച്ച വരികളില്‍ ചോര പുരണ്ടിരുന്നതു കാണിയ്ക്കാന്‍ വന്നപ്പോഴാണല്ലോ അവനതു പറഞ്ഞത്..ഇനിയും വൈകിയ്ക്കുന്നില്ല..! ജോലിക്കാരിയുടെ ചൂലിനെയും വളര്‍ത്തു നായുടെ പല്ലുകളെയും പിന്നെ വാശിയുടെയും വഴക്കിന്റെയും പൊടിമാറാലകളെയും അതിജീവിച്ച് ഈ കത്ത് അമ്മുവിന്റെ അമ്മയുടെ കൈയ്യിലെത്തട്ടെ…

ശുഭരാത്രി..

എന്നു വിശ്വസ്തതയോടെ, സ്വന്തം തങ്കക്കുട്ടി.. (ഒപ്പ്)

Generated from archived content: story1_feb28_13.html Author: aparna_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English