എഴുത്തുകാരെ വിലയിരുത്തേണ്ടത് അവരുടെ രചനകളെ അത് കാലഘട്ടങ്ങളുടെ സാമൂഹികപരിസരങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ടായിരിക്കണം എന്നൊരു മതമുണ്ട്. സാഹിത്യപ്രസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലും നിരൂപകര്‍ മൂല്യ നിര്‍ണ്ണയം നടത്തുന്നു. ക്ലാസ്സിസം റൊമാന്റിസം മോഡേണിസം പോസ്റ്റ്മോഡേണിസം എന്നും മറ്റുമുള്ള ഈ തരം തിരിക്കലും രൂപത്തേയും ഉള്ളടക്കത്തേയും ആസ്പദമാക്കി നടത്തുന്ന സ്വഭാവനിര്‍ണ്ണയമാണ്. ഒരു പ്രത്യേകകാലത്ത് പ്രത്യക്ഷപ്പെടുന്ന രചനകള്‍ക്ക് സമാനമായ സ്വഭാവസവിശേഷതകളുണ്ടാവുന്നതിനാല്‍ ഈ മൂല്യനിര്‍ണ്ണയത്തിലും കാലഘട്ടം പ്രസക്തമായി വര്‍ത്തിക്കുന്നു. എന്നു പറയാം. സാഹിത്യപ്രസ്ഥാനങ്ങളുടെ അളവു തൂക്കനിയമങ്ങളല്ല സാഹിത്യ ബാഹ്യമായ ജിവിതാവസ്ഥകളുടെ നിര്‍ബന്ധങ്ങളാണ് എഴുത്തുകാരന്റെ കൈ പിടിച്ച് എഴുതിക്കുന്നത് എന്നതാണ് ഇതിന്റെ യുക്തി. ഈ സാമാന്യ രീതിയെ നിരാകരിക്കുകയോ അതിന്റെ ചട്ടക്കൂടില്‍ ഒതുങ്ങാതിരിക്കുകയോ ചെയ്യുന്ന എഴുത്തുകാരുമുണ്ട്. അയ്യപ്പപ്പണിക്കരും ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാടും ഒരേ കാലഘട്ടത്തില്‍ വ്യത്യസ്തരീതിയില്‍ കവിതകളെഴുതുന്നത് ഇതുകൊണ്ടാണ്. എങ്കിലും സാമാന്യേന സാമൂഹികാവസ്ഥ സാഹിത്യത്തെ നിയന്ത്രിക്കുന്നു എന്നു പറയാം. ആധുനികോത്തരകാലത്ത് കാല്‍പ്പനികതയ്ക്കു സ്വീകാര്യതയുണ്ടാവുന്നില്ല. കോളോണിയല്‍ സമൂഹത്തിന്റെ മുഖ്യ ഘടനയുമായി കലഹിക്കാതിരുന്നുമില്ല.
