പ്രിയസോദരീ…

കരുണാനിധേ,നിന്‍ പരിപൂര്‍ണ്ണജീവിതം
സ്‌മരണീയമായിക്കുറിച്ച-രാമായണം
സ്‌മിതമധുരപാരായണം ചെയ്തിരുന്നുപ-
ണ്ടുലകിലായനുദിനം; ഗ്രാമീണരാദരം.

സുലഭമായഭിലഷിച്ചതിശ്രേഷ്‌ഠ കാവ്യകം;
പാവനമാംമനം കനിവാര്‍ന്നസുസ്വനം
തൃണതുല്യമെന്നാല്‍ കൃപാലുവിന്‍ജീവിത-
മോതിയോരീഗ്രന്ഥസാരമിഹ!നിര്‍ണ്ണയം.

മധുരപദാകലിത ഗ്രന്ഥമിതുഭക്തിയോ-
ടോതേണ്ടതാണുപുതുനാരിമാര്‍ നിശ്ചയം!
എളിമതന്‍നയനങ്ങളില്ലാത്ത തോഴിമാ-
രണിയുന്നഹന്തതന്‍ നവകാലപൊയ്‌മുഖം

ഹിംസയില്‍ കംസനെ മറികടന്നീടുവോര്‍-
പ്പോലുംശ്രവിക്കുകിലൊരുമാത്രതല്‍ക്ഷണം
പരിവര്‍ത്തനംമന,മെന്നതെന്‍ വാഗ്മതം
പരിപൂര്‍ണ്ണമാണിതില്‍; നരധര്‍മ്മജീവിതം.

പാലായനംചെയ്‌തതെവിടേയ്ക്കു ശാലീന-
ഭാവം പുലര്‍ത്തുമൊരു ഗ്രാമീണയൌവ്വനം:
പെരുകാത്തയാശയുമതിലളിതവേഷവും
സുകൃതമായ്‌വീക്ഷിച്ചയലിവാര്‍ന്ന-നന്മകം?

ഹൃദയൈക്യമായ് കര്‍മ്മപാരായണംചെയ്തു
ഗ്രാമ-ഗ്രാമാന്തരങ്ങള്‍പ്പണ്ടു സന്തതം
അറിവിന്‍കിരണങ്ങളണയാതിരിക്കുവാന്‍
ശരണമീഗ്രന്ഥപാരായണം നിര്‍ണ്ണയം.

അന്‍പോടെമുത്തശ്ശനെന്നത്തലോടിയി-
ന്നതിഹൃദ്യഭാഷയില്‍ തുടരുന്നു സാധകം
“ഇനിവരുംകാലങ്ങള്‍ക്കിഴയടുപ്പംവരാന്‍
സുകൃതമായുരചെയ്‌ക!തിരുനാമമെങ്കിലും”.

വന്നവഴിപോലുംമറന്നു; സഹമനുജരേ-
യുയരട്ടെയിടനെഞ്ചിലലിവാര്‍ന്ന നൊമ്പരം:
അഭിനവ രാവണന്‍മാരുലകില്‍ പെരുകയാ-
ലാകുവതെങ്ങനിന്നതിസുകൃതജീവിതം?

Generated from archived content: poem2_nov17_14.html Author: anwersasha_umayanallor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here