എണ്ണിയാല്‍ത്തീരാത്ത കഥകളാലന്നെത്ര
വര്‍ണ്ണങ്ങള്‍ ചാലിച്ചിരുന്നുളളിലെന്നമ്മ
വ്യഥകളാല്‍തിരുകരളിലായന്നു കവിതകള്‍
നിര്‍ണ്ണയമതുപോല്‍ രചിച്ചിരുന്നാ,നന്മ
താരാട്ടുമൂളി തോളത്തെടുത്തെന്നെയും
കൊണ്ടുനടന്നനാള്‍ പ്രകൃതിതന്നീണമായ്
കനിവിന്റെയോരോതുടിപ്പുകള്‍ കാട്ടിയെന്‍
സുദിനഹര്‍ഷങ്ങളന്നൊന്നായ് പകര്‍ത്തിയും
അകമേനിരത്തേണ്ടയനുകമ്പതന്‍ കിരണ-
മിമ്പമോടെന്നെയുണര്‍ത്തിയും തന്വിയാള്‍
സുമവിരല്‍തുമ്പിനാല്‍ മലയാളമാ,മെളിമ-
യീ, നെറ്റിമേല്‍ച്ചാര്‍ത്തിയലിവോടണച്ചതും
സ്മേരചൈതന്യം തുളുമ്പുമാ വദനത്തില്‍
ഗ്രാമനൈര്‍മ്മല്യമന്നണയാതെ കാത്തതും
നെഞ്ചോടുചേര്‍ത്താദ്യ വിദ്യാലയത്തിലേയ്-
ക്കെന്നെയുംകൊണ്ടു നനഞ്ഞുനടന്നതും
പാടവരമ്പുകള്‍ക്കിരുവശത്തായ് നിന്നു-
കാലികള്‍ കൗതുകംപൂണ്ടു കരഞ്ഞതും
തിരികെട്ട ബാലാര്‍ക്കനിന്നുമോര്‍മ്മിപ്പിക്കെ
തെന്നലായാരോ തലോടുന്നു പിന്നെയും
മുന്നിലായൊരുദുരിത സന്താപമൂലയില്‍
നാമംജപിച്ചിരിക്കുന്നു മുത്തശ്ശിയും!
ചടുലമായ് മോഹമെരിച്ചുതീര്‍ക്കുന്നുവോ;
പൊടിതട്ടി തെളിയിച്ചെടുക്കാതെ-കാലവും!!
Generated from archived content: poem4_oct7_14.html Author: anwersasha_umayanallor