നാം ജീവിക്കുന്നത് പോസ്റ്റ് കൊളോണിയല്‍ യുഗത്തിലാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഇന്ന് വെറും ഓര്‍മ്മ. ഇരുപതാം നൂറ്റാണ്ട് മനുഷ്യചരിത്രത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന അത് ബാഹ്യതലത്തിലുള്ള കോളനി എന്ന ആശയത്തെ തകര്‍ത്തതാണ് . ഇന്ന് ഒരു വന്‍ ശക്തിക്കും ലോകത്ത് കോളനികള്‍ സ്ഥാപിക്കാനോ നിലനിര്‍ത്താനോ സാധിക്കുകയില്ല. എന്നാല്‍ ഫിനാന്‍സ് ക്യാപ്പിറ്റലിസം ലോകത്തുടനീളം ആഭ്യന്തര കോളനികള്‍ സൃഷിക്കുന്നുണ്ട്. ഈ നവകോളനിവത്ക്കരണം പോസ്റ്റ് കൊളോണീയല്‍ യുഗത്തിന്റെ സ്വതന്ത്രമായ അവസ്ഥയില്‍ അന്തര്‍ലീനമായ അതിന്റെ നേര്‍വിപരീതമാണ്. ചങ്ങലയും കൈവിലങ്ങും തോക്കും കൊണ്ടല്ല കൊക്കോക്കോളയും ഫ്രൈഡ് ചിക്കനും സ്റ്റോക്ക് എക്സേഞ്ചും വഴിയാണ് ആ അധിനിവേശം നടക്കുന്നത്. ഗാട്ട് ഡങ്കല്‍ കരാര്‍, ട്രിപ്സ്, ട്രിം തുടങ്ങിയ ബാഹ്യഘടകങ്ങള്‍ അധിനിവേശത്തിന് അനുകൂലമായ നിയമക്കുരുക്കുകള്‍ ഉണ്ടാക്കുമ്പോള്‍ വിപണിയുടെ താത്പര്യങ്ങള്‍ക്ക് കഴുത്ത് നീട്ടിക്കൊണ്ട് സാംസ്ക്കാരികമായ കീഴൊതുങ്ങല്‍ നടത്താന്‍ , പോസ്റ്റ്കൊളോണിയല്‍ യുഗത്തില്‍ നാം തയ്യാറാവുന്നു. അധിനിവേശത്തിന് കീഴൊതുങ്ങിക്കൊടുക്കുന്ന രാഷ്ട്രീയ വ്യവസ്ഥയുടെ ഈ സ്വഭാവം എല്ലാ നാടുകളിലെയും സാഹിത്യത്തില്‍ പ്രതിരോധത്തിന്റെ പൊടിപ്പുകള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. കാല്‍പ്പനിക കാലത്ത് എഴുത്തുകാരില്‍ വിപ്ലവത്തിന്റെയും വിമോചനത്തിന്റെയും ആശയങ്ങള്‍ മുളപൊട്ടിയതിനെയും സാംസ്ക്കാരിക പ്രതിരോധത്തിന്റെ ഈ ആശയങ്ങളേയും പരസ്പരം ഉദാഹരിക്കാവുന്നതാണ്. അധിനിവേശത്തിനെതിരായി കവി യുദ്ധം ചെയ്യുകയാണെന്ന് ഇതേപ്പറ്റി ഹോചിമിന്റെ ഭാഷ കടമെടുത്തുകൊണ്ട് പറയുകയും ചെയ്യാം. ഇത്തരം യുദ്ധങ്ങളുടെ വെടിമുഴക്കങ്ങള്‍ മൂന്നാം ലോകരാഷ്ട്രങ്ങളുടെ സാഹിത്യത്തില്‍ വായനക്കാര്‍ക്ക് നല്ലപോലെ കേള്‍ക്കാന്‍ സാധിക്കുന്നു. നവസാമൂഹികപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ വ്യവസ്ഥകളില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ സാഹിത്യലോകത്ത് ഉയര്‍ത്തിക്കൊണ്ടു വരുന്ന വെടിമുഴക്കങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്നുണ്ട്.
ഹിറ്റ്ലര്‍ സസ്യഭുക്കാണ് എന്ന കഥാസമാഹാരം പി. കെ പാറക്കടവിന്റെ ചാവേര്‍ പോരാട്ടമാണ് ഈ കഥകള്‍. അധിനിവേശ സംസ്ക്കാരത്തിനെതിരായുള്ള പ്രത്യക്ഷസമരത്തിന്റെ സൂചനകളാണെന്നു പറയുമ്പോള്‍ അത് ഒരിക്കലും ധിറുതി പിടിച്ച സാമാന്യവത്ക്കരണമാവുകയില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ രൂപപരമായും പ്രമേയപരമായും പല പരീക്ഷണങ്ങളും നടത്തിപ്പോരുന്ന കഥാകൃത്താണ് ( അതോ കവിയോ) പി. കെ പാറക്കടവ്. ഭാഷയുടെ ആലങ്കാരികമായ വച്ചുകെട്ടലുകളെല്ലാം അദ്ദേഹം നിരാകരിക്കുകയും ഭാഷയെ കഴിയുന്നത്ര നഗനമാക്കുകയും ചെയ്യുന്നു. പ്രമേയത്തിന്റെ കെട്ടുകാഴ്ചകളെയും പാറക്കടവ് നിരാകരിക്കുന്നു. ഇവയെല്ലാം കളയുമ്പോള്‍ വേണ്ടാത്തതെല്ലാം ഒഴിവാക്കിക്കളഞ്ഞ വെറും മൂലകമായി രചന മാറുന്നു. ആദ്യകാല കഥകള്‍ മുതല്‍ക്കു തന്നെ പാറക്കടവില്‍ ഈ വാസന കാണാവുന്നതാണ്. ഇംഗ്ലീഷ് ഭാഷയിലെ ലിമറിക്കുകള്‍ എന്ന കാവ്യരൂപത്തോട് പാറക്കടവിന്റെ കഥ ( കവിത) കള്‍ക്ക് സാദൃശ്യം ദര്‍ശിക്കുന്നവരുണ്ട്. അദ്ദേഹത്തില്‍ പല കഥകളെയും ഓഗ്ഡന്‍ നാഷന്റെയും ഇ. ഇ കമ്മിംഗിന്റെയും സൃഷ്ടികളുമായി താരതമ്യപ്പെടുത്തുന്നു. ഇവര്‍ ഇത് രൂപത്തില്‍ മാത്രം പാറക്കടവ് പുലര്‍ത്തുന്ന പ്രത്യേകതയല്ല. പ്രമേയത്തിലും സൂക്ഷ്മതലത്തില്‍ ഒരു പ്രത്യേക സംബന്ധഭാവം ഉരുത്തിരിഞ്ഞു വരുന്നുണ്ട്.
പച്ചമനുഷ്യരല്ല സാമാന്യ പ്രതീകങ്ങളാണ് പാറക്കടവിന്റെ കഥാപാത്രങ്ങള്‍. ഹിറ്റ്ലര്‍ ഒരു സസ്യഭുക്കാണ് കഥകളിലും യഥാര്‍ത്ഥ മനുഷ്യരില്ല. അവന്‍, അവള്‍, ഭാര്യ, കുട്ടി അയാള്‍ തുടങ്ങിയ സാമാന്യ പ്രതീകങ്ങളിലൂടെയാണ് കഥകള്‍ വികസിക്കുന്നത്. ആര്‍ക്കും പേരുകളില്ല. ഉള്ള പേരുകള്‍ തന്നെയാകട്ടെ പഴഞ്ചൊല്ലുകളിലെ പ്രതിരൂപങ്ങളും ( കോരന്‍, ശങ്കരന്‍) കാലഘട്ടത്തിന്റെ സാമാന്യബിംബങ്ങളുമാണ് ( ഡങ്കല്‍ വാസ്ക്കോഡഗാമ) പാറക്കടവ് കഥ പറയുകയല്ല ചില നൈകിത സമസ്യകള്‍ ആവിഷ്ക്കരിക്കുകയാണ്. അതിനാല്‍ റിയാലിറ്റിയുമായല്ല, ആ റിയാലിറ്റിയുടെ ചില പ്രത്യേകാവസ്ഥകളുമായാണ് അദ്ദേഹത്തിന്റെ ഇടപെടല്‍. ഭാഷയുടെ ചമല്‍ക്കാരങ്ങളെ നിരാകരിക്കാനും കഥകളെ അലിഗറിയുടെ അവസ്ഥയിലെത്തിക്കാനും അദ്ദേഹത്തിനു സാധിക്കുന്നു. സെന്‍ – സൂഫി കഥകളുടെ ദാര്‍ശനിക സ്വഭാവത്തോട് ഈ കഥകളുടെ താത്വികാന്വേഷണങ്ങളെ ബന്ധിപ്പിക്കാവുന്നതാണ്. കഥകള്‍ അസംഭവ്യമാണ്. ജീവിതത്തിന്റെ സംഭവ്യതകളിലേക്ക് അസംഭവ്യതകളുടെ പശ്ചാത്തലങ്ങള്‍ നിരത്തുകയാണ് പാറക്കടവ് ചെയ്യുന്നത്.
‘ കേരള ‘ ത്തിലെ ശങ്കരന്‍ തെങ്ങില്‍ നിന്ന് താഴോട്ട് വലിച്ചെറിയുന്നത് കോളയും പെപ്സിയും . ഇത് സംഭവിച്ച് കഥയല്ല സംഭവിക്കാവുന്നതുമല്ല. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അയാര്‍ത്ഥ്യത്തെ സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുന്ന രചനാ തന്ത്രം ഈ കഥയില്‍ നാം കാണുന്നു. കേരളീയ സാമൂഹികപരിസരങ്ങളെയാണ് തെങ്ങില്‍ നിന്ന് പെപ്സിയിടുന്ന ശങ്കരന്‍ പ്രതിനിധാനം ചെയ്യുന്നത്. വാഴക്കന്നിനു പകരം കമ്പ്യൂട്ടര്‍ കുഴിച്ചിടുന്ന മകനും കഞ്ഞിയിലുപ്പിടുമ്പോള്‍ വായില്‍ ഗാന്ധിയുടെ ഊന്നുവടി നിറയ്ക്കുന്ന മകനും സീരിയലില്‍ കണ്ണുനീര്‍ കുടിവെള്ളമാക്കുന്നവരുമൊന്നും എല്ലും മാംസവുമുള്ള നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളല്ല മറിച്ച് അസംബന്ധ കല്‍പ്പനകളാണ്. അതേ സമയം അവര്‍ നമ്മുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പ്രതിരൂപങ്ങള്‍ കൂടിയായി വര്‍ത്തിക്കുന്നു. ആ അര്‍ത്ഥത്തില്‍ ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത ‘ ഏടു’ കളാണ് പാടക്കടവിന്റെ കഥകള്‍. എന്നും ജീവിത യാഥാര്‍ത്ഥ്യങ്ങളെ നിരാകരിക്കുന്നവയാണ് അവയെന്നും ഒരേ സമയം പറയാം. പാറക്കടവിന്റെ കഥകള്‍ റിയലിസത്തെ അപ്പാടെ നിരാകരിക്കുന്നില്ല. ഈ വിധ യാഥാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ ചിത്രീകരണങ്ങള്‍ തന്നെയാണവ. പക്ഷെ നോക്കുന്ന ചില്ലുപാളിയുടെ തരമനുസരിച്ച് ഇത്തിരി വക്രിച്ച് അല്‍പ്പം ഏങ്കോണിച്ച് മുഴുപ്പ് കൂടിയും കുറഞ്ഞും ഇങ്ങനെ ഒരു തരം അബ്സര്‍ഡ് ശൈലിയിലുള്ള വാങ്മയ ചിത്രങ്ങളായി അവ മാറുന്നു. വാക്കുകളിലൂടെ പാറക്കടവ് നിര്‍മ്മിക്കുന്നത് പല ദൃശ്യ ചിത്രങ്ങളാണ്. കാര്‍ട്ടൂണിനോട് അടുപ്പം പുലര്‍ത്തുന്നവയാണ് ഈ ചിത്രങ്ങള്‍. കേരളം, കേരളീയം തുടങ്ങിയ കഥകള്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ രചിച്ച കഥകളാണെന്നും പറഞ്ഞാല്‍ തെറ്റാവുകയില്ല. ഏതായാലും പാറക്കടവിന്റെ കഥകളുടെ ദൃശ്യ സാധ്യതകള്‍ വിശദമായ പഠനം അര്‍ഹിക്കുന്നുണ്ടെന്നു തീര്‍ച്ച.
അധിനിവേശത്തിന്റെ നീരാളിക്കൈകളുടെ ആലിംഗനം ഒരു ഉത്കണ്ഠാവിഷയമായി സ്വന്തം കൈകളിലൂടെ പ്രകാശിപ്പിച്ചിട്ടുള്ള മലയാളത്തിലെ എഴുത്തുകാരുടെ മുന്‍ നിരയില്‍ അധിനിവേശത്തിന്റെ നീരാളിക്കൈകളുടെ ആലിംഗനം ഒരു ഉത്കണ്ഠാവിഷയമായി സ്വന്തം കൈകളിലൂടെ പ്രകാശിപ്പിച്ചിട്ടുള്ള മലയാളത്തിലെ എഴുത്തുകാരുടെ മുന്‍ നിരയില്‍ പാറക്കടവുമുണ്ട്. ഈ പുസ്തകത്തിലെ കഥകള്‍ക്ക് ഒരു സാംസ്ക്കാരിക പ്രതിരോധത്തിന്റെ ഭാവതലം നല്‍കാന്‍ അദ്ദേഹം വേവലാതിയോടെ തന്നെ ശ്രമിക്കുകയും ചെയ്യുന്നു. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ അതിന്റെ ശരിയായ ഉള്‍ക്കാഴ്ചയോടെ നെഞ്ചിലേറ്റു വാങ്ങിയ ഒരെഴുത്തുകാരന്റെ പ്രതിബദ്ധത ഈ കഥകളുടെ അടിസ്ഥാന ശ്രുതിയാണ്. ഈ കഥകളില്‍ അധിനിവേശം ഒരു വിദൂര പശ്ചാത്തലമല്ല പ്രത്യക്ഷോപകരണമാണ്. കഥയില്‍ നേരെ വന്ന് വാതിലില്‍ മുട്ടുകയാണ് ചെയ്യുന്നത്. ഡങ്കല്‍ സായ്പ്പും വാതിലില്‍ മുട്ടുന്നു. ബൂട്ടുകളുടെ ശബ്ദം പല കഥകളിലും നിരന്തര സാന്നിദ്ധ്യമാണ്. ഈ ഭീതി പക്ഷെ വെറും ഭീതിയായി പാറക്കടവ് ബാക്കി വെക്കുന്നില്ല. സ്വപ്നങ്ങള്‍ കാണുന്നതു പോലും നിരോധിക്കപ്പെടുന്ന അവസ്ഥയില്‍ പോലീസിന്റെ പിടിയിലകപ്പെട്ട കൊച്ചു കുട്ടി ‘ അച്ഛാ ‘ എന്ന് വിളിയിലൂടെ പ്രതിരോധം ഉരുവിടുന്നത് ഒരു കഥയില്‍ കേള്‍ക്കാം. വാസ്ക്കോ ഡ ഗാമയ്ക്ക് ‘ മോരും വെള്ളവും’ പുഴുക്കും ചമ്മന്തിയും നല്‍കി ചരിത്രകാരന്‍ അയാള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നത് മറ്റൊരു കഥയില്‍ കാണാം. ഇങ്ങനെ ദേശ്യമായ പ്രതിരോധത്തിലൂടെ അധിനിവേശം തോല്‍പ്പിക്കപ്പെടുന്നതിന്റെ ചിത്രമാണ് ഈ പുസ്തകത്തിലെ പല കഥകളും.
നവകോളനിവത്ക്കരണം അതിന് ബദലില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ പല ബദലുകളുമുണ്ടെന്ന് നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉത്തരം നല്‍കി. ഈ ഉത്തരത്തിന്റെ സാംസ്ക്കാരിക രൂപങ്ങളായി ഈ സമാഹാരത്തിലെ കഥകളെ വായിക്കാനാണ് എനിക്കിഷ്ടം .
പ്രസാധനം – ലീഡ് ബുക്സ്
വില – 50.00
Generated from archived content: book1_feb15_13.html Author: ap_kunjamu
Click this button or press Ctrl+G to toggle between Malayalam and English